UPDATES

സംസ്‌കൃതം പുനരുദ്ധരിച്ചോളൂ, പക്ഷേ അതുചെയ്യുന്നത് ദീനനാഥ് ബത്രയാകരുത്

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

സംസ്‌കൃത ഭാഷയെ സംബന്ധിച്ചിടത്തോളം പൗരാണികതയാണ് ആധുനികം. രാഷ്ട്രത്തിന്റെ വികസനത്തിന് സംസ്‌കൃത ഭാഷാ വികസനവും സഹായകമാകുമെന്നാണ് തന്റെ കൂട്ടത്തിലുള്ള മറ്റുള്ളവരെ പോലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും വിശ്വസിക്കുന്നത്. ഇന്ത്യയിലെ പല ക്ലാസിക് ഭാഷകളില്‍ ഒന്നു മാത്രമായ സംസ്‌കൃതത്തോട് ഇത്ര ആവേശം കാണിക്കുന്ന ഇറാനിക്ക് ഗൂഢോദ്ദേശ്യങ്ങളൊന്നുമില്ലെന്ന് സംശയിക്കാതെ തന്നെ ഈ പ്രസ്താവന മുഖവിലക്ക് എടുക്കുകയാണെങ്കില്‍ അവര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സംസ്‌കൃത കൃതികള്‍ വിജ്ഞാനത്തിന്റെ വന്‍ ശേഖരങ്ങളാണ്. സമീപകാല ചരിത്രത്തില്‍ ഇവയില്‍ പലതും വിസ്മരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്‌കൃത ഭാഷയോട് താല്‍പര്യം പുനരുജ്ജീവിപ്പിച്ചാല്‍ അത് പുതിയ ചിന്താ മണ്ഡലങ്ങളിലേക്കുള്ള വഴികാട്ടി ആയേക്കാം.

എന്നിരുന്നാലും, ഏതൊരു ഭാഷാ പഠനത്തിന്റേയും കാര്യത്തില്‍, പ്രത്യേകിച്ച് ആ ഭാഷയിലെ സാഹിത്യം പഠനവിധേയമാക്കുമ്പോള്‍ അത് കാര്യക്ഷമമാകണമെങ്കില്‍ ഒരു തുറന്ന മനസ്ഥിതി ആവശ്യമാണ്. സംസ്‌കൃത ഭാഷാ കൃതികളുടെ സൗന്ദര്യത്തിന്റെ ഒരു വശം അവ ഉള്‍ക്കൊള്ളുന്ന ബഹുസ്വരവും, പലപ്പോഴും വൈരുധ്യവുമായ അര്‍ത്ഥതലങ്ങളാണ്. സംസ്‌കൃത ഗവേഷണങ്ങളിലൂടെ ഇന്ത്യയെ വികസനത്തിലെത്തിക്കാനുള്ള ഇറാനിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സംസ്‌കൃതകൃതികള്‍ വ്യഖ്യാനിക്കുന്ന ജോലി ദിനനാഥ് ബത്രയെ പോലുള്ളവരുടെ കയ്യില്‍ ഏല്‍പ്പിക്കരുത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങളെ സംരക്ഷിക്കാന്‍ ഭിന്നവീക്ഷണങ്ങളെ കൊല്ലുകയാണ് ഇവരുടെ രീതി.

സംസ്കൃതത്തിന്റെ സാധ്യമായ പുനരുജ്ജീവനം ചില പ്രായോഗിക നടപടികളെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഒരു പുരാവസ്തുവിനെ പോലെ സംസ്‌കൃതത്തെ കൈകാര്യം ചെയ്യുന്നത് ഈ ലക്ഷ്യത്തെ ഒരിക്കലും സഹായിക്കില്ല. സംസ്‌കൃതത്തിനു പുതുജീവന്‍ ലഭിക്കണമെങ്കില്‍ സ്‌കൂളുകളില്‍ സെക്കണ്ടറി തലം മുതല്‍ ഈ ഭാഷാ പഠനം നിര്‍ബന്ധമാക്കണം. ലാറ്റിന്‍ ഭാഷയുടെ കാര്യത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെയ്ത പോലെ. ഇന്ത്യന്‍ ഭാഷകളില്‍ ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതം നിര്‍ബന്ധമായും രണ്ടാം ഭാഷയാക്കാവുന്നതാണ്. ഇന്ത്യാ സാഹിത്യ, ചരിത്രത്തിന്റെ വലിയൊരു ഭാഗം പുരാതന സംസ്‌കൃത കൃതികളിലാണെന്നിരിക്കെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സംസ്‌കൃതഭാഷാ പഠനം ഒരു നിര്‍ബന്ധ വിഷയമാക്കാവുന്നതാണ്.

ഏതൊരു ഭാഷയും-സംസ്‌കൃതം മാത്രല്ല- ഒരു ജീവിതരീതി കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ഭാഷയുടെ വേരറ്റു പോകുമ്പോള്‍ ഇതും ഇല്ലാതാകുന്നു. സംസ്‌കൃത കൃതികളുടെ പഠനം മാത്രമല്ല ഈ ഭാഷയുടെ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. പുരാതന സംസ്‌കൃത സംസ്‌കാരത്തിന്റെ ഭാഗമായ പരമ്പരാഗത പഠന, അധ്യാപന രീതികളും ഇതോടൊപ്പം തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. പക്ഷേ എല്ലാത്തിലും ഉപരിയായി ഈ ഭാഷയെ ഒരു പ്രത്യേക മതത്തിന്റെ സംസ്‌കാരത്തോട് സമീകരിക്കപ്പെടുകയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. ഇത്തരത്തിലുള്ള ഏതൊരു നീക്കവും സംസ്‌കൃത ഭാഷയ്ക്ക് ഉണ്ടെന്ന് പറയുന്ന സമൃദ്ധിയെ ഇല്ലാതാക്കാന്‍ മാത്രമെ സഹായിക്കൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍