UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് സര്‍വകലാശാലയാണ്; ശങ്കരപ്രതിമ സ്ഥാപിക്കാനുള്ള സംഘി ശാഖയല്ല

Avatar

വിഷ്ണുരാജ് തുവയൂര്‍

പ്രതിമകളും സ്മാരകങ്ങളും നിഷ്‌കളങ്കമായി രൂപപ്പെടുന്നവയല്ല. കൃത്യമായ രാഷ്ട്രീയ യുക്തികളാണിവയെ സാധ്യമാക്കുന്നത്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കണമെന്നാണ് സംഘപരിവാരവും അവരുടെ മനോഭാവം അംഗീകരിക്കുന്ന സര്‍വ്വകലാശാല അധികാരികളും തീരുമാനിച്ചിരിക്കുന്നത്. ഇത് ശങ്കര പ്രതിമ ഉള്ളടങ്ങുന്ന രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.

സംസ്‌കൃത സര്‍വ്വകലാശാല ഗുരുകുല ചിട്ടയില്‍ ഭക്തിപുരസ്സരം സംസ്‌കൃതം മാത്രം പഠിപ്പിക്കുന്ന ഒരിടമല്ല. ഭാഷാവിഷയങ്ങള്‍ക്കൊപ്പം കലാ, കായിക വിഭാഗങ്ങളിലും സാമൂഹികശാസ്ത്രമേഖലയിലും മൗലികമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരളത്തിലെ പ്രധാന വിജ്ഞാനകേന്ദ്രമാണത്. നിലവില്‍ സര്‍വ്വകലാശാലയ്ക്കുള്ളിലെ അക്കാദമിക് ബ്ലോക്കില്‍ ശങ്കരാചാര്യ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നാക് ടീം സന്ദര്‍ശിച്ച സമയത്ത് ശൃംഗേരി മഠത്തില്‍ നിന്ന് പൂജിച്ച ദണ്ഡ് പ്രതിമയില്‍ സ്ഥാപിക്കുകയും ചെറിയ രീതിയില്‍ പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്തിരുന്നു. അന്നുതന്നെ ക്യാമ്പസിലെ സംഘടനകള്‍ ഇത് അപകടകരമായ പ്രവണതയാണെന്നും കേരളവര്‍മ്മ കോളേജിനുള്ളില്‍ ക്ഷേത്രം രൂപപ്പെട്ടപോലെ ഇതും മാറിത്തീരുമെന്നും മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ കടുത്ത ശങ്കരഭക്തരായ സര്‍വ്വകലാശാലാ അധികാരികള്‍ ഇത് പരിഗണിച്ചില്ല. ഇതിന്റെ തുടര്‍ച്ചയിലാണ് എം.സി. റോഡിലേക്ക് തുറക്കുന്ന പുതിയ ഗേറ്റില്‍ ഇപ്പോള്‍ ശങ്കരാചാര്യ പ്രതിമ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ണ്ണതയിലേക്ക് എത്തുന്നത്. പുതിയ ഗേറ്റിന്റെ പ്ലാന്‍ തയ്യാറാക്കിയതില്‍ ശങ്കരപ്രതിമയും ഉള്ളടങ്ങിയിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്നെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ സിന്‍ഡിക്കേറ്റിനും സര്‍വ്വകലാശാലയ്ക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം എതിര്‍ശബ്ദങ്ങളെയെല്ലാം മറികടന്നാണ് സര്‍വ്വകലാശാല തീരുമാനമെടുത്തത്.

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ശങ്കരന്റെ പ്രതിമയല്ലേ സ്ഥാപിക്കേണ്ടത്? ശില്‍പ്പമല്ലേ? വിഗ്രഹമല്ലല്ലോ? തുടങ്ങിയ ‘നിഷ്‌കളങ്ക’ ചോദ്യങ്ങളാണ് സര്‍വ്വകലാശാല അധികാരികളും പ്രതിമാഭക്തരും ഉന്നയിക്കുന്നത്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ശങ്കരാചാര്യരുടെ പ്രതിമ കേവലമൊരു പ്രതിമ മാത്രമല്ല. കാലടിയെ സംബന്ധിച്ച് അത് കൃത്യമായും അവരുടെ രാഷ്ട്രീയ അജണ്ടകള്‍ സ്വരുക്കൂട്ടാനുള്ള കേന്ദ്രമാണ്. പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ സമരം ചെയ്തതും പ്രതീകാത്മകമായി പ്രതിമ സ്ഥാപിച്ചതും യുവമോര്‍ച്ചയുടെയും എബിവിപിയുടെയും നേതൃത്വത്തിലാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം പ്രതിമ മുന്നോട്ട് വയ്ക്കുന്ന സൂക്ഷ്മ രാഷ്ട്രീയത്തെയാണ് സൂചിപ്പിക്കുന്നത്.


സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ശൃംഗേരിയില്‍

നിലവില്‍ പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ തൊട്ടടുത്താണ് ആദിശങ്കരകീര്‍ത്തിസ്തംഭം. ദിവസപൂജയും നൂറുകണക്കിന് തീര്‍ത്ഥാടകരും അവിയെടെത്തുന്നുണ്ട്. തൊട്ടെതിര്‍ഭാഗത്താണ് ശബരിമല തീര്‍ത്ഥാടകരുടെ വിശ്രമസ്ഥാനം. ഇവിടങ്ങളില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ റോഡരികില്‍ സ്ഥാപിക്കപ്പെടുന്ന ശങ്കരാചാര്യ പ്രതിമയെ ‘കലാസൃഷ്ടി’ എന്ന നിലയിലല്ല മനസ്സിലാക്കുക. (തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെ ‘അമ്മയും കുഞ്ഞും’ ശില്‍പ്പം ആരാധനാ ഇടമായി മാറുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്) ശങ്കരാചാര്യര്‍ എന്ന വിശ്വാസബിംബത്തെ ഒരു പ്രതിമയായി, കലാരൂപമായി മനസ്സിലാക്കാതെ വിശ്വാസകേന്ദ്രത്തിന്റെ പര്യായമായി കാണുന്ന ഒട്ടനവധിയാളുകള്‍ വന്നുചേരുമ്പോള്‍ അവയെ തടഞ്ഞുനിര്‍ത്താന്‍ സര്‍വ്വകലാശാലകള്‍ക്കോ നിയമ സംവിധാനങ്ങള്‍ക്കോ കഴിയില്ല. അതിനാല്‍ തന്നെ അത്തരം സാഹചര്യങ്ങള്‍ രൂപപ്പെടുത്താതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കാലടിയെ സംബന്ധിച്ച് സര്‍വ്വകലാശാലയിലെ പ്രതിമ സംഘര്‍ഷത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നത് സാമൂഹ്യജീവിതത്തെയാകെ അപകടപ്പെടുത്തും.

ഇത്തരം വിഷയങ്ങളെല്ലാം ബോധ്യപ്പെടുന്ന തരത്തില്‍ സര്‍വ്വകലാശാലയിലെ അധ്യാപക, അനധ്യാപക, വിദ്യാര്‍ത്ഥി, ഗവേഷക സംഘടനകള്‍ (എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.എസ്.എസ്.യു.ടി, എസ്.യു.ഇ.യു. ആര്‍.എസ്.എ, എ.കെ.ആര്‍.എസ്.എ.) സംയുക്തമായി വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കുകയും നിരന്തര സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുകയാണ്. മതേതര ജനാധിപത്യ കേന്ദ്രങ്ങളായി തുടരേണ്ട സര്‍വ്വകലാശാലയെ, വിദ്യാഭ്യാസമേഖലയെ മത ഇടമായി, സംഘര്‍ഷ കേന്ദ്രമായി മാറ്റുന്നത് അംഗീകരിക്കാനാവില്ല. നിരന്തര സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും നാം രൂപപ്പെടുത്തിയെടുത്ത ജനാധിപത്യ വിദ്യാഭ്യാസ അന്തരീക്ഷത്തെ വീണ്ടും ബ്രാഹ്മണാധികാരത്തിന്റെ സൂക്ഷിപ്പുകാരുടെ കൈകളിലേക്ക് എത്തിച്ചുകൊടുക്കാനാണ് കോണ്‍ഗ്രസ് നോമിനികളായ വൈസ് ചാന്‍സലറും രജിസ്ട്രാറും ഭരണവര്‍ഗ്ഗവും ഇപ്പോഴും ശ്രമിക്കുന്നത്.

നിലവിലെ ഭരണാധികാരികളുടെ സംഘിമനോഭാവം ആദ്യമായല്ല വെളിപ്പെടുന്നത്. റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ‘ഇന്ത്യന്‍ ഫാസിസം: നവരൂപങ്ങള്‍, പ്രതിരോധങ്ങള്‍’ എന്ന സെമിനാര്‍ നിരോധിച്ച് ഉത്തരവിറക്കി ആര്‍.എസ്.എസിനേയും പരിവാരങ്ങളേയും തൃപ്തിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍വ്വകലാശാലാ സമൂഹം കൂട്ടായി സെമിനാര്‍ നടത്തിയാണ് ഇതിനെ നേരിട്ടത്. തുടര്‍ന്ന് രോഹിത് വെമുലയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും ജെ.എന്‍.യുവിനോട് ഐക്യപ്പെട്ടുകൊണ്ടും സര്‍വ്വകലാശാലാ സമൂഹം സംഘപരിവാര്‍ രാഷ്ട്രീയത്തെ ഭയപ്പാടില്ലാതെ പ്രതിരോധിച്ചിരുന്നു. ഇത്തരത്തില്‍ നേരിട്ട് സംഘി ഇടപെടല്‍ ഒരുപരിധിവരെ സാധ്യമല്ലായിരുന്ന ഒരിടത്തേക്കാണ് പ്രതിമയിലൂടെ അവരെ സര്‍വ്വകലാശാല കടത്തുന്നത്. പ്രതിമ ശങ്കരാചാര്യരുടേതാണെങ്കിലും സംഘപരിവാര്‍ മൂല്യബോധങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നൊരു മാധ്യമമായാണ് പ്രവര്‍ത്തിക്കുക. സ്ഥാപിക്കപ്പെടുന്ന പ്രതിമ പരത്തുന്ന രാഷ്ട്രീയം കലാലയ അന്തരീക്ഷത്തെ അട്ടിമറിക്കുന്നതായിരിക്കും.

ചരിത്രത്തോടും എഴുത്തിനോടും ചിന്തയോടും നിലപാടുകളോടും അകലം സൂക്ഷിച്ച ചരിത്രമാണ് സംഘപരിവാറിനുള്ളത്. മദ്രാസ് ഐഐടി, ജെ.എന്‍.യു., എച്ച്.സി.യു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തുടങ്ങിയ നിരവധി അക്കാദമിക് സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹം പരാജയപ്പെടുത്തുമ്പോഴും പോരാടുമ്പോഴും ഒപ്പം നിന്നിട്ടുള്ള സര്‍വ്വകലാശാലയിലേക്കുള്ള സംഘപരിവാര്‍ പ്രവേശനം എളുപ്പമാക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ചവരാണ് ഇത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നതിനാല്‍ തന്നെ ഇതിനെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. ദേശീയതലത്തില്‍ ബി.ജെ.പി.ക്ക് എതിരായ രാഷ്ട്രീയ പോരാട്ടം ബലപ്പെടുത്തുമ്പോഴും പ്രാദേശികതലത്തില്‍ തുടരുന്ന സംഘമാനസികാവസ്ഥ ശ്രദ്ധിക്കേണ്ടതാണ്. സര്‍വ്വകലാശാലയിലെ അധ്യാപക വിദ്യാര്‍ത്ഥി ഗവേഷക സംഘടനകള്‍ ഒന്നിച്ച് നടത്തുന്ന പോരാട്ടത്തിനൊപ്പം പൊതുസമൂഹവും പങ്കാളികളാകേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സംഘിതലച്ചോറുകളല്ല ഉത്പാദിപ്പിക്കേണ്ടത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പ്രതിമ സ്ഥാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. 

അടിക്കുറിപ്പ്;  രബീന്ദ്രനാഥ ടാഗോര്‍ 1905-ല്‍ വരച്ച ഭാരതമാതാവ് എന്ന ചിത്രം പിന്നീട് സംഘപരിവാര്‍ ദേശീയതാ സങ്കല്‍പ്പത്തില്‍ എത്ര അപകടകരമായാണ് പ്രവര്‍ത്തിച്ചതെന്ന് നമുക്ക് ബോധ്യമുള്ളതാണല്ലോ!

(കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ ഗവേഷകവിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍