UPDATES

വായന/സംസ്കാരം

ബസ്മതി നിലവിളിക്കുന്നു; സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയെ കുറിച്ച്

Avatar

ഡോ. ആസാദ്

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ വായിച്ച് ഇപ്പോഴും വിശപ്പിനെക്കുറിച്ചു കഥയെഴുതുകയോ എന്ന് ആരെങ്കിലും ആശങ്കപ്പെടുമോ എന്നറിയില്ല. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും വിശപ്പ് എന്ന യാഥാര്‍ത്ഥ്യത്തിന് വലിയ പോറലൊന്നും ഏറ്റിട്ടില്ല. ജനാധിപത്യത്തിന്റെ ചാലകശക്തികളും അതിന്റെ ഏറ്റവും ചലനാത്മകമായ ഘടകങ്ങളും അടിത്തട്ടു യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കാന്‍ മടിക്കുകയാണ്. അതിനാല്‍ പൊതുബോധത്തെ ബാധിക്കുന്ന വിഷയമല്ലാതായിരിക്കുന്നു വിശപ്പ്. സന്തോഷിന്റെ വിഷയം പക്ഷെ വിശപ്പാണെന്ന് ചുരുക്കാനാവില്ല. അത് മലയാളിയുടെ പെരുകുന്ന ധൂര്‍ത്തും ദുര്‍ബ്ബലമാകുന്ന സാമൂഹികാവബോധവും ജീവിതത്തെ എത്രമാത്രം ദരിദ്രമാക്കുന്നു എന്നു അനുഭവിപ്പിക്കുന്നു.

സ്വത്തിന്റെ കേന്ദ്രീകരണവും ധൂര്‍ത്തും കാണുമ്പോള്‍ ഓര്‍ക്കാവുന്നതേയുള്ളു: ദാരിദ്ര്യം മറുപുറത്തു കാണുമെന്ന്. പക്ഷെ, അങ്ങനെയൊക്കെ ആരു ചിന്തിക്കാന്‍? പ്രത്യേകിച്ചും കണ്‍മുമ്പിലൊന്നും ഒരടയാളവും അത് അവശേഷിപ്പിച്ചിട്ടുമില്ല. എല്ലാവര്‍ക്കും സുഖംതന്നെ എന്നേ തോന്നൂ. പണയപ്പെടുത്തി വാങ്ങിയ കാശിലാണ് വീടും കാറും സല്‍ക്കാരവും എന്നത് കടബാധ്യതയെ സംബന്ധിച്ച ഒരുവിധ വല്ലായ്മയും കുറ്റബോധവും ഇടത്തരക്കാരില്‍പ്പോലും ബാക്കി നിര്‍ത്തിയിട്ടില്ല.
മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. ഉച്ചയ്ക്കുണ്ണാതെ ലാഭിച്ച പണം സുഹൃത്തിനു കടമായി കൊടുക്കുമ്പോള്‍ അഭിമാനമായിരുന്നു. ആ പൈസയുമായി അവന്‍ കള്ളുഷാപ്പില്‍ കയറുമ്പോള്‍ അതല്ലെങ്കില്‍ ഊണിനൊപ്പം ഒരു പൊരിച്ച മീന്‍കൂടി വാങ്ങുമ്പോള്‍ അതല്ലെങ്കില്‍ ജ്യൂസുകടയില്‍ കയറുമ്പോള്‍ എന്തൊരു ധൂര്‍ത്തെന്നു വേദനിച്ചിട്ടുണ്ട്. കടം തീര്‍ത്തിട്ടേ സുഖഭോഗങ്ങളെപ്പറ്റി ചിന്തിക്കാവൂ എന്നായിരുന്നു മുതിര്‍ന്നവര്‍ നല്‍കിയ പാഠം. പിന്നെപ്പിന്നെ കടംവാങ്ങിയ പണംകൊണ്ടാണ് ഭൂമിയും വീടും കാറും സ്വര്‍ണവും വാങ്ങേണ്ടതെന്നു മുതലാളിത്തത്തിന്റെ പുതിയ നിയമം പഠിപ്പിച്ചു. ഇപ്പോള്‍ അതാണു ശീലം. വിനിമയ ചക്രം ചടുലമാക്കുന്ന ധനരാശിയില്‍ ഒരുപകരണമായി തീരുക എന്നതാണ് ഓരോരുത്തരുടെയും വിധി. അതിന്റെ പുറം പുളപ്പുകളാണ് ദാരിദ്ര്യത്തെ മൂടിവെച്ചിരിക്കുന്നത്. ധനവിനിമയത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് എപ്പോള്‍വേണമെങ്കിലും എടുത്തെറിയപ്പെടാം. പുറമ്പോക്കിലേക്കോ മരണത്തിലേക്കോ.
വിശപ്പിനെയും ദാരിദ്ര്യത്തെയും മറച്ചുവെക്കാനാവുമെന്ന്, അതിന്റെ വിപരീതത്തിലൂടെ അതിനെ സഞ്ചരിപ്പിക്കാനാവുമെന്ന് വിസ്മയത്തോടെ നാമറിഞ്ഞു. പക്ഷെ, അതിന് പണവിനിമയത്തില്‍ പങ്കാളിയാവാനുള്ള ഏറ്റവും ചെറിയ യോഗ്യതയെങ്കിലും വേണം. അതില്ലാത്തവര്‍ നിഷ്‌ക്കാസിതരാണ്, സകല കണക്കുകളില്‍നിന്നും. കീഴ്ത്തട്ട് മധ്യവര്‍ഗത്തെപ്പറ്റിയാണ് നമ്മുടെ വിലാപങ്ങളേറെയും. അവരെ നോക്കിയാണ് ദാരിദ്ര്യമെവിടെ എന്ന് ആക്രോശിക്കുന്നത്. അതിനുമടിയിലുള്ളവരെ ആരും കാണാറില്ല. അങ്ങനെയൊരു ജീവിതത്തെയാണ് സന്തോഷ് ഏച്ചിക്കാനം പരിചയപ്പെടുത്തുന്നത്.

(ഇറിയാന ഇവാനോവയുടെ ബോക്സിംഗ് ഡേ )

വിശക്കുന്നവന്റെ വേദാന്തം വര്‍ഷങ്ങള്‍ക്കു മുമ്പേ താജ് അരങ്ങത്ത് അവതരിപ്പിച്ചു. വായ്പാധിഷ്ഠിത സമ്പദ്ഘടനയില്‍ ഓരോരുത്തരുടെയും ജീവിതം എങ്ങനെ മാറി മറിയുന്നുവെന്നും തലകുത്തിവീഴുന്നത് എങ്ങോട്ടെന്നും എണ്‍പതുകളിലാണ് താജിന്റെ നാടകങ്ങളില്‍ നിറഞ്ഞത്. ഇന്നിപ്പോള്‍ നവോദാരതയുടെ പുളപ്പുകള്‍ക്കിടയില്‍ ധൂര്‍ത്തിനെയും ദാരിദ്ര്യത്തെയും മുഖാമുഖം നിര്‍ത്തുന്നു സന്തോഷ് ഏച്ചിക്കാനം.

 
ബസ്മതി അരിയുടെ വിനിമയവും ഉപയോഗവും അതിനു പിറവിനല്‍കിയ കൃഷിക്കാരില്‍നിന്ന് ഏറെ അകലെയാണ്. മോഹിപ്പിക്കുന്ന മണമുണ്ട് അതിന്. പിടിച്ചുപറിക്കപ്പെട്ടവളാണ് ബസ്മതി. ഗോപാല്‍ യാദവിന്റെ മകളുടെ പേരും അതുതന്നെ. വലിയ കുഴിവെട്ടി, വീപ്പകളിലെത്തിയ ബിരിയാണി അവശിഷ്ടങ്ങള്‍ ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടുമ്പോള്‍ അതിലെ ബസ്മതി നിലവിളിക്കുന്നത് അയാള്‍ കേട്ടു. വിശന്നു മരിച്ച ബസ്മതിയും ധൂര്‍ത്തലോകം ചവിട്ടിയാഴ്ത്തുന്ന ബസ്മതിയും വെറുമൊരു ഉപകരണമായി നീറുന്ന ഗോപാല്‍ യാദവും സമകാലിക ഇന്ത്യന്‍ ദുരന്തമായി നമ്മെ ഭയപ്പെടുത്തുന്നു.
 
സന്തോഷിന്റെ കഥകളില്‍ ആഖ്യാനകലയുടെ വേറിട്ട ഒരു വശ്യതയുണ്ട്. അത്രമേല്‍ സ്വാഭാവികമായാണ് ഒരന്തരീക്ഷം വിടരുന്നത്. കീറിമുറിക്കപ്പെടുന്ന ജനതയുടെ മനോവികാരങ്ങളെ അദ്ധ്വാനത്തിന്റെ ഇടര്‍ച്ചകളില്‍ അതടയാളപ്പെടുത്തുന്നു. കേരളത്തിന്റെ പുതിയ തൊഴിലന്തരീക്ഷം മുപ്പതു ലക്ഷത്തോളം വരുന്ന മറുനാടന്‍ തൊഴിലാളികളെ ആശ്രയിച്ചിരിക്കുന്നു. അവര്‍ മുമ്പ് ആസ്സാം പണിക്കാര്‍ എന്നപോലെ ഗൃഹാതുരതയും നിലവിളികളും ചേര്‍ത്തുപിടിച്ച കലുഷമനസ്‌ക്കര്‍ കൂടിയാണ്. അവരിലൂടെ ആരും ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കു യാത്രപോയില്ല. സന്തോഷ് ബിഹാറിന്റെ ദുഃഖങ്ങളിലേക്ക് ഹ്രസ്വമായ ഒരു കഥയില്‍ കണ്ണുപായിക്കുന്നു.
 
മറുനാട്ടില്‍ പോയി കൊണ്ടുവന്ന പണവും ധനകാര്യ സ്ഥാപനങ്ങള്‍ ഒഴുക്കിയ പണവുമാണ് കേരളത്തിലെ പഴയ കൂരകളെ കൊട്ടാരങ്ങളാക്കിയത്. കഞ്ഞിപാര്‍ച്ചയില്‍നിന്ന് ബിരിയാണിയിലേക്കോ കുഴിമന്തിയിലേക്കോ വളര്‍ത്തിയത്. ഭക്ഷണത്തെ ആഡംബരമാക്കിയത്. വിവാഹങ്ങളും ഇതര ആഘോഷങ്ങളും ധൂര്‍ത്തിന്റെ ഉത്സവങ്ങളാക്കിയത്. മറുനാടന്‍ ജീവിതത്തിലെ വിയര്‍പ്പിന്റെ മൂല്യത്തെ ധനാധിനിവേശ കൗശലം റാഞ്ചുന്ന അനുഭവമാണ് കേരളത്തിന്റെ യാഥാര്‍ത്ഥ്യം. കീഴടങ്ങിയ വിപ്ലവമൂല്യങ്ങളുടെ ശവപ്പറമ്പില്‍ ദരിദ്രരുടെ നിലയ്ക്കാത്ത ജാഥകളെത്തുന്നത് നാം അറിയുന്നുണ്ടോ? ബിരിയാണി എന്ന കഥ എന്നെ ആ നിലവിളികളിലേക്കാണ് നയിക്കുന്നത്.
 
കഥയ്ക്കു നിരൂപണമെഴുതാനല്ല, പെരുകുന്ന വിശപ്പ് എന്ന മലയാളിയുടെ മുന്നില്‍ മറഞ്ഞുകിടക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തിന് അടിവരയിടാനാണ് ഈ കുറിപ്പ്. സന്തോഷ് ഏച്ചിക്കാനത്തിന് ആശ്ലേഷം. അഭിവാദ്യം.

(നിരൂപകനും രാഷ്ട്രീയ നിരീക്ഷകനും  മഞ്ചേരി എന്‍ എസ് എസ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍)

https://azadonline.wordpress.com എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍