UPDATES

വായന/സംസ്കാരം

ബിരിയാണി: വർഗ്ഗരാഷ്ട്രീയത്തിന്റെ ഇന്ത്യൻ യാഥാർത്ഥ്യം

Avatar

ഡോ. പി എസ് ശ്രീകല

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്:  “കതിരേശനോടൊപ്പം ഗോപാൽ യാദവ് ചെർക്കളേന്ന് കയറിയിട്ടേയുള്ളൂ. കൂടെ മൂന്ന് ബംഗാളി പയ്യന്മാരും. കത്തിച്ച് വിട്ടാലും ബസ് പൊയിനാച്ചി എത്താൻ മിനിമം പത്തിരുപത് മിനുട്ടെങ്കിലും എടുക്കും. അതുവരെ നമുക്ക് കലന്തൻ ഹാജിയെപ്പറ്റി സംസാരിക്കാം.”

ഘടന നോക്കിയാൽ ഈ ഖണ്ഡികയിൽ നാല് വാക്യങ്ങളാണുള്ളത്. വ്യാകരണപരമായി കർത്താവ്, കർമ്മം, ക്രിയ, നാമം, വിശേഷണം തുടങ്ങി വിവിധ ഘടകങ്ങൾ ഈ ഭാഗത്തുനിന്ന് അടർത്തിയെടുക്കാം. ഭാഷാപരമായി നോക്കിയാൽ മാനകീകൃതവും പ്രാദേശികവും ഇടകലർത്തിയാണ് പ്രയോഗം. ഇന്ത്യൻ ദേശീയതയുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ചെർക്കള, പൊയിനാച്ചി എന്നീ കേരളത്തിലെ കാസർകോടൻ പ്രദേശങ്ങളും ഗോപാൽ യാദവ് എന്ന ബീഹാറി – ഹൈന്ദവനാമവും ബംഗാളി പയ്യൻമാരും കലന്തൻ ഹാജി എന്ന മുസ്ലീം പേരും കലേശൻ എന്ന കേരളീയ ഹൈന്ദവ പേരും ശ്രദ്ധയിൽ പെടും.

മറ്റൊരു വായന
ഈ നാലു വാക്യങ്ങൾ കേവലം വാക്യങ്ങളായി മാത്രം അനുഭവപ്പെടാത്ത അവസ്ഥയാണ്. അവിടെ, പരിചയമേതുമില്ലാത്ത വ്യക്തികളിലേക്കും സംഭവങ്ങളിലേക്കും നാടുകളിലേക്കും വായനക്കാരെ ആകാംക്ഷയോടെ എത്തിക്കുന്ന സൂചകങ്ങളായി വാക്യങ്ങളും വാക്കുകളും മാറുന്നു. ഇവിടെ, അവസാന വാചകത്തിൽ പറയുന്ന കലന്തൻ ഹാജിയിലേക്ക് വായനക്കാരുടെ ആകാംക്ഷ വളരുന്നുവെങ്കിൽ കഥ പ്രാഥമികമായി വിജയിച്ചു എന്നർത്ഥം. കാരണം വായനാ താൽപര്യം സൃഷ്ടിക്കാത്ത ഏതെഴുത്തും ആ വായനക്കാരൻ / വായനക്കാരിയെ സംബന്ധിച്ച് പരാജയമാണ്.

അതായത്, വിവിധ വായനകൾ ആത്മനിഷ്ഠമായും വസ്തുനിഷ്ഠമായും പ്രസക്തമാണ്. ഇവിടെ സൂചിപ്പിച്ചവയിൽ വായനാ താൽപര്യമൊഴികെ മറ്റുള്ളവയെല്ലാം വസ്തുനിഷ്ഠമാണ്. വസ്തുനിഷ്ഠമായി ‘ബിരിയാണി’ യെ പരിശോധിക്കുമ്പോൾ, ആത്മനിഷ്ഠതയുടെ സ്വാധീനം സ്വാഭാവികം. അതാണ് ഈ കഥയെ സംബന്ധിക്കുന്ന വ്യത്യസ്ത സമീപനങ്ങളുടെ അടിസ്ഥാനം.

വസ്തുനിഷ്ഠതയിൽ ഏറ്റവും ശാസ്ത്രീയമായ വിശകലനം വർഗരാഷ്ട്രീയ സമീപനമാണ്. ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളെ വർഗപരമായി വിശകലനം ചെയ്യാൻ ആത്മനിഷ്ഠ നിരീക്ഷകരായ ചരിത്രകാരന്മാർ ഇന്നും തയ്യാറായിട്ടില്ലല്ലോ.

ഇന്ത്യയിലെ മത – ജാതി സങ്കീർണ്ണതകളെന്ന ഭൗതിക യാഥാർത്ഥ്യത്തെ ചരിത്രപരമായി വിലയിരുത്തുമ്പോൾ ഇ എം എസ് എഴുതുന്നു; “ഹൈന്ദവ – ഇസ്ലാമിക – ക്രൈസ്തവാദി മത വിഭാഗങ്ങൾ തമ്മിലുള്ളതെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന സംഘട്ടനങ്ങൾ, ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ, സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളിൽ നടന്ന സംഘട്ടനങ്ങളുടെ സാംസ്കാരിക രൂപമാണ്.” (മതവിശ്വാസവും കമ്മ്യൂണിസ്റ്റുകാരും) “വർഗീയതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എല്ലാ ജാതിയിലും മതത്തിലും പെട്ട അധ്വാനിക്കുന്ന ജനങ്ങളെ വർഗസമരത്തിൽ സംഘടിപ്പിക്കണം.” (ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ). ഈ നിരീക്ഷണങ്ങളുടെ പ്രതിഫലനം  ‘ബിരിയാണി’ യിൽ പ്രകടമാണ്.

മധ്യവർഗ മലയാളി ജീവിതം
മതാധിഷ്ഠിത ജീവിതം ബോധപൂർവ്വമോ അബോധപൂർവ്വമോ പേറുന്ന മലയാളിയെ വർഗപരമായി സമീപിക്കുന്നു. കാസർകോടിന്റെ ഗ്രാമീണ / പ്രാദേശിക പശ്ചാത്തലത്തിൽ ഇന്ത്യൻ യാഥാർത്ഥ്യത്തെയും വർത്തമാനകാല കേരളത്തെയും ആവിഷ്കരിക്കുന്നു. മുസ്ലീം സമുദായത്തിൽ ജനിച്ച്, അതിന്റെ കീഴ്വഴക്കങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ജനതയാണ് കാസർകോട് ഭുരിഭാഗം. അവരുടെ പ്രതിനിധാനമായി കഥാകാരൻ അവതരിപ്പിക്കുന്ന കലന്തൻഹാജി എൺപത്തിയാറു കഴിഞ്ഞ വ്യക്തിയാണ്. അയാളുടെ മകളുടെ മകളായ റുഖിയയുടെ മകന്റെ വിവാഹാനന്തര ആഘോഷമാണ് കഥയുടെ പശ്ചാത്തലം. ഹാജി, “പണ്ട് തളങ്കരയിൽ നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്” എന്ന് പറയുന്ന കഥാകൃത്ത് ആറേഴു പതിറ്റാണ്ടു പിന്നിലെ കേരളത്തെയാണ് നിവർത്തി വയ്ക്കുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറം റിസ്വാൻ (”അമേരിക്കയിൽ കാർഡിയാക് സർജനാണ്. അവന്റെ നിക്കാഹ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ വെച്ചായിരുന്നു.”) നിൽക്കുന്നത് ഇന്നത്തെ കേരളത്തിലാണ്.

ഹാജിയിൽ നിന്ന് റിസ്വാനിലേക്കുള്ള ദൂരം കേരളത്തിന്റെ നാലു തലമുറയുടെ ദൂരമാണ്; അത് കേരള സമൂഹത്തിന്റെ പരിണതിയുടെ ചരിത്ര സൂചനയാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് ഉപജീവനത്തിനായി ഗൾഫിലേക്ക് കുടിയേറിയ മലയാളി മധ്യ / ദരിദ്ര വർഗത്തിന്റെ പ്രതിനിധിയാണ് ഹാജി. തലമുറകൾക്കിപ്പുറം അമേരിക്കയിൽ ഡോക്ടറായ റിസ്വാൻ, സമകാല കേരളത്തിലെ ഉന്നത മധ്യവർഗത്തിന്റെ പ്രതിനിധാനമാകുന്നു. ഈ ഉന്നത മധ്യവർഗത്തിന്റെ ആർഭാടകരമായ ഭൗതിക ജീവിതത്തിന്റെയും നവീകരിക്കപ്പെടാത്ത ആത്മീയ ജീവിതത്തിന്റെയും നിറക്കൂട്ടാണ് കഥയെ ശ്രദ്ധേയമാക്കുന്നത്. “കലന്തൻ ഹാജിയുടെ പൊര. പൊരയല്ല കൊട്ടാരം” എന്നതും, “താൽക്കാലികമായി ഉണ്ടാക്കിയ പന്തലിന്റെ പ്രധാന കവാടത്തിൽ നിന്ന് വീടു വരെ എത്താൻ കുറെ നടക്കണം. വിദേശത്തു നിന്നെങ്ങാണ്ട് ഇറക്കുമതി ചെയ്ത പ്രത്യേക പൂക്കൾ കൊണ്ടാണ് വേദി ഉണ്ടാക്കുന്നത്, ” തുടങ്ങിയ പരാമർശങ്ങൾ ആർഭാടകരമായ ഭൗതിക ജീവിതത്തെ വ്യക്തമാക്കുന്നു. അതേസമയം, “ജീവിച്ചിരിക്കുന്ന നാല് ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയ” ഹാജിയിൽ നിന്ന്, ഹാജിയുടെ മൂന്നാമത്തെ ഭാര്യയിലുണ്ടായ മകന്റെ മകൻ സിനാനിലേക്കെത്തുമ്പോഴും പതിറ്റാണ്ടുകളുടെ ഭൗതിക ജീവിത പരിണാമം ആത്മീയ ജീവിതത്തെ നവീകരിച്ചിട്ടില്ലെന്നും വ്യക്തമാവുകയാണ്. കഥയുടെ സ്പന്ദനം പിന്തുടരുന്ന അവസാന ഭാഗത്ത്, ഗോപാൽ യാദവിന്റെ മകളുടെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്നറിയുന്ന സിനാന്റെ പ്രതികരണങ്ങൾ അതിന്റെ സൂചനയാണ്. മതബോധത്തിലധിഷ്ഠിതമായി പിന്തുടരുന്ന എല്ലാ മധ്യ വർഗ ജീവിതത്തിന്റെയും നേർ ചിത്രമാണിത്.

കേരളത്തിലെ തൊഴിലാളി ജീവിതം 
“മലയാളിക്ക് 600, തമിഴന് 500, ബംഗാളിക്ക് 350, ബിഹാറിക്ക് 250. അതാണ് ഈട്ത്തെ ഒരു റേറ്റ്.” കഥയിൽ ഹസൈനാർച്ച വെളിപ്പെടുത്തുന്നത് കേരളത്തിലെ ഇന്നത്തെ തൊഴിലാളി ജീവിത യാഥാർത്ഥ്യമാണ്.

“പൊയിനാച്ചിയിലെ ഒരു കച്ചോടക്കാരനായ രാമചന്ദ്രൻ പെരുമ്പള” യുടെ കടയുടെ മുന്നിലേക്ക് കതിരേശനോടൊപ്പം ബസിൽ വന്നിറങ്ങിയ ബംഗാളികളെ പിക്കപ്പ് വാനിൽ വന്നൊരാൾ വിളിച്ചു കൊണ്ടു പോകുന്ന സന്ദർഭം കഥയിലുണ്ട്. ഇത് പൊയിനാച്ചിയിലെയോ കാസർകോട്ടെയോ മാത്രം യാഥാർത്ഥ്യമല്ല. ഇന്നിത് കേരളത്തിലാകെ പ്രകടമാകുന്ന കാഴ്ചയാണ്. പുറംപണിയൊഴിച്ച് വേറൊന്നും വശമില്ലാത്ത ഗോപാൽ യാദവുമാരും ഉൾപ്പെടുന്ന മുപ്പതു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളടങ്ങുന്ന കേരള സമൂഹത്തിന്റെ തൊഴിലാളി ജീവിതമാണത്.

കേരളത്തിലെ തൊഴിലാളികൾ ഇന്ന് കേരളത്തിൽ ജനിച്ചു വളർന്നവർ മാത്രമല്ല. കേരളത്തിൽ ജനിച്ചു വളർന്നവർ മാത്രമുള്ളപ്പോഴും അവർ മലയാളികൾ മാത്രമായിരുന്നില്ലായെന്നു ഓർക്കണം. മലയാളികളായ തൊഴിലാളികളിലൊരു വിഭാഗം വിദേശത്താണ് തൊഴിലെടുക്കുന്നത്. ആട്ടിപ്പായിക്കപ്പെടാതെ ജീവിക്കുന്ന അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന മലയാളി സമൂഹം കേരളത്തിലിരുന്നുകൊണ്ട്, തദ്ദേശീയരായ, ഇന്ത്യക്കാരായ, തൊഴിലാളികളെ ക്രൂരമായി ഒറ്റപ്പെടുത്തുന്ന വർത്തമാന യാഥാർത്ഥ്യത്തിലേക്കാണ് ഗോപാൽ യാദവിന്റെ പൊള്ളുന്ന ഇന്ത്യൻ ജീവിതം കടന്നു വരുന്നത്. കേരളത്തിന്റെ വിഭവ സമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്നവരും സ്വന്തം ശേഷി – കായികവും മാനസികവും ബൗദ്ധികവും – കേരളത്തിനു വേണ്ടി വിനിയോഗിക്കുന്നവരും കേരളീയരാണ്. ആവണം അപ്പോൾ, നമശ് കാർ പറഞ്ഞ് രാമചന്ദ്രന്റെ കടയിലേക്കു വന്ന്, തൂഫാൻ ചേർത്ത് നന്നായി തിരുമ്മി രാമചന്ദൻ നൽകിയ ‘മാവ’ യിൽ നിന്ന് ഓരോ നുള്ള് വാരി വായിൽ വച്ച്, വിരലിന്റെ അറ്റം ജീൻസിൽ തുടച്ച്, പിക്കപ്പ് വാനിൽ വന്നയാളോടൊപ്പം പെരിയ ഭാഗത്തേക്ക് പോയ ബംഗാളികളും കതിരേശന്റെ ഒറ്റമുറി വീടിന്റെ പിന്നാമ്പുറത്തെ ചായ്പ്പിൽ ഇട്ടിരിക്കുന്ന ബസിൽ അന്തിയുറങ്ങുന്ന, പുറം പണി മാത്രം വശമുള്ള ഗോപാൽ യാദവും കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടും. സമാന ജീവിതം ഗൾഫ് നാടുകളിൽ നയിക്കുന്ന മലയാളി തൊഴിലാളികളെ മറക്കുന്നതിനു തുല്യമാണ് ഇതര സംസ്ഥാന തൊഴിലാളികളോടുള്ള പുച്ഛം. അല്ലെങ്കിലും, തൊഴിലാളി വർഗത്തിന് ദേശഭേദമില്ലല്ലോ.

ഇരുന്നൂറ്റമ്പതു രൂപ തരും. റെഡ്യാണോ? എന്ന ഹസൈനാർച്ചയുടെ ചോദ്യം അഭിമുഖീകരിക്കുന്ന ഗോപാൽ യാദവ് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ അവസ്ഥ ഗൾഫ് നാടുകളിലെ നിരവധി മലയാളി തൊഴിലാളികളുടെ അവസ്ഥ തന്നെയാണ്.

ഇന്ത്യയിലെ ദരിദ്രവർഗ ജീവിതം
ബീഹാറിലെ ലാൽമാത്തിയയിൽ കൽക്കരിപ്പണിക്കാരനായിരുന്ന ഗോപാൽ യാദവ് കേരളത്തിലെത്തിയ കഥ ഇന്ത്യൻ ദരിദ്രവർഗ ജീവിതത്തിന്റെ അനുഭവ സാക്ഷ്യമാണ്. ഖനനം അവസാനിപ്പിച്ച് കമ്പനി വിട്ട സ്ഥലങ്ങളിലെ രണ്ടാം തരം കൽക്കരി വാരി സൈക്കിളിൽ വച്ച്, ഇരുനൂറ്റമ്പത് കിലോമീറ്ററിലധികം  തള്ളിക്കൊണ്ടു പോകുന്നതിന് ദിവസം കിട്ടുന്നത് പത്തു രൂപ എന്നതാണ് ആ അനുഭവം. പതിനെട്ടു മണിക്കൂർ ജോലിക്ക് ആറു റൊട്ടി കൂലിയായിക്കിട്ടുന്ന സ്ത്രീ തൊഴിലാളിയനുഭവത്തിനു കൂട്ടനിൽക്കുന്ന സാക്ഷിയാണീ കഥാസന്ദർഭം.

ഗോപാൽ യാദവ് പറയുന്നു: നൂറ്റമ്പത് കിട്ടും. അതീന്ന് പോലീസുകാരുടെ രംഗ്ദാരിയും ഗുണ്ടാപ്പിരിവും പിന്നെ സൈക്കിളിന്റെ ട്യൂബ് മാറ്റൽ, ബോൾ ബെയറിംഗിന്റെ പണി അതൊക്കെ കഴിയുമ്പോഴേക്കും കൈയിൽ ബാക്കി പത്തേ കാണൂ സാബ്,  ഇതാണ് ഇന്ത്യൻ ദരിദ്ര വർഗത്തിന്റെ, ഇന്ത്യൻ പൗരരിൽ ഭൂരിഭാഗത്തിന്റെ ജീവിതം.

‘ബസ്മതി’ എന്ന പ്രതീകം
കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്; “ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണു കൂടി ബസ്മതിക്കു മേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തു.” കഥയിൽ ചില സന്ദർഭങ്ങളിൽ ഔചിത്യത്തോടെയും സ്വാഭാവികതയോടെയും അവതരിപ്പിച്ച്, ഒടുവിൽ, മനസ്സിലൊരു വിങ്ങൽ അവശേഷിപ്പിക്കുന്ന പ്രയോഗമാണ് ‘ബസ്മതി’. അത് വിലകൂടിയ, കൊതിപ്പിക്കുന്ന മണമുള്ള, മുന്തിയ ഇനം ബിരിയാണി അരിയുടെ പേരാണ്. ഗോപാൽ യാദവിന്റെ ഭാര്യ മാതംഗി, ലാൽമാത്തിയിൽ ഷുക്കൂർ മിയയുടെ കടയിൽ വച്ച് കൊതിയോടെ ഗോപാലിന് കാണിച്ചു കൊടുത്ത അരിയുടെ പേരാണ്, ഗർഭത്തിന്റെ ആറാം മാസത്തിൽ, അവൾ മതി മറന്നു നിന്നത് ഈ പേരുള്ള  അരിയുടെ വാസനയേറ്റാണ്. ഗോപാൽ യാദവ് അമ്പതു ഗ്രാം തൂക്കി വാങ്ങി   മാതംഗിക്കു നൽകിയ അരിയുടെ പേരാണ്. വീട്ടിലെത്തുംവരെ മാതംഗി ചവച്ചു കൊണ്ടിരുന്ന അരിയുടെ പേരാണ്. മൂന്നാലു പേർ താങ്ങിക്കൊണ്ടുവന്ന വീപ്പയിൽ നിന്ന് ഗോപാൽ യാദവ് കുഴിച്ച കുഴിയിലേക്കു കമിഴ്ത്തിയ എല്ലിൻ കഷ്ണങ്ങളോടു കൂടിയ, ഒരു കുന്നുപോലെ ഇടിഞ്ഞു വീണ, കുഴിയിൽ ഗോപാൽ യാദവ് ചവിട്ടിത്താഴ്ത്തിയ ബിരിയാണി ഉണ്ടാക്കാനുപയോഗിച്ച അരിയുടെ പേരാണ്. ഗോപാൽ യാദവിന്റെ വിശന്നു മരിച്ച മകളുടെ പേരാണ്.

“ഗൊദ്ദയിൽ നിന്നും പാതിരാത്രി സൈക്കിൾ ചവിട്ടി വീട്ടിലെത്തുമ്പോൾ തന്നെയും കാത്ത് വിശന്നു പൊരിഞ്ഞ് അവസാനം മണ്ണുവാരിത്തിന്ന് ഉറങ്ങുന്ന പയർ വള്ളിയെക്കാൾ മെലിഞ്ഞ കഴുത്തും ഉന്തിയ വയറുമുണ്ടായിരുന്ന”  ഗോപാൽ യാദവിന്റെ മകൾ ബസ്മതി വിശന്നു തളർന്നു മരിക്കുന്ന ഇന്ത്യൻ കുട്ടികളുടെ പ്രതീകമാണ്.

ദേശീയതയും ദേശസ്വത്വവും
ലാൽമാത്തി ഇപ്പോൾ ബീഹാറിലില്ല എന്നു തിരിച്ചറിയുന്ന ഗോപാൽ യാദവ്, സ്നേഹത്തോടെ നാടിനെ ഓർക്കുന്നു. “അയാൾ കുറേ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. പിന്നെ പുറത്തേക്ക് മെല്ലെ വിട്ടു. സ്നേഹമുള്ളവർ മരിക്കുമ്പോഴൊക്കെ അയാൾ അങ്ങനെയാണ് ചെയ്തിട്ടുള്ളത്.”

ബീഹാറും ഝാർക്കണ്ടുമായി വിഭജിക്കപ്പെട്ട ഇന്ത്യൻ മണ്ണിനെ, മറ്റൊരു ഇന്ത്യൻ മണ്ണിൽ ചവിട്ടി നിന്ന് തന്റെ ദേശസ്വത്വം അയാൾ തേടുന്നു. ഇന്ത്യൻ ദേശീയതയെയും പൗരത്വത്തെയും സംബന്ധിക്കുന്ന പൊതു ബോധത്തോടാണ് അയാളുടെ ചോദ്യം; “ഇതിൽ എവിടെയാണ് ഞാൻ?”

അവിശ്വസനീയമായ വിധത്തിൽ ‘തിളങ്ങുന്ന ഇന്ത്യ’യെ സംബന്ധിക്കുന്ന വാഴ്ത്തലുകൾക്ക് ഉന്നത മധ്യവർഗം കൂട്ടിനുണ്ട്. അവരിൽ കാസർകോടിന് പരിചിത മുഖം കലന്തൻ ഹാജിയെങ്കിൽ  കേരളത്തിലെന്നല്ല,  ഇന്ത്യയിലെവിടെയും അത് ആരുമാരുമാകാം. എന്നാൽ, അവർ  വാഴ്ത്തിപ്പാടുന്ന ഇന്ത്യയുടെ നേർക്ക്  കോടിക്കണക്കിന് ബസ്മതിമാരും ഗോപാൽ യാദവുമാരും മാതംഗിമാരും അടങ്ങുന്ന ഇന്ത്യൻ പൗരർ ദയനീയമായി നോക്കുന്നുണ്ട്. “ഇതിൽ എവിടെയാണ് ഞാൻ?” എന്ന് അവരോരോരുത്തരും ചോദിക്കുന്നുണ്ട്.

“നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നു പോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് നമ്മളതു പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം കുറ്റവാളിയോ കോമാളിയോ ആയിത്തീരും.” കഥാകൃത്തിന്റെ ഈ നിരീക്ഷണത്തോട് യോജിച്ചു കൊണ്ടു തന്നെ പരിഷ്‌കരിച്ചാൽ, അങ്ങനെ ചില വേദനകളിലൂടെ മാനസികമായെങ്കിലും കടന്നു പോകാൻ കഴിയുന്നവരോടേ പറയാവൂ. അങ്ങനെയുള്ളവർക്ക് മാത്രമേ ഇന്ത്യൻ ദരിദ്ര വർഗത്തിന്റെ നേരവസ്ഥയുടെ കുത്തിനോവിക്കുന്ന അടയാളപ്പെടുത്തലുകളെ  ‘ബിരിയാണി’ യിൽ കണ്ടെത്താനാവൂ.

(കേരള സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടറും എഴുത്തുകാരിയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍