UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിരിയാണി സുലഭതകളുടെ കാലത്തെ വിശപ്പുകള്‍

Avatar

ജഹാംഗീര്‍ റസാഖ് പാലേരി

യൂറോപ്പിലേക്കുള്ള പ്രൊഫഷണല്‍ കയറ്റുമതിയും, ഗള്‍ഫ് പ്രവാസവും വിശപ്പ്‌ മാറ്റിയ മലയാളിയുടെ നാട്ടിലേക്ക്, ഉത്തരേന്ത്യയില്‍ നിന്നും വിശക്കുന്ന മനുഷ്യര്‍ പാഞ്ഞെത്തുന്ന കാലത്തിന്‍റെ നോവുന്ന ഏടാണ് ബിരിയാണി പറയുന്നത്. ഗള്‍ഫുകാരനും, യൂറോപ്പുകാരനുമൊക്കെയായ മലയാളിയുടെ വിശപ്പുരഹിത ജീവിത പരിസരങ്ങളിലേക്ക് എറിഞ്ഞ ഞെട്ടലിന്റെ ഒരു ബോംബ്‌ തന്നെയാണ് ഈ കഥ. 

“നമ്മൾ ഒരാളോട്‌ നമ്മുടെ വേവലാതികൾ പറയുമ്പോൾ, കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങിനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്ന് പോയിരിക്കുക എങ്കിലും വേണം. അല്ലാത്തവരോട്‌ നമ്മളത്‌ പറയരുത്‌. പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും…..” സന്തോഷ്‌ ഈ വരികളെഴുതുന്നത് മേല്‍പ്പറഞ്ഞ രൂപത്തില്‍ സമ്പന്നതയിലെക്കെത്തുമ്പോഴും ആര്‍ത്തിമൂത്തു വെപ്രാളം  പൂണ്ട് പായുന്ന മലയാളിയുടെ സമകാലിക ജീവിതത്തെ ഒരു കണ്ണാടി പോലെ പ്രതിബിംബിക്കാനാണെന്ന് വിശ്വസിക്കുമ്പോള്‍ ഈ കഥയെ ഇഷ്ടപ്പെടാതെ വയ്യ. കഴിഞ്ഞ ഒരു ദശകത്തില്‍ മലയാളത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കഥ എന്നും ഇതിനെ വിളിക്കുവാന്‍ എനിക്ക് ധൈര്യമുണ്ട്.

The Other is  Hell എന്നൊരു പ്രയോഗമുണ്ട് ആംഗലേയ ഭാഷയില്‍. “ഞാനും എന്‍റെ  കെട്ട്യോനും പിന്നെ തട്ടാനും..” എന്ന് ഈ പ്രയോഗത്തെ മലയാളീകരിക്കാനാണ് എനിക്കിഷ്ടം. യൂറോപ്പും പ്രവാസവും സമ്പന്നനാക്കിയ മലയാളിക്ക് ഇത്തരം ഒരു മനോഭാവം ഇല്ലേ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാകില്ല. കാരണം നമ്മളല്ലാത്തവരെല്ലാം നമുക്ക് ബംഗാളികളാണ്; അത് മറ്റേതൊരു സംസ്ഥാനക്കാരനായാലും നാം അങ്ങിനെയാണ് വിളിക്കുക. അങ്ങിനെയാണ് ശീലിച്ചു വച്ചിരിക്കുന്നത്.

അത്തരം ഒരു “ബംഗാളി”യാണ് ഈ കഥയിലെ ഗോപാല്‍ യാദവ് എന്ന ബീഹാറുകാരന്‍. വിശപ്പിന്റെ തീക്ഷ്ണതയില്‍ നാട് വിടുന്ന കാലത്ത് ഗോപാല്‍ ബീഹാറിലായിരുന്നു. പക്ഷെ സിനാന്‍ എന്ന കലന്തന്‍ ഹാജിയുടെ നാലാമത്തെ ഭാര്യയിലെ മകന്‍ ഗൂഗിള്‍ ചെയ്തു കണ്ടെത്തുമ്പോള്‍ ലാല്‍മാത്തി എന്ന  ഗോപാലിന്റെ നാട്, വിശന്നു മരിച്ച ഗോപാലിന്റെ മകളെ ശവമടക്കിയ നാട്, ജാര്‍ഖണ്ഡ് എന്ന  പുതിയ സംസ്ഥാനത്തിലേക്കു മാറിയിരിക്കുന്നു. ആ നിലയില്‍ തന്‍റെ  വേരുകളാഴ്ന്നിട്ടുള്ള  മണ്ണിനെ തിരിച്ചറിയാന്‍ പോലുമാകാത്ത നൊമ്പരത്തിന്റെ വിഹ്വലമായ അടയാളപ്പെടുത്തലാണ് ഗോപാല്‍ യാദവ്.

“അയാള്‍ കുഴിയിലെ പച്ചമണ്ണില്‍ മല൪ന്നുകിടന്നു. അപ്പോള്‍ കാറ്റില്‍ ആടുന്ന കിളിയോലയ്ക്കുളളിലൂടെ നിലാവിന്‍റെ ഒരു കീറ് കുഴിയിലേക്ക് വന്നു.” എന്ന് വരച്ചിടുന്നുണ്ട് സന്തോഷ്‌. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു തുല്യമാകുന്ന ഒരു മനുഷ്യന്‍റെ ജീവിതത്തിലേക്ക് പറക്കുന്ന നിലാവിന്‍റെ പകര്‍ച്ചകളെ ഇത്രമേല്‍ മനോഹരമായി വരച്ചിട്ട വരികള്‍ ഈ അടുത്തകാലത്തൊന്നും ഞാന്‍ വായിച്ചിട്ടില്ല. 

“ഭായി ഭയിക്കെത്ര മക്കളാ?”
“ഒരു മോള്”
“എന്താ പേര്”
“ബസ്മതി”
“നിക്കാഹ് കഴിഞ്ഞോ?”
“ഇല്ല”
“പഠിക്യാണോ?”
“അല്ല”
“പിന്നെ?”
“മരിച്ചു”
“എങ്ങനെ?”
“വിശന്നിട്ട്………”

എന്ന് സന്തോഷ്‌ എഴുതുന്നതിലെ, അത്രമേല്‍ അപൂര്‍വ്വമായ ലാഘവത്വം കാരൂരിന്റെ കഥയിലെ വിശക്കുന്ന അദ്ധ്യാപകന്‍, വിദ്യാര്‍ഥിയുടെ ചോറ് മോഷ്ടിച്ചു കഴിക്കുന്ന കാലത്തിനൊക്കെ ശേഷം മലയാള ചെറുകഥാ സാഹിത്യം കണ്ട അപൂര്‍വ്വമായി ധൈര്യപ്പെടലിന്റെ, ലാഘവത്വത്തിന്റെ, മനുഷ്യ ജീവിതാവസ്ഥയുടെ തൂലികയാലുള്ള അടയാളപ്പെടുത്തലാണ്.

ഗര്‍ഭിണിയായ ഭാര്യക്ക് ബസ്മതി അരിയുടെ മോഹിപ്പിക്കുന്ന മണവും, അതുകൊണ്ടുള്ള ചോറും കഴിക്കുവാനുള്ള മോഹത്തെ അന്‍പത് ഗ്രാം അരി വാങ്ങിക്കൊടുത്തു ശമിപ്പിക്കുവാന്‍ വൃഥാ ശ്രമിച്ച ഒരു ഭര്‍ത്താവിന്റെ വിങ്ങലുണ്ട് ഗോപാല്‍ യാദവിന്റെ ഉള്ളില്‍. കെടാതെ നീറ്റലായി കിടക്കുന്ന ദുരനുഭവത്തിന്റെ നോവ്‌. അങ്ങിനെയാണ് അയാളുടെ വിശന്നു മരിച്ച മകള്‍ക്ക് “ബസ്മതി” എന്ന് പേരിടുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം കലന്തന്‍ ഹാജിയുടെ വീട്ടിലെ ആഡംബരക്കല്ല്യാണത്തിനു ശേഷം ബാക്കിവന്ന പഞ്ചാബില്‍ നിന്ന് നേരിട്ട് കൊണ്ടുവന്ന ബസ്മതി അരിയുടെ ബിരിയാണി ദം പൊട്ടിക്കാത്ത ചെമ്പുകളില്‍ നിന്നു കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ ഗോപാല്‍ യാദവിന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് വിശന്നു എല്ലും തോലുമായ വയറുന്തിയ മകള്‍ വീണ്ടും നിലവിളിക്കുന്നുണ്ടായിരുന്നു.

സ്ഫോടനാത്മകവും, വിഹ്വലവുമായ ജീവിതാവസ്ഥകളെയും, അത്രമേല്‍ അസാധാരണമായ, അല്ലെങ്കില്‍ ഒരു പൂവിടരുന്ന പോലെയുള്ള ലാഘവത്വത്തോടെ തൂലികയാല്‍ വരച്ചിടാന്‍ കഴിയുന്നതാണ് സന്തോഷ്‌ എച്ചിക്കാനത്തിന്റെ പ്രത്യേകത.  “ബിരിയാണി”  ആ ജനുസ്സിലെ ഏറ്റവും അനുഭവവേദ്യമായ  കഥയാണ്.

ധാന്യങ്ങളും, ഭക്ഷണവും, സമ്പത്തും എത്രമേല്‍ കുന്നു കൂടിയാലും അതിന്‍റെ യുക്തിസഹമായ വിതരണം സാധ്യമാകുന്നില്ലെങ്കില്‍ അതൊരു അസംബന്ധം മാത്രമാണ്. രാവിലെ അല്‍പ്പം പുഴുങ്ങിയ പച്ചക്കറി ചേര്‍ത്ത ചോറ് മാത്രം കഴിച്ച ഗോപാല്‍ യാദവ്, വൈകുന്നേരം താന്‍ വെട്ടിയ വലിയ കുഴിയില്‍ വിശന്നു തളര്‍ന്നു വീഴുമ്പോള്‍, പൊട്ടിക്കാത്ത ബിരിയാണി ചെമ്പുകളിലെ ചൂടാറാത്ത വിശിഷ്ട ഭോജ്യങ്ങള്‍ മണ്ണ് പുരണ്ട കാലുകൊണ്ട്‌ കുഴിയിലേക്ക് ചവിട്ടിയാഴ്ത്തുമ്പോള്‍ മാനവികതയുടെ മുഖത്തേക്ക്, സമ്പന്നതയുടെ ദന്തഗോപുരത്തില്‍ നിന്ന്, സിനാന്‍ എന്ന  കലന്തന്‍ ഹാജിയുടെ മകന്‍ ഭക്ഷണത്തിന്‍റെ  കൂമ്പാരത്തെ “ഇനി അതെല്ലാം ചവിട്ടി ലവലായിക്കോ…”എന്ന ആജ്ഞയിലൂടെ, അഹന്തയോടെ തുപ്പുകയാണ്. ഗോപാലിന്റെ നാടായ ബീഹാറില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുന്നതിനെ കാസര്‍ഗോട്ടെ മാപ്പിളമാര്‍ ഒന്നും പിഴച്ചിട്ടില്ല എന്നത് നേര്. പക്ഷെ മനുഷ്യത്വവും, സഹജീവികളുടെ പട്ടിണിയും, പ്ലാസ്റ്റിക് മലിനീകരണവും എല്ലാം വിസ്മരിക്കുന്ന രൂപത്തില്‍ വിവാഹം എന്ന പേരില്‍ മലബാറില്‍ ആഡംബരപ്പേക്കൂത്തുകള്‍ നടക്കുന്നില്ല എന്ന് നിഷേധിക്കാനാവില്ലല്ലോ.

ഈ കഥയിലെ നോവുളവാക്കുന്ന രണ്ടവസ്ഥകള്‍ എന്നത്, ബിരിയാണി കുഴിച്ചുമൂടാന്‍ 250 രൂപ കൂലി നിശ്ചയിക്കപ്പെട്ട്  നിയോഗിക്കപ്പെട്ടവന്‍ അന്ന് രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല എന്നതായിരുന്നു. രണ്ടാമത്തെ കാര്യം അയാളുടെ പട്ടിണി കിടന്നു മരിച്ച മകളുടെ പേര് ബസ്മതി എന്നായിരുന്നു. അയാള്‍ കുഴിച്ച കുഴിയിലേക്ക് ബസുമതി അരിയുടെ ബിരിയാണി ചവിട്ടിയാഴ്ത്തുമ്പോള്‍, ആദ്യം ഒരു കരച്ചില്‍ കേട്ടു, പിന്നെ അതൊരു ഞരക്കമായി, ഒടുവില്‍ അതും ഇല്ലാതായി എന്ന് സന്തോഷ്‌ എഴുതുന്നു..! ആ സമയത്ത് ബസുമതി അരിയുടെ ചോറുണ്ണാന്‍ കൊതിച്ച ഗോപാലിന്റെ ഭാര്യ, മരിച്ചുപോയ അയാളുടെ മകള്‍…. അയാളുടെ കാല്‍ക്കീഴില്‍ വീണ്ടും പ്രാണന്‍ തേടിയിരിക്കണം.. അല്ലെങ്കില്‍ വീണ്ടും മരിച്ചിട്ടുണ്ടാകും…!

നന്ദി സന്തോഷ്‌….ഏമ്പക്കം വിടാന്‍ പോലും സാധിക്കാത്തത്ര ഭക്ഷണ സുലഭതകളുടെ കാലത്തെ, നമുക്ക് അപരിചിതമായതെങ്കിലും വിശപ്പിന്റെ നോവിനെ അടയാളപ്പെടുത്തിയതിന്. “ബിരിയാണി” മാറുന്ന മലയാളി മറക്കുന്ന വിശപ്പിന്റെ കാലത്തിനെ മലയാള സാഹിത്യ ലോകത്ത് എന്തായാലും രേഖപ്പെടുത്തും…!

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍