UPDATES

സിനിമ

സപ്തമന്‍… തസ്‌കരവീരന്‍…എന്തര് പ്യേരാഡേ…!

Avatar

രാകേഷ് നായര്‍

തൃശ്ശൂര്‍ പൂരത്തിന് വാണം മേപ്പട്ട് പോണ പോലൊരു പേരാണ്… ന്നാലും പടം കലക്കീട്ടാ…ആത്മാര്‍ത്ഥായിട്ടും നല്ല പടാണ്…(ഈ ഡയലോഗ് കേരളത്തിലെ ഏതു  സ്ലാംഗിലിട്ടും കാച്ചാം, കറക്ടായിരിക്കും).

ഓണപ്പടങ്ങളില്‍ സപ്തമ. ശ്രീ. തസ്‌കരഃ തന്നെ ഒന്നാമതെന്നാണ് കണ്ടോരെല്ലാം പറയണത്. പടം കൊട്ടക നിറഞ്ഞ് കളിക്ക്യാണ്. തിരുന്തോരത്തും കൊച്ചീലും തൃശൂരും കോഴിക്കോട്ടുമെല്ലാം ആളോള്‍ക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങ്ണ കാഴ്ചയാത്രേ. ഈ വക നല്ല കിണ്ണം കാച്ചിയ ഡയലോഗാണ് കേള്‍ക്കണത്. സംഭവം ഒറിജിനലാണെന്ന് മനസ്സിലായോണ്ടാണ് സിനിമേടെ സംവിധായകനോട് സംസാരിക്കാമെന്നുവച്ചത്…

സംവിധായകന്‍ ഡിസ്‌കവറി ചാനല്‍ കാണുകയാണ്
സാധരണ ഗതിയില്‍, ഇറങ്ങി രണ്ടാഴ്ചപോലും ആകാത്ത ഒരു സിനിമയുടെ സംവിധായകന്‍ വടക്കോട്ടും തെക്കോട്ടുമുള്ള ഓട്ടത്തിലായിരിക്കുമെന്ന് കരുതി. അവിടെ തെറ്റി.  അത്ര വലിയ ടെന്‍ഷനൊന്നുമില്ലാതെ ഒറ്റപ്പാലത്തെ വീട്ടിലിരുന്ന് ഡിസ്‌കവറി ചാനലു കാണുന്നുണ്ട് കക്ഷി, ഇടയ്ക്ക് വീടിനു പുറത്തേക്കിറങ്ങി നടക്കും. ചിലപ്പോള്‍ വായിക്കും അല്ലെങ്കില്‍ കിടന്നുറങ്ങും. ഇടയിക്കിടക്ക് വരുന്ന ഫോണ്‍ കോളുകളോട് അനിഷ്ടം കാണിക്കാതെ പ്രതികരിക്കും. എല്ലാം നല്ലപടി പോകുന്നുണ്ടെന്നറിയുമ്പോള്‍, പലേടത്തും ടിക്കറ്റ് കിട്ടാതെ ആളുകള്‍ നിരാശരാകാറുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒന്നു ചിരിക്കും-അതൊക്കെയാണ് വലിയ പേരുള്ള ഈ സംവിധായകന്റെ ഇപ്പോഴത്തെ പ്രവര്‍ത്തികള്‍.

സിനിമ നല്ല രീതിയില്‍ ഓടുന്നുണ്ടെന്ന് അറിഞ്ഞു. പലയിടത്തും ഹൗസ് ഫുള്‍ ആണെന്നും പറയുന്നു- ഇതൊക്കെ കേള്‍ക്കുന്നത് തന്നെ സന്തോഷം. അതിനപ്പുറം ഇനി ഞാനിറങ്ങി എന്ത് ചെയ്യാനാ? തിയേറ്ററില്‍ എത്തിക്കഴിഞ്ഞ ഒരു സിനിമയെക്കുറിച്ച് സംവിധായകന്‍ മറ്റെന്ത് ആലോചിക്കാനാണ്? ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമയം കഴിഞ്ഞു. അവിടെ മാക്‌സിമം ചെയ്തു എന്ന് വിശ്വസിക്കുന്നു. അതിന്റെ കൂടെ ഒരു ഫലമാണ് ഈ സിനിമയ്ക്ക് കിട്ടിയ വിജയം. ആ വിജയം എനിക്ക് സന്തോഷം തരുന്നു, ആ സന്തോഷത്തില്‍ നിന്നുണ്ടാകുന്ന റിലാക്‌സിലാണ് ഞാനിപ്പോള്‍.

പിന്നെ സാധാരണ, ഈ സമയത്ത് സംവിധായകര്‍ ചാനലുകളിലും മാധ്യമങ്ങളിലും അഭിമുഖങ്ങള്‍ കൊടുക്കുകയും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയുമൊക്ക ചെയ്യാറുണ്ട്.

നേര് പറയാലോ- എന്നെ അതിനൊന്നും അധികമാരും വിളിച്ചിട്ടില്ല. അങ്ങോട്ടേക്ക് തിരക്കി ചെല്ലാന്‍ താല്‍പര്യവുമില്ല.

ആദ്യത്തെ സിനിമയുടെ സമയത്ത് ഇതായിരുന്നില്ല. പലയിടത്തും ചെന്ന് എനിക്ക് എന്നെയും എന്റെ സിനിമയെയും പരിചയപ്പെടുത്തേണ്ടിയിരുന്നു. ഇത്തവണ സ്ഥിതി മാറി.  പലര്‍ക്കും ഞാന്‍ പരിചിതനായി. ഒരു കാര്യം; മീഡിയ വഴിയുള്ള മാര്‍ക്കറ്റിംഗിനെക്കാള്‍ ഈ സിനിമയെ സഹായിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. പറഞ്ഞും അറിഞ്ഞും സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരാണ് ഈ സിനിമയ്ക്കുള്ളത്.

സപ്തമന്‍… തസ്‌കരവീരന്‍…എന്തര് പ്യേരാഡേ..
എവിടെയും വേറിട്ട് നില്‍ക്കണമെന്ന് ആഗ്രഹമുള്ളവനാണ് ഞാന്‍. എന്റെ പേര് തന്നെ എടുക്കാം. ഈ പേരിന്  സാമാന്യം നല്ല വലിപ്പമില്ലേ ചങ്ങായി!  അനില്‍ രാധാകൃഷ്ണന്‍ എന്നാണ് ശരിക്കുള്ള പേര്. സിനിമ ചെയ്തപ്പോള്‍ തോന്നി ഒരു മേനോന്‍ കൂടിയായാല്‍ എന്താ കുഴപ്പം! എണ്ണിനോക്കിയപ്പോള്‍ ആകെ 22 അക്ഷരങ്ങള്‍. കൊള്ളാലോ! ഞാന്‍ ജനിച്ചതും ഒരു 22ന്. തികച്ചും യാദൃശ്ചികം. എന്നാല്‍ പിന്നെ മേനോന്‍ അവിടയങ്ങ് കിടക്കട്ടെന്ന് തീരുമാനിച്ചു.

ഇനിയിപ്പം സിനിമയുടെ പേരിലേക്ക് വന്നാല്‍. അവിടെയും പേരിനൊരു എക്‌സിസ്റ്റന്‍സ് വേണന്ന് ആഗ്രഹിക്കുന്നവനാണ് ഞാന്‍. പേര് കൊണ്ട് തന്നെ സിനിമയെ മാര്‍ക്കറ്റിംഗ് ചെയ്യാന്‍ കഴിയണം. സപ്തമ ശ്രീ തസ്‌കര- ആ വെറയ്റ്റി സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ആദ്യം ഹിന്ദിയില്‍ എന്തെങ്കിലും ഇടാന്നായിരുന്നു ആലോചന. പിന്നെയത് വേണ്ടന്നു വച്ചു. സംസ്‌കൃതം അറിയുന്നൊരാളെ പരിചയമുണ്ട്. അദ്ദേഹത്തോട് സംസാരിച്ചു. ആദ്യം പറഞ്ഞ പേരിന് ഒരു വാചകത്തോളം നീളം. അത് ചുരുക്കി സപ്തമ. ശ്രീ. തസ്‌കരഃ ആക്കി. എന്താണ് ഇതിന്റെ അര്‍ത്ഥം എന്നു ചോദിച്ചാല്‍-കൃത്യായിട്ടൊരു അര്‍ത്ഥം ഇല്ല. ഏഴാമത്തെ കള്ളന്‍ ഐശ്വര്യമുള്ളവനെന്നു പറയാം. അത് നമ്മുടെ സിനിമയുമായിട്ട് യോജിക്കില്ലല്ലോ? അതുകൊണ്ട് സപ്തമ കഴിഞ്ഞും ശ്രീ കഴിഞ്ഞും ഒരോ കുത്തു കൊടുത്തു. അപ്പോള്‍ അത് മൂന്നു വാക്കുകളായി. ഇതു തന്നെ തെറ്റാണെന്ന് പറഞ്ഞ് പലരും, പണ്ഡിതരായവര്‍ വരെ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിപ്പം വലിയ ചര്‍ച്ച ചെയ്യേണ്ട കാര്യോന്നുമില്ല. പലരും പലപേരാണ് പറയുന്നത്. എന്റെ ക്രൂവിലുണ്ടായിരുന്ന ഒരാള്‍ ഷൂട്ടിംഗിനിടെ ആരോടോ ഫോണിലൂടെ പറയുകയാണ്- എഡേ പടത്തിന്റെ പ്യേര്. സപ്തമനാ…തസ്‌കരവീരനാ എന്നാ മറ്റാണ്….

ജയിലില് ആളോളെ കാണണത് ഇങ്ങനാ?
ഇന്ത്യന്‍ സിനിമയില്‍ തന്നെ ജയില്‍ സീനിന് ഒരേ ഫ്രെയിം ആണ്. ഒരു കമ്പിയഴി. അതിനപ്പുറം കരഞ്ഞുവീര്‍ത്ത മുഖവുമായി ഒരാള്‍, ഇപ്പുറം നമ്മുടെ ജയില്‍പ്പുള്ളി, അടുത്തായി ഒരു പോലീസുകാരനും. കുറച്ചു നേരം സെന്റി ഡയലോഗ്(ഡയലോഗിന്റെ സ്വഭാവം മാറാം). കുറച്ച് കഴിയുമ്പോള്‍ നമ്മുടെ പോലീസ്‌കാരന്റെ വക ഒരു ഡയലോഗ്- സമയം കഴിഞ്ഞു.

ഈ പരമ്പരാഗത ആചാരത്തിന് സപ്തമശ്രീയില്‍ മുടക്കം വരുത്തി. പൊതുടാപ്പീന്ന് വെള്ളമെടുക്കാന്‍ നിക്കണമാതിരി തിക്കും തിരക്കും. ഇങ്ങനെയാ ജയിലില്‍ സന്ദര്‍ശനം അനുവദിക്കണതെന്ന് പലര്‍ക്കും സംശയം.

ഇതാണ് യാഥാര്‍ത്ഥ്യം. പത്തിനും പത്തരയ്ക്കുമിടയ്ക്കാണ് ജയില്‍ സന്ദര്‍ശന സമയം. നമ്മള് സിനിമയില്‍ കണ്ടുശീലിച്ച മാതിരിയല്ല, ആകെ ബഹളോം തിരക്കുമായിരിക്കും. ഇനിയിപ്പം സ്‌പെഷ്യല്‍ പെര്‍മിഷനോടെ കാണാന്‍ പറ്റും. അതൊരു മുറിയിലായിരിക്കും. വിയ്യൂര് ഒന്നുരണ്ടുദിവസം കയറിയിറങ്ങിയാണ് ഞാനിത് മാനസ്സിലാക്കിയത്. ആ സീന്‍ ഷൂട്ട് ചെയ്തത് വിയ്യൂര് തന്നെയാണ്. സെല്ലിന്റെ അകം ഒഴിച്ച് ബാക്കിയെല്ലാം വിയ്യൂര് തന്നെയാണ്. സെല്‍ മാത്രം സെറ്റ്. ചപ്പാത്തിയുണ്ടാക്കുന്നതൊക്കെ ജയിലിനുള്ളില്‍ തന്നെ ഷൂട്ട് ചെയ്തതാണ്. മുടിവെട്ടുന്ന സ്ഥലവും ജയിലകത്ത് തന്നെ. ആകെ ഈ സിനിമയില്‍ സെറ്റിട്ടിരിക്കുന്നത് സെല്ലിനകവും പിന്നെ ആ ടണലുമാണ്. ജയില്‍ എന്താണെന്ന ഏകദേശധാരണ ഉണ്ടാക്കിയെടുത്തിരുന്നു. ആ നിരീക്ഷണം സിനിമയില്‍ ഗുണം ചെയ്തിട്ടുണ്ട്.

പള്ളി സെറ്റാണോ?
ഏയ്…നല്ല ഒറിജിനല്‍ പള്ളി.

തൃശ്ശൂര് തന്നെയുള്ള പള്ളിയാണ്. ആദ്യം കുറച്ച് ബുദ്ധിമുട്ടൊക്കെ പറഞ്ഞു. പിന്നെ ചില നിബന്ധനകളോടെ പള്ളി വിട്ടു തരാമെന്നായി. രാവിലെ 10 മുതല്‍ 6 വരെ; ഈ സമയക്രമത്തില്‍ രണ്ടു ദിവസത്തേക്കാണ് പള്ളി തന്നത്.

റിലീസിംഗ് കഴിഞ്ഞ് പള്ളി വികാരി എന്നെ വിളിച്ചു. രണ്ടു പ്രാവിശ്യം സിനിമ കണ്ടെന്നു പറഞ്ഞു. മൂന്നാമതും കാണാന്‍ പോവാണത്രേ-

ഈപ്പോക്കില് ഇടവക മൊത്തോണ്ട്!

പള്ളി മാത്രമല്ല, പള്ളീലച്ഛനും കലക്കീട്ടോ
എനിക്ക് ഏറെയിഷ്ടമുള്ളൊരു നടനായിരുന്നു ലിജോയുടെ അപ്പന്‍ ജോസേട്ടന്‍. തന്റെതായൊരു സ്വാഭാവിക അഭിനയം കൈമുതലായിട്ടുണ്ടായിരുന്നു ജോസേട്ടന്. അപ്പനോട് ഒരു കലാകാരനെന്നുള്ള സ്‌നേഹമാണെങ്കില്‍ മോനോട് ഒരു കൂട്ടുകാരന്റെ ഇഷ്ടമാണ്. എന്റെ സിനിമേല്‍ പള്ളീലച്ഛനായി അഭിനയിക്കണമെന്ന പറഞ്ഞപ്പോള്‍ അവനൊന്ന് ചിരിച്ചു.

അവനായിരുന്നു ആപ്റ്റ്. മറ്റാരെങ്കിലുമായിരുന്നേല്‍ അതൊരു അഭിനയമായി മാറിയേനെ. ലിജോ അത് അപ്പനെപ്പോലെ തന്നെ നാച്വറലാക്കി. ഒന്നര ദിവസം കൊണ്ട് പള്ളീലെ സീന്‍ തീര്‍ക്കാന്‍ അവന്‍ സഹായിച്ചു. പിറ്റേദിവസം 6 മണിവരെ സമയുണ്ടായിരുന്നു. മൂന്ന് മണിയായപ്പോള്‍ അവന്‍ ളോഹ തിരിച്ചേല്‍പ്പിച്ചിട്ട് പോയി.

ബെസ്റ്റ് ഓഫ് അഴിമുഖം 

ആറ്റന്‍ബറോ: സിനിമ സംവാദമാകണമെന്നും വിയോജിപ്പുകള്‍ സൃഷ്ടിക്കണമെന്നും ആഗ്രഹിച്ച ചലച്ചിത്രകാരന്‍
ഒഡേസ സത്യന്‍ ഒരു മഹാസമുദ്രമല്ല
ഉന്മാദവും ഉന്മാദകലയും
കൈരളി തിയേറ്ററിലെ ‘അയ്യപ്പന്‍ പടി’യും ബീനാ പോളിന്റെ രാജിയും
സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍

പൃഥ്വിരാജിന്റെ പാലുകുടി കലക്കീട്ടുണ്ടെന്നാണ് എല്ലാവരും പറയണത്! നായക കഥാപാത്രത്തെക്കൊണ്ട് അങ്ങിനെ ചെയ്യിക്കണായിരുന്നോ?
ആദ്യമെ പറയട്ടെ; ഈ സിനിമയില്‍  എഴുപേരും നായകന്മാരാണ്. ഒരാളെ മാത്രമായിട്ട് നായകനെന്ന് പറയാന്‍ പറ്റില്ല. ഇനി പൃഥ്വിരാജിന്റെ പാലുകുടി. എല്ലാ മനുഷ്യരിലും ഇല്ലേ ഇത്തരം പ്രശ്‌നങ്ങള്‍. അതിപ്പോള്‍ നായകനായാലും ശരി, വില്ലനായാലും ശരി; ചില സ്വഭാവരീതികള്‍ അവര്‍ക്ക് പ്രത്യേകമായിട്ടു കാണും. ഇരിക്കുമ്പോള്‍ കാലുരണ്ടും വിറപ്പിക്കുന്ന ചിലരുണ്ട്. എനിക്കതു കാണുമ്പോള്‍ ഭ്രാന്ത് പിടിക്കും. ചിലയിടങ്ങളില്‍, നമുക്ക് അടുത്തിരിക്കുന്നയാള്‍,എനിക്ക് തീര്‍ത്തും അപരിചിതനായിരിക്കും- എന്നാലും കാലു വിറപ്പിക്കുന്നതു കണ്ട് ഞാന്‍ ചെന്ന് കാല്‍ രണ്ടും പിടിച്ചുവച്ചിട്ടുണ്ട്. ഇതൊക്കെ സ്വഭാവത്തിന്റെ ഭാഗമാണന്നേ. സിനിമയില്‍ വേണമെങ്കില്‍ ആ സ്വഭാവം നീരജിന്റെയൊ സുധീറിന്റെയോ കഥാപാത്രത്തിന് കൊടുക്കായിരുന്നു. എന്നാലും ഹ്യൂമര്‍ വര്‍ക്ക് ഔട്ട് ആകുമായിരുന്നു. രാജൂന്റെ കഥാപാത്രത്തിനെ അതിന് തെരഞ്ഞെടുത്തപ്പോള്‍ കൂടുതല്‍ നാച്വറലായി കൃഷ്ണനുണ്ണിയെ സ്വീകരിക്കാന്‍ പ്രേക്ഷകന് കഴിഞ്ഞു.

തൃശൂര്‍ ഭാഷയില്‍ തന്തയ്ക്ക് വിളിച്ചാലും കേള്‍ക്കാനൊരു സുഖോണ്ടെന്നാണ് പറയുന്നത്. മനഃപൂര്‍വം തെരഞ്ഞെടുത്തതാണോ ഈ പശ്ചാത്തലം?
കഥയുടെ പശ്ചാത്തലത്തിന് യോജിച്ച അന്തരീക്ഷമാണ് തൃശ്ശൂരിന്. പിന്നെ ഈ പറഞ്ഞപോലെ, ആ ഭാഷയ്ക്ക് പൊതുവിലൊരു സരസതയുണ്ട്. എങ്കില്‍ തന്നെ പലപ്പോഴും തൃശ്ശൂര്‍ ഭാഷ മിമിക്രിപോലെയാണ് പല സിനിമകളിലും കാണുന്നത്. ഓരോ കീലോമീറ്റര്‍ പിന്നിടുമ്പോഴും അവിടുത്തെ ഭാഷാശൈലി വ്യത്യാസപ്പെടുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം തൃശ്ശൂരിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവരാണ്. അവരുടെ സംസാര ശൈലിയില്‍ ആ വ്യത്യാസമുണ്ട്. പൊതുവായൊരു ഭാഷയല്ല. ഈ കാര്യത്തില്‍ കുറെയൊക്കെ നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സപ്തമ ശ്രീ തസ്‌കരഃ ആയിരുന്നു ആദ്യത്തെ സിനിമയെങ്കില്‍ ഇത്രയും നന്നാകുമായിരുന്നോ?
ഒരിക്കലുമില്ല. ഇത്തരമൊരു സിനിമ കന്നി സംരംഭമായി എനിക്ക് ചെയ്യാന്‍ കഴിയമായിരുന്നില്ല.

എന്തുകൊണ്ട്? തിരക്കഥയെല്ലാം തയ്യാറായിരുന്നല്ലോ
അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തേത് വളരെ സിമ്പിള്‍ ആയിരുന്നു. അവിടെ നിന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

അന്ന് പൃഥ്വിരാജ് പിന്നെ ചെയ്യാമെന്ന് പറഞ്ഞ് മടക്കി അയച്ചത് ഗുണമായി?
ഇതാരു പറഞ്ഞു തന്ന കഥയാണ്. രാജു എന്നെ എപ്പോഴാണ് മടക്കി അയച്ചത്? ഷാജി(ഷാജി നടേശന്‍) എന്നെ ഇങ്ങോട്ട് വിളിച്ചാണ് ഈ സിനിമ നമ്മള്‍ ചെയ്യട്ടെയെന്ന് ചോദിക്കുന്നത്. രാജു വന്നാല്‍ നന്നായിരിക്കുമോയെന്നും ചോദിച്ചു. അങ്ങിനെയാണ് ഇത് വര്‍ക്ക് ഔട്ട് ആകുന്നത്. അതിനിടയില്‍ രാജൂന് ഒരു ഫോറിന്‍ ട്രിപ്പ് വന്നു. ആ സമയത്താണ് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതും. തിരക്കെല്ലാം കഴിഞ്ഞ് മേയില്‍  ഷൂട്ടിംഗും തുടങ്ങി.

സപ്തമ ശ്രീ തസ്‌കര കണ്ടുകൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ കൂടി ഇറ്റാലിയന്‍ ജോബ് കടന്നുപോയി…
അതെന്താ ഇറ്റാലിയന്‍ ജോബ് മാത്രമായി കടന്നു പോയത്? ഓഷ്യന്‍ ഇലവനും ദ ഗ്രേറ്റ് ട്രെയിന്‍ റോബറിയൊന്നും ഓര്‍മ്മ വന്നില്ലേ? ലോകത്തെ എല്ലാ ഹെയ്‌സ്റ്റ് മൂവികളും ഒരേ ജോണറിലുള്ളതായിരിക്കും. ഇറ്റാലിയന്‍ ജോബ് കാണുമ്പോള്‍ ഓഷ്യന്‍ ഇലവന്‍ ഓര്‍മ്മവരില്ലേ, ഓഷ്യന്‍ ഇലവന്‍ കാണുമ്പോള്‍ ഗ്രേറ്റ് ട്രെയിന്‍ റോബറി ഓര്‍മ്മ വരില്ലേ?  തികച്ചും സ്വാഭാവികം!

വായില്‍കൊള്ളാത്തൊരു പേരുമായി വേറൊരു തിരക്കഥ കയ്യിലുണ്ടെന്ന് അറിഞ്ഞു.
ഞാന്‍ എഴുതിയതില്‍വച്ച് ഏറ്റവും മികച്ചതെന്ന് എന്റെ അമ്മ പറഞ്ഞ സ്‌ക്രിപ്റ്റാണത്. സാധനം പക്ഷേ തമിഴാണ്. അത് സിനിമയാക്കണം. ഉറങ്ങന്‍പട്ടി കറുപ്പ് 175 സിസി- നല്ല പേരല്ലേ…

അപ്പോള്‍ എല്ലാ ഭാഷകളിലും കയറിയിറങ്ങാനാണ് തീരുമാനം
ഞാന്‍ എനിക്കറിയാവുന്നപോലെ സിനിമകള്‍ ചെയ്യുകയാണ്.സിനിമകളുടെ ക്ലാസിഫിക്കേഷനുകള്‍ എനിക്കറിയില്ല. വര്‍ഷത്തില്‍ ഒരു പടം, പറ്റിയില്ലെങ്കില്‍ രണ്ടുപടം; അത്രയെ മോഹമുള്ളൂ. അതിപ്പോള്‍ ഇന്ന ഭാഷയില്‍ തന്നെയാകും എന്നൊന്നുമില്ല. ശരിക്കും പറഞ്ഞാല്‍ ഇതെന്റെ ഹോളിഡേ ടൈമാണ്. ജോലിയെല്ലാം അവസാനിപ്പിച്ചിട്ട് വെക്കേഷന്‍ ആസ്വദിക്കില്ലേ, അതുപോലെ.

സ്‌ക്രീനില്‍ സംവിധായകന്റെ പേര് തെളിയുമ്പോള്‍ കൈയടിയുണ്ട്. ഒരുപാട് ആരാധകരൊക്കെ ആയിക്കാണുമല്ലോ?
പിന്നെ…കഴിഞ്ഞ ദിവസം ഞാന്‍ ലുലു മാളില്‍ പോയിരുന്നു.. എന്തുമാത്രം ജനങ്ങള്‍! അതില്‍ എന്നെ മനസ്സിലായത് വെറും മൂന്നുപേര്‍ക്ക്!

എന്നെ അറിയുന്നവര്‍,സ്‌നേഹിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ ചുറ്റിവളയുന്നൊരു ആള്‍കൂട്ടം എനിക്കായി ഉണ്ടാകപ്പെടരുതെന്നാണ് ആഗ്രഹം. അങ്ങിനെ സംഭവിച്ചാല്‍ അവിടെയെന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ സമൂഹത്തെ കൂടുതല്‍ അടുത്ത് കാണണമെങ്കില്‍ ആ സ്വാതന്ത്ര്യം എനിക്ക് വേണം. ആ കാഴ്ചകളാണ് സിനിമയില്‍ എനിക്ക് പ്രതിഫലിപ്പിക്കേണ്ടത്.

ശരിക്കും എന്റെ പേര് എഴുതി കാണിക്കുമ്പോള്‍ കൈയടി ഉണ്ടോ?
ഉണ്ട്. സത്യം
സത്യം!
അതേന്ന്….
എന്തോ എന്നെ ഇഷ്ടമാണ് എല്ലാവര്‍ക്കും!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍