UPDATES

സിനിമ

ഫ്രോഡ് കളിക്കുന്ന നായകന്‍മാരും മൊത്തത്തില്‍ ഫ്രോഡാകുന്ന സമൂഹവും

Avatar

രവിശങ്കര്‍

ലോകത്ത് പ്രചാരത്തിലുള്ള ഹെയ്സ്റ്റ് (Heist)ചിത്രപരമ്പരയുടെ ഒരു തുടര്‍ച്ചയാണ് ‘സപ്തമ. ശ്രീ. തസ്‌കര’ എന്ന ചിത്രമെന്ന് നമുക്കറിയാം. അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നതുപോലെ Great Train Robbery തൊട്ട് Oceans 13 വരെയുള്ള ചിത്രങ്ങളുടെ പാരമ്പര്യം അനില്‍ജി ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു വേണം കരുതാന്‍. നിറഞ്ഞ സദസ്സിന് ഇതൊന്നും അറിയണമെന്നില്ല. എങ്കിലും, പറയാതെ പോകരുതല്ലോ. ഇത്തരം Genre കളില്‍ പെട്ട ചലച്ചിത്രങ്ങള്‍ക്ക് അവയുടേതായ ചില ചരിത്രങ്ങളുണ്ട്. പല Genre ചിത്രങ്ങളും പ്രചാരത്തിലുണ്ട്. ഉദാ: ഹൊറര്‍, കോമഡി, റൊമാന്‍സ്, ത്രില്ലര്‍, സ്പൈ എന്നിങ്ങനെ. ഓരോ Genre ചിത്രവും നിരന്തരം കാണുന്ന കാണികള്‍ക്ക് അവയുടെ വ്യാകരണം പെട്ടെന്ന് പിടുത്തം കിട്ടും. കാരണം, ഓരോ Genre ഉം മുന്നോട്ടു പോകുന്നത് തങ്ങളുടേതായ ചില സൗന്ദര്യനിയമങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഈ നിയമങ്ങള്‍ തെറ്റിയ്ക്കുന്നവരാണ് മാസ്റ്റേഴ്‌സ് ആയി മാറുന്നത്. അവര്‍ നിയമങ്ങള്‍ തിരുത്തുകയും പുതിയ സൗന്ദര്യബോധം ഉണ്ടാക്കുകയും ചെയ്യും. ഉദാ: ഹിച്ച് കോക്ക്. ഈ Genre ല്‍ പണിയെടുക്കുന്ന ഏത് സാധാരണ സംവിധായകനും ഹിച്ച്‌കോക്കിന്റെ സ്പര്‍ശമില്ലാതെ കടന്നുപോകാന്‍ സാധിക്കുകയില്ല. അതിനാലാണ്, ഒരു സാധാരണ കാണിയായി ടിക്കറ്റെടുത്ത് ആര്‍പ്പുവിളിക്കുന്ന ഒരു ജനക്കൂട്ടത്തിനു നടുവിലിരുന്ന് ചിത്രം കാണുമ്പോഴും Heist Genre ചിത്രങ്ങളുടെ സൗന്ദര്യവശങ്ങള്‍ കാണാതിരിക്കാന്‍ നമുക്ക്  കഴിയാതെ പോവുന്നത്.

അത്തരത്തില്‍ നോക്കിയാല്‍ ഒരു മോശം പടമാണ് ഈ തസ്‌കരചിത്രമെന്ന് കാണാം. സാധാരണ  Heist ചിത്രങ്ങളില്‍ ചില അടിസ്ഥാന ഘടകങ്ങളുണ്ട്. അവയെല്ലാം ഈ തസ്ക്കര ചിത്രത്തില്‍ പാലിച്ചിട്ടുണ്ട്. ഒരു ഭണ്ഡാരം, അല്ലെങ്കില്‍ ഒരു ബാങ്ക്, അല്ലെങ്കില്‍ എന്തെങ്കിലും കുടില മാര്‍ഗ്ഗങ്ങളിലൂടെ ശേഖരിച്ചുവച്ച ധനം ഒറ്റയടിക്ക്  കൊള്ളയടിക്കുകയെന്നതാണല്ലോ ഇത്തരം ചിത്രങ്ങളുടെ അടിസ്ഥാന പ്രമേയം. ഈ കൊള്ളയ്ക്കായി പല സ്വഭാവവിശേഷതകളും, സിദ്ധികളുമുള്ള കുറേപ്പേര്‍ ഒരു നേതാവിനു കീഴില്‍ ഒത്തുചേരുകയും ഒരു പദ്ധതിയുണ്ടാക്കുകയും അത് നടപ്പില്‍വരുത്തുകയും ചെയ്യും. ഇതാണ്‌Heist ചിത്രത്തിന്റെ രൂപരേഖ. തസ്‌കരചിത്രത്തിന്റെ കുഴപ്പമെന്തെന്നു വെച്ചാല്‍ ഈ അടിസ്ഥാന പ്രമേയമല്ലാതെ മറ്റൊരു സവിശേഷതയും അതില്‍ കാണാനില്ല എന്നതാണ്. ഈ പ്രമേയത്തിന് എങ്ങിനെ പലതരം അടരുകള്‍ നല്‍കാനാവും, ഓരോ കള്ളന്റേയും സിദ്ധികള്‍ എങ്ങനെ കളവിനായി ഉപയോഗിക്കുവാന്‍ കഴിയും. ഓരോരുത്തരുടെയും സംഭാവനെയെന്താണ്, നേതാവിന്റെ നേതൃപാടവം എങ്ങനെ ഇതിനുപയോഗിക്കുന്നു, തടസ്സങ്ങളെ പ്രത്യുല്‍പ്പന്നമതിത്വം കൊണ്ട് അവരെങ്ങനെ നേരിടുന്നുവെന്നതൊക്കെയാണ് ചിത്രത്തിന്റെ രസംകൂട്ടുന്ന കാര്യങ്ങള്‍. ഇവയില്‍ പരാജയമാണ് ഈ തസ്‌കരചിത്രം. അതായത് തൃശ്ശൂര്‍പൂരത്തിന്റെ  വെടിക്കെട്ട് കണ്ട് മടങ്ങുന്ന ഒരാള്‍ വീട്ടിലെത്തുമ്പോള്‍ ചെക്കന്‍ രണ്ടു മത്താപ്പും മൂന്നു കമ്പിത്തിരിയും രണ്ടു പൂക്കുറ്റിയും രണ്ടു വിഷ്ണുചക്രവും കത്തിച്ചിട്ട് പേടിപ്പിക്കുന്നതുപോലെയേ ആവുന്നുള്ളു. ലൂലുമാള് കണ്ട് മടങ്ങുന്നവര്‍ വാസ്വേട്ടന്റെ പീടികയിലെത്തിയതുപോലെ എന്നു പറയാം.

ഈ ഏഴുപേരില്‍ സര്‍ക്കസുകാരനും (അവന്റെ തോഴിയും) ഒളിക്യാമറയുണ്ടാക്കുന്നവനും മാത്രമേ യഥാര്‍ത്ഥത്തില്‍ പണിയുള്ളു. ഏതു പോലീസുകാരനും ചെയ്യാന്‍ പറ്റാവുന്ന പണികളേ മറ്റുള്ളവര്‍ ചെയ്യുന്നുള്ള. കൃഷ്ണനുണ്ണി (പൃഥ്വിരാജ്) എന്ന നായകന്‍ ആകെ ചെയ്യുന്നത് ആശുപത്രിയുടെ ബ്ലൂപ്രിന്റ് സംഘടിപ്പിക്കലാണ്. പിന്നെ അദ്ദേഹം പ്രധാനമായി ചെയ്യുന്നത് പാലു മാത്രം കുടിക്കലാണ്. ആസിഫ് അലി എന്ന രണ്ടാം നായകന് യാതൊരു പണിയുമില്ല. അവിടവിടെ ചുമ്മാനില്‍ക്കലാണ് മറ്റുള്ളവരുടെ പണി. സര്‍ക്കസ്സുകാരന്‍ താക്കോലുകള്‍  രാകിയുണ്ടാക്കുന്നുണ്ട്. ഒളിക്യാമറക്കാരന്‍ ക്യാമറയുണ്ടാക്കുന്നുണ്ട്. അതു മോണിട്ടറുമായി ഘടിപ്പിക്കുന്നുണ്ട്. സര്‍ക്കസുകാരി കുഴലിലൂടെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്നുണ്ട്. കൃത്യമായി പണിയെടുക്കുന്ന ഒരാള്‍ അന്നമ്മയെന്ന നഴ്സാണ്. അവളാണ് ക്യാമറകള്‍ ആശുപത്രിയില്‍ ഘടിപ്പിക്കുന്നത്. എത്രയോ ചിത്രങ്ങളില്‍ കണ്ടപോലെ എയര്‍കണ്ടീഷണറുടെ ഡക്ടിലൂടെയാണ് കള്ളന്‍മാര്‍ ഉള്ളില്‍ കയറുന്നത്. ഓരോ ഡക്ടും ഏതു മുറിയിലാണ് എത്തുന്നതെന്ന് ഇവര്‍ എങ്ങനെയാണാവോ കണ്ടുപിടിച്ചത്! അതിനകത്തെ ബഹളം സെക്യൂരിറ്റിക്കാര്‍ കേള്‍ക്കുക പോലും ചെയ്യുന്നുണ്ട്. പുറത്തു കടന്നുപോകുന്ന ഒരു ഘോഷയാത്രയുടെ സമയം ഇവരുടെ പദ്ധതിപ്രകാരം ആസൂത്രണം ചെയ്യുന്നതാണോയെന്നറിയില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

രോഗികളും ഡോക്ടര്‍മാരും അറിയാന്‍: ഇത് നിങ്ങള്‍ക്കുള്ള ചിത്രമാണ്
സൂപ്പര്‍ചാഴി
മുന്നറിയിപ്പ്: വെറും സ്റ്റഫല്ല, ജീവിതമാണ്
നഗരം, മാഫിയ, ഗാംഗ് വാര്‍, പോലീസ്…. പിന്നെ കുറച്ച് അസ്തിത്വവാദവും- സ്റ്റീവ് ലോപ്പസ് വിമര്‍ശിക്കപ്പെടുന്നു
ഇത്തരം സിനിമകൾക്കൊക്കെ കഥ എഴുതുകയല്ലാതെ എന്ത് നിരൂപിക്കാന്‍?

ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം പള്ളീലച്ചന്റെ റോള്‍ ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരി (ആമേനിന്റെ സംവിധായകന്‍) ആണ്.  കഥ മുഴുവന്‍ പറയുന്നത് അച്ഛനോടുള്ള കുമ്പസാരമായതുകൊണ്ട് അച്ചന്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന രസികന്‍ കഥാപാത്രമാവുകയാണ്. വാസ്തവത്തില്‍, എഴുകള്ളന്‍മാരില്‍ ഒരാള്‍ ഈ അച്ചനായിരുന്നെങ്കില്‍ പടം സൂപ്പറായേനേ! ഇപ്പോള്‍ അല്ല എന്നല്ല. ടിക്കറ്റ് കിട്ടാന്‍ പാടാണെന്നു പറയാനാവില്ല. സുഖമായി കിട്ടുന്നുണ്ട്. ഫ്രോഡുകളെക്കാള്‍ പെരുച്ചാഴികളെക്കാള്‍  എത്രയോ ഭേദമാണ്.

പ്രണയത്തിന് വലിയ ശ്രദ്ധ കൊടുത്തിട്ടില്ല. സെന്റിമെന്‍സിനും. പക പോലും ‘വേണമെങ്കില്‍ ആവാം’ എന്ന മട്ടാണ്. വില്ലന്‍ കഥാപാത്രം ഒരു സ്‌കൂള്‍ നാടകത്തിനപ്പുറം വില്ലത്തരം കാണിക്കുന്നില്ല. സംഗീതം – ഓളിയിടലല്ലാതെ സംഗീതത്തിന് മറ്റര്‍ത്ഥങ്ങളൊന്നുമില്ലെന്ന് പുതുനിര സംവിധായകര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇവിടെയും അങ്ങിനെ തന്നെ.

ഇന്റര്‍വെല്ലിനു ശുചിമുറിയിലേക്കു പോകുമ്പോള്‍ ഒരുത്തന്‍ പറയുന്നു. പൃഥ്വിരാജിന്റെ കഥ വന്നല്ലോ പടം വലിഞ്ഞു. അതേ, ആ കഥ തന്നെയാണ് പ്രശ്‌നം. ഈ Heist ചിത്രത്തിന്റെ സംവിധായകന്റെ ഒറിജിനല്‍ സംഭാവനയാണല്ലോ അത്. പിന്നൊരു കാര്യം, മലയാളത്തില്‍ ഫ്രോഡ് നായകന്‍മാരുടെ എണ്ണം വളരെ കൂടുന്നുണ്ട് എന്നതാണ്. മൊത്തം ഫ്രോഡ് ആവുകയാണോ നമ്മുടെ സമൂഹം? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍