UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്‌സല്‍ ഗുരു അനുസ്മരണം: എസ് എ ആര്‍ ഗിലാനി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ വാര്‍ഷികത്തില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ മുന്‍ ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ് എ ആര്‍ ഗിലാനിയെ ഇന്ന് പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്റ് ആക്രമണ കേസില്‍ 2003-ല്‍ ഗിലാനി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഗിലാനിയെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി 10-ന് പ്രസ് ക്ലബില്‍ നടന്ന പരിപാടിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗിലാനിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

മൂന്നുവര്‍ഷം മുമ്പ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ ചോദ്യം ചെയ്ത് ഫെബ്രുവരി ഒമ്പതിന് ഡി എസ് യു ജെഎന്‍യുവില്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് കനയ്യയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ആരോപണം കനയ്യ നിഷേധിച്ചിരുന്നു.

പ്രസ് ക്ലബിലെ പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഗിലാനിയാണെന്ന് പൊലീസ് പറഞ്ഞു. ഗിലാനിയുടെ ഇമെയിലില്‍ നിന്നാണ് ഹാള്‍ ബുക്ക് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് വന്നതെന്ന് പൊലീസ് പറയുന്നു.

2001-ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ അറസ്റ്റിലായ ഗിലാനിയെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍