UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിംഷാറിനെതിരെയുള്ള ആക്രമണം; എന്തുകൊണ്ട് നമ്മെ ഭയപ്പെടുത്തണം?

സാറാ ജോസഫ്

ഉത്തരേന്ത്യയിലും മറ്റും നടക്കുന്നതുപോലെ കേരളത്തിലും ഭയപ്പെടുത്തുന്ന രീതിയില്‍ സമാനമായ ആക്രമണങ്ങള്‍ പെരുകി വരുന്നുണ്ട് എന്നതിന്റെ സൂചനയാണ് യുവ എഴുത്തുകാരന്‍ പി ജിംഷാറിനെതിരെയുള്ള ആക്രമണം. ദളിതര്‍ക്ക് നേരെയും ന്യൂന പക്ഷങ്ങള്‍ക്കു നേരെയും ഇഷ്ടമില്ലാത്ത കാര്യം പറയുന്നവര്‍ക്കു നേരെയും യാതൊരു വിധത്തിലുമുള്ള നീതിബോധവുമില്ലാതെ, അതല്ലെങ്കില്‍ യുക്തിബോധവും ഇല്ലാതെ ആക്രമണങ്ങള്‍ കെട്ടഴിച്ചു വിടുക എന്നുള്ളത് ഇന്ത്യയില്‍ ഉടനീളം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് എവിടെച്ചെന്ന് അവസാനിക്കും എന്നുള്ള ഭയം  ഇന്ന് ഓരോരുത്തരുടെ മനസ്സിലും ഉണ്ട്.

ചിന്തിക്കുന്ന ആളുകള്‍ക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയാണ്  മതപരമായ വൈരുദ്ധ്യങ്ങളുടെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. പി ജിംഷാറിന്റെ നേര്‍ക്കുണ്ടായ ആക്രമണം, പിന്നിലുള്ളവര്‍ ആരെന്നും കാരണം എന്തെന്നും വ്യക്തമല്ല. പറഞ്ഞു കേള്‍ക്കുന്നത് പടച്ചോനെക്കുറിച്ച് എഴുതുമല്ലേ എന്ന് ചോദിച്ചു കൊണ്ട് ആക്രമിച്ചു എന്നാണ്. അത് ഒട്ടും ആശാവഹമായ ഒരു സംഗതി അല്ല.

എഴുത്തുകാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ പ്രതികരണത്തിലൂടെ ബിജെപി സര്‍ക്കാരിന് ഇന്ത്യ തക്ക മറുപടി നല്‍കിയതാണ് . ഗുജറാത്തിലെ ഉനയില്‍ നടന്നിട്ടുള്ള ദളിത്‌ പീഡനം അഭിനവ ഇന്ത്യക്ക് ലജ്ജാകരമായ ഒരു അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദളിത്‌ യുവാക്കളെ കെട്ടിയിട്ടു മര്‍ദ്ദിച്ചത് അവര്‍ തങ്ങളുടെ കുലത്തൊഴില്‍ ചെയ്തതിനാണ്. 30ല്‍ അധികം ദളിതര്‍ സവര്‍ണ്ണരുടേയും ഗോസംരക്ഷകര്‍ എന്നറിയപ്പെടുന്നവരുടെയും അക്രമങ്ങളെ ഭയന്ന് ആത്മഹത്യയ്ക് മുതിരുക എന്നുള്ളത് സര്‍ക്കാരിനും ജനതയ്ക്കും ഭൂഷണമല്ല.

ഇവിടെ ഭരിക്കുന്ന സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞതുകൊണ്ടായില്ല. നമ്മുടെ മനോഭാവത്തിന്റെ വെളിപ്പെടല്‍ ആണിത്. അത്തരം നടപടികള്‍ തടയാന്‍ ആധുനിക ഇന്ത്യയില്‍ സാധിക്കുന്നില്ല എങ്കില്‍ നമ്മള്‍ എന്തു പുരോഗതി നേടിയാലും അത് അര്‍ത്ഥശൂന്യമായി തീരും എന്ന കാര്യത്തില്‍ സംശയമില്ല. കുറെയധികം മനുഷ്യര്‍ പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുക. അത് മതത്തിന്റെ, ദൈവത്തിന്റെ, ജാതിയുടെ പേരിലാവുക. എന്നിട്ടും ഇന്ത്യ ലോകരാജ്യങ്ങളുടെ നിരയിലേക്ക് കുതിക്കുന്നു, സാമ്പത്തികമായി ശക്തിപ്പെടുന്നു, ആയുധ ശക്തിയാകുന്നു, അമേരിക്കയോട് കൈകോര്‍ക്കുന്നു എന്നൊക്കെ പറഞ്ഞ് നമ്മള്‍ ഊറ്റം കൊള്ളുകയാണ്.എന്നാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു ജനത എന്നുള്ള രീതിയില്‍, ഒരു സിവില്‍ സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ട നടപടികള്‍ ഉണ്ടായോ എന്നു പരിശോധിക്കേണ്ട അവസരം കൂടിയാണ് ഇത്.

ജിംഷാറിന് നേര്‍ക്കുണ്ടായ  ആക്രമണം  പോലുള്ള പ്രവണതകളെ ഇപ്പോള്‍ ഇവിടെവച്ചുതന്നെ അവസാനിപ്പിക്കാന്‍ തക്ക സാംസ്കാരിക അവബോധവും മൂല്യബോധവും ഉള്ളവരായിരിക്കണം കേരള ജനത. അതിനു കഴിയുന്നില്ല എങ്കില്‍ സങ്കുചിതമായി അവരവരുടെ തുരുത്തുകളിലേക്ക് അതിവേഗത്തില്‍ മറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജനതയാണ് നമ്മള്‍  എന്ന് ഉറപ്പിച്ച് പറയാനാകും. ഇത് തീര്‍ച്ചയായും ശുഭകരമായ ഒന്നല്ലെന്നു മാത്രമല്ല ഭയപ്പെടുത്തുന്നതു കൂടിയാണ്.

ഞാനിതു പറയുന്നത് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തെ ആക്രമിച്ചത് ആരെന്നറിയില്ല. പക്ഷേ  ‘പടച്ചോനെക്കുറിച്ച് എഴുതുമല്ലേ ‘ എന്നു ചോദിച്ചാണ് അദ്ദേഹത്തെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ കുറ്റവാളികളെ കണ്ടെത്തുകയും അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്യണം. ഇനിയൊരിക്കലും ആരും ഇത്തരത്തില്‍ ഒരു കുറ്റം ആവര്‍ത്തിക്കാന്‍ ഇടയാവാത്ത തരത്തില്‍ മാതൃകാപരമായ ഇടപെടല്‍ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ഉണ്ടാവണം സിവില്‍ സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. 

(സാറാ ജോസഫുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍