UPDATES

ഓഫ് ബീറ്റ്

സാറ, രാത്രിയില്‍ മാത്രം സുഗന്ധം പരത്തുന്ന കാട്ടുമുല്ല പെണ്ണ്; നീയെവിടെയാണ്?

അമ്പലപ്പറമ്പുകളിലും രാത്രി വൈകിയും പേടിയില്ലാതെ അവള്‍ക്ക് നടന്നുപോകാം. ഒരു സമരമായിരുന്നു അവള്‍ക്ക് ആ ജീവിതം.

രാത്രിയില്‍ മാത്രം പൂത്തിറങ്ങി സുഗന്ധം പരത്തുന്നൊരു കാട്ടുമുല്ലയായിരുന്നു സാറാ. കറുത്ത ഉടലില്‍ തിളങ്ങുന്ന കണ്ണുകളും, വശ്യത നിറഞ്ഞ ചിരിയും, നീണ്ട് മെലിഞ്ഞ മുടിയും, കടും നിറത്തിലുള്ള സാരിയും അതിന് തീരെ ചേരാത്ത ബ്ലൗസും, കൈനിറയെ ചോപ്പും കറുപ്പും ഇടകലര്‍ത്തിയ കുപ്പിവളകളും, ചിലപ്പോള്‍ വളകളൊഴിഞ്ഞ കൈത്തണ്ടയും, കഴുത്തില്‍ ഒരു കറുത്ത ചരടും, തലുകുലക്കി ചിരിക്കുമ്പോള്‍ കൂടെ തുള്ളുന്ന വലിയ ജിമിക്കിയും, കൈത്തണ്ടയില്‍ കൊരുത്ത വലിയ ചോറ്റുപാത്രവും ചുവന്ന വലിയ വട്ടപൊട്ടും അതിനു മീതെ ചന്ദനക്കുറിയും മുടിയില്‍ തുളസിക്കതിരും വരച്ച് നടന്നു വരുന്ന സാറയുടെ രൂപം ഇന്നും എന്റെ മനസ്സില്‍ ഉടയാതെയുണ്ട്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ തറവാട്ടിലെ അടുക്കളപ്പുറത്ത് സാറയെ കണ്ട് തുടങ്ങിയതാണ്.

പുറംപണിക്ക് അന്ന് വന്നവരില്‍ ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നത് സാറയേയും സാറയുടെ വലിയ സിന്ദൂര വട്ടപ്പൊട്ടിനെയുമായിരുന്നു. രാവിലെ ഓടിപ്പാഞ്ഞാവും അവര്‍ എത്തുക. സ്‌കൂളില്‍ പഠിക്കുന്ന മകന് ആഹാരമെല്ലാം തയ്യാറാക്കി അവനെ സ്‌കൂള്‍ യൂണിഫോമിടുവിച്ച് നിര്‍ത്തിയിട്ടാണ് സാറ ഓട്ടമാരംഭിക്കുന്നത്. വീട്ടിലെ പണിയൊതുക്കി അവര്‍ കശുവണ്ടി ഫാക്ടറിലേയ്ക്ക് പോകും. കൈയ്യിലെ ചോറ്റുപാത്രവും കവറും തെക്കേ ചായ്പ്പിന് വച്ച്, സാരി പൊക്കിക്കുത്തി, ചൂലുമായി സാറ പണിക്കായി ഇറങ്ങും, കൂടെ വാലായി ഞാനും. സാരി ഉയര്‍ത്തി കുത്തുമ്പോള്‍ കറുത്ത കാലില്‍ ഇറുകെ പുണര്‍ന്ന് കിടക്കുന്ന വെളുത്ത കൊലുസ് പ്രത്യേക താളത്തില്‍ ഇളകിയാടി ചിരിക്കും. കൈകള്‍ വീശി മുറ്റം തൂത്തെറിയുന്ന സാറയുടെ പിറകെ തന്നെ ഞാനും നടക്കും. മഴവില്ല് പോലെ ചൂലുകള്‍ അവര്‍ നടന്ന് നീങ്ങിയ ദൂരം അടയാളപ്പെടുത്തുമ്പോള്‍, അവയുടെ മീതെ കുഞ്ഞു കാല്‍പ്പാടുകള്‍ എന്റെ സഞ്ചാരം ഓര്‍മ്മപ്പെടുത്തുമാറ് ആഞ്ഞ് പതിഞ്ഞ് കിടപ്പുണ്ടാവും. ഈ സമയം എന്നോട് പല വിശേഷങ്ങളും പറയും. ഞാനും.

അപ്പോഴാവും അവര്‍ കൈകളില്‍ കിടക്കുന്ന കുപ്പിവളകള്‍ കാട്ടിത്തരിക. ചുവപ്പും കറുപ്പുമാണ് സ്ഥിരമായി ഉപയോഗിക്കുന്നതെങ്കിലും ചിലപ്പോള്‍ പച്ചയും മഞ്ഞയും വയലറ്റുമൊക്കെ ഇടകലര്‍ത്തി ഇട്ടുവരും. ഓരോ വളകളെയും തൊട്ട് നിറവും എണ്ണവും പറഞ്ഞ് സാക്ഷ്യം പറയുമ്പോഴാവും കൈവെള്ളയില്‍ ചില പോറലുകള്‍ കിടക്കുന്നത് കാണുക. ഇതെങ്ങനെ വന്നുവെന്ന എന്റെ ചോദ്യത്തിന് വല്ലാതെ ചിരിച്ച്, അവര്‍ മറുപടി പറയും. ‘ഇത് കൈയ്യേല്‍ ഇടുവിച്ച വളക്കച്ചവടക്കാരന്‍ ഖാദര്‍ നഖംകൊണ്ട് മാന്തിയതാണ്‘, ‘അയാളെന്തിനാ അങ്ങനെ ചെയ്‌തേ?’അതോ… അയാള്‍ സാറയുടെ പറ്റുകാരനാണ്.‘പറ്റുകാരനോ… എന്നുവച്ചാല്‍.‘ ‘സാറ പണിയെടുക്കുന്നതിന് കാശു തരുന്ന ആളാണ്. ചിലപ്പോള്‍ കടം പറയും.‘ ‘സാറ അതിന് ഇവിടേം കശുവണ്ടി ആപ്പീസിലുമല്ലേ പണിയെടുക്കുന്നേ‘? ഉരുണ്ട കണ്ണുകള്‍ പരമാവധി വലുതാക്കി ഞാന്‍ സംശയിച്ചു നില്‍ക്കും. തൂത്തു കൂട്ടിയ ചപ്പുകള്‍ വാഴക്കുഴിയിലേക്ക് കുടഞ്ഞിട്ട് സാറ തലചെരിച്ച് കള്ളച്ചിരിയോടെ പറയും. ‘രാത്രിയില്‍ പണിയെടുക്കുന്നതിന്റെയാ കുട്ടീ.’രാത്രിയിലോ? അപ്പോള്‍ ഉറങ്ങണ്ടേ…‘ ‘ഇത് കഴിഞ്ഞ വീണ്ടും ഉറങ്ങും.‘ വീണ്ടും ചോദിക്കാനായുന്ന എന്നെ ‘കുട്ടി വലുതാവുമ്പോള്‍ അറിഞ്ഞാ മതീട്ടോ!‘ എന്ന് പറഞ്ഞ് അവരെന്നെ വായില്ലാ കുന്നിലപ്പനാക്കും. ഒരിക്കല്‍ അമ്മാമ്മയോട് ഞാനീ രാത്രി പണിയെക്കുറിച്ച് സംശയം ചോദിച്ചപ്പോള്‍ നിറയെ ശകാരം കിട്ടി. പിറ്റേന്ന് രാവിലെ പണിക്കെത്തിയ സാറയെയും വയറ് നിറയെ വഴക്ക് പറഞ്ഞു. അവിടെ തലകുമ്പിട്ട് നില്‍ക്കുന്ന സാറയെ കണ്ടതില്‍ പിന്നെപ്പോഴും അവര്‍ പറഞ്ഞതില്‍ ലവലേശം സംശയമുണര്‍ത്താതെ എല്ലാം വിശ്വസിച്ചതായി ഞാന്‍ അഭിനയിക്കും.

@ Karin Johannesson

മുറ്റം തൂത്തെറിയുമ്പോഴും പൈക്കള്‍ക്ക് കാടി നിറയ്ക്കുമ്പോഴും എരുത്തില്‍ കഴുകാന്‍ വെള്ളം വലിയ ചരുവത്തില്‍ നിറയ്ക്കുമ്പോഴും നിര്‍ത്താതെ ഓടുന്ന സാറയുടെ പിറകെ ഓടുന്ന എന്റെ കണ്ണുകള്‍ അവളുടെ കയ്യിലുടക്കും. തലേന്ന് രാവിലെ കൈ നിറഞ്ഞ് കിടന്ന കുപ്പിവളകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കയ്യില്‍ നിന്നും പൊട്ടിയകന്നിട്ടുണ്ടാവും. കൈവിരല്‍ തൊട്ടെണ്ണി, തലേന്നത്തെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി പറയുമ്പോള്‍ കരിമഷി കണ്ണെഴുതി, സദാ ഒരു തിളക്കം സൂക്ഷിക്കുന്ന വിടര്‍ന്ന കണ്ണുകള്‍ ഇറുക്കിയടച്ചവള്‍ ഒരു ചിരി ചിരിക്കും. ഗൂഢമായ ആ ചിരിയുടെ അര്‍ത്ഥമറിയില്ലെങ്കിലും അങ്ങനെ ചിരിക്കുമ്പോള്‍ സാറ കൂടുതല്‍ സുന്ദരിപ്പെണ്ണായി എനിക്ക് തോന്നിയിട്ടുണ്ട്. അവളോടുള്ള ഇഷ്ടം കാരണം ഞാനും ചെറിയ കള്ളത്തരങ്ങള്‍ കാട്ടുമ്പോള്‍ കണ്ണുകളടച്ച് ചിരിക്കാന്‍ ശ്രമിച്ചു.

ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, ക്രിസ്ത്യാനിയായ സാറ പള്ളിയില്‍ പോകാതെ എന്തിനാ എപ്പോഴും അമ്പലത്തില്‍ പോകുന്നതെന്ന്? ചന്ദനം തൊടുന്നതെന്ന്? അമ്പലത്തിലെ പറ വരുമ്പോള്‍ ചാണകം മെഴുകി, നിലവിളക്ക് കൊളുത്തി സ്വീകരിക്കുന്നതെന്ന്, ഉത്സവപ്പറമ്പിലെല്ലാം നാടകം കാണാന്‍ വലത് കയ്യില്‍ തഴപ്പായും ഇടതുകൈയ്യില്‍ മകനേയും തൂക്കി പോകുന്നത്. കൈനിറയെ കുപ്പിവളകള്‍ പലരും വാങ്ങിനല്‍കുന്നു. പെട്ടെന്നാണവ അപ്രത്യക്ഷമാകുന്നത്, വല്ലപ്പോഴും മുറുക്കി ചുവപ്പിച്ച് നടക്കുന്നത്, ചില ആണുങ്ങളെ കാണുമ്പോള്‍ കണ്ണുകളും ചുണ്ടുകളും എന്തൊക്കെയോ പറയാതെ പറയുന്നത് ഇതെല്ലാം സാറയില്‍ ഞാന്‍ കണ്ടെത്തിയ കൗതുകങ്ങളായിരുന്നു. എനിക്ക് മനസ്സിലായി, അവള്‍ ഉറക്കത്തില്‍ ഭയങ്കരമായി ഉരുളുമായിരിക്കും. ശ്രദ്ധയില്ലാതെ കൈകള്‍ എടുത്തിട്ട് വളകള്‍ തല്ലി പൊട്ടിക്കുന്നതാവും. ഞങ്ങളില്‍ ഏറ്റവും ഇളയവള്‍ സിനി ഉറക്കത്തില്‍ ഉരുണ്ടുരുണ്ട് ഭിത്തിയില്‍ തങ്ങി നില്‍ക്കുന്നത് ഓര്‍ത്ത് ഞാന്‍ സമാധാനിച്ചു.

സാറയുടെ പിറകെ ഓടിയ ഞാന്‍ വളര്‍ന്ന് വരുംതോറും ഞങ്ങള്‍ക്കിടയില്‍ വല്ലാത്ത അകലവും ഒപ്പം വളരുന്നതറിഞ്ഞു. കോളേജിലേക്കുള്ള ബസ് കാത്ത് ഞാനും കശുവണ്ടി ആപ്പീസിലേക്കുള്ള യാത്രയ്ക്ക് സാറയും ഒരേ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ കണ്ണുകള്‍ കൊണ്ടും ചിരികള്‍ കൊണ്ടും വിശേഷങ്ങള്‍ പറയുന്നതിലേക്ക് സ്വാതന്ത്ര്യം ചുരുക്കപ്പെട്ടു. ഒരേ ബസില്‍ കയറുന്ന ഞാന്‍ സാറയുടെ അടുത്ത് ചെന്ന് നില്‍ക്കും. വിടര്‍ന്ന കണ്ണോടെ ചിരിക്കും. ‘കോളേജിലേക്കാ?’ പതിവായുള്ള ഒറ്റ ചോദ്യം മാത്രം. തലമുടി ഒന്നുരണ്ട് നരച്ചിരിക്കുന്നു, വലിയ സിന്ദൂരപ്പൊട്ടിന്റെ വലിപ്പവും ആകൃതിയും കുറഞ്ഞിരിക്കുന്നു. ഇത്തിരി തടി വച്ചു. എങ്കിലും കണ്ണിറുക്കി ചിരിക്കും, കൂടെ പൂര്‍വ്വാധികം സന്തോഷത്തോടെ തുള്ളുന്ന ജിമിക്കിക്കും മാറ്റമൊന്നും വന്നിട്ടില്ല. തറവാട്ടിലെ പണി സാറ നിര്‍ത്തിയിരുന്നതിനാല്‍ കൂടിക്കാഴ്ച ബസില്‍ വച്ച് മാത്രമായി. ഇങ്ങാന്‍ നേരം കൈകളില്‍ തോണ്ടി ‘പോവാട്ടോ’ എന്നൊരു വാക്കും പറഞ്ഞ് ഇറങ്ങും. നടന്നുനീങ്ങുന്ന സാറയുടെ പിന്നാമ്പുറ കാഴ്ചകള്‍ക്ക് ഭംഗിയേകി തുമ്പുകെട്ടിയ മുടി ഇടത്തോട്ടും വലത്തോട്ടും ചലിച്ച് കൊണ്ടിരിക്കും.

@Gustav Klimt

‘സാറയോട് മിണ്ടണ്ട. അവള്‍ ചീത്തയാണ്.’ ഒരു ദിവസം തലനിറയെ ചെമ്പരത്തി താളിയൊക്കെ വച്ച് തന്ന്‍ അമ്മൂമ്മ പറഞ്ഞു. ‘ചീത്തയോ‘? ‘അതേ അവള്‍ ശരീരം വിറ്റ് നടക്കുന്ന പെണ്ണാണ്.’ ഞാന്‍ ഒരു നിമിഷം തരിച്ചിരുന്നു. മനസ്സില്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ചിരിക്കുന്ന സിന്ദൂരപ്പൊട്ട് ഇട്ട മുഖം മാടിക്കയറി വന്നു. കുളിക്കുമ്പോഴും ബുക്കുമായി കൊച്ചച്ഛന്റെ ചാരുകസേരയിലിരിക്കുമ്പോഴും നിലവിളക്ക് കൊളുത്തുമ്പോഴും കാവില്‍ തിരി വയ്ക്കുമ്പോഴും ഒരു കനലായി ആ പറച്ചില്‍ നീറി നീറി കിടന്നു. രാത്രി ഉറക്കം വരാതെ കിടന്നപ്പോള്‍ മനസ്സ് മൊത്തം സാറയായിരുന്നു. എനിക്ക് മനസ്സിലായി ആരാണ് അവള്‍ക്ക് കുപ്പിവളകള്‍ വാങ്ങി നല്‍കിയതെന്ന്? എങ്ങനെയാണ് അവ കൈത്തണ്ടയില്‍ നിന്നും അപ്രത്യക്ഷമാവുന്നതെന്ന്? ഖാദര്‍ എന്തിനാണ് കൈവെള്ളയില്‍ നഖമാഴ്ത്തുന്നതെന്ന്? ചില ആണ്‍ നോട്ടങ്ങള്‍ അവള്‍ക്ക് മാത്രം വായിച്ചെടുക്കാന്‍ കഴിയുന്നതെന്ന്‍? എങ്ങനെ ഞങ്ങള്‍ക്കിടയിലുള്ള ദൂരം ദിവസവും കൂടി കൂടി വരുന്നതെന്ന്‍?…

പിറ്റേന്ന് സാറയെ ബസില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ കശുവണ്ടി കറയുള്ള അവരുടെ കൈകളില്‍ ഒന്നമര്‍ത്തി പിടിച്ചു. ‘എന്തേ കുട്ടി!‘ ഒരു ചിരിയും ചോദ്യവും എനിക്ക് കിട്ടി. കണ്ണുകള്‍ ഇറുക്കിയടച്ച് ഞാനൊന്ന് ചിരിച്ചു. ഉറക്കെ ചിരിച്ച് അവരെന്റെ കവളില്‍ തൊട്ടു. അന്ന് ബസിറങ്ങി പോകും നേരം ഒരു വല്ലാത്ത സ്‌നേഹവും ബഹുമാനവും അവരോടെനിക്ക് തോന്നി. ആ സ്ത്രീ എങ്ങനെ ചീത്തയായി എന്നാരും എനിക്ക് പറഞ്ഞുതന്നിട്ടില്ല. രാത്രിയില്‍ മറപറ്റി വന്ന് വിയര്‍ത്തെഴുന്നേറ്റ് പോകുന്ന മാന്യന്‍മാരെ പകല്‍ വെളിച്ചത്തില്‍ പേര് ചൊല്ലി അവള്‍ ആര്‍ക്കും ചൂണ്ടിക്കൊടുത്തിട്ടില്ല. പകല്‍ ആട്ടിയോടിക്കുന്നവര്‍ രാത്രി മുട്ടിയാല്‍ പരിഭവമില്ലാതെ വാതില്‍ തുറന്ന് കൊടുക്കും. ഇടപാട് കണക്കുകള്‍ക്കായി ഒരിടത്തുമവള്‍ തര്‍ക്കിക്കുന്നതും കണ്ടിട്ടില്ല. രാത്രിയില്‍ ഉടല്‍ പൊതിഞ്ഞ് കിടക്കുന്നവരെല്ലാം പകല്‍ വെട്ടത്തില്‍ അറപ്പ് ഭാവിച്ച് നടന്നുനീങ്ങുമ്പോള്‍, പരിവഭവമേതുമില്ലാതെ സാറ തലയുയര്‍ത്തി നടന്ന് പോരും. അമ്പലപ്പറമ്പുകളിലും രാത്രി വൈകിയും പേടിയില്ലാതെ അവള്‍ക്ക് നടന്നുപോകാം. ഒരു സമരമായിരുന്നു അവള്‍ക്ക് ആ ജീവിതം. അന്നാദ്യമായി എന്റെ കണ്ണുകള്‍ നിറഞ്ഞു.

സാറ ഇപ്പോള്‍ ജീവനോടെയുണ്ടോയെന്നറിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ അവര്‍ വീടുവിറ്റിട്ട് പോയി. അവരെ അവരുടെ മകന്‍ നോക്കുന്നുണ്ടാവാം. എവിടെയാണെങ്കിലും സാറാ ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ട്. എനിക്കെന്നും പ്രിയപ്പെട്ടവളാണ് നീ. ചിരിച്ചുകൊണ്ട് ഹൃദയത്തിലേക്ക് നടന്ന് കയറിയ നിന്നെ അക്ഷരങ്ങളിലൂടെ ഞാന്‍ പൂജ ചെയ്യുന്നു. ആത്മാവ് തൊട്ട് നമസ്‌കരിക്കുന്നു. മറക്കില്ല, രാത്രിയില്‍ മാത്രം പൂത്തിറങ്ങി സുഗന്ധം പരത്തിയൊരു കാട്ടുമുല്ല പെണ്ണിനെ…

(അധ്യാപികയും അക്കൌണ്ടന്‍റുമാണ് വനജ. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതാറുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വനജ വാസുദേവ്

വനജ വാസുദേവ്

വനജ എഴുതുന്നത് ജീവിതമാണ്. അതിലുള്ളതെല്ലാം ഇതിലുമുണ്ടാകും. തന്റേത് വെട്ടിപ്പിടിച്ചെടുത്ത ജീവിതമാണെന്നു പറയുന്ന വനജയുടെ എഴുത്തുകളിൽ ആരും, ഒന്നും അന്യമല്ല. അക്കൗണ്ടന്റ്, അധ്യാപിക, വിദ്യാർത്ഥി, എഴുത്തുകാരി... അങ്ങനെ ഒരേ നിമിഷം തന്നെ പല വേഷങ്ങളാണ് ജീവിതം വനജയ്ക്ക്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍