UPDATES

സിനിമ

മായാതെ ശാരദ നിലാവ്‌

Avatar

ഉണ്ണികൃഷ്ണന്‍ വി

ആന്ധ്രയിലെ ഗുണ്ടൂര്‍ എന്ന ചെറിയൊരു ഗ്രാമത്തില്‍ നിന്നും ഇണപ്രാവുകളിലൂടെ മലയാളത്തില്‍ ചേക്കേറി ഇപ്പോള്‍ അമ്മയ്‌ക്കൊരു താരാട്ട് വരെ എത്തിനില്‍ക്കുന്ന, മലയാളികളുടെ മനസ്സു കവര്‍ന്ന ശാരദയെന്ന അഭിനയ മികവിന്  സുവര്‍ണ്ണ ജൂബിലിയുടെ മധുരം.

ഇണപ്രാവുകളില്‍ സത്യന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശാരദ തുടര്‍ന്ന് പ്രേംനസീര്‍, മധു, ഉമ്മര്‍ എന്നിങ്ങനെ നിരവധി അഭിനയ വിസ്മയങ്ങളുടെ നായികയായി. തുടര്‍ന്നു പുതുതലമുറ സിനിമയില്‍ അമ്മയായും മുത്തശിയായും മലയാള സിനിമയില്‍ തന്റെ സാന്നിധ്യം നിലനിര്‍ത്തി. തന്റെ നായികയായി വന്ന കുട്ടി സിനിമാ ചരിത്രത്തില്‍ ചരിത്രം കുറിക്കുമെന്ന സത്യന്റെ പ്രവചനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ശാരദയുടെ കരിയര്‍ മുന്നേറിയത്. 1968,1972,1977 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം, 1979ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. ഏകദേശം 138നു മുകളില്‍ മലയാളത്തില്‍ മാത്രം അവര്‍ കഥാപാത്രങ്ങളായി. മറ്റു ഭാഷാ ചിത്രങ്ങള്‍ കൂടി കണക്കാക്കുകയാണെങ്കില്‍ അത് 350 ന് മുകളില്‍ വരും. 

1965 മുതല്‍ ശാരദയെന്ന അഭിനേത്രി പിന്നിട്ട പാതയിലൂടെ ഒരു യാത്ര.

ഇണപ്രാവുകള്‍(1965)
മുട്ടത്തു വര്‍ക്കിയുടെ രചനയിലെ തീവ്രപ്രണയം കഥാതന്തുവായി അഭ്രപാളികളില്‍ എത്തിച്ച ഇണപ്രാവുകള്‍ അന്നത്തെ പ്രേക്ഷകമനസ്സില്‍ ചലനമുണ്ടാക്കിയ ചിത്രമായിരുന്നു. കാക്ക തമ്പുരാട്ടി കറുത്ത മണവാട്ടി എന്ന ഗാനം ഇപ്പോഴും പ്രായഭേദമില്ലാതെ മലയാളി ചുണ്ടുകള്‍ മൂളിക്കൊണ്ടിരിക്കുന്നു.

ത്രിവേണി(1970)
എ. വിന്‍സെന്റ്-ദേവരാജന്‍- തോപ്പില്‍ ഭാസി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം. ഈ ചിത്രത്തിലെ പാമരം പളുങ്കുകൊണ്ട് എന്ന ഗാനം വന്‍ ഹിറ്റായിരുന്നു.

ഇരുട്ടിന്റെ ആത്മാവ്(1966)
എംടി യുടെ തൂലികയില്‍ നിന്നും പിറന്ന മറ്റൊരു മനോഹരമായ ചിത്രം. മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിട്ടാണ് ഇന്നും ഈ ചിത്രം അറിയപ്പെടുന്നത്. വേലായുധനെയും അമ്മുക്കുട്ടിയേയും പ്രേം നസീറും ശാരദയും ചേര്‍ന്ന് അനശ്വരമാക്കി. ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണ് ഇരുട്ടിന്റെ ആത്മാവ്.

അഗ്നിപരീക്ഷ(1968)
രവിന്ദ്രനാഥ് ടാഗോറിന്റെ നൗകാ ദൂബി എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരം. നിരവധി ഭാഷകളില്‍ ചലച്ചിത്രമാക്കപ്പെട്ട ഈ കഥ മലയാളത്തിലും ഹിറ്റായിരുന്നു.

പരീക്ഷ(1967)
പി. ഭാസ്‌കരന്‍, എംഎസ് ബാബുരാജ്, ടിഎന്‍. ഗോപിനാഥന്‍ നായര്‍ കൂട്ടുുകെട്ടിലെ ചിത്രം. ഇതിലെ ‘അന്നുനിന്റെ നുണക്കുഴി’ ,’ഒരു പുഷ്പം മാത്രം’, ‘പ്രാണസഖി ഞാന്‍’ എന്നീ ഗാനങ്ങള്‍ ആസ്വാദക ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.

കൂട്ടുകുടുംബം(1969)
കേരള സമൂഹത്തില്‍ നില നിന്നിരുന്ന കുടുംബ വ്യവസ്ഥയെക്കുറിച്ച് ഒരു പുനര്‍ചിന്തനത്തിനു തുടക്കമിട്ട തോപ്പില്‍ ഭാസി രചിച്ച നാടകത്തിന്റെ ചലച്ചിത്ര ഭാഷ്യം. കെപിഎസി ലളിതയുടെ കന്നിചിത്രം. അന്നും ഇന്നും കാമുകന്മാര്‍ പാടിനടക്കുന്ന ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ’ എന്ന ഗാനം ഈ ചിത്രത്തിലാണ്. വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനത്തിന് ഈണം നല്‍കിയത് ദേവരാജന്‍ മാസ്റ്റര്‍.

മായ (1972)
പ്രേം നസീറിന്റെ യും ശാരദയുടെയും അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്. ദക്ഷിണാമൂര്‍ത്തിയുടെ മാധുര്യം ചാലിച്ച് കാതിനു കുളിര്‍മ പകരുന്ന ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം(1987)
ശാരദ അമ്മവേഷത്തില്‍ തിളങ്ങിയ മറ്റൊരു ചിത്രം ,ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നെടുമുടി വേണുവിന്റെയും ശാരദയുടെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോണ്‍സന്‍ സംഗീതം പകര്‍ന്ന ‘മെല്ലെ മെല്ലെ മുഖപടം’ എന്ന ഗാനം ഈ ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം ആയിരുന്നു.

രാപ്പകല്‍ (2005)
എല്ലാമുണ്ടായിട്ടും വാര്‍ദ്ധക്യത്തില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന ഒരമ്മയുടെ അനുഭവങ്ങള്‍ പ്രേക്ഷകരിലെത്തിച്ച കമല്‍ ചിത്രം. മമ്മുട്ടിയായിരുന്നു ഈ കുടുംബചിത്രത്തിലെ നായകന്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍