ദിലീഷ് ഇ കെ
ദൈവം വീതം വച്ചുകൊടുത്തതിനേക്കാള്‍ കൂടുതല്‍ ക്ലേശം മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. മനുഷ്യനും സ്ത്രീയുമായിട്ടല്ല , ഭാര്യയും ഭര്‍ത്താവുമായിട്ടാണ് അവര്‍ ജീവിക്കുന്നത്. എല്ലാ പഴുതുകളുമടച്ചുകൊണ്ട്. വഞ്ചനയുടെ ഒരു പഴുതുമാത്രം തുറന്നിട്ടു അതിലൂടെ വന്നുകേറുന്നവരും ഇറങ്ങിപ്പോകുന്നവരുമുണ്ടായി. സ്വന്തം സത്യതിനനുസരിച്ചു മാത്രംജീവിക്കാന്‍ ആര്‍ക്കും ധൈര്യം കിട്ടാതായി. (സാറാജോസഫ്-ആളോഹരി ആനന്ദം ).
മനുഷ്യന്‍ നിയമങ്ങളില്‍ ബന്ധിതനാണ്. കാലം ചെല്ലുന്തോറും അവന്റെ നിയമ സംഹിതകള്‍ വലുതാകുന്നു. നൈസര്‍ഗീകമായി തിന്മകള്‍ ചെയ്യാന്‍ വേണ്ടി മാത്രം ഭൂമിയില്‍ അവതരിച്ച ഒരേയൊരു ജീവവര്‍ഗം മനുഷ്യന്‍ മാത്രം. ഇന്നലെയുണ്ടായ കുറ്റകൃത്യങ്ങളല്ല ഇന്നുണ്ടാകുന്നത്. അതില്‍നിന്നും ‘സംരക്ഷിക്കുവാന്‍’ പുതിയ പുതിയ നിയമങ്ങള്‍ എഴുതപ്പെടുന്നു. പുതുതായുണ്ടാകുന്നവ കൂടുതല്‍ കൂടുതല്‍ മനുഷ്യന്റെ സ്വാതന്ത്ര്യം അപഹരിക്കുകയും വീണ്ടും വീണ്ടും ചങ്ങലകളില്‍ കുരുക്കുകയുംചെയ്യുന്നു. നിയമത്തിന്‍റെ ചങ്ങലകള്‍, ബന്ധങ്ങളുടെ ചങ്ങലകള്‍, പുണ്യ പാപങ്ങളുടെ, പൊതു നീതിബോധത്തിന്റെ, അങ്ങനെയങ്ങനെ അനേകമനേകം ചങ്ങലകളില്‍ കുരുങ്ങിയും സ്വയം കുരുക്കിയും മുന്നേറുന്ന മനുഷ്യനെയാണ് നമ്മള്‍ പരിഷ്കൃതര്‍ എന്ന് വിളിക്കുന്നത്. ചങ്ങലകളില്‍ ബന്ധിക്കപ്പെടാതെയിരിക്കാന്‍ ശ്രമിക്കുന്നവന്‍ അരാജകവാദിയാണ്. അവനെ ക്രൂശിക്കുക, അവന്റെ കണ്ണില്‍പ്പെടാതെ കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തുക. അവനവരെ നശിപ്പിക്കും. അനുസരണയുടെയും അടിമത്തത്തിന്റെയും പാഠങ്ങള്‍ക്കു പകരം എതിര്‍പ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശബ്ദങ്ങള്‍ അവനവര്‍ക്ക് പറഞ്ഞു കൊടുത്തേക്കും. അവനെ എല്ലാക്കാലത്തും കല്ലെറിഞ്ഞിട്ടുണ്ട്, അവനാണ് ശരിയെന്നറിയുമായിരുന്നാലും പിലാത്തോസുമാര്‍ കൈകഴുകിയിട്ടുണ്ട്. താങ്ങാന്‍ കഴിയാത്തവണ്ണം ഭാരമേറിയ കുരിശും പേറി വഴിനീളെ ഇടറിവീഴാന്‍ ജനക്കൂട്ടങ്ങള്‍ അവനെ വിധിച്ചിട്ടുമുണ്ട്.
ജീവിതയാത്രയില്‍ എല്ലാവരുടെ മുന്‍പിലും ചില സമയങ്ങള്‍ കടന്നുവരും. അന്നുവരെ പിന്തുടര്‍ന്നുപോന്ന, നിയമങ്ങളുടെ പരിധിയില്‍പ്പെടാത്ത, അവയുടെ നിര്‍വചനങ്ങളില്‍ അനീതിയെന്നും വിലക്കപ്പെട്ടതെന്നും രേഖപ്പെടുത്തിയിട്ടുള്ള ചില ശരികള്‍ അവന്‍ കാണും. പൊതുനീതിബോധം ആ ശരികളെ അംഗീകരിച്ചുകൊടുക്കില്ല. എന്നല്ല അത്തരം ശരികളോട് എന്നെന്നും കലഹിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്തുകളയും. നിങ്ങളുടെ മുന്‍പിലിപ്പോള്‍ രണ്ടേരണ്ടു വഴികളാണ് ഉള്ളത്. ഒന്ന് നിരുപാധികമായ കീഴടങ്ങലിന്റെതാണ്. ഉള്ളില്‍ ശരിയാണെന്ന് പൂര്‍ണ്ണമായും ബോധ്യമുള്ള ഒരു കാര്യത്തെ സമൂഹത്തിന്റെ, നിങ്ങള്‍ക്കു ചുറ്റിലുമുള്ള ബന്ധങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വേണ്ടി തള്ളിപ്പറയണം. കോഴികൂവുന്നതിനും മുന്‍പുതന്നെ പീറ്റര്‍ അവന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞതുപോലെ, നിങ്ങള്‍ക്കും സത്യത്തെ തള്ളിപ്പറയാം. മൌനമായിരിക്കാം. ഭൌതീകമായ യാതൊരു നഷ്ടവും നിങ്ങള്‍ക്കിതില്‍ നിന്നും ഉണ്ടാകാനില്ല. ലാഭങ്ങള്‍ ഉണ്ടാകുകയും ചെയ്യും. വ്യവസ്ഥിതിയെ നിലനിര്‍ത്താന്‍ വണ്ടി ത്യാഗം ചെയ്ത മനുഷ്യനായി കുറച്ചുകാലത്തേക്കെങ്കിലുംനിങ്ങളറിയപ്പെടും. അല്ലെങ്കില്‍ നിങ്ങളുടെ ചുറ്റിലുമുള്ള സമൂഹത്തെ (തീര്‍ച്ചയായും വളരെ ചെറിയ ഒരുകൂട്ടം ആള്‍ക്കാരുടെ ) നിങ്ങള്‍ ശല്യംചെയ്യുന്നില്ല. അതാണു കാര്യം. നിങ്ങള്‍ വാഴ്ത്തപ്പെട്ടവനാണ്, അച്ചടക്കമുള്ളവനാണ്, ദൈവഭയവും മറ്റെല്ലാതരം ഭയവുമുള്ള മനുഷ്യനാണ്. സമൂഹത്തെ ഉപദ്രവിക്കാതിരിക്കുന്നിടത്തോളം കാലം നിങ്ങളങ്ങനെതന്നെയായി തുടരുകയും ചെയ്യും.
രണ്ടാമത്തെ മാര്‍ഗം ശരിയുടേതാണ്, നീതിയുടെതാണ്. എഴുതപ്പെട്ട നീതിബോധമല്ല, അതാത്മാവില്‍ നിന്നും വിളിച്ചുപറയപ്പെട്ട സത്യതിന്റെതാണ്. ഇതാ ഞാന്‍ ചിന്തിക്കുന്നതാണ് സത്യം എന്ന് നിങ്ങള്‍ ലോകത്തോട് വിളിച്ചുപറയുക. അരാജകവാദിയോ ഭ്രാന്തനോ വെളിവില്ലാത്തവനോ ആയി മുദ്രകുത്തപ്പെടുവാന്‍ തയ്യാറാകുക. നിങ്ങളുടെ ഹൃദയം പറയുന്നതിനെ നിങ്ങളനുസരിക്കുന്നു. അതത്രത്തോളം ശരിയാണ്. നിയമങ്ങളില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രമായ ഹൃദയം എങ്ങനെയായിരിക്കും? അത് നിങ്ങള്‍ക്കുവേണ്ടി മിടിക്കുകയും മറ്റുള്ളവര്‍ക്കുവേണ്ടി ചിന്തിക്കുകയും ചെയ്യും. പൊതുനീതിയല്ല ഹൃദയത്തിന്റെ മാനദണ്ഡം. എഴുതപ്പെട്ട ഭാരിച്ച നിയമങ്ങളുമല്ല. ഹൃദയത്തിന്റെ ലക്ഷ്യവും എകകവും ആനന്ദമാണ്. അതിലേക്കുള്ള യാത്രയാണ് ഓരോന്നിന്റെതും… ആനന്ദം നേടാനുള്ള അന്വേഷണം, നിരന്തരമായ അന്വേഷണം, അതുമാത്രമാണ് ഹൃദയത്തിനാവശ്യം. അതാകട്ടെ പൊതുനീതിബോധത്തോട് യാതോരുതരത്തിലുള്ള കൂറും പുലര്‍ത്തുന്നുമില്ല. സ്വാഭാവികമായും ഒന്നുകില്‍ പൊതുനീതിബോധത്തോട് കലഹിച്ചുകൊണ്ട് ഹൃദയത്തെ സന്തോഷിപ്പികുക. അല്ലെങ്കില്‍ ആനന്ദിക്കാനും സന്തോഷിക്കാനുമുള്ള അതിന്റെ അഭിലാഷത്തെ ഇറുത്തുകളയുക എന്നീ രണ്ടു വഴികളിലേക്ക് എല്ലാ മനുഷ്യനെയും കാലംകൊണ്ടുചെന്നെത്തിക്കുന്നു.
‘ആളോഹരി ആനന്ദം’ ചര്‍ച്ചചെയ്യുന്നത് ഈ രണ്ടു വഴികളെക്കുറിച്ചാണ്. അവ മനുഷ്യനെക്കൊണ്ടുചെന്നെത്തിക്കുന്ന വൈതരണികളെയും ലാഭ-നഷ്ടങ്ങളെയും പറ്റിയാണ്. ഹൃദയത്തെ അതിന്റെ ആനന്ദത്തിന്റെ വഴികളിലേക്ക് തുറന്നുവിടാന്‍ കഴിയാതെ വരുന്ന മനുഷ്യരുടെ കഥയാണ്. പൊതുനീതിബോധം മനുഷ്യരെ വെട്ടിയൊതുക്കി വികലമാക്കുന്നതും അതിനു കൂട്ടാക്കാത്തവരെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യുന്നതുമെങ്ങനെയെന്ന്‍ സാറാ ജോസഫ് വരച്ചുകാട്ടുന്നു.
ഒരുകൂട്ടം ആള്‍ക്കാര്‍ ശരികളെ എഴുതിവച്ചിരിക്കുകയാണ്. ഒരു മനുഷ്യായുസില്‍ ചെയ്യാന്‍ പാടുളളതും പാടില്ലാത്തതുമായ കാര്യങ്ങള്‍ അവരങ്ങ് തീരുമാനിക്കുന്നു. ബാക്കിയുള്ള മനുഷ്യര്‍ സര്‍വാത്മനാ അവയെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. തെറ്റുകള്‍ ചെയ്യുന്നവരെയല്ല എഴുതി വച്ചിരിക്കുന്ന ശരികള്‍ നിഷേധിക്കുന്നവരെയാണ്/ചോദ്യം ചെയ്യുന്നവരെയാണ് സമൂഹം കൂടുതല്‍ ശിക്ഷിക്കുന്നത്. എഴുതപ്പെട്ട തെറ്റുകളും എഴുതപ്പെട്ട ശരികളും നിങ്ങള്‍ ചെയ്തോളൂ എന്നാല്‍എഴുതപ്പെടാത്ത ശരികള്‍ ഒരു കാരണവശാലും ചെയ്യരുത്!
വിവാഹം അനേകം നിയമങ്ങളനുസരിച്ചും അനേകമനേകം ദൈവങ്ങളെ പ്രീതിപ്പെടുത്തിയും സമൂഹം നടപ്പാക്കുന്നു. ആദ്യം പറഞ്ഞതുപോലെ സ്ത്രീയും പുരുഷനും തമ്മിലല്ല, ഭാര്യയും ഭര്‍ത്താവും തമ്മിലാണ് കരാര്‍. സമൂഹം അവരെ തിരഞ്ഞെടുക്കുന്നു. ഇതാ നിങ്ങള്‍ പരസ്പരം ഒന്നു ചേര്‍ന്നുകൊള്ളുക, കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും വംശവര്‍ധനവിനു കാരണമാവുകയും ചെയ്യുക. നിങ്ങളുടെ പ്രീയപ്പെട്ടവര്‍ക്ക് സന്തോഷം നല്‍കുക. അതിലൂടെ നിങ്ങള്‍ക്കെന്താണ് ലഭിക്കുന്നത്? നിങ്ങള്‍ക്കൊരു ചുക്കും ലഭിക്കുന്നില്ല. സമൂഹം നിങ്ങളെ ഉപദ്രവിക്കുന്നില്ല (ചുരുങ്ങിയ കാലത്തേക്കെങ്കിലും ). ആ സ്ത്രീയും പുരുഷനും എങ്ങനെ ജീവിക്കുന്നു? അവര്‍ തമ്മില്‍ തമ്മില്‍ പ്രണയിച്ചോ? മതം പറയുന്നതുപോലെ ആത്മാവുകൊണ്ടും ശരീരംകൊണ്ടും ഒന്നായിത്തീര്‍ന്നോ ? അവരില്‍ ആരാരെ അടിമപ്പെടുത്തി? ആരുടെ സ്വപ്നങ്ങള്‍ തച്ചുടയ്ക്കപ്പെട്ടു ? ആരുടെഹൃദയങ്ങള്‍ വിങ്ങിപ്പൊട്ടി ? അതൊന്നും അന്വേഷിച്ചു പോകുക എന്നത് സമൂഹത്തിന്റെ പണിയല്ല.
സമൂഹം ഒരു തെറ്റ് ചെയ്യുന്നു. പരസ്പരം ആത്മാവിനാല്‍ ബന്ധിതരല്ലാത്ത രണ്ടുപേരെ പരസ്പരം ഒരുമിച്ചുകഴിയാന്‍ വിധിക്കുന്നു. അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നു. ബാധ്യതകള്‍ വരുന്നു. അവരെ സ്കൂളില്‍ ചേര്‍ക്കണം, വീടുവയ്ക്കണം, കാറ് വാങ്ങിക്കണം…. ഉയരണം.. അവര്‍പരസ്പരം പ്രണയിക്കാനുള്ള സാധ്യത എത്രയാണ്..? പൂജ്യം എന്ന് പറയാന്‍ കഴിയില്ല. എങ്കിലും പൂജ്യത്തിനോട് വളരെയധികം അരികില്‍ നില്‍ക്കുന്ന ഒരു സംഖ്യയായിരിക്കുമത്. ദൈവം അന്വേഷിച്ചു കണ്ടെത്താന്‍ പറഞ്ഞിടത്ത് മനുഷ്യന്റെ അന്വേഷിക്കാതെയുള്ള കണ്ടെത്തലുകള്‍, വികലമായ തീരുമാനങ്ങള്‍. എന്നാല്‍ തെറ്റായിട്ടുള്ള തീരുമാനങ്ങള്‍ അന്തസ്സോടെ തിരുത്തപ്പെടുന്നുണ്ടോ..? ഇല്ല. തിരുത്തുവാന്‍ വൈകുന്തോറും കൂടുതല്‍ കൂടുതല്‍ മുറുകുന്ന ഊരാക്കുടുക്കായി അത് പരിവര്‍ത്തനം ചെയ്യുന്നു. ചേരാന്‍ പാടില്ലാത്തവ കൂടിച്ചേരുമ്പോഴുണ്ടാകുന്ന അപസ്വരങ്ങള്‍ അവരുടെ കുട്ടികളെ മുറിപ്പെടുത്തുന്നു. അവരെ ഈ നിലയിലെത്തിച്ച സമൂഹത്തിനും പൊതുനീതിബോധത്തിനും അവരോടെന്താണ് പറയുവാനുള്ളത്..? ആരുടെയൊക്കെയോ അഭിമാനങ്ങള്‍ സംരക്ഷിക്കപ്പെടാനും ഏതൊക്കെയോ കണക്കുകള്‍ ശരിയാക്കിക്കിട്ടുവാനും വേണ്ടി നിങ്ങളവരെ വിവാഹം കഴിപ്പിച്ചു..അപ്പോഴും സമൂഹത്തിന്റെ നോട്ടത്തില്‍പരസ്പര പ്രണയമില്ലാത്ത, ആത്മാവിനെ തൊട്ടറിയാത്ത രണ്ടുപേര്‍ ‘മാതൃകാ ദമ്പതികളായി’ തുടരുകയും ചെയ്യും.
ആനന്ദത്തിലേക്കുള്ള എല്ലാ വഴികളും കൊട്ടിയടയ്ക്കപ്പെട്ട ഹൃദയം എന്തുചെയ്യുന്നു..? സമൂഹത്തിന്റെ എല്ലാ വിഴുപ്പുകളും നിയമങ്ങളും അനുസരിക്കുമ്പോഴും സമൂഹത്തിന്റെതന്നെ ചൊല്‍പ്പടിയില്‍ ജീവിക്കുമ്പോഴും ആനന്ദത്തിന്റെ ഒരു കുഞ്ഞു കഷണമെങ്കിലും അതിനുംഅവകാശപ്പെട്ടതാകുന്നു. ഈ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളില്‍ നിന്നെല്ലാം കൂടി അതാകെപ്പാടെ ആവശ്യപ്പെടുന്നത് അതിന്റെ ആളോഹരി വിഹിതമായ ഒരല്‍പം ആനന്ദമാണ്. അതെന്തുകൊണ്ട് നല്‍കപ്പെടുന്നില്ല? ഹൃദയങ്ങള്‍ വിങ്ങിക്കരയുന്നതെന്തിനാണ്..? ഈ ചോദ്യങ്ങളുടെ ഉത്തരം സാറാ ജോസഫിന്റെ അതിമനോഹരമായ ഭാഷയിലൂടെ നമുക്കീ പുസ്തകത്തില്‍ കാണാം.
സാറ ടീച്ചറുടെ ഭാഷാശൈലി ‘ആലാഹയുടെ പെണ്മക്കള്‍’ ,’മാറ്റാത്തി’ എന്നിവയിലൊക്കെ കണ്ടത്ഭുതപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെക്കുറിച്ച് ടീച്ചര്‍ എഴുതാന്‍ തുടങ്ങിയാല്‍ അമ്മിഞ്ഞപ്പാലിന്റെയും അമ്മയുടെയും മണം എവിടെനിന്നോ വരാന്‍ തുടങ്ങും. പതിയെപ്പതിയെ ഞാനുമൊരു കുട്ടിയാകും… ‘ആലാഹയുടെ പെണ്മക്കള്‍’ ആനിയുടെ വീക്ഷണകോണില്‍ എഴുതപ്പെട്ട പുസ്തകമാണ്. ഇത്തിരിപ്പോന്ന കൊച്ചുപെങ്കുട്ടിയുടെ കാഴ്ചകള്‍, വേവലാതികള്‍, കൌതുകങ്ങള്‍ ഇവയിലൂടെ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ചിത്രം സാറ ടീച്ചര്‍ വരച്ചിടുന്നു. അതില്‍ രാഷ്ട്രീയമുണ്ട്, ദാരിദ്ര്യമുണ്ട്, മരണവും ജീവിതവുമുണ്ട്. ‘മാറ്റാത്തി’യിലും സ്ഥിതി മറ്റൊന്നല്ല. ആനിയുടെ വളര്‍ച്ചയാണോ. ലൂസിയില്‍ കൊണ്ടെത്തിച്ചത് എന്നു തോന്നുംവിധം അസാധാരണമായൊരു താദാത്മ്യം വായനക്കാരന് അനുഭവപ്പെടുന്നു. വ്യവസ്ഥിതികളോടുള്ള നിശബ്ദമായ(?) ചില കലഹങ്ങള്‍ നമുക്കീ രണ്ടു പുസ്തകങ്ങളിലും കാണാം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി കഥാകാരിയുടെതന്നെ വീക്ഷണകോണില്‍ മുന്നോട്ടുപോകുന്ന ‘ആളോഹരി ആനന്ദത്തിനു’ ചില തീഷ്ണതയുള്ള സത്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാനുണ്ട്. ഉറച്ചശബ്ദത്തില്‍ തന്നെ പതറാതെ പറയേണ്ടുന്നവ.
ഏറ്റവും നിഷ്കളങ്കമായ ഭാഷയേതാണ്? പ്രണയത്തിന്റെ- അല്ലാതേതാണ്? ആ ഭാഷയിലാണ്; പവിത്രവും സത്യസന്ധവുമായ അതേ ഭാഷയിലാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ പൊതുനീതിബോധത്തോട് ഏറ്റവും കൂടുതല്‍ കലഹിച്ചിട്ടുള്ളത് പ്രണയം മാത്രമാണെന്ന് കാണാം. രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ യഥാര്‍ത്ഥമായിത്തന്നെ ലോകം ഇല്ലാതാകുന്നു. എന്നുവച്ചാല്‍ ലോകം നിര്‍മ്മിച്ചുവച്ച നിയമങ്ങള്‍ ഇല്ലാതാകുന്നു. ലോകത്തിനു ദേഷ്യം വരും, പ്രണയിക്കുന്നവരെ തമ്മില്‍ പിരിച്ചുകളയും. ലോകം അവരുടെ പ്രണയ ലേഖനങ്ങള്‍ കീറി കാറ്റില്‍പ്പറത്തിക്കളയും. തമ്മില്‍തമ്മില്‍ കാണാന്‍കഴിയാത്തവണ്ണം ദൂരംകൊണ്ടും സമയംകൊണ്ടും അവരെ അകറ്റും. ലോകം ആശ്വസിക്കും. അനന്തരം ലോകമവരെ ലോകത്തിന്റെതന്നെ ഏതെങ്കിലും രണ്ടുകോണില്‍ അപരിചിതരായ മറ്റു രണ്ടുപേരോടൊപ്പം വ്യത്യസ്തമായ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ ശിക്ഷിക്കും. ലോകം വീണ്ടുമാശ്വസിക്കും, എന്നേക്കുമായി ഒരു പ്രണയത്തെ കുഴിച്ചുമൂടിയതില്‍ ആഹ്ലാദിക്കും. ലോകം മനുഷ്യരുടെ ഹൃദയത്തിലേക്ക് നോക്കാറില്ല. നശിപ്പിച്ചു കളഞ്ഞ പ്രണയത്തിന്റെ നുറുങ്ങു കഷണങ്ങള്‍ അതിന്റെ അറകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ലോകം കാണില്ല. രണ്ട് ജീവനുകള്‍ പ്രണയിച്ചതിനു നാല് ജീവിതങ്ങളെ ശിക്ഷിക്കുന്ന വിചിത്രമായ ലോകം. ഈ നോവല്‍ ആ ലോകത്തോടുള്ള പ്രതികാരമാണ്. ലോകത്തിന്റെ ശരികളോടുള്ള പരിഹാസമാണ്.
നമ്മുടെയാളുകള്‍ക്ക് ഇതൊന്നുംതന്നെ കേള്‍ക്കെണ്ട ആവശ്യമില്ല. പ്രണയമോ..? പിള്ളേരുടെ ഓരോരോ ചാപല്യങ്ങള്‍… ഇതില്‍കൂടുതല്‍ പ്രണയത്തെ നിര്‍വചിക്കാന്‍ അവര്‍ക്കറിയില്ല. അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ആവരുടെയാ ചാപല്യത്തിന്റെ പ്രായത്തില്‍ ആരോടെങ്കിലും ശാരീരികമായ ചില ആവശ്യങ്ങള്‍ക്കുവേണ്ടി തോന്നപ്പെട്ട വികാരത്തെ അവര്‍ പ്രണയമെന്നു വിളിച്ചിരിക്കാം. ആളുകള്‍ പ്രണയിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ അവര്‍ പരസ്പരം സെക്സിലേര്‍പ്പെടാന്‍ തുനിയുന്നു എന്നാണ് ഇക്കൂട്ടര്‍ മനസിലാക്കുക. പ്രണയത്തെത്തന്നെ ഇതത്രയും വികലമായി ചിന്തിച്ചുവച്ചിട്ടുള്ളവര്‍ വിവാഹത്തെ എങ്ങനെയാവും കാണുക? സാമ്പത്തികവും സാമൂഹികവുമായ മെച്ചവും പിന്നെ ‘ആ’സുഖവും ലഭിക്കാന്‍ വേണ്ടിയാണ് ഇവര്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്നത്. ദാമ്പത്യ ജീവിതമെന്നത് സ്ത്രീയെ ബലാല്‍സംഗം ചെയ്യുവാനുള്ള അധികാരത്തിന്റെ മറ്റൊരു പേരാണ് എന്നുധരിച്ചുവച്ചിരിക്കുന്ന മലയാളി പുരുഷന്‍മാരുടെ ഇടയിലേക്കാണ് സാറ ടീച്ചര്‍ ഈ പുസ്തകം തുറന്നു വയ്ക്കുന്നത്.
(സതേണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)