UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശരത് ചന്ദ്ര മറാഠെയെ ആരെങ്കിലുമോര്‍ക്കാറുണ്ടോ?

Avatar

 കെ.പി.എസ്.കല്ലേരി

കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിക്കരികിലൂടെ നീണ്ടു പുളഞ്ഞ് പോകുന്നൊരു റോഡുണ്ട്. ഇതിനു മുന്‍പ് പലതവണ അതുവഴി ഒരു വീട് തേടിപ്പോയിട്ടുണ്ട്.  മഹാനായ ഒരു സംഗീതജ്ഞനെ കാണാന്‍. ശരത് ചന്ദ്ര ആര്‍. മറാഠെ. മഹാരാഷ്ട്രയിലെ സിദ്ധേശ്വര്‍ എന്ന ഗ്രാമത്തില്‍ നിന്നും മലയാളിക്ക് ഹിന്ദുസ്ഥാനി സംഗീതം പകര്‍ന്നു തരാന്‍വേണ്ടിമാത്രം ജന്മമെടുത്ത മഹാപ്രതിഭ. സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ ഹൗസിംഗ് ബോര്‍ഡിന്റെ ആ കുഞ്ഞു വീട്ടില്‍ അവസാനമായി അദ്ദേഹത്തെ കാണാന്‍ പോയത് ഒരുവര്‍ഷം മുമ്പാണ്. കൃത്യമായിപ്പറഞ്ഞാല്‍ 2013 ആഗസ്റ്റ് ഏഴിന്. അവഗണനയുടെ കയ്പുനീര്‍ ആവോളം കുടിച്ച് മറാഠെ കൂടൊഴിഞ്ഞത് അന്നായിരുന്നു. ഈ യാത്രയോ…ഒരു വിനായക ചതുര്‍ഥിനാളില്‍ മറാഠെയുടെ ജീവിതത്തിലേക്ക് നടന്നുകയറുകയും ഒടുക്കം  മറാഠെ തനിച്ച് പടിയിറങ്ങിയപ്പോള്‍ ഒറ്റയ്ക്കായിപ്പോവുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രിയ പത്‌നി മനീഷ മറാഠെയെ കാണാന്‍.

യാത്രയിലങ്ങോളം ആലോചിച്ചത് മഹാനായ സംഗീതജ്ഞനായിട്ടുപോലും അര്‍ഹിക്കുന്ന ഒരാദരവും നല്‍കാതെ മറാഠെയെ പറഞ്ഞയച്ച നമ്മുടെ സാസ്‌കാരിക പ്രബുദ്ധതയെക്കുറിച്ചാണ്. അല്ലെങ്കിലും ജീവിച്ചിരിക്കുന്ന കാലത്ത് ആരെയാ ഈ നാട് ആദരിച്ചത്. പ്രത്യേകിച്ച് കോഴിക്കോട്..? കൊണ്ടുനടന്ന് പാട്ടുപാടിപ്പിക്കുകയും നാടകം എഴുതിപ്പിക്കുകയും നാടകം കളിപ്പിക്കുകയും കള്ളുകുടിപ്പിക്കുകയും ചെയ്യുകയല്ലാതെ ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഈ നാട് എന്തെങ്കിലും ചെയ്തത്. ജനിക്കുമ്പോള്‍ സമ്പത്തുമായി വന്നവരേയും വന്‍മരങ്ങളേയുമൊഴിച്ച് ആശുപത്രിക്കിടക്കയില്‍പ്പോലും ആരെയെങ്കിലും ഇവിടുത്തെ സാംസ്‌കാരിക ബുദ്ധിജീവി സമൂഹവും കലാഹൃദയരും അധികാരി വര്‍ഗവും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ.

26 വര്‍ഷം മുമ്പുള്ള ഒരു മേയ് 31ന് കോഴിക്കോട്ടെ പണി തീരാത്ത  കെട്ടിടത്തിനുമുകളില്‍ നിന്ന് ഒരു പക്ഷി കണക്കെ ജോണ്‍ എബ്രഹാം പിടഞ്ഞു വീണ് മരിക്കുമ്പോള്‍ കൂടെ ആരുണ്ടായിരുന്നു? മോര്‍ച്ചറിയില്‍ ഒരു രാത്രി മുഴുവന്‍ മരവിച്ചുകിടന്ന ശേഷമല്ലേ അത് ജോണായിരുന്നെന്ന് ലോകം തിരിച്ചറിഞ്ഞത്. എന്തിനേറെപ്പറയുന്നു മലയാളികള്‍ ഉള്ളിടത്തെല്ലാം ഒരു നേരമെങ്കിലും ആളുകള്‍ മൂളിപ്പോകാറുള്ള പാട്ടിന്റെ ഉടമ ബാബുരാജ് തൊണ്ടകീറി പാട്ടുപാടി ഇവിടുത്തെ തെരുവിലല്ലേ മരിച്ചത്. നാടകാചാര്യന്‍ കെ.ടിയുടേയും താജിന്റേയും ശാന്താദേവിയുടേയും ആഹ്വാന്‍ സെബാസ്റ്റ്യന്റേയും വാസുപ്രദീപിന്റേയും സ്ഥിതി വ്യത്യസ്തമായിരുന്നോ.  ആ പരമ്പരയില്‍ ചേക്കേറാനായിരുന്നു ശരത് ചന്ദ്ര മറാഠെയുടേയും യോഗം.  ആരോഗ്യമുണ്ടായ കാലത്ത് കൊണ്ടുനടക്കാനും പാട്ടുപാടിക്കാനും പൊന്നാട അണിയിക്കാനും ആനുകൂല്യങ്ങള്‍ പറ്റാനുമെല്ലാം വലിയൊരു കൂട്ടം പിന്നാലെയുണ്ടായിരുന്നു. കിടപ്പിലായപ്പോള്‍ ഭാര്യ മനീഷ, ഗസല്‍ ഗായകന്‍ അനില്‍ദാസിനേയും കുമാരേട്ടനേയും വാമനനേയും പോലുള്ള ചുരുക്കം ചില ശിഷ്യന്‍മാര്‍, പിന്നെ ചില അയല്‍വാസികളും മാത്രം.

കേരളത്തിലേക്ക് ഹിന്ദുസ്ഥാനി സംഗീതത്തെ വരദാനമായി കൊണ്ടുവന്ന മറാഠെ ജീവിതത്തിന്റെ അവസാന വഴിയില്‍ ഇടറിവീഴുന്നതിന് ഞാനും സാക്ഷിയായിരുന്നു. മരിക്കുന്നതിന് ഒരുമാസം മുമ്പ് അവിടെ ചെന്നപ്പോള്‍ മനീഷ മറാഠെ രോഷത്തോടെയാണ് പ്രതികരിച്ചത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

കോഴിക്കോട്ടുകാരുടെ മുഹമ്മദ് റഫി; അഹമ്മദ്ബായിയുടെയും
ലഹരിവഴികളില്‍ അയാള്‍ മഴ കൊള്ളുകയാണ്
സിനിമാക്കാരെ, നിങ്ങള്‍ക്ക് ബാബുക്കയുടെ വെളിച്ചംകാണാത്ത പാട്ടുകള്‍ വേണോ?
പാടാതെ പറ്റില്ല ഈ കോഴിക്കോടിന്‍റെ പാട്ടുകാരിക്ക്
ചിത്രം വരയ്ക്കാന്‍ 25000 രൂപ ബാങ്ക് ലോണെടുത്ത ശാന്തേടത്തി

‘ലോകത്തൊരു കലാകാരനും ഇനിയീഗതി വരരുത്….എന്തൊരു ജന്മമാ ഞങ്ങളുടേത്. ഇവിടെ കിടന്ന് മരിച്ചാല്‍ പോലും പുറത്താരും അറിയില്ല. അല്ലെങ്കില്‍ എന്തിന് ഞങ്ങളുടെ കാര്യം പറയുന്നു. ഏതു കലാകരനെയാ ജീവിച്ചിരിക്കുമ്പോള്‍ ഈ നാട് ആദരിച്ചത്. ആ ബാബുരാജൊക്കെ എങ്ങനെയാ മരിച്ചത്. ഇപ്പോള്‍ വര്‍ഷാ വര്‍ഷം അനുസ്മരണങ്ങളും സ്മാരക അവാര്‍ഡുകളും ഗാനസന്ധ്യകളും ഒരുക്കുന്നവര്‍ ആ മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞുനോക്കിയോ..മിക്കപ്പഴും കടത്തിണ്ണകളും ബസ് സ്റ്റാന്‍ഡുകളുമൊക്കെയായിരുന്നില്ലേ ആശ്രയം. മരിച്ചപ്പോള്‍ ചെയ്തതിന്റെ നൂറിലൊന്നെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്തിരുന്നെങ്കിലോ…’

മരണ ദിവസം പുലര്‍ച്ചെ അനില്‍ ദാസാണ് ആദ്യം വിളിച്ചത്. ‘മറാഠെ മാഷുടെ സ്ഥിതി അങ്ങേയറ്റം മോശമാണ്. ഒന്നിടപെടണം. ഞങ്ങളെപ്പോലുള്ളവര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലല്ലോ…’ പറ്റാവുന്ന വേഗത്തില്‍ പുതിയറയിലെ രാംനാഥ് നഴ്‌സിങ് ഹോമിലെത്തി. പറഞ്ഞതുപോലെത്തന്നെയാണ് കാര്യങ്ങള്‍. കണ്ണടഞ്ഞുകിടക്കുന്നു. സാസാരം പോയിട്ട് ചുണ്ടുപോലും അനക്കുന്നില്ല. മനീഷാത്ത കണ്ടപ്പോള്‍ കരയാന്‍ തുടങ്ങി. ‘എവിടെയെങ്കിലും കൊണ്ടുപോകണം…അവരുടെ ചുണ്ടുകള്‍ വിതുമ്പി.

പ്രദീപ് കുമാര്‍ എംഎല്‍എയെ ആണ് ആദ്യം വിളിച്ചത്. മറ്റു പലരേയും വിളിച്ചാല്‍ ഹിന്ദുസ്ഥാനി സംഗീതം, മറാഠെ, പ്രശസ്തനാണ് തുടങ്ങി പലതും നിരത്തണം. എല്‍ഡിഎഫ് ജാഥയിലേക്കുള്ള യാത്രയിലേക്കായിട്ടും പ്രദീപേട്ടന്‍ വേഗത്തില്‍ ഇടപെട്ടു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ചു. പെട്ടെന്നുതന്നെ അങ്ങോട്ട് കൊണ്ടുപോകാന്‍ പറഞ്ഞു. അതിനിടെ മറാഠെയെ മെഡിക്കല്‍ കോളജിനടുത്തുള്ള ഹൗസിംഗ് ബോര്‍ഡിന്റെ വീട്ടിലേക്ക് മാറ്റിയത് അന്നത്തെ ജില്ലാ കലക്ടര്‍ പി.ബി.സലീമായതിനാല്‍ പുതിയ കലക്ടറെ വിളിച്ച് കാര്യം പറയാമെന്നു കരുതി. കളക്ടറെ വിളിച്ചപ്പോള്‍ ഫോണെടുത്തത് പിഎ ആണെന്ന് തോന്നുന്നു. കാര്യം പറഞ്ഞപ്പോള്‍ ഫോണുമായി പിഎ കളക്ടറുടെ റൂമിലേക്ക് കുതിച്ചു. ഫോണിന്റെ ഇങ്ങേതലയ്ക്കല്‍ കളക്ടറുടെ മറുപടി കേട്ടു. മീറ്റിംഗിലാണ്. അതു കഴിഞ്ഞ് വിളിക്കാമെന്ന് പറയൂ. പിഎ അത് അതേ പോല പങ്കുവെച്ചപ്പോള്‍ കുഴപ്പമില്ല, മീറ്റിംഗ് കഴിയും വരെ അദ്ദേഹത്തോട് ജീവിച്ചിരിക്കാന്‍ പറയാമെന്ന് കൂട്ടിച്ചേര്‍ത്താണ് ഫോണ്‍ വെച്ചത്. 

പതിനഞ്ചു ദിവസത്തോളം രാംനാഥ് നഴ്‌സിംങ് ഹോമില്‍ മറാഠെ കിടന്നു.  മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ട് നാടിന്‍റെ പലഭാഗങ്ങളില്‍ നിന്നും സഹായങ്ങളും ഫോണ്‍ വിളികളുമുണ്ടായി. പക്ഷെ കേഴിക്കോട്ടെ പൗരപ്രമുഖരോ സാംസ്‌കാരിക ബുദ്ധിജീവികളോ ഉദ്യോഗസ്ഥരോ ആരും തന്നെ എത്തിയില്ലെന്ന് മെഡിക്കല്‍ കോളെജിലേക്ക് മുറ്റുന്ന തിരക്കിനിടെ ശിഷ്യന്‍ കുമാരേട്ടന്‍ പറഞ്ഞു. മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമ്പോള്‍ മറ്റൊരു കടമ്പ കൂടി വന്നു.അത്രയും ദിവസം അവിടെ ചികിത്സിച്ചതിന്റെ ബില്ല് 16,000 കൊടുക്കണം. പെട്ടെന്നു തന്നെ പിരിവെടുക്കല്‍ നടന്നു. പിന്നെ മനീഷാത്തയുടെ സാരിത്തലപ്പില്‍ നിന്നും ആരൊക്കെയോ കൊടുത്ത കുറച്ച് നോട്ടുകളുടേയും കെട്ടഴിഞ്ഞു. ഏതാണ്ടൊക്കെ തികയുകയും ബാക്കി കടം പറഞ്ഞുമാണ് നിശ്ചലനായിക്കിടക്കുന്ന ആ സംഗീതജ്ഞനെയും കൊണ്ട് മെഡിക്കല്‍ കോളെജിലേക്ക് പോയത്. എംഎല്‍എ വിളിച്ചു പറഞ്ഞതിനാല്‍ അവിടെ കാര്യങ്ങളെല്ലാം പെട്ടെന്നു നടന്നു. ഓക്‌സിജന്‍ കൊടുത്ത് ശ്വാസം നിലനിര്‍ത്തുകയും ആവശ്യമായ പരിശോധനകളെല്ലാം നടക്കുകയും ചെയ്യുന്നു….വല്ലതും സംഭവിച്ചാല്‍ സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമെന്ന് പറഞ്ഞ് മന്ത്രിമാരും ജനപ്രതിനിധികളും  ബുദ്ധിജീവി സമൂഹവുമെല്ലാം കുതിച്ചെത്തും. പക്ഷെ ഇങ്ങനെയാണോ ഒരു കലാകാരനോട് നമ്മള്‍ കാണിക്കേണ്ട നീതി. ജീവിച്ചിരിക്കുന്ന കാലം മഴുവന്‍ ഒന്നും സമ്പാദിക്കാതെ സംഗീതത്തിനുവേണ്ടി ആത്മ സമര്‍പ്പണം നടത്തിയൊരു സാത്വികനോട് ഇത്രയും ക്രൂരത കാണിക്കാമോ… ?

ഇന്നിപ്പോള്‍ മറാഠെ മരിച്ചിട്ട് ഒരു വര്‍ഷം ആവുന്നു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലും വീട്ടിന് സമീപത്തുമായി സഹൃദയലോകം അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അങ്ങോട്ട് ചെല്ലാത്തിന്റെ പരിഭവം മനീഷാത്ത പങ്കുവെച്ചു. പിന്നീടുള്ള സ്‌നേഹാന്വേഷണങ്ങളില്‍ നിന്നാണറിഞ്ഞത് സര്‍ക്കാര്‍ നല്‍കുന്ന 2000 രൂപ പെന്‍ഷനൊഴിച്ചാല്‍ വലിയ കഷ്ടത്തിലാണ് കാര്യങ്ങള്‍. സഹായികളായി നേരത്തേയുള്ള സരോജിനിയും ഭര്‍ത്താവും വീട്ടില്‍ തന്നെയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമുള്ള ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ആശുപത്രികാര്യങ്ങള്‍ക്കുമെല്ലാം വല്ലാതെ ബുദ്ധിമുട്ടുന്നു. മാഷുള്ളപ്പോള്‍ വല്ലപ്പഴും വരാറുള്ള സൗഹൃദയ ലോകം തന്ന ചില്ലറ സഹായങ്ങള്‍ ആശ്വാസമായിരുന്നു. ഇപ്പോള്‍ അതെല്ലാം നിന്നിരിക്കുന്നു. മറാഠെയോടല്ലാതെ മറാഠയുടെ ഭാര്യയോട് എന്തിന് അവര്‍ കരുണ കാണിക്കണമെന്ന് മനീഷാത്ത പറഞ്ഞപ്പോള്‍ പൊള്ളിപ്പോയി. മറാഠെയുടെ മരണ ശേഷം മുംബെയില്‍ നിന്നെത്തിയ മറാഠെയുടെ ബന്ധുക്കളും കൊച്ചിയില്‍ ശേഷിക്കുന്ന മനീഷയുടെ ബന്ധുക്കളും അവരെ പലതവണ വിളിച്ചതാണ്. പക്ഷെ അവര്‍ പോകാന്‍ കൂട്ടാക്കിയില്ല. മാഷ് മരിച്ച് കിടന്നിടത്തുതന്നെ ഇനിയുള്ള കാലവും ജീവിക്കണം. മാഷുടെ ഓര്‍മകളുള്ള ഇവിടം വിട്ട് ഞാനെങ്ങോട്ട് പോകാനാണ്. അവരുടെ അങ്ങനെയൊരാഗ്രഹത്തിനുമുന്നില്‍ പ്രദീപ് കുമാര്‍ എംഎല്‍എയും കൂട്ടരും ഇടപെട്ടപ്പോള്‍ മറാഠെയ്ക്ക് അനുവദിച്ച വീട് അവരുടെ മരണം വരെ ഉപയോഗിക്കാന്‍ ജില്ലാ ഭരണകൂടം അനുവാദം നല്‍കി. പക്ഷെ ആ വീട്ടില്‍ മനീഷ എങ്ങനെ കഴിഞ്ഞുകൂടുന്നു എന്ന് അന്വേഷിക്കാന്‍ പിന്നീട് ആ വഴി ആരും വന്നില്ല. നോക്കാം, ശ്രമിക്കാം തുടങ്ങിയ പതിവ് പാഴ് വാക്കുകള്‍ ഉതിര്‍ത്ത് അവിടെനിന്നിറങ്ങുമ്പോള്‍ മനസ്സ് വല്ലാതെ നീറുകയായിരുന്നു.

1951ല്‍ മാഹാരാഷ്ട്രയിലെ സിദ്ധേശ്വര്‍ ഗ്രാമത്തില്‍ നിന്നാണ് മറാഠെയെന്ന വിശ്രുത ഹിന്ദുസ്ഥാനി സംഗിതജ്ഞന്റെ കേരളത്തിലേക്കുള്ള വരവ്. 1929ല്‍  രഘുനാഥ് മറാഠെയുടേയും ജാനകിയുടേയും മകനായിട്ടാണ്  ജനനം. അച്ഛനില്‍ നിന്നാണ് സംഗീതം പകര്‍ന്നു കിട്ടിയത്. ചെറുപ്പം മുതല്‍ ഹിന്ദുസ്ഥാനിയുടെ ആഴങ്ങളിലേക്കിറങ്ങിയ മറാഠെ അവിടെ റെയില്‍വേയില്‍ സ്റ്റെനോഗ്രാഫറായി ജോലിനോക്കുമ്പോഴാണ് ഒട്ടും നിനയ്ക്കാതെ 1951ല്‍ കേരളത്തില്‍ എത്തിപ്പെടുന്നത്. ഗുരു മനോഹര്‍ ബറുവേയുടെ നിര്‍ദ്ദേശ പ്രകാരം പൂമുള്ളിമനയിലെ രാമന്‍ നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിക്കാനായിരുന്നു നിയോഗം. തന്റെ വഴി സംഗീതത്തിന്റേതാണെന്നു തിരിച്ചറിഞ്ഞ് ജോലിയും നാടുംവിട്ട് അങ്ങനെ കേരളത്തിലേക്ക് കുടിയേറി. ഒരു വര്‍ഷം കൊണ്ട് നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി പഠിപ്പിച്ചെങ്കിലും പിന്നീട് മറാഠെ ജന്മനാട്ടിലേക്ക് മടങ്ങിയില്ല. ഹിന്ദുസ്ഥാനിയില്‍ മറാഠെയ്ക്കുള്ള അപാര കഴിവ് തിരിച്ചറിഞ്ഞ് കോഴിക്കോട്ടെ സംഗീത പ്രേമിയും കൊപ്രക്കച്ചവടക്കാരനുമായ ശ്രീരാം ഗുരുചറാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്കുകൊണ്ടുവന്നത്. എട്ടുവര്‍ഷത്തോളം ഗുരുചറിന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് കേരളത്തിലങ്ങോലമിങ്ങോളം മറാഠെ ഹിന്ദുസ്ഥാനിയെ പരിചയപ്പെടുത്തി. പിന്നീട് ചിന്താവളപ്പിലെ വാടകവീട്ടിലേക്ക് താമസം. മറാഠെയില്‍ ആകൃഷ്ടരായി അന്തരിച്ച സംവിധായകന്‍ അരവിന്ദനും ബാബുരാജും ഇങ്ങേയറ്റത്ത് ഗസല്‍ ഗായകന്‍ അനില്‍ ദാസും വരെ ചിന്താവളപ്പിലെ വീട്ടില്‍ നൂറുകണക്കിന് ശിഷ്യ ഗണങ്ങളുടെ കൂട്ടത്തില്‍ ഊഴക്കാരായെത്തി. അരവിന്ദന്റെ നിര്‍ബന്ധത്തില്‍ മൂന്നു സിനിമകള്‍ക്കും നിരവധി നാടകങ്ങള്‍ക്കും സംഗീതം പകര്‍ന്നു. ബാബുരാജിന്റെ പാട്ടുകള്‍ക്കുള്ള ഹിന്ദുസ്ഥാനി ഭാവം മറാഠെയുടെ സംഭാവനയായിരുന്നു.  കോഴിക്കോടിന്റെ സംഗീത സന്ധ്യകളില്‍ സ്ഥിരം സാന്നിദ്ധ്യമായ മറാഠെ ഹിന്ദുസ്ഥാനി സംഗിതത്തിന്റെ വിധിതീര്‍പ്പു വേദികളില്‍ അവസാനവാക്കുമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍