UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇല്ലായ്മകളില്‍ തളര്‍ന്നില്ല; ആ ഒറ്റമുറി വീട്ടില്‍ നിന്നും ശരത് ഡോക്ടറാവുകയാണ്

Avatar

ഡി. ധനസുമോദ്

ഓലമേഞ്ഞ ഒറ്റമുറി വീട്ടിലിരുന്ന് ഒരമ്മ ഒരു സ്വപ്‌നം കണ്ടിരുന്നു; തന്റെ മകനെ ഒരു ഡോക്ടറാക്കുക. അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പതിനാലം റാങ്ക് നേടി ആ മകന്‍ അമ്മയ്ക്കു മാത്രമല്ല ഒരു നാടിനാകെ ആഹ്ലാദവും അഭിമാനവും പകര്‍ന്നു. ഇല്ലായ്മകള്‍ക്കകത്തു നിന്ന് വലിയൊരു നേട്ടം സ്വന്തമാക്കിയ ആ കൊച്ചു മിടുക്കന്റെ പേര് ശരത്. പാലക്കാട് ഷൊര്‍ണൂര്‍ വാണിയംകുളത്ത് സുധാകരന്റെയും ശാരദയുടെയും മൂത്തമകനാണ് ശരത്. പത്താംക്ലാസുകാരിയായ ശാരിക അനിയത്തി.

ശരതത്തിന്റെ വിജയമറിഞ്ഞ് വാണിയംകുളത്തെ ആ കൊച്ചു വീട്ടിലേക്ക് ഒരഥിതി എത്തിയിരുന്നു; ഷൊര്‍ണൂര്‍ എഎസ്പി ജയദേവ് ഐപിഎസ്. ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു കുട്ടിക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയെന്ന വാര്‍ത്തയറിഞ്ഞാണ് സ്റ്റേഷന്റെ ചുമതല കൂടിയുള്ള ജയദേവും ഒപ്പം അവിടുത്തെ ചില പൊലീസുകാരും ശരത്തിന്റെ വീട്ടിലെത്തുന്നത്. ആ മിടുക്കന് നല്‍കാനായി ഒരു പാര്‍ക്കര്‍ പേനയും കരുതിയിരുന്നു. ശരതിന്റെ വീട്ടിലെത്തിയപ്പോഴാണ് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയത്. ഓലമേഞ്ഞൊരു ഒറ്റമുറി വീട്ടിലാണ് ആ കുട്ടിയും കുടുംബവും താമസിക്കുന്നത്. തീര്‍ത്തും പ്രതികൂലമായൊരു സാഹചര്യത്തെ നേരിട്ടാണ് ഇത്രവലിയൊരു വിജയം സ്വന്തമാക്കിയത്. ആ കുട്ടിയോട് ബഹുമാനം തോന്നി. മെഡിക്കല്‍ പഠനത്തിന് ആവശ്യമായ എന്തെങ്കിലും സഹായം വേണ്ടി വന്നാല്‍ തങ്ങളില്‍ ആരെയും ഒരു മടിയും കൂടാതെ ബന്ധപ്പെടണമെന്ന് ശരത്തിനോട് പറഞ്ഞത് നിറഞ്ഞ മനസോടെയായിരുന്നു- ജയദീപ് ഐപിഎസ് അഴിമുഖത്തോടു പറഞ്ഞു.

ഇതിനിടയില്‍ ശരത്തിന്റെ കൈയിലിരുന്ന ഒരു പഴയ ഫോണ്‍ ജയദീപിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിരികെ പോരുന്ന വഴിയില്‍ തന്റെ സഹപ്രവര്‍ത്തകരോട് ശരത്തിനു പുതിയൊരു ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന ആഗ്രഹം ജയദീപ് പങ്കുവച്ചു. കേട്ടപ്പോള്‍ കൂടെയുള്ളവര്‍ക്കും സന്തോഷം. അപ്പോള്‍ തന്നെ പുതിയൊരു ഫോണ്‍ വാങ്ങി. ഉച്ചയ്ക്ക് ശരത്തിനോട് സ്‌റ്റേഷന്‍ വരെ എത്താന്‍ പറഞ്ഞപ്പോള്‍ സര്‍പ്രൈസ് ഒളിപ്പിച്ചു. സ്‌റ്റേഷനില്‍ എത്തിയ ശരത്തിന് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം കണ്ട് അത്ഭുതം. ഒപ്പം, തന്നോട് ഇത്രമേല്‍ സ്‌നേഹം കാണിക്കുന്ന പൊലീസുകാരോട് മനം നിറഞ്ഞ നന്ദിയും.

ചെത്തു തൊഴിലാളിയായിരുന്നു ശരത്തിന്റെ അച്ഛന്‍ സുധാകരന്‍. ശാരീരികാവശതകളെ തുടര്‍ന്ന് ആ പണിക്കു പോകാന്‍ കഴിയാതെ വന്നതോടെ വീട്ടില്‍ വാങ്ങിച്ച രണ്ടു പശുക്കളെ പരിപാലിച്ച് അതില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ട് കുടുംബം നേക്കേണ്ടി വന്നു. അമ്മ ശാരദ തൊഴിലുറപ്പ് ജോലികള്‍ക്കു പോകുന്നതില്‍ നിന്നു കൂടി കിട്ടുന്നതുകൊണ്ടാണ് വീട്ടിലെ കാര്യവും രണ്ടു കുട്ടികളുടെ പഠിപ്പും നടന്നുപോയിരുന്നത്.

അമ്മയുടെ ആഗ്രഹമായിരുന്നു എന്നെയൊരു ഡോക്ടറായി കാണമെന്ന്. അമ്മ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ മറ്റൊന്നും നോക്കാതെ ഞാനതിനായി ശ്രമിച്ചു. പ്ലസ് ടു കഴിഞ്ഞയുടനെ ആദ്യത്തെ തവണ എന്‍ട്രന്‍സിന് അപ്പിയര്‍ ചെയ്തു. അന്നു 4006-ആം റാങ്കാണു കിട്ടിയത്. പിന്നീടാണ് ബാബാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നത്. നല്ലവരായ ചിലരുടെ സഹായം കൊണ്ടാണ് കോച്ചിംഗ് സെന്ററില്‍ പോകാന്‍ കഴിഞ്ഞത്- ശരത് അഴിമുഖത്തോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കണമെന്നാണ് ശരത്തിന്റെ ആഗ്രഹം. ഇപ്പോള്‍ മനസില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുക എന്നതുമാത്രമാണെന്നും ഏതിലെങ്കിലും സ്‌പെഷ്യലൈസ് ചെയ്യണമെന്നതൊന്നും മനസില്‍ ഇല്ലെന്നും ശരത് പറയുന്നു. അമ്മയുടെ ആഗ്രഹം കൊണ്ടാണ് ഇവിടെ വരെ എത്തിയത്. ഇനിയുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ വേണം ഭാവിയിലേക്കുള്ള കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ടതെന്നും ശരത് വ്യക്തമാക്കി.

ശരത്തിനൊപ്പം നില്‍ക്കാന്‍ എ എസ് പി ജയദേവിനെപ്പോലെ ഇനിയും നിരവധിയാളുകള്‍ മുന്നിലക്കെത്തും എന്നാഗ്രഹിക്കാം. ഇല്ലായ്മകളെ ഭയക്കാതെ ലക്ഷ്യം നേടാനുള്ള മനസുമായി നില്‍ക്കുന്ന ഈ കൊച്ചുമിടുക്കനെ നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് പ്രോത്സാഹിപ്പിക്കാം… ശരത് സ്വപ്‌നം കാണുന്നതുപോലെ പഠിച്ചു മുന്നേറട്ടെ… വേദനകള്‍ അറിഞ്ഞു വളര്‍ന്നൊരാളായതുകൊണ്ട് അന്യന്റെ വേദനയും ശരത്തിന് മനസിലാക്കാന്‍ കഴിയും… അങ്ങനെ മനുഷ്യസ്‌നേഹിയായൊരു ഡോക്ടറായി ശരത് മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍