UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിലും വിവാദം വിടാതെ സ്മൃതി ഇറാനി

Avatar

അഴിമുഖം പ്രതിനിധി

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുക എന്നത് സ്മൃതി ഇറാനിക്ക് ഒഴിവാക്കാനാകില്ല. കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്നപ്പോള്‍ അവരെപ്പറ്റിയുള്ള തലക്കെട്ടുകളില്ലാത്ത ഒരു ദിവസവുമുണ്ടായിരുന്നില്ല. ജൂലൈയില്‍ മന്ത്രിസഭ അഴിച്ചുപണിതപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയെ പ്രാധാന്യം കുറഞ്ഞ ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിലേക്കു മാറ്റി. പുതിയ പദവിയില്‍ രണ്ടുമാസം തികയും മുന്‍പ് അവിടെ മുതിര്‍ന്ന സെക്രട്ടറി രശ്മി വര്‍മയുമായി കൊമ്പുകോര്‍ക്കുകയാണ് ഇറാനി. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നതുവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.

ജൂണില്‍ മന്ത്രിസഭ അംഗീകരിച്ച ആറായിരം കോടിയുടെ അപ്പാരല്‍ ആന്‍ഡ് ടെക്‌സ്റ്റൈല്‍ പാക്കേജിനെച്ചൊല്ലിയാണ് അഭിപ്രായവ്യത്യാസമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടെക്‌സ്‌റ്റൈല്‍ ഉച്ചകോടിയുടെ ഒരുക്കങ്ങളെച്ചൊല്ലിയും തര്‍ക്കമുണ്ട്. നടപടിക്രമങ്ങള്‍, ഭരണപരവും നയപരവുമായ കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ഇറാനി നിരന്തരം വര്‍മയുടെ ഓഫീസില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നതായും അറിയുന്നു. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും തമ്മില്‍ വാഗ്വാദവും നടന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പല കാര്യങ്ങളില്‍ വിശദീകരണം തേടി രണ്ടു ഡസനിലധികം കുറിപ്പുകളാണ് ഇറാനി വര്‍മയ്ക്കയച്ചത്. ഒരു ഫയല്‍ നേരിട്ട് തനിക്കയയ്ക്കാതെ വര്‍മ വഴി അയച്ചതിലുള്ള നീരസമാണ് ഇറാനി പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

1892 ബാച്ചിലെ ബിഹാര്‍ കേഡറിലുള്ള ഐഎഎസ് ഓഫിസറാണ് രശ്മി വര്‍മ. ക്യാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയുടെ സഹോദരി കൂടിയായ അവര്‍ കഴിഞ്ഞ ഡിസംബറിലാണ് ടെക്‌സ്‌റ്റൈല്‍ സെക്രട്ടറിയായി നിയമിതയായത്. മന്ത്രിയുമായി പ്രശ്‌നമൊന്നുമില്ലെന്നാണ് അവരുടെ നിലപാട്. മന്ത്രി നല്‍കിയ കുറിപ്പുകളെപ്പറ്റിയുള്ള ചോദ്യത്തിന് ‘ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പുകള്‍ സാധാരണ ആശയവിനിമയമാണെന്നും ചില പദ്ധതികളെപ്പറ്റി അന്വേഷിക്കുകയാണ് മന്ത്രി ചെയ്തതെന്നു’മായിരുന്നു പ്രതികരണം. ഇറാനി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഈയിടെ നടന്ന മന്ത്രിസഭായോഗത്തില്‍ ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ പാക്കേജില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഉദാസീനത ഇറാനി ഉയര്‍ത്തിക്കാട്ടിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള പദ്ധതി എന്തുകൊണ്ട് മുന്നോട്ടു പോകുന്നില്ല എന്നറിയാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വര്‍മ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം നടപ്പാകണമെങ്കില്‍ റവന്യൂ, തൊഴില്‍, വാണിജ്യം ഉള്‍പ്പെടെ മറ്റ് പല മന്ത്രാലയങ്ങളും നിരവധി നോട്ടിഫിക്കേഷനുകള്‍ നല്‍കേണ്ടതുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രധാനമന്ത്രിയുടെ ഓഫിസ് ഈ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും സംസാരിച്ചതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു.


രശ്മി വര്‍മ്മ ഐ എ എസ് 

ഈയിടെ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള കോട്ടേജ് ഇന്‍ഡസ്ട്രി സന്ദര്‍ശിച്ച ഇറാനി അവിടെനിന്ന് ചില വിലകൂടിയ സാരികളും ഒരു വിഗ്രഹവും വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എട്ടുലക്ഷത്തോളം രൂപയുടെ ഷോപ്പിങ്ങാണ് ഇറാനി നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് ഈ ബില്‍ വര്‍മയ്ക്ക് അയച്ചു. എന്നാല്‍ സാരികള്‍ ഇറാനിയുടെ ഉപയോഗത്തിനായി വാങ്ങിയതാണെന്നും മന്ത്രാലയം അതിനു പണം കൊടുക്കേണ്ടതില്ലെന്നുമായിരുന്നു വര്‍മയുടെ നിലപാട്. ഷോറൂമിനു പണം നല്‍കാന്‍ വര്‍മ വിസമ്മതിച്ചതായി മന്ത്രാലയവൃത്തങ്ങള്‍ പറയുന്നു. വര്‍മയുടെ ഈ നിലപാട് ഇറാനിയെ ചൊടിപ്പിച്ചു.

ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ വരുന്ന കുടില്‍ വ്യവസായങ്ങളില്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശം മന്ത്രിയെന്ന നിലയില്‍ തനിക്കുണ്ടെന്നും അതിനു സര്‍ക്കാര്‍ പണം കൊടുക്കുന്നതില്‍ പ്രശ്‌നമുണ്ടാകേണ്ടതില്ലെന്നുമായിരുന്നു ഇറാനിയുടെ നിലപാട്. എന്നാല്‍ ഇറാനി സാധനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും ബില്‍ നല്‍കിയിട്ടില്ലെന്നുമാണ് ഇപ്പോള്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയവും സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ എം ഡിയും പിന്നീട് വിശദീകരിച്ചു.

ഇറാനിയുടെ കോപം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. രണ്ടു വര്‍ഷം മുന്‍പ് മന്ത്രിയായതു മുതല്‍ എല്ലാക്കാര്യത്തിലും അഭിപ്രായം പറഞ്ഞും ക്ഷോഭിച്ചും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. മാനവവിഭശേഷി മന്ത്രി എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം പരക്കെ വിമര്‍ശിക്കപ്പെട്ടു. ആര്‍എസ് എസിന്റെ എതിര്‍പ്പും അവര്‍ക്കു നേരെയുണ്ടായി. ബിജെപിക്ക് രാഷ്ട്രീയമായി കോട്ടമുണ്ടാക്കിയ ഏക മന്ത്രിയും അവരാണെന്ന് നിരീക്ഷകര്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍