UPDATES

വായ്പാത്തട്ടിപ്പിനിരയായവരെ ജപ്തി ചെയ്ത് തെരുവില്‍ തള്ളുന്നത് സര്‍ക്കാര്‍ നോക്കിനില്‍ക്കരുത്- സാറാ ജോസഫ്

അഴിമുഖം പ്രതിനിധി

വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങളെ ജപ്തി ചെയ്ത് തെരുവിലെറിയുന്നത് ഇനിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നോക്കിനില്‍ക്കരുതെന്നു പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് ആവശ്യപ്പെട്ടു. 108 ദിവസമായി നടന്നുവരുന്ന കണ്ണുകെട്ടി സമരത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്ന ഇടപ്പള്ളിയിലെ റിലയന്‍സ് ക്യാപ്പിറ്റലിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സാറാ ജോസഫ്.

ദരിദ്ര, ദളിത് ജനവിഭാഗങ്ങളും മറ്റും എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ കോടാനുകോടി നികുതി കുടിശ്ശിക വരുത്തിയ അംബാനിയെപ്പോലുള്ളവരുടെ കോര്‍പ്പറേറ്റ് കമ്പനികളെ ഏല്പിക്കുന്ന എസ്.ബി.ടി. പോലുള്ള പൊതുമേഖലാ ബാങ്കുകള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നു സാറാ ജോസഫ് ചോദിച്ചു. ”കോര്‍പ്പറേറ്റുകളുടെ ലക്ഷം കോടികള്‍ എഴുതി തള്ളുന്നവര്‍ ദരിദ്രരുടെ ഉടുതുണിവരെ പറിച്ചെടുത്ത് അവരെ തെരുവില്‍ തള്ളുമ്പോള്‍ അതിന് ഒത്താശ ചെയ്യുന്ന ഭരണകൂടം കോര്‍പ്പറേറ്റ് ഭരണകൂടം തന്നെയായി അധഃപതിക്കുകയാണ്. സര്‍ഫാസി നിയമം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. അതുപോലെതന്നെ വായ്പാ തട്ടിപ്പിനിരയായവരുടെ കേസുകള്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യണം”, സാറാ ജോസഫ് ആവശ്യപ്പെട്ടു.

സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്‌ക്കെതിരായ സമര സമിതിയുടെയും ബ്ലേഡ് ബാങ്ക് ജപ്തിവിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലാരിവട്ടത്തുനിന്നും ആരംഭിച്ച ജനകീയ മാര്‍ച്ച് ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ ധര്‍ണയില്‍ സമിതി ചെയര്‍പേഴ്‌സണ്‍ കെ.കെ. മണി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. അരവിന്ദാക്ഷന്‍, കെ.കെ.എസ്. ദാസ്, ഹാഷിം ചേന്ദംപിള്ളി, അജ്മല്‍ ഇസ്മായില്‍, ഷിഹാബ് കുന്നത്തുനാട്, റഫീക് പി.എം., പി.കെ. വിജയന്‍, പി.ജെ. മാനുവല്‍, വി.സി. ജെന്നി എന്‍.പി. സോമന്‍, അഭിലാഷ് പി. ലിനറ്റ് ജെയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.ബി.ടിയും വായ്പാ തട്ടിപ്പു മാഫിയയും ചതിവില്‍ പെടുത്തി കിടപ്പാടം നഷ്ടപ്പെട്ട ജെയിന്‍ ബാബു 108-ാം ദിവസം നിരാഹാര സമരം അനുഷ്ഠിച്ചു. പ്രൊഫ. സാറാ ജോസഫ് ഹാരമണിയിച്ചു. തെരുവില്‍ സമര കഞ്ഞിക്ക് പാഠാന്തരം വിദ്യാര്‍ത്ഥി മാസികയുടെ പത്രാധിപ സമിതിയംഗം ആമി ടി.ആര്‍. തീ പൂട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാവിലെ 10 മണിക്ക് എം.വി. മാര്‍ട്ടിന്‍  അവതരിപ്പിച്ച എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ എന്ന തെരുവു നാടകത്തോടെയാണ് ജനകീയ മാര്‍ച്ച് ആരംഭിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍