UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനദ്രോഹ ബാങ്കിങ്ങ് നയങ്ങൾക്കും നിയമങ്ങൾക്കുമെതിരെ കണ്ണുകെട്ടി സമരം

Avatar

ബാങ്കും ലോണ്‍ മാഫിയകളും ചേര്‍ന്ന് തട്ടിപ്പിനിരയാക്കിയ ദരിദ്ര-ദളിത്‌ കുടുംബങ്ങളുടെ കിടപ്പാടങ്ങൾ ജപ്തി ചെയ്തു തെരുവിൽ തള്ളുന്നത് കണ്ടില്ലെന്നു നടിക്കുന്ന ഭരണാധികാരികളുടെ കടുത്ത അവഗണനക്കെതിരെ ഓഗസ്റ്റ്‌ 10 മുതൽ ഏറണാകുളം കളക്ടറേറ്റിനു മുന്നിൽ  കണ്ണുകെട്ടി  സമരവും നിരാഹാര സമരവും നടന്നുവരികയാണ്. എങ്ങനെയാണ്  ബാങ്കും, നിയമങ്ങളും, സർക്കാരും, ലോണ്‍ മാഫിയകളും തട്ടിപ്പ് നടത്തുന്നത്? സാമൂഹ്യ പ്രവര്‍ത്തകനും സമര സമിതി അംഗവുമായ ഹരിഹര ശര്‍മ്മ എഴുതുന്നു. 

ബാങ്കുകൾ എന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായിട്ടാണ് എല്ലാരും കരുതുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. പ്രൈവറ്റ് ബാങ്കുകൾ കൂണ് പോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്ന കാലത്ത് ബാങ്കുകൾ എങ്ങനെ ജനങ്ങളെ സേവിക്കും. ഇപ്പോള്‍ ബാങ്കുകള്‍ക്ക് അമിതാധികാരം കൂടി ഭരണകൂടം നൽകികഴിഞ്ഞിരിക്കുന്നു. അതാണ് സർഫാസി നിയമം. 2002 ൽ  വാജ്പേയി യുടെ കാലത്താണ് ഈ നിയമം പാസാക്കുന്നത്. രാജ്യത്തിന്‌ സാമ്പത്തിക വളർച്ച ഉണ്ടാകണമെങ്കിൽ ബാങ്കിന് അമിതാധികാരം വേണം എന്ന് പറഞ്ഞാണ് ഈ നിയമം നടപ്പിലാക്കിയത്.

1992, 1998 വര്‍ഷങ്ങളിലും ബാങ്കിന് അമിതാധികാരം നല്‍കാൻ വേണ്ടി മന്‍മോ’ഹന്‍ സിംഗും പി ചിദംബരവും കൂടെ പരിശ്രമിച്ചാണ് ഡി.ആർ.ടി.(ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകൾ ) ഉണ്ടാക്കിയത്. യഥാര്‍ഥത്തില്‍ ഭരണകൂടം ഉദേശിക്കുന്നത് കടാശ്വാസമല്ല, മറിച്ച് കടം  തിരിച്ചു പിടിച്ചു കൊടുക്കുന്ന ഒരു ട്രിബ്യൂണൽ ആണ് രൂപികരിച്ചത്. കേരളത്തിനും ലക്ഷദ്വീപിനും വേണ്ടിയുള്ള ട്രിബ്യൂണൽ  എറണാകുളത്താണ് പ്രവര്‍ത്തിക്കുന്നത്. 

ലോണ്‍ മാഫിയ സംഘം മുതലെടുക്കുന്നത് എങ്ങനെ?

നഗര പ്രദേശത്ത് 3ഉം,5 ഉം സെൻറ് ഉള്ള ജങ്ങൾക്ക് ഒരു ബാങ്കും ലോണ്‍ നല്‍കുന്നില്ല. ദളിതനാണെങ്കിൽ പിന്നെ പറയേണ്ടതില്ല. വീട്ടിൽ കല്യാണം കഴിക്കാത്ത പെണ്ണുങ്ങൾ ഉണ്ടെങ്കിൽ അവർ ബാങ്കിന്റെ അയല്‍വക്കത്തു പോലും പോകരുത്. ഇങ്ങനെയൊക്കെയാണ് ബാങ്കുകാർ ജനങ്ങളോട് നീതി കാട്ടുന്നത്.  അപ്പോൾ പണം ലഭിക്കാൻ വേണ്ടി എന്തും ചെയ്യാനും  ദരിദ്ര, ദളിത്‌ കുടുംബങ്ങൾ തയ്യാറാകേണ്ട സാഹചര്യം അവിടെ ഉടലെടുക്കുന്നു. ഈ സാഹചര്യം മുതലെടുത്ത്‌ ഞങ്ങൾ നിങ്ങള്‍ക്ക് ലോണ്‍ തരപ്പെടുത്തി തരാം എന്ന് പറഞ്ഞു ലോണ്‍ മാഫിയ സംഘം ഈ കുടുംബങ്ങളെ സമീപിക്കുകയും അവര്‍ക്ക് ആവശ്യമുള്ള തുക നല്‍കുകയും ചെയ്യും. പണം നല്‍കുന്നതു ലോണ്‍ മാഫിയയാണ് എന്നുപോലും  വാങ്ങുന്നവർക്കറിയില്ല.  ചികിത്സക്കോ, വിദ്യാഭ്യാസത്തിനോ, മകളുടെ കല്യാണത്തിനോ ആയിരിക്കും പണം ആവശ്യമായി വരുന്നത്. ഈ സാഹചര്യത്തെയാണ് ലോണ്‍ മാഫിയ സംഘം മുതലെടുക്കുന്നത്. സംഘം പണം വാങ്ങിയവരുടെ ആധാരം വിശ്വാസ തീറെഴുതി വാങ്ങിയെതിനു ശേഷമാണ് പണം നല്‍കുന്നത്.

ലോണ്‍ മാഫിയ സംഘം ബാങ്കുമായി ചേര്‍ന്ന് ഒത്തുകളിച്ച് തട്ടുന്നത് ലക്ഷക്കണക്കിന് രൂപയാണ്. യഥാർത്ഥ ആധാരത്തിന്റെ ഉടമക്ക് ഇവർ നല്കിയത് 50,000 രൂപയായിരിക്കും പക്ഷെ വിശ്വാസ തീറെഴുതി വാങ്ങിയ ആധാരം ഉപയോഗിച്ച് ലോണ്‍ മാഫിയ സംഘം എടുക്കുന്നത് ചിലപ്പോള്‍  20,000,00 രൂപയായിരിക്കും. ഇതിൽ നല്ലൊരു പങ്ക് ബാങ്കിലെ ഉയർന്ന ജീവനക്കാർ പങ്കിട്ടെടുക്കുകയും ചെയും. 50,000 രൂപ വാങ്ങിയ വ്യക്തി പണം മുഴുവനും  ലോണ്‍ മാഫിയ സംഘം നല്‍കുന്ന അകൌണ്ടിൽ അടച്ചു കഴിഞ്ഞാലും അവര്‍ക്ക് ആധാരം തിരിച്ചു കിട്ടില്ല. അന്നേരം മാത്രമാണു  തങ്ങൾക്ക് പറ്റിയ ചതിവിനെ കുറിച്ച് കിടപ്പാടത്തിന്റെ യഥാർത്ഥ അവകാശി അറിയുകയുള്ളു. അപ്പോഴേക്കും സർഫാസി നിയമ പ്രകാരം ബാങ്ക് കിടപ്പാടം ജപ്തി ചെയാൻ എത്തിയിട്ടുണ്ടാവും. ഇങ്ങനെ 40 ഓളം കുടുംബങ്ങളാണ് വയ്പ്പത്തട്ടിപ്പിനു ഇരയായിരിക്കുന്നത്. ഇങ്ങനെ ചതിയില്‍ പെട്ട് പെരുവഴിയില്‍ ആയവരാണ് ഇപ്പോള്‍ കണ്ണുകെട്ടി  സമരം നടത്തുന്നത്.  സമരത്തില്‍ പങ്കെടുക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടാകും. പക്ഷെ പലരും തുറന്നു പറയാൻ മടിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ എല്ലാം പുറത്തു വരിക തന്നെ ചെയ്യും.

വായ്പ്പ എടുത്തയാൾ 3 മാസം തവണ മുടക്കുകയോ കുടിശ്ശിക ഒരു ലക്ഷം രൂപയോ ആണെങ്കിൽ ബാങ്കിന് ഈ സർഫാസി നിയമപ്രകാരം ഇടുവച്ച വസ്തു നേരിട്ട് പിടിച്ചെടുത്തു വിൽക്കാൻ കഴിയും. സിവിൽ കോടതിയെ സമീപിക്കാനുള്ള അവകാശം 34 വകുപ്പിലൂടെ വിലക്കിക്കൊണ്ട് കടക്കെണിയിൽ പെട്ട ദരിദ്ര, ദളിത്‌ കുടുംബങ്ങളെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകളിലേക്ക് തള്ളിവിടുകയാണ് ബാങ്കും, നിയമങ്ങളും,സർക്കാരും ചെയ്യുന്നത്.

യഥാർത്ഥത്തിൽ വായ്പ്പ എടുക്കാത്തവര്‍ക്കും പ്രതിഫലം പറ്റാത്തവർക്കുമാണ്‌ കിടപ്പാടം  നഷ്ടപ്പെടുന്നത്. ഇങ്ങനെ തട്ടിപ്പിനിരയായ 3 കുടുംബങ്ങൾ ജപ്തി നടപടി മൂലം തെരുവിലായിക്കഴിഞ്ഞു. കണ്ണുകെട്ടി സമരം എറണാകുളത്ത് തുടങ്ങിയത്തിനു ശേഷം ഇതുവരെ ആരെയും ജപ്തി ചെയ്യാൻ ബാങ്ക് തുനിഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്. 

എറണാകുളം കങ്ങരപ്പടി സ്വദേശിയും ഫെഡറൽ ബാങ്കിൽ 30 വർഷം ജീവനക്കാരനുമായിരുന്ന ദീലിപ് ലോണ്‍ മാഫിയയുടെ ചതിയിൽ പെട്ട് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയുണ്ടായി. വായ്പ തട്ടിപ്പ് മാഫിയകൾ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വസ്തു വകകൾ വാങ്ങിക്കൂട്ടി സുഗമായി വിലസുമ്പോൾ തട്ടിപ്പിനിരയായവർ ഏതു നിമിഷവും തെരുവിലെറിയപ്പെടാം എന്ന ആശങ്കയോടെ ജീവിതം തള്ളിനീക്കുകയാണ്.

എസ് സി/ എസ് ടി കമ്മീഷൻ ശുപാര്‍ശ നടപ്പാക്കാതെ സര്‍ക്കാര്‍

രണ്ടു വര്‍ഷങ്ങള്‍ക്ക് മുൻപ് എസ് സി/ എസ് ടി കമ്മീഷൻ മുന്‍പാകെ സമര്‍പ്പിച്ച പരാതിയിൽ  24/08/2015 നു നല്കിയ ശുപാർശകൾ കേരള സർക്കാർ അവഗണിക്കുകയാണ് ചെയ്യുന്നത്. ശുപാർശയിൽ കമ്മീഷൻ പറയുന്നത് ഇപ്രകാരമാണ്.  

1.വലിയൊരു തട്ടിപ്പാണ് മെട്രോ നഗരവുമായി ബന്ധപ്പെട്ടു നടന്നിരിക്കുന്നത്. ഉടനടി ഒരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം.
2. ഭൂമി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം.
3. സർക്കാർ ഫണ്ട്‌ കണ്ടെത്തി പരിഹാരം കാണണം. 

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് സർക്കാർ മുൻപോട്ടു പോകുന്നത്. വന്‍ വ്യവസായികളില്‍ നിന്നു പൊതു ഖജനാവിൽ എത്തേണ്ട കോടികൾ എഴുത്തിതള്ളുമ്പോഴാണ് ഈ പട്ടിണി പാവങ്ങളുടെ കട ബാധ്യതയ്ക്ക് നേരെ ഭരണകൂടങ്ങള്‍ മുഖം തിരിക്കുന്നത്. 

ഇപ്പോൾ മുത്തൂറ്റ്, മണപ്പുറം, കൊശമറ്റം പോലുള ബാങ്കിതര പണമിടപാട് സ്ഥാപനങ്ങൾക്കും സർഫാസി നിയമം ഉപയോഗിക്കാം. ഇനിയാണ് കേരളം കാണാൻ പോകുന്ന കിടപ്പാടത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ ആത്മഹത്യകൾ നടക്കാൻ പോകുന്നത്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍