UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഡിജിപി കെ പത്മകുമാറും സരിതയും പരസ്പരം എസ്എംഎസ് അയച്ചത് 277 തവണ; ഫോണ്‍ രേഖകള്‍ കമ്മിഷനില്‍

അഴിമുഖം പ്രതിനിധി

സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ സരിത എസ് നായരുമായി 2012 ജൂണ്‍ അഞ്ചു മുതല്‍ 2013 ജൂണ്‍ ഒന്നുവരെ മുന്‍ ദക്ഷിണമേഖല എഡിജിപി കെ പത്മകുമാര്‍ 277 തവണ എസ്എംഎസ് അയച്ചതായും നാലുതവണ ഫോണില്‍ സംസാരിച്ചതായും ഫോണ്‍കോള്‍ രേഖകള്‍. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ക്രോസ് വിസ്താരത്തിനിടെയാണ് കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ സിഡിആര്‍ രേഖകള്‍ ഹാജരാക്കിയത്. ഇതില്‍ 137 തവണ പത്മകുമാര്‍ സരിതയുടെ ഫോണിലേക്കും സരിത 140 തവണ പത്മകുമാറിന്റെ ഫോണിലേക്കും എസ്എംഎസ് അയച്ചതായി ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി പത്മകുമാര്‍ സമ്മതിച്ചു. സന്ദേശങ്ങളെല്ലാം ടീം സോളാര്‍ കമ്പനിയുടെ സ്റ്റാഫ് എന്നു പരിചയപ്പെടുത്തിയ ലക്ഷ്മി നായര്‍ എന്ന സ്ത്രീ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അയച്ച സന്ദേശങ്ങളാണെന്നാണ് പത്മകുമാറിന്റെ മൊഴി. 2012 ജൂണ്‍ അഞ്ചിന് ഇരുവരും തമ്മില്‍ അയച്ചത് 96 എസ്എംഎസുകളാണ്. അതേവര്‍ഷം ജൂണ്‍ ആറിന് 65 എസ്എംഎസുകളും ജൂലൈ ആറിന് 36 എസ്എംഎസുകളും അയച്ചിട്ടുണ്ട്. 2013 ജൂണ്‍ ഒന്നിന് രാത്രി 11നാണ് അവസാനത്തെ എസ്എംഎസ് പത്മകുമാര്‍ സരിതയുടെ ഫോണിലേക്കയച്ചത്. സരിതയെ പോലിസ് കസ്റ്റഡിയിലെടുത്തത് ജൂണ്‍ രണ്ടിനാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ജൂണ്‍ ഒന്ന് എന്നത് മൊബൈല്‍ സേവനദാതാവിന് തെറ്റിയതാവാമെന്നും എസ്എംഎസ് അയച്ചത് ജനുവരി ആറിനാണെന്നാണ് ഓര്‍മയെന്നുമായിരുന്നു മറുപടി. ഇക്കാര്യം മൊബൈല്‍ സേവനദാതാവിനെ വീണ്ടും സമീപിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും കമ്മീഷനെ പത്മകുമാര്‍ അറിയിച്ചു.

എറണാകുളം റേഞ്ച് ഐജിയായിരുന്ന താന്‍ ഇടപെട്ടതുകൊണ്ടാണ് താന്‍ സരിതയെ അറസ്റ്റ് ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോയതെന്ന് മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ കമ്മീഷനില്‍ നല്‍കിയ മൊഴി ശരിയല്ല. സരിതയുടെ അറസ്റ്റിനുശേഷം വീട് പരിശോധിക്കാതിരുന്നത് അറസ്റ്റിന് മാത്രമാണ് ഐജി നിര്‍ദ്ദേശം നല്‍കിയത് എന്നതുകൊണ്ടാണെന്ന മൊഴിയെക്കുറിച്ചും അറിയില്ല. പെരുമ്പാവൂര്‍ സ്വദേശി സജാദിന്റെ പരാതിപ്രകാരം കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം നലകിയിരുന്നത്. ആകസ്മികമായ അറസ്റ്റായിരുന്നതിനാല്‍ അറസ്റ്റു ചെയ്യാനുള്ള അധികാരപത്രം ഡിവൈഎസ്പി ഹരികൃഷ്ണനില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്ന പെരുമ്പാവൂര്‍ എസ്‌ഐ സുധീര്‍ മനോഹര്‍ കമ്മീഷനില്‍ മൊഴി നല്‍കാനുണ്ടായ സാഹചര്യം എന്താണെന്നറിയില്ല. സോളാര്‍ തട്ടിപ്പുകേസുകളെക്കുറിച്ചന്വേഷിച്ച പ്രത്യേകാന്വേഷണ സംഘം ഇപ്പോള്‍ പ്രാബല്യത്തിലുണ്ടോ എന്നറിയില്ല. അേന്വഷിച്ചിട്ടുമില്ല. ദക്ഷിണമേഖലാ എഡിജിപി ആയിരുന്നെങ്കിലും എസ്‌ഐടി അന്വേഷിച്ച കേസുകളുടെ പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചിരുന്നത് താനല്ല. തന്റെ കീഴുദ്യോഗസ്ഥരില്‍ ആര്‍ക്കെങ്കിലും അതിന്റെ ചുമതലയുണ്ടായിരുന്നോ എന്നറിയില്ല. അതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. മറ്റ് ചുമതലകളില്ലെങ്കില്‍ ഡിവൈഎസ്പിമാരെ ഒരു സ്‌റ്റേഷനില്‍ രണ്ടു വര്‍ഷത്തിലധികം ഇരുത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് അറിയില്ല.

തന്റെ നഗ്‌ന വീഡിയോ ദൃശ്യങ്ങളും ചില ഫോട്ടോകളും വാട്‌സ് ആപ് വഴി പ്രചരിപ്പിക്കുകയും അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ഐജി പത്മകുമാറാണെന്ന് കാണിച്ച് സരിത ഡിജിപിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും പരാതി നല്‍കിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പരാതി കണ്ടിട്ടില്ല. ഇതിനെക്കുറിച്ച് ഡിജിപിയോ ആഭ്യന്തരമന്ത്രിയോ തന്നോട് സംസാരിച്ചിട്ടില്ല. പലകേസുകളിലും പ്രതികള്‍ ജഡ്ജിമാര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ മ്ലേഛമായ ആരോപണങ്ങള്‍ ഉന്നയിക്കല്‍ പതിവാണ്. സരിതയുടെ പരാതിയും അത്തരത്തിലുള്ളത് ആയതിനാലാണ് അവര്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും മാനനഷ്ടക്കേസ് നല്‍കാതിരുന്നതെന്നും പത്മകുമാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയില്‍ നിലനില്‍ക്കുന്ന െ്രെകം കേസില്‍ സരിതയുടെ ഫോണ്‍കോള്‍ ഡീറ്റെയില്‍സ് ഹാജരാക്കിയതില്‍ ഐജി പത്മകുമാര്‍ സരിതയുമായി സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷക കമ്മീഷനെ അറിയിച്ചു. ഈ തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കുമെന്നും അവര്‍ വ്യക്തമാക്കി. രണ്ടാംഘട്ട തെളിവു ശേഖരണത്തിന്റെ ഭാഗമായി കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നുണ്ടെങ്കില്‍ വ്യക്തമായ തെളിവുകളോടെ ഈ മാസം ഒന്‍പതിനകം അറിയിക്കാന്‍ കക്ഷികള്‍ക്ക് കമ്മീഷന്‍ സമയമനുവദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍