UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മി. ഉമ്മന്‍ ചാണ്ടി, ഇത് നിങ്ങള്‍ ഇരന്നു വാങ്ങിയത്

Avatar

അഴിമുഖം പ്രതിനിധി

നട്ടുച്ചയ്ക്ക് സൂര്യന്‍ അസ്തമിച്ചതു പോലുള്ള അവസ്ഥയാണ് തെരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രം അവശേഷിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മോദിയുടെ സൊമാലിയന്‍ വിഡ്ഢിത്തത്തില്‍ പിടിച്ചു തൂങ്ങി കരപറ്റാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇന്നേറ്റ ഇരട്ട പ്രഹരം. ആദ്യപ്രഹരം കോടതി വകയായിരുന്നുവെങ്കില്‍ രണ്ടാമത്തേത് സരിത വഴിയായി എന്നു മാത്രം. ഇവ രണ്ടും ചോദിച്ചു വാങ്ങിയതെന്ന് എടുത്തു പറയേണ്ടതുണ്ട്.

സരിതയുടേതെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് പുറത്തുവിട്ട കത്തിന്റെ പേരില്‍ സരിതയ്ക്കും നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ നല്‍കിയ മാനനഷ്ടക്കേസിന്റെ തിരിച്ചടി ഇത്രമേല്‍ കനത്തതാകുമെന്ന് ഉമ്മന്‍ചാണ്ടിയോ ഉപദേഷ്ടാക്കളോ ഒരു പക്ഷേ കരുതിയിട്ടുണ്ടാകില്ല. ക്ലിഫ് ഹൗസ്, റോസ് ഹൗസ് മുതല്‍ ഡല്‍ഹിയിലെ കേരള ഹൗസ് വരെ നീളുന്ന സോളാറും സെക്‌സും ചേര്‍ന്ന കഥകളിലെ വീഡിയോ ക്ലിപ്പിങ്ങുകളിലാണ് താന്‍ ഇന്ന് സോളാര്‍ കമ്മീഷന് മുമ്പാകെ കൈമാറിയതെന്നാണ് സരിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പറഞ്ഞിട്ടുള്ളത്. പതിവു പോലെ ചാണ്ടി ഭക്തരായ ഒരു പത്രത്തിന്റെ ചാനലൊഴിച്ച് ബാക്കി എല്ലാവരും ഇത് ലൈവായി തന്നെ സംപ്രേക്ഷണം ചെയ്തത് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഒരു വലിയ പ്രഹരം തന്നെയാണ്. സരിത പറയുന്നതിന്റെ നിജസ്ഥിതി ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. സത്യത്തില്‍ ഒരു മോഹവലയത്തില്‍ അകപ്പെട്ട അവസ്ഥയിലായിരിക്കും ഇന്ന് സരിതാഭാഷണം കേള്‍ക്കുകയും കാണുകയും ചെയ്ത കേരളത്തിലെ വോട്ടര്‍മാര്‍.

നേരത്തേ ഹൈക്കോടതിയില്‍ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും മുഖ്യമന്ത്രി തനിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു അറ്റക്കൈ പ്രയോഗം എന്ന സരിതയുടെ വാക്കുകളില്‍ അള മുട്ടിയ ചേരയും കടിക്കും എന്ന പ്രയോഗത്തിന്റെ സാധൂകരണം നിലനില്‍ക്കുന്നുണ്ട്. ചോദിച്ചു വാങ്ങിയ ഒരു ഏര്‍പ്പാടായി പോയി ഇതെന്നാണ് സരിത തന്നെ നല്‍കുന്ന മുന്നറിയിപ്പ്. ഒരു അര്‍ത്ഥത്തില്‍ മൂലയ്ക്കിരുന്ന മഴുവെടുത്ത് കാലിലിട്ട അവസ്ഥ തന്നെ.

രണ്ടാമത്തെ തിരിച്ചടി വിഎസിന്റെ നാവ് വരിഞ്ഞു കെട്ടാനായി നടത്തിയ മറ്റൊരു കോടതി അഭ്യാസത്തിലൂടെ വാങ്ങിയെടുത്തതാണ്. വിഎസിന്റെ പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി കോടതി നിര്‍ദ്ദാക്ഷണ്യം തള്ളി. വിഎസിനെതിരായ മാനനഷ്ടക്കേസ് നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ കോടതി തീര്‍പ്പൊന്നും പറഞ്ഞിട്ടില്ലെങ്കിലും തല്‍ക്കാലം ആ വിധിയും ചാണ്ടിക്ക് ഇരുട്ടടിയായി എന്നു വേണം കരുതാന്‍. വിനാശ കാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞതു പോലെയാണ് യുഡിഎഫില്‍ കോണ്‍ഗ്രസിലും ചിലപ്പോള്‍ കാര്യങ്ങള്‍. മുഖം രക്ഷിക്കാന്‍ പെട്ടെന്ന് നടത്തുന്ന കോടതി വ്യവഹാരങ്ങള്‍ പണ്ടൊക്കെ രാഷ്ട്രീയ നേതാക്കള്‍ക്ക് തുണയായിട്ടുണ്ട്. എന്നാലിപ്പോള്‍ കോടതികളും അതിവേഗത്തില്‍ കാര്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള രാഷ്ട്രീയക്കാരുടെ തന്ത്രം പാളുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് വിഎസുമായി ബന്ധപ്പെട്ട കേസില്‍ ഇന്നുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍