UPDATES

ചരിത്രത്തില്‍ ഇന്ന്

1879 ഫെബ്രുവരി 13: ഇന്ത്യയുടെ നൈറ്റിംഗേല്‍ സരോജിനി നായിഡു ജനിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായ ആദ്യ വനിതയും ഉത്തര്‍ പ്രദേശിന്റെ ഗവര്‍ണറായ ആദ്യ വനിതയുമാണ് സരോജിനി നായിഡു

‘ഇന്ത്യയുടെ നൈറ്റിംഗേല്‍’ എന്നറിയപ്പെട്ടിരുന്ന സരോജിനി നായിഡു ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയും കവിയുമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായ ആദ്യ വനിതയും ഉത്തര്‍ പ്രദേശിന്റെ ഗവര്‍ണറായ ആദ്യ വനിതയുമാണ് അവര്‍. 1879 ഫെബ്രുവരി 13ന്, അഗോര്‍ നാഥ് ചതോപാദ്ധ്യായയുടെയും ബരാദ സുന്ദരി ദേവിയുടെ മകളായി ഹൈദരാബാദിലാണ് സരോജിനി നായിഡു ജനിച്ചത്.

എഡിന്‍ബെറോ സര്‍വകലാശാലയില്‍ നിന്നും സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ അഗോര്‍ നാഥ് ഹൈദരാബാദില്‍ താമസമാക്കുകയും ഹൈദരാബാദ് കോളേജ് സ്ഥാപിക്കുകയും അതിന്റെ ഭരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. പിന്നീട് ഇത് ഹൈദരാബാദ് നിസാംസ് കോളേജായി മാറി. ബംഗാളിയില്‍ കവിത എഴുതിയിരുന്ന കവിയായിരുന്നു അമ്മ ബരാദ സുന്ദരി ദേവി.

എട്ടുമക്കളില്‍ ഏറ്റവും മൂത്ത ആളായിരുന്നു സരോജിനി നായിഡു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും മെട്രിക്കുലേഷന്‍ പരീക്ഷകള്‍ പാസായ ശേഷം അവര്‍ പഠനത്തിന് നാല് വര്‍ഷത്തെ അവധിയെടുത്തു. 1895ല്‍, ആറാമത്തെ നിസാമായ മിര്‍ മെഹബൂബ് അലി ഖാന്‍ സ്ഥാപിച്ച നിസാം സ്‌കോളര്‍ഷിപ്പ് ട്രസ്റ്റ് അവര്‍ക്ക് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ അവസരം നല്‍കി. ആദ്യം ലണ്ടനിലെ കിംഗ്‌സ് കോളേജിലും പിന്നീട് കേംബ്രിഡ്ജിലെ ഗിര്‍ട്ടണ്‍ കോളേജിലുമാണ് പഠനം നടത്തിയത്. 19-ാം വയസില്‍ ഒരു ഡോക്ടറായ ഗോവിന്ദരാജുലു നായിഡുവിനെ കണ്ടുമുട്ടിയ സരോജിനി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ വിവാഹം ചെയ്തു. ആ സമയത്ത് മിശ്രവിവാഹങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നില്ലെങ്കിലും സരോജിനിയുടെ അച്ഛന്‍ വിവാഹത്തിന് അനുമതി നല്‍കി. സരോജിനി-ഗോവിന്ദരാജുലു ദമ്പതികള്‍ക്ക് അഞ്ച് മക്കളാണുള്ളത്. അവരുടെ മകള്‍ പത്മജയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.

സരോജിനി നായിഡുവിന്റെ ആദ്യ കവിത സമാഹാരമായ ‘ദ ഗോള്‍ഡന്‍ ത്രിഷോള്‍ഡ്’ 1912ല്‍ പുറത്തിറങ്ങി. തുടര്‍ന്ന് 1912ല്‍ ‘ദ ബേര്‍ഡ് ഓഫ് ടൈം’ 1917ല്‍ ‘ദ ബ്രോക്കണ്‍ വിംഗ്’ എന്നീ കവിത സമാഹാരങ്ങള്‍ പുറത്തുവന്നു. ‘ദ അംബാസിഡര്‍ ഓഫ് ഹിന്ദു-മുസ്ലീം യൂണിറ്റി’ എന്ന പേരില്‍ മുഹമ്മദലി ജിന്നയുടെ ജീവചരിത്രം അവര്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് പുറത്തുവന്നവയില്‍ ശ്രദ്ധേയമായ കവിത സമാഹാരങ്ങള്‍ ‘ദ വിസാഡ് മാസ്‌ക്’ ‘ദ ട്രഷറി ഓഫ് പോയംസ്’ എന്നിവയാണ്. പാടാനും സാധിക്കുന്ന മനോഹരവും താളാത്മകവുമായ വരികളുടെ പേരില്‍ അവര്‍ക്ക് ‘ഭാരത കോകില’ എന്ന പേര് ലഭിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നല്‍കിയ നിര്‍ണായക സംഭാവനകള്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അവരുടെ പേരിലുണ്ട്. 1905ലെ ബംഗാള്‍ വിഭജനത്തെ തുടര്‍ന്നാണ് അവര്‍ പ്രസ്ഥാനത്തില്‍ ചേരുന്നത്. അതിന് ശേഷം അവര്‍ ആ ലക്ഷ്യത്തിന് വേണ്ടി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ മുഹമ്മദലി ജിന്ന, ജവഹര്‍ലാല്‍ നെഹ്രു, മഹാത്മ ഗാന്ധി തുടങ്ങിയ നിരവധി പ്രഗത്ഭരുമായി അവര്‍ ബന്ധം പുലര്‍ത്തി. ഗാന്ധിജിയുമായി അവര്‍ പ്രത്യേക അടുപ്പവും ബന്ധവും ഉണ്ടായിരുന്നു.

1915-1918 കാലഘട്ടത്തില്‍ സാമൂഹിക ക്ഷേമം, സ്ത്രീ ശാക്തീകരണം, വിമോചനം, ദേശീയത എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ട് അവര്‍ ഇന്ത്യയൊട്ടാകെ യാത്ര ചെയ്തു. ജവഹര്‍ലാല്‍ നെഹ്രുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അവര്‍, അക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയരായിക്കൊണ്ടിരുന്ന ചമ്പാരണിലെ അമരികൃഷി തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പുറപ്പെട്ടു. 1925ല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട്, ആ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി അവര്‍ മാറി.

1919ല്‍ റൗളറ്റ് ആക്ട് നിലവില്‍ വന്നപ്പോള്‍, മഹാത്മ ഗാന്ധി സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ അവര്‍ സജീവമായി. അതേവര്‍ഷം തന്നെ, ലണ്ടനിലേക്കുള്ള ഹോം റൂള്‍ ലീഗിന്റെ പ്രതിനിധിയായി അവര്‍ നിയമിക്കപ്പെട്ടു. 1924ല്‍ അവര്‍ ഈസ്റ്റ് ആഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി. പിന്നീട് ആല്‍ഡസ് ഹക്സ്ലി അവരെ കുറിച്ച് ഇങ്ങനെ എഴുതി: ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വലിയ ബൗദ്ധീകശക്തിയെ ആകര്‍ഷണീയമായും രമ്യതയെ ധീരമായ ഊര്‍ജ്ജം കൊണ്ടും ഒരു വിസ്തൃത സംസ്‌കാരത്തെ മൗലീകതകൊണ്ടും ആത്മാര്‍ത്ഥതയെ നര്‍മ്മോക്തി കൊണ്ടും അഭിനന്ദനാര്‍ഹമായ വിധത്തില്‍ രഞ്ജിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയുമായ ശ്രീമതി സരോജിനി നായിഡുവിനെ ബോംബെയില്‍ വച്ച് പരിചയപ്പെടാന്‍ സാധിച്ചത് ഞങ്ങളുടെ ഭാഗ്യമായി. എല്ലാ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും ശ്രീമതി നായിഡുവിനെ പോലെയുള്ളവരാണെങ്കില്‍ ആ രാജ്യം നിശ്ചയമായും ഭാഗ്യം ചെയ്തതാണ്.’

തന്റെ അവസാന നാളുകളിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന നായിഡു, 1931ല്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 1942ല്‍, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മഹാത്മ ഗാന്ധിയോടൊപ്പം അറസ്റ്റിലായ അവര്‍ രണ്ട് വര്‍ഷത്തോളം തടവില്‍ കിടന്നു. ജയിലില്‍ നിന്നും മോചിതയായ ശേഷം അവര്‍, ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫറന്‍സിന്റെ സ്റ്റിയറിംഗ് കമ്മിറ്റിക്ക് അദ്ധ്യക്ഷം വഹിച്ചു. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് അവരെ ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറായി നിയമിച്ചു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്ന ആദ്യ വനിതയാണവര്‍. അവരുടെ ആജീവനനാന്ത സംഭാവനകളും സ്ത്രീ വിമോചനത്തിനായുള്ള അവരുടെ സംഭാവനകളും പരിഗണിച്ച്, സരോജിനി നായിഡുവിന്റെ ജന്മദിനം ഇന്ത്യയില്‍ ദേശീയ വനിത ദിനമായി ആചരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍