UPDATES

ഈ പെണ്‍കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരല്ല; മംഗളത്തിന്‍െറ കെണിയില്‍ വീണവര്‍ മാത്രമാണ്

മംഗളത്തിന്‍െറ മേധാവിയുടെ കുറ്റസമ്മതത്തോടെ നമ്മള്‍ നിരന്തരം ചോദിച്ചു കൊണ്ടിരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയിരിക്കുന്നു. ഇനി ആക്ഷന്‍ എടുക്കേണ്ടത് പൊലീസാണ്.

സ്ഥലം തിരുവനന്തപുരം, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്.

വാഹനത്തില്‍ റോഡിലൂടെ കടന്നു പോവുകയായിരുന്ന ഒരു സ്ത്രീ തിരക്കുള്ള നഗരമധ്യത്തിലെ റോഡില്‍ ഒരു വിചിത്രദൃശ്യം കാണുന്നു. സുന്ദരിയായ ഒരു പെണ്‍കുട്ടി വഴിയാത്രക്കാരെ വശീകരിക്കാന്‍ നോക്കുന്നു. എത്ര ചെറുപ്പമാണ് ഈ പെണ്‍കുട്ടി, എന്തിനായിരിക്കും ഇവള്‍ ചെറുപ്പത്തിലേ ഈ തൊഴിലിനിറങ്ങിയത്, നല്ല ഐശ്വര്യവുമുണ്ട് കണ്ടാല്‍, അന്നന്നത്തെ അന്നത്തിനു വേണ്ടിയുള്ള ഓരോ പരാക്രമങ്ങള്‍ എന്നു വിചാരിച്ചപ്പോഴാണ് പെട്ടന്നൊരു മിന്നല്‍ പോലെ, ‘‘അയ്യോ ഈ കുട്ടി ഇന്നയാളുടെ മോളല്ലേ? ഇവള്‍ മംഗളത്തില്‍ പത്രപ്രവര്‍ത്തകയാണെന്നാണല്ലോ അവര്‍ പറഞ്ഞിരുന്നത് എന്നോര്‍മ വന്നത്. ഇനി ശമ്പളം കിട്ടാത്തതിനാല്‍ വയറ്റുപിഴപ്പിന് എന്ന് ഞെട്ടലോടെ ആലോചിച്ച് അവര്‍ വണ്ടിയൊതുക്കി നിര്‍ത്തി. ആ പെണ്‍കുട്ടിയുടെ അടുത്തത്തെി, ‘‘എന്താ നീയീ കാണിക്കുന്നത്? വാ… എല്ലാത്തിനും പരിഹാരമുണ്ടാക്കാം. വന്നു വണ്ടിയില്‍ കയറ് ’’എന്നു പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടി കൈ പിടി വിടുവിച്ച് പറഞ്ഞു, ‘‘ചേച്ചി വിട്, എന്‍െറ ഡ്യൂട്ടി സമയമാണ്. ഞാന്‍ ജോലിയിലാണ്’’

‘‘ജോലിയോ? എന്ത് ജോലി? നിനക്ക് മംഗളത്തിലല്ലേ ജോലി?’’

‘‘അതേ… ചേച്ചി കയ്യില്‍ നിന്നു വിട്. പുറകില്‍ വണ്ടിയില്‍ മംഗളത്തിന്‍െറ ബാക്കി പത്രപ്രവര്‍ത്തകരും ഹിഡന്‍ കാമറയുമുണ്ട്.’’

അവര്‍ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. ആറടിയിലധികം പൊക്കമുള്ള, കണ്ടാല്‍ ഗുണ്ടയെന്നു തോന്നുന്ന ഒരാളടക്കം കുറച്ചു പേര്‍ മംഗളത്തിന്‍െറ വണ്ടിയിലുണ്ട്. അവര്‍ കുറച്ചു പേര്‍ ഇവളുടെയും യാത്രക്കാരുടേയും ചലനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നു.

ദേഷ്യം കൊണ്ട് കണ്ണു കാണാതായ അവര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചു വണ്ടിയില്‍ കയറ്റി.

‘‘എന്തായിരുന്നു നിങ്ങള്‍ റോഡില്‍ ചെയ്തിരുന്നത്? ഇതെങ്ങനെയാണ് മാധ്യമപ്രവര്‍ത്തനമാവുന്നത്?’’

‘‘അത് കേരളത്തിലെ റോഡുകളില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും പുരുഷന്മാര്‍ ഞരമ്പു രോഗികളാണെന്നും വാര്‍ത്ത കൊടുക്കാന്‍ വേണ്ടി ഞങ്ങള്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തുകയായിരുന്നു.’’

‘‘അതിനാണോ നീ ശരീരം വില്‍ക്കാന്‍ റോഡിലിറങ്ങി നില്‍ക്കുന്നവരെ പോലെ കടും നിറമുള്ള വസ്ത്രവും കടുത്ത ലിപ്സ്റ്റിക്കും കനത്ത മേക്കപ്പുമായി പുരുഷന്‍മാരെ വശീകരിക്കുന്നത്? ഇതെവിടുന്നു കിട്ടി ഈ വസ്ത്രവും മെയ്ക്കപ്പും?’’

‘‘അത് കമ്പനി തരുന്നതാണ്. ഇഷ്ടമുള്ള ബ്യൂട്ടി പാര്‍ലറില്‍ പോവാന്‍ കമ്പനി പൈസ തരും. അവിടെ നിന്നും മെയ്ക്ക് അപ് ചെയ്തതാണ്.’’

‘‘കഷ്ടം. സത്യത്തില്‍ നീ അവരെ വശീകരിക്കുകയായിരുന്നില്ലേ? അല്ലാതെ നീ മാന്യമായി റോഡിലൂടെ പോയപ്പോള്‍ ആരെങ്കിലും നിന്നോട് മോശമായി പെരുമാറിയോ? നിന്‍െറ നില്‍പ്പും ഭാവവും കണ്ടാല്‍ നീ ശരീരം വില്‍ക്കുന്നവളാണെന്നു കരുതിയല്ലേ ആളുകള്‍ നിന്നെ ശ്രദ്ധിക്കുന്നത്? ഇത് പത്രപ്രവര്‍ത്തനമോ സ്റ്റിങ് ഓപ്പറേഷനോ അല്ല. ശുദ്ധതെമ്മാടിത്തരമാണ്. മതി നിന്‍െറ മംഗളത്തിലെ ജോലി.’’

പെണ്‍കുട്ടിയെ ബലമായി പിടിച്ച് അതിന്‍െറ വീട്ടിലത്തെിക്കുകയും കാര്യങ്ങള്‍ അവളുടെ മാതാപിതാക്കളുമായി സംസാരിക്കുകയും പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു എന്നതാണ് കഥയുടെ അവസാനം. അപ്പോഴും പെണ്‍കുട്ടിയുടെ വേവലാതി ഇതാണ്, പത്രപ്രവര്‍ത്തനമെന്നു തെറ്റിദ്ധരിച്ച് അവളും കൂട്ടുകാരും കുറേയധികം പേരുടെ വീഡിയോയും ശബ്ദരേഖയും ഇങ്ങനെ പല തരത്തില്‍ ഉണ്ടാക്കി മംഗളത്തിനു കൊടുത്തിരുന്നുവെന്നും അതിനി എന്താവുമെന്നുമായിരുന്നു.

ഇതിലെ കഥാപാത്രങ്ങളോ സ്ഥലമോ സംഭവമോ സംഭാഷണമോ സാങ്കല്‍പ്പികമല്ല. സംഭവിച്ചതാണ്.

ഈ സംഭവം കേട്ടപ്പോള്‍ പെട്ടന്ന് വൈശാലി എന്ന സിനിമയും അതിലെ ഋഷ്യശൃംഗനെ വശീകരിക്കാനായി നിയോഗിക്കപ്പെട്ട കന്യകയായ പെണ്‍കുട്ടിയേയും ഞാന്‍ ഓര്‍ത്തു. അത്തരത്തില്‍ തങ്ങള്‍  രാജ്യനന്മയ്ക്ക് ഉതകുന്ന എന്തോ ചെയ്യുന്നുവെന്നു തെറ്റിദ്ധരിച്ചാണ് പെണ്‍കുട്ടികള്‍ ഇതിനൊക്കെ തയ്യാറായത്. അവര്‍ കരുതിയത് എന്തോ വലിയ വാര്‍ത്ത പുറത്തു വരാനാണ് തങ്ങളൊക്കെ ഇങ്ങനെ ചെയ്യാന്‍ നിയോഗിക്കപ്പെടുന്നത് എന്നായിരുന്നു. ഇത്രയും ബുദ്ധിമുട്ടുള്ളതാണ് പത്രപ്രവര്‍ത്തനമെന്നും അതിനു ശരീരം വരെ ചിലപ്പോള്‍ വില്‍ക്കേണ്ടി വരുമെന്നും അവര്‍ വിശ്വസിച്ചു.

ഇതാണ് മംഗളത്തിലെ പത്രപ്രവര്‍ത്തനം. അല്ലെങ്കില്‍  ഇതാണ് പത്രപ്രവര്‍ത്തനമെന്നു കുറേ പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ ചൂഷണം ചെയ്യുകയായിരുന്നു. എങ്ങനെ ഈ പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു എന്നതിന്‍െറ ഉത്തരവും ലളിതമാണ്. ഈ പെണ്‍കുട്ടികളൊന്നും പത്രപ്രവര്‍ത്തനത്തിന്‍െറ ബാലപാഠങ്ങള്‍ പോലും പഠിച്ചവരല്ല. എന്താണ് വാര്‍ത്ത എന്നോ എന്തായിരിക്കണം വാര്‍ത്ത എന്നോ വാര്‍ത്തയെടുക്കാന്‍ എന്തൊക്കെ ചെയ്യാമെന്നോ ചെയ്തു കൂടെന്നോ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതല്ലെന്നോ, ഉള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതാണ് വാര്‍ത്തയെന്നോ ഇവര്‍ക്കറിയുമായിരുന്നില്ല. കാണാന്‍ സൗന്ദര്യമുള്ള, പത്രപ്രവര്‍ത്തനവുമായോ മാനവിക വിഷയങ്ങളുമായോ ബന്ധപ്പെട്ട ഒന്നും പഠിക്കാത്ത ചില കുട്ടികളെയാണ് മംഗളം ഇതിനായി തെരഞ്ഞെടുത്തതും നിയോഗിച്ചതും. അവരെ സന്തോഷിപ്പിക്കാനായി മംഗളം അവരെ പത്രപ്രവര്‍ത്തകര്‍ എന്നു പേരിട്ടു വിളിച്ചു. അവര്‍ക്ക് മംഗളം ഉയര്‍ന്ന പ്രതിഫലമല്ല നല്‍കിയത്. പകരം ഇഷ്ടമുള്ള ബ്യൂട്ടി പാര്‍ലറില്‍ പോവാനും സൗന്ദര്യം സംരക്ഷിക്കാനുമുള്ള സൗകര്യമായിരുന്നു. ലൈബ്രറിയല്ല, മംഗളം ഇവര്‍ക്കായി ഒരുക്കിയത്; സൗന്ദര്യസംരക്ഷണശാലകളാണ്. സൗന്ദര്യമുള്ള ശരീരമാണ് പത്രപ്രവര്‍ത്തക എന്നാണ് മംഗളം അവരെ തെറ്റിദ്ധരിപ്പിച്ചത്. ബുദ്ധിയും ചിന്താശേഷിയും വായനാശീലവും ന്യൂസ് സെന്‍സും വാര്‍ത്തകളോടുള്ള പ്രണയവുമാണ് ഒരു പത്രപ്രവര്‍ത്തകയുടെ സൗന്ദര്യം എന്നവര്‍ പറഞ്ഞു കൊടുത്തില്ല.

എഴുതാന്‍ അറിയുന്ന ന്യൂസ് സെന്‍സുള്ള ആര്‍ക്കും പത്രപ്രവര്‍ത്തകരാവാം എന്നായിരുന്നു ഇന്നലെ വരെ എന്‍െറ ധാരണ. എന്നാല്‍ ഇത്രയും അപകടം അതിനു പിന്നിലുണ്ടെന്ന് മനസിലായത് ഇപ്പോഴാണ്. പത്രപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തനം പഠിക്കുക തന്നെ വേണം. മാധ്യമപഠനകേന്ദ്രങ്ങളില്‍ നിന്നല്ലെങ്കില്‍ ഗുരുതുല്യരായ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ നിന്നെങ്കിലും പഠിക്കണം എന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അല്ലെങ്കില്‍ കുരങ്ങന്‍െറ കയ്യില്‍ കിട്ടിയ പൂമാലയാവും മനുഷ്യരുടെ ജീവിതം.

ഈ പെണ്‍കുട്ടികളെ മാധ്യമപ്രവര്‍ത്തകര്‍ എന്നു വിളിക്കുന്നത് നമുക്ക് അവസാനിപ്പിക്കാം. അവര്‍ മാധ്യമപ്രവര്‍ത്തകരല്ല. മംഗളത്തിന്‍െറ കെണിയില്‍ വീണ പെണ്‍കുട്ടികള്‍ മാത്രമാണ്. അവരെ മാധ്യമപ്രവര്‍ത്തകര്‍ എന്നു വിളിക്കും തോറും അപമാനിക്കപ്പെടുന്നത് അന്തസായി ഈ ജോലി ചെയ്തു ജീവിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്.

ഇന്നലെ മംഗളത്തിന്‍െറ മേധാവി തങ്ങള്‍ക്കു തെറ്റു പറ്റിയെന്നും ഖേദിക്കുന്നുവെന്നും പറഞ്ഞു. പക്ഷേ അദ്ദേഹം കൂട്ടത്തില്‍ അത്യന്തം മനുഷ്യത്വവിരുദ്ധമായ ഒരു കാര്യം കൂടി പറഞ്ഞു. മംഗളത്തില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി തന്നിഷ്ടപ്രകാരം ചെയ്തതാണ് ഇതൊക്കെ എന്നും മറ്റാര്‍ക്കും ഇതറിയില്ലായിരുന്നുവെന്നും. ചുരുക്കി പറഞ്ഞാല്‍ എല്ലാ വൃത്തികേടും കുറ്റകൃത്യങ്ങളും ആ പെണ്‍കുട്ടിയുടെ തലയില്‍ വച്ച് അദ്ദേഹം അങ്ങ് തടിയൂരി. അദ്ദേഹത്തിന് അങ്ങനെ തടിയൂരാനാവില്ലെന്നും മുകളില്‍ പറഞ്ഞതൊക്കെയായിരുന്നു മംഗളത്തിന്‍െറ സ്റ്റിങ് ഓപ്പറേഷന്‍ എന്ന പേരില്‍ നടത്തിയ വൈകൃത തെരുവുനാടകങ്ങള്‍ എന്നും സൂചിപ്പിക്കാനാണ് മുകളിലെ സംഭവ കഥ എഴുതിയത്. സത്യത്തില്‍ ഇതില്‍ പങ്കാളികളായ പെണ്‍കുട്ടികളൊക്കെ ഇരകളാണ്. മംഗളമൊരുക്കിയ കെണിയില്‍ ആദ്യം വീണത് എകെ ശശീന്ദ്രനോ മറ്റു പൗരപ്രമുഖരോ അല്ല. ഞങ്ങള്‍ പറയുന്നതൊക്കെ കേട്ടാല്‍ നിങ്ങളെ കേരളമറിയപ്പെടുന്ന പ്രശസ്തരായ പത്രപ്രവര്‍ത്തകരാക്കാം എന്ന മംഗളത്തിന്‍െറ കെണിയില്‍ ആദ്യം വീണത് ഈ പെണ്‍കുട്ടികളാണ്.

പത്രപ്രവര്‍ത്തനത്തിന്‍െറ അരികും മൂലയുമെങ്കിലും പഠിച്ചിരുന്നെങ്കില്‍ പോലും ഈ പെണ്‍കുട്ടികള്‍ ഇത് ചെയ്യുമായിരുന്നില്ല. അവരെ കുറ്റപ്പെടുത്താന്‍ ഞാനില്ല. കാരണം തങ്ങള്‍ ചെയ്യുന്നത് എന്താണെന്നു അവര്‍ക്കറിയുമായിരുന്നില്ല. തങ്ങള്‍ പങ്കാളികളാവുന്ന കുറ്റകൃത്യത്തിന്‍െറ വ്യാപ്തി അവര്‍ക്കറിയുമായിരുന്നില്ല. ക്രിമിനല്‍ കുറ്റമാണ് പത്രപ്രവര്‍ത്തനം എന്ന പേരില്‍ തങ്ങളെകൊണ്ട് ചെയ്യിപ്പിക്കുന്നത് എന്നും അവര്‍ക്കറിയുമായിരുന്നില്ല. അതിനാല്‍ തന്നെ നമ്മളാരും അവരെ ഒറ്റപ്പെടുത്തി ആക്രമിക്കരുത്. നാം വിരല്‍ ചൂണ്ടേണ്ടത് അതിനു ചുക്കാന്‍ പിടിച്ചവര്‍ക്കെതിരെ തന്നെയാണ്.

മംഗളത്തിന്‍െറ മേധാവിയുടെ കുറ്റസമ്മതത്തോടെ നമ്മള്‍ നിരന്തരം ചോദിച്ചു കൊണ്ടിരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയിരിക്കുന്നു. ഇനി ആക്ഷന്‍  എടുക്കേണ്ടത് പൊലീസാണ്.

1. ആരാണ് പരാതി നല്‍കാന്‍ എത്തിയ സ്ത്രീ?  – പത്രപ്രവര്‍ത്തനം എന്തെന്നറിയാത്ത മംഗളത്തിന്‍െറ കെണിയില്‍ പെട്ടു പോയ പെണ്‍കുട്ടി
2. മന്ത്രിയെ കുടുക്കാന്‍ വേണ്ടി നിങ്ങള്‍ നിയോഗിച്ച വാടക പരാതിക്കാരിയാണോ ഇവര്‍? – വാടക പോയിട്ട് അഞ്ചു പൈസ കൊടുത്തില്ല. കൊടുത്തത് ബ്യൂട്ടി കിറ്റ്
3. എന്തായിരുന്നു സ്ത്രീയുടെ പരാതി? –  ഞാന്‍ അങ്ങയെ തീവ്രമായി പ്രണയിക്കുന്നു. എന്നിട്ടും അങ്ങെന്നെ വേണ്ടത്ര പ്രണയിക്കുന്നില്ലല്ലോ..
4. പരാതി നല്‍കിയ സ്ത്രീ എന്തിന് തന്‍െറ മൊബൈല്‍ നമ്പര്‍ മന്ത്രിക്കു നല്‍കി?- താന്‍ കുറേ കാലമായി അങ്ങയെ പ്രണയിക്കുന്നുവെന്നും കൂടെ കഴിയാന്‍ ആഗ്രഹമുണ്ടെന്നും അവസരമൊരുക്കി തരണമെന്നും പറഞ്ഞതിന്‍െറ മറുപടി ഫോണില്‍ കിട്ടാന്‍.
5. മന്ത്രി ഇത്തരം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ പ്രോത്സാഹിപ്പിച്ചത് എന്തിന്? – അതായിരുന്നു മംഗളം പത്രപ്രവര്‍ത്തനമെന്ന പേരില്‍ അവളെ ഏല്‍പ്പിച്ച ജോലി. അവള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തു
6. എത്ര കാലം മന്ത്രിയും സ്ത്രീയും തമ്മില്‍ ഇത്തരത്തില്‍ സംസാരിച്ചു? – കാലങ്ങളോളം, ദിവസങ്ങളോളം. മന്ത്രി വിശ്വസിച്ചു പോയി ഈ പെണ്‍കുട്ടി തന്നെ പ്രണയിക്കുന്നുവെന്ന്.
7. എത്ര കാലത്തെ പരിചയവും ബന്ധവുമാണ് മന്ത്രിയും സ്ത്രീയും തമ്മില്‍ ഉള്ളത്? – മാസങ്ങളുടെ പരിചയം.
8. മന്ത്രിയും സ്ത്രീയും തമ്മില്‍ എത്ര തവണ നേരില്‍ കണ്ടു?- പല തവണ. വിശ്വാസം നേടിയെടുക്കാന്‍ അതാവശ്യമായിരുന്നു. മന്ത്രിയെ ഈ നിലയില്‍ എത്തിക്കാന്‍ അതാവശ്യമായിരുന്നു.
9. പരാതി നല്‍കാന്‍ എവിടെ എത്തിയ സ്ത്രീ? – മന്ത്രിയുടെ തിരുവന്തപുരം ഓഫീസില്‍.
10. മന്ത്രി സ്ത്രീക്ക് എന്തെങ്കിലും വാഗ്ദാനം നല്‍കിയിരുന്നോ? – തന്‍െറ തീവ്രവും തീക്ഷ്ണവുമായ പ്രണയം.
11. മന്ത്രി തന്‍െറ ഒൗദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തോ? – ഇല്ല. അദ്ദേഹം അവളെ ആത്മാര്‍ത്ഥമായി പ്രണയിച്ചു പോയി.
12. ആരാണ് ഫോണ്‍ ചോര്‍ത്തിയത്? – പത്രപ്രവര്‍ത്തനം എന്തെന്നറിയാത്ത മംഗളത്തിന്‍െറ കെണിയില്‍ പെട്ടു പോയ നിസഹായയായ പെണ്‍കുട്ടി.
13. ആ സ്ത്രീ തന്നെയാണോ നിങ്ങള്‍ക്ക് ഫോണ്‍ റെക്കോര്‍ഡു ചെയ്തു തന്നത്? അണ്‍ എഡിറ്റഡ് ഓഡിയോ ക്ളിപ്പ് പുറത്തു വിടാന്‍ എന്താണ് തടസം? – അതെ. അണ്‍എഡിറ്റഡ് ക്ളിപ്പു വിട്ടാല്‍ പത്രപ്രവര്‍ത്തകയെന്നു മംഗളം ഓമനപേരിട്ടു വിളിക്കുന്ന  പെണ്‍കുട്ടി അങ്ങോട്ടു സംസാരിച്ച ഇതിനപ്പുറമുള്ള കാമവും പ്രണയവും നാട്ടുകാര്‍ കേട്ടാല്‍ ചെവി പൊത്തുകയും മംഗളം അടിച്ചു പൊളിക്കുകയും ചെയ്യും.
14. സ്ത്രീക്ക് മന്ത്രി തന്നോട് അപമര്യാദയായി പെരുമാറി എന്നോ മറ്റന്തെങ്കെിലും മോശത്തരം കാണിച്ചുവെന്നോ പരാതി ഉണ്ടോ? ഉണ്ടെങ്കില്‍ എന്താണ് സ്ത്രീയുടെ പരാതി? – പരാതിയില്ലെന്നു മാത്രമല്ല ഇപ്പോഴും അവര്‍ കരുതുന്നത് താന്‍ ചെയ്തത് മഹത്തായ പത്രപ്രവര്‍ത്തനം എന്നാണ്. ഇതാണ് പത്രപ്രവര്‍ത്തനം എന്നു കരുതി അവള്‍ അഭിമാനിക്കുകയാണ്.
15. അവസാനമായി ഒരു ചോദ്യം ഇതിലെ വാര്‍ത്ത എന്താണ്? പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള അവര്‍ ഇടപെടേണ്ട എന്തു വിഷയമാണ് ഇതില്‍ ഉള്ളത്? – ഇതിലെ വാര്‍ത്ത മംഗളത്തിലെ കുറച്ചു സാമൂഹ്യദ്രോഹികള്‍ കുറച്ചു പെണ്‍കുട്ടികളെ ചൂഷണം ചെയ്തെന്നും ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് അത് മനസിലായിട്ടില്ലെന്നതുമാണ്. അത് ഗുരുതരമായ വിഷയമാണ്. പൊതുജനങ്ങള്‍ ഇടപെടണം. പൊലീസ് ക്രിമിനല്‍ കേസെടുക്കണം.

എന്നാല്‍ മംഗളം മേധാവി ഇങ്ങോട്ടു ചോദിച്ച ഐശ്യര്യറായ് എന്തിനാണ് അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത് എന്നതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അദ്ദേഹം തന്നെ അടുത്ത ലൈവില്‍ പറഞ്ഞു തരും എന്നു കരുതുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുനിത ദേവദാസ്

സുനിത ദേവദാസ്

മാധ്യമ പ്രവര്‍ത്തക. കാനഡയില്‍ താമസിക്കുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍