UPDATES

ട്രെന്‍ഡിങ്ങ്

ഗംഗൈ അമരന്റെ കോടികളുടെ ഫാം ഹൌസ് മന്നാര്‍ഗുഡി മാഫിയ 13 ലക്ഷത്തിനു സ്വന്തമാക്കിയ കഥ

സുപ്രീം കോടതി ശശികലയെ ജയിലിലേക്ക് അയക്കുമ്പോള്‍ ആഹ്ളാദിക്കുന്നവരില്‍ മന്നാര്‍ഗുഡി മാഫിയയുടെ ഭീഷണിയില്‍ സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ട നിരവധി പേരുണ്ട്

അയ്യായിരം കോടിക്കുമേല്‍ സ്വത്തുവകകള്‍ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട് മന്നാര്‍ഗുഡി മാഫിയ. അതില്‍ പലതും പലരെയും ചതിച്ചും ഭീഷണിപ്പെടുത്തിയും തട്ടിയെടുത്തവ. സുപ്രീം കോടതി ശശികലയെ ജയിലിലേക്ക് അയക്കുമ്പോള്‍ ആഹ്ളാദിക്കുന്നവരില്‍ മന്നാര്‍ഗുഡി മാഫിയയുടെ ഭീഷണിയില്‍ സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ടവരുമുണ്ട്. അവരില്‍ ഒരാളാണ് സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍.

ഇയളരാജയുടെ സഹോദരന്‍, നടന്‍ പ്രേംജി അമരന്റെയും സംവിധായകന്‍ വെങ്കിട് പ്രഭുവിന്റെയും പിതാവ്, ചലച്ചിത്ര സംവിധായകന്‍ എന്ന നിലയിലും ഗംഗൈ അമരന്‍ പ്രശസ്തന്‍. തമിഴ്‌നാട്ടില്‍ പേരും ആദരവും ഉള്ള ഒരാളെ തന്നെ ഭീഷണിപ്പെടുത്തി അയാളുടെ കൈവശം ഉണ്ടായിരുന്ന വസ്തു മന്നാര്‍ഗുഡി മാഫിയ തട്ടിയെടുത്ത കഥയാണു ഗംഗൈ അമരനുമായി ബന്ധപ്പെട്ടുള്ളത്.

മന്നാര്‍ഗുഡി മാഫിയ തന്നോടു ചെയ്ത ചതി ഗംഗൈ അമരന്‍ പറയുന്നത് ഇങ്ങനെയാണ്;

പാട്ടുപാടിയും ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയും സംഗീത സംവിധാനം ചെയ്തും പിന്നെ ലോ ബഡ്ജറ്റ് സിനിമകളുടെ സംവിധായകന്‍ എന്ന നിലയിലെല്ലാം വളരെ കഷ്ടപ്പെട്ടു സമ്പാദിച്ച പണം കൊണ്ടാണ് ഇസിആറിലെ പയനൂറില്‍ 22 ഏക്കര്‍ സ്ഥലം വാങ്ങി ഒരു ഫാം ഉണ്ടാക്കിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട സമ്പാദ്യങ്ങളിലൊന്ന്. ഒരു ദിവസം രാവിലെ സുധാകരന്‍ എത്തി, ശശികലയുടെ മരുമകന്‍. മുഖ്യമന്ത്രിക്കു കാണണം എന്ന വിവരം അറിയിച്ചു. അങ്ങനെ ജയലളിതയെ കാണാനായി സുധാകരനൊപ്പം പോയി. മുഖ്യമന്ത്രിക്കു സമ്മാനിക്കാനായി ഒരു പൂക്കുടയും കരുതിയിരുന്നു. എന്നാല്‍ ആ പൂക്കൂട സ്വീകരിക്കുക മാത്രം ചെയ്തശേഷം ജയലളിത അകത്തേക്കു പോവുകയായിരുന്നു. അതിനുശേഷം ശശികലയുടെ കുടുംബത്തില്‍ നിന്നും ഒരു വിവരം തന്നെ തേടി വന്നു. ഫാമും ആ സ്ഥലവും ജയലളിതയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്നും അവ വാങ്ങിക്കാന്‍ താത്പര്യമുണ്ടെന്നും. പക്ഷ താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു സ്വന്തമാക്കിയ വസ്തു വില്‍ക്കാന്‍ താത്പര്യമില്ലെന്നു മര്യാദയോടെ അവരെ അറിയിച്ചു. പക്ഷേ ആ മറുപടിയ്ക്കുണ്ടായ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ദിവസം രാവിലെ വീടിനു മുന്നില്‍ ഒരു സംഘം വന്നിറങ്ങി. ആ കൂട്ടത്തില്‍ ഒരാള്‍ സബ് രജിസ്ട്രാര്‍ ആയിരുന്നു. വന്നവര്‍ ഭീഷണി മുഴക്കി തന്നെയും കുടുംബത്തെയും കൊണ്ട് നിര്‍ബന്ധപൂര്‍വം ആ വസ്തു എഴുതി വാങ്ങിപ്പിച്ചു. ശശികലയുടെ പേരില്‍ ആയിരുന്നു വസ്തു രജിസ്റ്റര്‍ ചെയ്തത്. കോടികള്‍ വിലവരുന്ന പ്രോപ്പര്‍ട്ടിക്ക് അവര്‍ ഇട്ട വിലയാകട്ടെ വെറും പതിമൂന്നു ലക്ഷം രൂപ മാത്രം.

എന്നാല്‍ ഈ വിവരം നേരത്തെ പുറത്തു വന്നെങ്കിലും ഗംഗൈ അമരന്‍ ഈ കാര്യം സ്ഥിരീകരിച്ചത് ജയലളിതയുടെ മരണശേഷം മാത്രമാണ്. ജയലളിതയുടെ മരണശേഷം പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ഇത്തരം ദുരനുഭവങ്ങള്‍ പുറത്തു പറഞ്ഞു രംഗത്തു വന്നിട്ടുണ്ട്. അതിലെല്ലാം പ്രധാന വില്ലന്‍ ശശികലയുടെ മന്നാര്‍ഗുഡി മാഫിയയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍