UPDATES

ട്രെന്‍ഡിങ്ങ്

ശശികല പിന്‍സീറ്റിലിരുന്ന് ഭരിക്കും; വിശ്വസ്തനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം

സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയെയോ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്‌

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ മുഖ്യമന്ത്രിയാകാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുന്നതായി സൂചന. നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവന്ന് പിന്‍സീറ്റിലിരുന്ന് ഭരിക്കാനാണ് ശശികലയുടെ നീക്കം.

മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ് പുതിയ നീക്കം. പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാനാണ് ശശികലയുടെ ശ്രമം. ഇതിനിടെ ശശികല പക്ഷത്തുണ്ടായിരുന്ന പാര്‍ട്ടി വക്താവും കൂറുമാറിയതും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പാര്‍ട്ടി വക്താവ് പൊന്നയ്യന്‍ ആണ് പനീര്‍സെല്‍വം ക്യാമ്പിലേക്ക് കൂറുമാറിയത്. അണ്ണാ ഡിഎംകെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് പൊന്നയ്യന്‍. ജയലളിതയുടെ ആത്മാവ് ശശികലയെ നയിക്കുമെന്നാണ് പൊന്നയ്യന്‍ നേരത്തെ പറഞ്ഞിരുന്നത്.

മുഖ്യമന്ത്രി സ്ഥാനം കൈയാളാനുള്ള ശശികലയുടെ നീക്കത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി രണ്ട് മന്ത്രിമാരും രണ്ട് എംപിമാരും ഇന്ന് രാവിലെ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒളിവില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയ ശശികല നിയമസഭ കക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിലവില്‍ നിയമസഭ കക്ഷി നേതാവായ ശശികലയെ പിന്തുണയ്ക്കാന്‍ ചില എംഎല്‍എമാര്‍ കൂടി വിമുഖത പ്രകടിപ്പിച്ചതായാണ് അറിയുന്നത്.

ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായി നിയമിക്കപ്പെട്ട കെ എ സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയെയോ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. ഇരുവരും ശശികലയുടെ വിശ്വസ്തരാണ്. ഇത്തരമൊരു നീക്കം നടത്തിയാല്‍ ഗവര്‍ണര്‍ക്കും എതിര്‍പ്പുന്നയിക്കാന്‍ സാധിക്കില്ല. അതോടെ കാര്യങ്ങള്‍ പൂര്‍ണ നിയന്ത്രണത്തിലാകുന്നത് വരെ ശശികലയ്ക്ക് പിന്‍സീറ്റിലിരുന്ന് ഭരണം നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍