UPDATES

ശശികലയെ നിരോധിക്കൂ, വല്ലപ്പുഴ സ്കൂളിനെ സംരക്ഷിക്കൂ; പ്രതിഷേധം ശക്തം

അഴിമുഖം പ്രതിനിധി

പാലക്കാട് വല്ലപ്പുഴയില്‍ താന്‍ പഠിപ്പിക്കുന്ന സ്‌കൂളും ആ പ്രദേശം തന്നെയും പാകിസ്ഥാനാണെന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പ്രസംഗം വിവാദമാകുന്നു. ശശികലയുടെ പ്രസംഗത്തിനെതിരെ വല്ലപ്പുഴയില്‍ പ്രതിഷേധം ശക്തമാവുകയാണ്. വല്ലപ്പുഴ ഗവ.ഹൈസ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് നിലവില്‍ ശശികല.

വിവാദ പ്രസംഗത്തോടുളള പ്രതിഷേധമായി വെളളിയാഴ്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചിരുന്നു. പിന്നീട് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രകടനവും നടന്നു. ‘സേവ് വി എച്ച് എസ്, ബാന്‍ ശശികല’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്‌കൂളില്‍ വേണ്ട എന്ന മുദ്രാവാക്യങ്ങളുമായി ആയിരുന്നു പ്രകടനം. ഉച്ചക്ക് മൂന്ന്  മണിക്ക് ശേഷം സ്‌കൂളില്‍ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസമായി സ്കൂളിന് പോലീസ് കാവലുണ്ട്. 

അതേ സമയം തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളില്‍ അനിശ്ചിതകാല പഠിപ്പ് മുടക്കല്‍ സമരം ആരംഭിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യമുന്നണി ആഹ്വാനം ചെയ്തു. രക്ഷിതാക്കളും ഇതിന് അനുകൂലമാണ്. പ്രശ്‌ന പരിഹാരത്തിന് ശനിയാഴ്ച്ച സ്‌കൂളില്‍ പി ടി എ കൂടുന്നുണ്ട്.

2011ല്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാകിസ്ഥാനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാകിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമര്‍ശം. ഈ പ്രസംഗവും അവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ കേസിന് ആധാരമായ പ്രസംഗങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നുവെന്ന ന്യായീകരണത്തോടെ സമീപകാല പ്രസംഗങ്ങളില്‍ ഈ ആക്ഷേപം ആവര്‍ത്തിച്ചതോടെയാണ് വല്ലപ്പുഴയില്‍ ശശികലയ്‌ക്കെതിരെ പ്രതിഷേധം കത്താന്‍ തുടങ്ങിയത്.

വര്‍ഷങ്ങളായി മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും കെ പി ശശികലയെന്ന അധ്യാപികയ്‌ക്കെതിരെ വല്ലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളിലോ നാട്ടിലോ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ശശികലയുടെ രാഷ്ട്രീയം സ്‌കൂളിനെ ബാധിച്ചിരുന്നില്ല. പക്ഷെ സ്‌കൂളിനേയും നാടിനേയും പാകിസ്ഥാനോട് ഉപമിച്ചതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു.

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പേരില്‍ പ്രസംഗിച്ച ശശികല ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അവരെ അറസ്റ്റ് ചെയ്യുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്യണമെന്നാണ് ജനകീയ പ്രതികരണ വേദിയുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പ്രകടനം നടത്തിയിരുന്നു. മറുപടിയെന്നോണം സംഘപരിവാര്‍ സംഘടനകള്‍ ശശികലയ്ക്ക് അനുകൂലമായി പ്രകടനം നടത്തി. തുടര്‍ന്നാണ് രാഷ്ട്രീയഭേദമെന്യേ ജനകീയ പ്രതികരണ വേദി സംഘടിപ്പിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പളുമായി അഴിമുഖം പ്രതിനിധി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍