UPDATES

ട്രെന്‍ഡിങ്ങ്

ഇക്കണക്കിന് പോയാല്‍ ബെഡ്‌റൂമില്‍ ക്യാമറ വച്ച് ഒരാളുടെ സ്വയംഭോഗം ചിത്രീകരിക്കാനും മടിക്കില്ല: ശശികുമാര്‍

ഒരു കെണിയൊരുക്കി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ സമൂഹത്തിന് മുന്നില്‍ താറടിച്ചുകാണിക്കുന്ന രീതിയില്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളെ അംഗീകരിക്കാനാകില്ല

മന്ത്രി എകെ ശശീന്ദ്രനെതിരെ മംഗളം ചാനല്‍ നടത്തിയ ഹണീ ട്രാപ്പ് മാധ്യമസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. ചാനല്‍ ലൈംഗിക സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് മന്ത്രി രാജിവയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കിടെയാണ് അദ്ദേഹം ചാനലിന്റെയോ മന്ത്രിയുടെയോ പേരെടുത്ത് പരാമര്‍ശിക്കാതെ അഭിപ്രായം രേഖപ്പെടുത്തിയത്.

രാഷ്ട്രീയ അധികാരത്തെ പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് മാധ്യമധര്‍മ്മം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു കെണിയൊരുക്കി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ സമൂഹത്തിന് മുന്നില്‍ താറടിച്ചുകാണിക്കുന്ന രീതിയില്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളെ അംഗീകരിക്കാനാകില്ല. വ്യക്തികളുടെ സമൂഹത്തിലെ അന്തസിനെയും അഭിമാനത്തെയും നശിപ്പിക്കാനാണ് ഇത് സഹായിക്കൂ. ഇത്തരം പ്രവര്‍ത്തികള്‍ മാധ്യമങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ വര്‍ദ്ധിപ്പിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയോടാണ് ലൈംഗിക സംഭാഷണം നടത്തുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ചാനല്‍ ഇതിന്റെ സാഹചര്യം എവിടെയും വ്യക്തമാക്കുന്നില്ല. എഡിറ്റ് ചെയ്ത സംഭാഷണമാണ് ചാനലില്‍ കാണിക്കുന്നത്. അപ്പുറത്തുള്ള ആള്‍ എന്താണ് പറയുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഇത് നൈതികതയ്ക്ക് വിരുദ്ധവും ദുരുദ്ദേശ പരവുമായ മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരണവുമാണ്.

എന്താണ് പരാതിയെന്നോ, ആരാണ് പരാതിക്കാരിയെന്നോ എവിടെയാണ് പരാതി നല്‍കിയതെന്നോ ചാനല്‍ വ്യക്തമാക്കുന്നില്ല. ഇക്കണക്കിന് പോയാല്‍ ബെഡ്‌റൂമിലും ബാത്ത്‌റൂമിലും അദൃശ്യകാമറ വച്ച് സ്വയംഭോഗം ചെയ്യുന്നതും ചിത്രീകരിച്ച് ഒരാളുടെ സാമൂഹ്യ അന്തസിനെ തകര്‍ക്കാനും ഇവര്‍ മടിക്കില്ല. ഇത്തരം മാധ്യമപ്രവര്‍ത്തനമല്ല ഇവിടെ ആവശ്യമെന്നും ഇത് അപമാനിക്കലാണെന്നും ശശികുമാര്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍