UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശാസ്താംകോട്ട ഡിബി കോളേജില്‍ നാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയെന്ന് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികളുടെ വിവരാവകാശ ചോദ്യത്തിന് 50 ദിവസമായിട്ടും മറുപടിയില്ല

ശാസ്താംകോട്ട  ദേവസ്വം ബോര്‍ഡ് കോളേജില്‍ നാക് (നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) സന്ദര്‍ശനവുമായി ബന്ധപ്പെട്ട വരവ് ചിലവ് കണക്കുകളുടെ രേഖ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ 50 ദിവസം പിന്നിട്ടിട്ടും മറുപടി നല്‍കാതെ മാനേജ്‌മെന്റ് ഒഴിഞ്ഞു മാറുന്നു. അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കോളേജില്‍ നടന്ന വന്‍ അഴിമതി പുറത്ത് വരുന്നത് ഭയന്നിട്ടാണ് വിവരം നല്‍കാന്‍ തയാറാവാത്തത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനകം വിവരം നല്‍കണമെന്നതൊക്കെ കാറ്റില്‍ പറത്തിയാണ് മാനേജ്‌മെന്റ് മൗനം പാലിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്ക് മറുപടി നല്‍കണമെങ്കില്‍ പകര്‍പ്പുകള്‍ക്ക് ഓരോന്നിനും നിശ്ചിത തുക അടക്കണമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇത് നിയമ പരമല്ലെന്നും തുക അടക്കാന്‍ പറ്റില്ലെന്ന് വിദ്യാര്‍ത്ഥികളും പറഞ്ഞു.

കോളേജില്‍ നാക് സംഘം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്നാണ് ഇത്തരമൊരു അപേക്ഷ നല്‍കാന്‍ തങ്ങള്‍ മുതിര്‍ന്നതെ ന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. 2017 ജനുവരി 24നാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിവരാവകാശ നിയമ പ്രകാരം കോളേജില്‍ അപേക്ഷ നല്‍കിയത്. ആദ്യം ഈ രേഖകള്‍ എല്ലാം പ്രത്യേകിച്ച് മിനുട്‌സ് കോപ്പി രഹസ്യ രേഖയാണെന്ന് പറഞ്ഞ മാനേജുമെന്റ് അധികൃതര്‍ വിവരം നല്‍കാതിരിക്കുന്നത് വലിയ കുറ്റമാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം നല്‍കണമെങ്കില്‍ 500 രൂപയുടെ മുദ്രപ്പത്രവും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

നാക് സംഘം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോളേജിന് എത്ര രൂപ ലഭിച്ചു? അതില്‍ തന്നെ എത്ര രൂപ ചിലവഴിച്ചു? അതില്‍ പി.ടി.എ ഫണ്ടില്‍ നിന്ന് എത്ര രൂപ ചിലവഴിച്ചു? തുടങ്ങിയ പ്രധാന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ ചോദിച്ചിരിക്കുന്നത്. ഒപ്പം ഓരോ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും എത്ര രൂപ ചിലവഴിച്ചു എന്നും നാക് അംഗീകാരത്തിന്റ ഭാഗമായുള്ള മുഴുവന്‍ വരവ് ചിലവ് കണക്കുകളുടെയും സാക്ഷ്യപ്പെടുത്തിയ കണക്ക് ലഭ്യമാക്കി നല്‍കുക തുടങ്ങിയ കാര്യങ്ങളും ചോദിച്ചിട്ടുണ്ട്.

മറ്റ് ചോദ്യങ്ങള്‍ ഇങ്ങനെയാണ്;  സെല്‍ഫ് സ്റ്റഡി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിച്ചവരുടെ പേരും പ്രതിഫലവും വ്യക്തമാക്കുക. എ ഗ്രേഡ് ലഭിച്ചതിന്റ ഭാഗമായി കോളേജില്‍ നടന്ന ആഘോഷ പരിപാടികള്‍ എന്തൊക്കയാണ്. ആഘോഷ പരിപാടികള്‍ക്ക് മാത്രമായി ആകെ എത്ര രൂപ ചിലവാക്കി. നാക് അംഗീകാരവുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രവര്‍ത്തിച്ച കമ്മറ്റികള്‍ ഏതൊക്ക കമ്മറ്റിയിലെ അംഗങ്ങള്‍ ആരെല്ലാം. ഇതിന്റ ഭാഗമായി കോളേജില്‍ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവ ചെയ്ത വ്യക്തികളുടെ പേര് അവര്‍ക്ക് നല്‍കിയ പ്രതിഫലം എത്രയെന്ന് നല്‍കുക. ആ സമയത്ത് വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കോര്‍ഡിനേറ്റര്‍മാരുടെ പേരും പ്രതിഫലവും വ്യക്തമാക്കുക. അവര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളുടെ പേരും പ്രതിഫലവും വ്യക്തമാക്കുക തുടങ്ങിയ കാര്യങ്ങളുടെ രേഖാ മൂലം പകര്‍പ്പ് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയത്.

വിവരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഫീസായ 10 രൂപ 0070-60-118-99 എന്ന നമ്പറില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ അടച്ച രസീതും വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടോപ്പം കോളേജില്‍ നല്‍കിയിരുന്നതാണ്.എന്നാല്‍ അപേക്ഷ നല്‍കി ഇത്രയധികം ദിവസങ്ങള്‍ പിന്നിട്ടിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു വിധത്തിലുള്ള പ്രതികരണവും ഉണ്ടാവുന്നില്ല.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാക് ഉദ്യോഗസ്ഥരാണെന്നും അതിനാല്‍ കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിയാത്തതുകൊണ്ട് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് മാനേജ്മെന്റിന്റ വാദം. ഇനി വിവരങ്ങള്‍ ലഭിച്ചാല്‍ തന്നെ എത്ര ദിവസങ്ങള്‍ കൊണ്ട് മറുപടി നല്‍കാന്‍ കഴിയുമെന്നതിനെക്കുറിച്ചും മാനേജുമെന്റിന് ധാരണയില്ല. വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ‘എത്രയും വേഗം വിവരങ്ങള്‍ നല്‍കാന്‍ കഴിയും ഈ കാര്യങ്ങളുടെ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് മൂന്നിലധികം വിവരാവകാശ അപേക്ഷകള്‍ കോളേജില്‍ ലഭിച്ചിട്ടുണ്ട്. പരമാവധി ഈ ദിവസങ്ങളില്‍ തന്നെ മറുപടി നല്‍കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.’ എന്ന് മാത്രമാണ് കോളേജിലെ വിവിരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥനും സൂപ്രണ്ടുമായ അനന്തപദ്മനാഭന്‍ പറയുന്നത്.

‘സംസ്ഥാനത്തെ ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും വിവരാവകാശ നിയമത്തെക്കുറിച്ചും അറിയില്ല എന്നതു കൊണ്ട് തന്നെയാണ് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ സംഭവിച്ചതു പോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്.വിവരം നല്‍കാത്തത് മൂലം മുഖം നോക്കാതെ കൃത്യമായി ഒരു നടപടി എടുത്താല്‍ അത് കോളേജിന്റെ അംഗീകാരത്തെപ്പോലും ബാധിച്ചേക്കും’ എന്ന് അഡ്വ.പിഎം റെജി പറയുന്നു.

ഒരു പരിധി വരെ ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ വിവരാവകാശത്തെ വെല്ലു വിളിക്കുകയാണ്. കേരളത്തില്‍ ഈ നിയമം പരാജയമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഒരു വിവരാവകാശ അപേക്ഷക്ക് മറുപടി ലഭിക്കണമെങ്കില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനെ തന്നെ സമീപിക്കേണ്ട അവസ്ഥയാണ്. കമ്മീഷന്റ ഓഫീസിലാണെങ്കില്‍ അവശ്യത്തിന് ഉദ്യോഗസ്ഥരും ഇല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍