UPDATES

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമോ? വിവാദം കൊഴുക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

ശിവഗിരി മഠത്തിലെ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശനാണ് എന്ന് ബാറുടമയും ശ്രീനാരായണ ധര്‍മ്മ വേദി നേതാവുമായ ബിജു രമേശ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദം കൊഴുക്കുന്നു. ബിജുവിന്റെ ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് സിപിഐ എം ആവശ്യപ്പട്ടെപ്പോള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞു. ശാശ്വതീകാനന്ദയുടെ സഹോദരി ശാന്തയും സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചു.ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണം എന്ന ഹര്‍ജി ഹൈക്കോടതി ഏറെനാള്‍ മുമ്പ് തീര്‍പ്പാക്കിയപ്പോള്‍ കെട്ടടങ്ങിയ വിവാദം ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി കൂട്ടുകൂടാന്‍ വട്ടംകൂട്ടുന്ന വെള്ളാപ്പള്ളിക്കെതിരെ ദിവസം തോറും ആരോപണങ്ങളുടെ പെരുമഴയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ബിജുവിന്റെ വെളിപ്പെടുത്തല്‍

സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശ പ്രകാരം. പ്രിയന്‍ എന്നയാളാണ് ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത്. അതിന് മുമ്പ് തുഷാര്‍ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ ശാരീരികമായി ആക്രമിച്ചിരുന്നു. എസ്എന്‍ ട്രസ്റ്റിന്റെ കണക്കുകള്‍ സ്വാമി ചോദിച്ചിരുന്നു. ദുബായ് പര്യടനത്തിനിടെയാണ് ഇതുണ്ടായത്. അന്ന് കൂടെയുണ്ടായിരുന്ന തുഷാര്‍ സ്വാമിയെ കൈയേറ്റം ചെയ്തു. മര്‍ദ്ദനമേറ്റ പാടുകള്‍ ജോണ്‍സണ്‍ എന്ന വര്‍ക്കല സ്വദേശിയെ സ്വാമി കാണിച്ചിട്ടുണ്ട്. ഇക്കാര്യം ജോണ്‍സണന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. സ്വാമിയെ കൊന്നത് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിട്ടാണെന്ന് പ്രിയന്‍ ഫോണിലൂടെ തന്നോട് പറഞ്ഞിട്ടുണ്ട്.പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ സോമനെ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ആക്കി. സോമന് ഫോറന്‍സികുമായി ബന്ധമുണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടെന്നാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. വിദ്യാസാഗറാണ് പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ടത്. കൊലപാതകത്തിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട് എന്ന് പറഞ്ഞ ബിജു ശിവഗിരി മഠത്തില്‍ നിന്ന് വെള്ളാപ്പള്ളി രേഖകള്‍ കടത്തി എന്നിങ്ങനെ പോകുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍.

സ്വാമിയുടേത് ജലസമാധിയെന്ന് വെള്ളാപ്പള്ളി

ശാശ്വതീകാനന്ദയുടേത് ജലസമാധിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ബിജു രമേശ് വ്യക്തിഹത്യ നടത്തുകയാണ്. ശ്വാശതീകാനന്ദയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ താനാണ് നിര്‍ബന്ധപൂര്‍വം പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കാന്‍ ആവശ്യപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സിഡികള്‍ കൈവശമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അന്വേഷണം നേരിടാന്‍ തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. ബിജു രമേശിന്റേത് മുന്‍കൂട്ടി തയ്യാറിയ തിരക്കഥയാണ്. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്ന് ബിജു പറയുന്ന പ്രിയനെ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അറിയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും തുഷാര്‍ പറഞ്ഞു.

ശ്വാശ്വതീകാനന്ദയുടേത് കൊലപാതകമെന്ന് സഹോദരി

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന്‌ സഹോദരി ശാന്തകുമാരി ആരോപിച്ചു. തുഷാറിന് ഇതില്‍ ബന്ധമുണ്ട്. സ്വാമിയുടെ മരണം സംബന്ധിച്ച നിയമ പോരാട്ടം തുടരുമെന്നും ശാന്തകുമാരി പറഞ്ഞു.

അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

ബിജുരമേശിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. എങ്കിലും ആരോപണങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

തുടരന്വേഷണം വേണമെന്ന് കോടിയേരി

ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് തുടരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പുതിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചു

2002 ജൂലൈ ഒന്നിന് ആലുവാ പുഴയിലാണ് ശാശ്വതീകാനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവയില്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്വാമി. രാവിലെ പുഴയില്‍ കുളിക്കാന്‍ പോയ സ്വാമിയെ പിന്നീട് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് കൊലപാതകം ആണെന്ന സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ദുരൂഹ മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ശാശ്വതീകാനന്ദയുടെ അമ്മ കൗസല്യയും സഹോദരന്‍ വിജയകുമാറും സഹോദരി ശാന്തകുമാരിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍