UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരണവുമായി സഹകരിച്ച ശാശ്വതീകാനന്ദനും സൂക്ഷ്മാനന്ദയുടെ ചില ആത്മീയ വെളിപാടുകളും

ശാശ്വതീകാനന്ദന്റെ മരണത്തെക്കുറിച്ചുള്ള അവ്യക്തതയില്‍ നിറഞ്ഞാടുന്ന ചര്‍ച്ചകള്‍ ഇനിയും നടത്തണം. തുടര്‍-പുനര്‍ അന്വേഷണങ്ങള്‍ക്കായുള്ള നീക്കങ്ങളും ഉപേക്ഷിക്കണം. 13 വര്‍ഷത്തിനു ശേഷം മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യാനുള്ള അഭിപ്രായങ്ങളെ വേരോടെ പിഴുതെറിയണം. ഇതെല്ലാം ശാശ്വതീകാനന്ദന്റെ മരണം എങ്ങനെ സംഭവിച്ചു എന്നറിയാനാണെങ്കില്‍ അതിന്റെ ആവശ്യം ഇനി ഇല്ല. വ്യക്തമായ ഉത്തരം കിട്ടിക്കഴിഞ്ഞു; ശാശ്വതീകാനന്ദന്‍ മരണവുമായി സഹകരിക്കുകയായിരുന്നു.

പറഞ്ഞത് സൂക്ഷ്മാനന്ദനാണ്. സ്ഥൂലമായ ഇഹത്തിന്റെ സൂഷ്മതലങ്ങള്‍ കണ്ടെത്തി, അതില്‍ ആനന്ദം കണ്ടെത്തുന്നവനാണ് സൂക്ഷ്മാനന്ദന്‍. സൂക്ഷ്മം എന്നാല്‍ വളരെ ചെറുതായ, കൃശമായ, ശരിയായ, കൃത്യമായ, കരുതലോടുകൂടിയ, കൂര്‍ത്ത എന്നൊക്കെയാണ് അര്‍ത്ഥം. സൂക്ഷ്മാനന്ദന്‍ പറഞ്ഞ മഹാ സത്യം – സ്ഥൂലശരീരവാസികളായ നമ്മളൊക്കെ ചര്‍ച്ചചെയ്തു കുളമാക്കിയ ആ സത്യം – വളരെ ചെറുതായതോ കൃശമായതോ ആയിരിക്കാന്‍ ഇടയില്ല. അത് ശരിയായതും കൃത്യമായതും കൂര്‍ത്തതും, ഏറ്റവും പ്രധാനമായി, കരുതലോടുകൂടിയതും ആകാനാണ് സാധ്യത.

സംഭവത്തെക്കുറിച്ചു മാത്രമല്ല, സംഭവത്തിനു മുമ്പും പിമ്പും നടന്ന കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മമായി പറയാന്‍ കഴിയുന്ന ആളാണ് സൂക്ഷ്മാനന്ദന്‍. കാരണം ശാശ്വതീകാനന്ദന്റെ ഏറ്റവും അടുത്ത സന്യാസി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളായിരുന്നു സൂക്ഷ്മാനന്ദന്‍. ശാശ്വതീകാനന്ദനും പ്രകാശാനന്ദനും നേതൃത്വം കൊടുത്ത് ദീര്‍ഘനാള്‍ ശിവഗിരിയിലെ സന്യാസിമാര്‍ നടത്തിയ വാക്-നിയമ-ശാരീരിക പോരാട്ടങ്ങളില്‍ നിന്നും ശാശ്വതീകാനന്ദനോടൊപ്പമായിരുന്നു സൂക്ഷ്മാനന്ദന്‍. (സന്യാസം എന്നാല്‍ സര്‍വ്വതും ത്യജിച്ചയാളാണെന്നും സിവില്‍ ഡെത്ത് കഴിഞ്ഞയാളാണെന്നുമുള്ള സനാതന ചിന്തകളെ നമുക്ക് തല്‍ക്കാലം മറക്കാം. എങ്കില്‍ മാത്രമേ, കാര്യങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കാന്‍ കഴിയൂ.)

യുദ്ധത്തില്‍ ശാശ്വതീകാനന്ദന്‍ പരാജയപ്പെട്ടപ്പോഴും ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ തെരഞ്ഞെടുപ്പും കോടതിവിധിയും അട്ടിമറിച്ചപ്പോഴും തുടര്‍ന്ന്, സ്വന്തം നിലയില്‍ യോഗത്തേയും ട്രസ്റ്റിനേയും റിമോട്ട് കണ്‍ട്രോളില്‍ കൂടി ഭരിച്ചപ്പോഴും സൂക്ഷ്മാനന്ദന്‍ ശാശ്വതീകാനന്ദനോടൊപ്പമായിരുന്നു.

ഏറ്റവും ഒടുവില്‍, തിരുവനന്തപുരത്തു നിന്ന് ട്രെയിന്‍ യാത്ര ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അതു കാന്‍സല്‍ ചെയ്ത്, മറ്റാരെയും അറിയിക്കാതെ, കാറില്‍ സാബു എന്ന ഡ്രൈവറോടൊപ്പം  ശാശ്വതീകാനന്ദന്‍ ആലുവയിലേക്ക് യാത്ര ചെയ്തപ്പോഴും ഒപ്പമുണ്ടായിരുന്ന, എല്ലാം അറിയുന്നയാള്‍, സൂക്ഷ്മാനന്ദനായിരുന്നു. മരണത്തിനു തൊട്ടുമുമ്പുപോലും ശാശ്വതീകാനന്ദനോടൊപ്പമായിരുന്ന സൂക്ഷ്മാനന്ദന്‍, ശാശ്വതീകാനന്ദന്‍ മരണവുമായി സഹകരിക്കുകയായിരുന്നു എന്നു പറയുമ്പോള്‍ അത് തീര്‍ത്തും സൂക്ഷ്മമായ സത്യമാണെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് (ഇവിടെ സൂക്ഷ്മം എന്നതിനര്‍ത്ഥം കരുതലോടെ എന്ന്.)

സൂക്ഷ്മാനന്ദന്‍ നല്‍കിയ വിശദീകരണം ഇതാണ്: മരണം ആത്മഹത്യയാണോ കൊലപാതകം ആണോ അപകടം മൂലമാണോ രോഗം കാരണമാണോ എന്നതൊക്കെ സ്ഥൂലതലത്തിലുള്ള ചര്‍ച്ചകളാണ്. സൂക്ഷ്മതലത്തില്‍ അതിന് ഒരര്‍ത്ഥമേ ഉള്ളൂ; മരണവുമായി സഹകരിക്കുക. കാരണം, മരണം ഉറപ്പായ ഒന്നാണ്. അതിന് ഓരോ കാരണങ്ങള്‍… നിയോഗങ്ങള്‍…

ഈ സൂക്ഷ്മസത്യം അംഗീകരിച്ചാല്‍ നമുക്ക് മറ്റു ചില കീറാമുട്ടികള്‍ക്ക് ഉത്തരം കണ്ടെത്താം. ടി.പി. ചന്ദ്രശേഖരന്‍ മരണവുമായി സഹകരിക്കുകയായിരുന്നു. സഹകരണം പൂര്‍ത്തിയാക്കാന്‍  51 വെട്ടുവേണ്ടിവന്നു. (ശാശ്വതീകാനന്ദന് മരണവുമായി സഹകരിക്കാന്‍ തലയ്ക്ക് ഒറ്റ അടി മതിയായിരുന്നു. ഇതാണ് ഭൗതികവാദിയും ആത്മീയവാദിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം.) ടി.പി.യെപ്പോലെ മറ്റനേകം പേരുണ്ട്, മരണവുമായി സഹകരിച്ചവര്‍. അവര്‍ക്കൊക്കെ മരണം ഉറപ്പായിരുന്നു. സഹകരണത്തിന് അവരെ പാകപ്പെടുത്തിയെടുത്തവര്‍ നിയോഗങ്ങള്‍ മാത്രം. അതുകൊണ്ട്, ഇത്തരം മരണങ്ങളെ കേസുകളാക്കി അന്വേഷണവും കോടതിയുമൊക്കെയായി നടന്ന്  സമയം കളയണ്ട. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറേ വകുപ്പുകള്‍ അനാവശ്യമായവയാണ്. മരണവുമായി സഹകരിക്കുന്നതിനെ കുറ്റകൃത്യമാക്കി മാറ്റുന്ന സ്ഥൂലഭോഷ്‌ക്കുകള്‍!

സൂഷ്മാനന്ദന്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ ഇവയാണ്: ശാശ്വതീകാനന്ദന്‍ ജലസമാധി ചെയ്യുകയായിരുന്നു; അദ്ദേഹത്തിന്റെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി വെട്ടിമുറിയ്ക്കുന്നതില്‍ വിഷമം തോന്നി.

ആദ്യം ജലസമാധിയുടെ കാര്യം എടുക്കാം. സമാധി എന്നു കേട്ടിട്ടുണ്ട്. ആരും കണ്ടിട്ടില്ല. കഴിഞ്ഞ 500 വര്‍ഷത്തിനിടയ്‌ക്കെങ്കിലും കേരളത്തില്‍ ആരെങ്കിലും സമാധി ഇരുന്നതായി സത്യസന്ധമായ ചരിത്രം പറയുന്നില്ല. സമാധിയ്ക്കുവേണ്ടി പലരും ഇരുന്നിട്ടുണ്ട്. കാര്യം നടന്നില്ലന്നേയുള്ളു. ശ്വാസഗതി പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയശേഷം നവദ്വാരങ്ങളും സ്വന്തം ശരീരത്തിന്റെ നിയന്ത്രണം കൊണ്ടുതന്നെ അടച്ചുപിടിച്ച ശേഷം, വായുവിന്റെ സമ്മര്‍ദ്ദംകൊണ്ട് ഉച്ചി പൊട്ടിച്ച് ജീവന്‍ ശരീരത്തിനു പുറത്തേയ്ക്കു കടത്തുന്ന ദിവ്യവേലയാണ് ഈ സമാധി. യോഗാഭ്യാസത്തില്‍ പതിനെട്ടടവും പയറ്റി ജയിച്ച, ലോകപ്രശസ്തനായ, ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാളായി ടൈംസ് മാഗസീന്‍ (2004-ല്‍) കണ്ടെത്തിയ, ആധുനിയ യോഗാഭ്യാസത്തിന്റെ ലോകഗുരുക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബി.കെ.എസ്. അയ്യങ്കാര്‍ തന്റെ 96-ാം വയസ്സില്‍ (2014-ല്‍) മരിക്കുമ്പോള്‍, മരണകാരണം  renal failure, heart failure എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാധിയല്ല, ഉച്ചി പൊട്ടിയില്ല. ജീവവായു അതുവഴി പുറത്തേയ്ക്ക് പോയില്ല.

ആത്മസാക്ഷാത്കാരത്തിന് ഇന്ത്യന്‍ ചിന്തയില്‍ പല വഴികളുണ്ട്. അതില്‍ ഒന്നാണ് രാജയോഗ. ഇതിന് എട്ടുഘട്ടങ്ങളുണ്ട്. ആദ്യത്തേത് യമ (ചെയ്യരുതാത്തത്). രണ്ടാമത്തേത് നിയമ (പാലിക്കേണ്ടുന്ന ജീവിതരീതി). മൂന്നാമത്തേതാണ് ആസന (സുഖകരമായി ഇരിക്കുക). നാലാമത്തേത് പ്രാണായാമ (വായു സഞ്ചാരത്തെ നിയന്ത്രിക്കുക). അഞ്ചാമത്തേത് പ്രത്യാഹാര (ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിക്കുക). ആറാമത്തേത് ധാരണ (മനസ്സിന്റെ ശ്രദ്ധ). ഏഴാമത്തേത് ധ്യാനം, എട്ടാമത്തേത് സമാധി (ബോധോദയം).

ബോധോദയം എന്നാല്‍ ഞാന്‍ ആരാണെന്ന് തിരിച്ചറിയുക എന്നതാണ്. അതിന് സ്വന്തം ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് ആദ്യത്തെ ഏഴെണ്ണം. ബോധോദയം അഹം ബ്രഹ്മാസ്മി എന്നാണ്. ഞാന്‍ ബ്രഹ്മമെന്നര്‍ത്ഥം. ഞാന്‍ ബ്രഹ്മത്തില്‍ നിന്ന് വിഭിന്നമല്ലെന്നര്‍ത്ഥം. അതാണ് സമാധി. അത് മരണമല്ല. ബോധമാണ്. ബോധോദയമാണ്. ബുദ്ധന്റെ ബോധോദയം  എന്നുപറയുന്നതുപോലെ. ബോധോദയം സിദ്ധിച്ച ബുദ്ധന്‍ പ്രാണവായു ഉച്ചിയില്‍ കൂടി പുറത്തുകളഞ്ഞ് മരിച്ചില്ല. പിന്നീട് ധാരാളം വര്‍ഷം ബോധോദയത്തോടെ ജീവിയ്ക്കുകയാണുണ്ടായത്.

ഇവിടെയാണ് ശാശ്വതീകാനന്ദന്റെ മരണത്തെ സമാധിയാക്കി മാറ്റുന്ന സൂക്ഷ്മാനന്ദന്റെ സൂക്ഷ്മദര്‍ശനം. വെറും സമാധിയല്ല. ജലസമാധി. അതായത് ജലത്തില്‍വച്ച് ബോധോദയം ഉണ്ടായി എന്ന്. ബോധോദയം ഉണ്ടായത് ജലത്തിനുള്ളില്‍ വച്ചായതുകൊണ്ട്, അതിന്റെ ആനന്ദത്തില്‍ മുഴുകി ശ്വസിക്കാന്‍ മറന്നുപോയതാകാം. അപ്പോള്‍ പിന്നെ, തലയ്‌ക്കേറ്റ ക്ഷതമോ? പ്രാണവായുവിന് ഉച്ചിയിലേക്കുള്ള വഴിതെറ്റി മറ്റൊരിടം വഴി പുറത്തേയ്ക്ക് പോയതാണോ? എങ്ങനെയാണെങ്കിലും മരണവുമായി സഹകരിച്ചല്ലോ. സൂക്ഷ്മാനന്ദന്‍ അതില്‍ തൃപ്തനാണ്.

മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി വെട്ടിമുറിക്കരുതെന്നായിരുന്നു ആഗ്രഹമത്രെ! ശരീരം ആത്മാവിന്റെ തടവറയാണെന്നു വിശ്വസിക്കുന്ന സന്യാസിക്ക് ജഢത്തോടു തോന്നുന്ന അനുകമ്പ. എത്ര ഉദാത്തം! കാരണം, സൂക്ഷ്മാനന്ദന്‍ തുടര്‍ന്ന് നടത്തിയ സംഭാഷണത്തില്‍ ഇങ്ങനെ പറയുന്നു: പറഞ്ഞ് പറഞ്ഞ് ഒടുവില്‍ എനിയ്ക്കു തന്നെ സംശയം തോന്നുന്നു. ഞാനും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? (റിപ്പോര്‍ട്ടര്‍ ടി.വി.)

മനസ്സങ്ങനെയാണ്. നിനച്ചിരിയ്ക്കാത്ത നേരത്ത് അത് നമ്മളെ ചതിയ്ക്കും. ചിലപ്പോള്‍ കരച്ചിലായി. ചിലപ്പോള്‍ ചിരിയായി. ചിലപ്പോള്‍ പൊട്ടിത്തെറിയായി. ചിലപ്പോള്‍ തമാശയായി.

വാസ്തവത്തില്‍ നുണ പരിശോധനയ്‌ക്കോ നര്‍ക്കോ അനാലിസിസിനോ വിധേയനാക്കേണ്ട വ്യക്തി സൂക്ഷ്മാനന്ദനാണ് (അദ്ദേഹം അതിനു സമ്മതിച്ചാല്‍ മാത്രം). അങ്ങനെ ഒരാവശ്യം ഉണ്ടായാല്‍ തന്നെ വളരെ സൂക്ഷ്മതയോടെയുള്ള (കരുതലോടെയുള്ള) മറുപടി അദ്വൈതവാദിയായ സൂക്ഷ്മാനന്ദന് കാണും. അതും ഇതും ഒന്നല്ലേ? നാര്‍ക്കോ അനാലിസിസിന് വിധേയനാകുന്നതും വിധേയനാകാതിരിക്കുന്നതും ഒന്നല്ലേ? സത്യവും നുണയും ഒന്നുതന്നെയല്ലേ? ആത്യന്തികമായ അര്‍ത്ഥത്തില്‍ സ്ഥൂലവും സൂക്ഷ്മവും ഒന്നുതന്നെയല്ലേ?

ആത്മീയതയും അദ്വൈതവും യോഗയുമെല്ലാം കൂട്ടിക്കുഴച്ച് ശാശ്വതീകാനന്ദന്‍ മരണവുമായി സഹകരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് സാധാരണ കാഷായവേഷധാരികളെല്ലാം മനുഷ്യരെ പറഞ്ഞുപറ്റിയ്ക്കുന്നതുപോലെ – സൂക്ഷ്മാനന്ദന്‍ ഫയല്‍ ക്ലോസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍, കുറ്റകൃത്യം അവശേഷിപ്പിക്കുന്ന ചില കയ്യൊപ്പുകള്‍ അപ്രതീക്ഷിതമായി തെളിഞ്ഞുവരുന്നു. അതിലൊന്നാണ് അന്നത്തെ ആലുവ പോലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍. പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍ എടുത്ത വീഡിയോ പരിശോധിച്ചാല്‍ പല കാര്യങ്ങളും വ്യക്തമാകും എന്നാണ് മുന്‍ സൂപ്രണ്ട് പറഞ്ഞിരിക്കുന്നത്. (ആ വീഡിയോ ടേപ്പ് നഷ്ടമായി എന്ന വാര്‍ത്തയാണ് ഇനി വരാന്‍ പോകുന്ന ബ്രേക്കിംഗ് ന്യൂസ്.)

രണ്ടാമത്തെ കയ്യൊപ്പ് സംഭവം നടക്കുമ്പോള്‍ ആലുവ അദ്വൈതാശ്രമത്തിലെ സെക്രട്ടറിയായിരുന്ന തീര്‍ത്ഥാനന്ദന്റെ തിരോധാനമാണ്. ശാശ്വതീകാനന്ദന്റെ മരണം സാധാരണ മരണമായിരുന്നില്ല എന്ന് തീര്‍ത്ഥാനന്ദന്‍ അന്നുതന്നെ പലരോടും പറഞ്ഞിരുന്നുവെന്നും ബിജുരമേശിന് അങ്ങനെ ഒരു കത്ത് അയച്ചിരുന്നുവെന്നുമൊക്കെയാണ് വാര്‍ത്ത. പക്ഷെ, 13 വര്‍ഷമായി തീര്‍ത്ഥാനന്ദനെ കാണാനില്ല. അഹം ബ്രഹ്മാസ്മി എന്ന് തിരിച്ചറിഞ്ഞ തീര്‍ത്ഥാനന്ദന്‍ ശാശ്വതീകാനന്ദനെ തേടി എത്തിയ നിയോഗങ്ങളെ ഭയന്ന് ഒളിവില്‍ പാര്‍ക്കുകയാണോ? അതോ, അദ്ദേഹവും മരണവുമായി സഹകരിച്ചുകഴിഞ്ഞോ? മരണവും തിരോധാനവും യക്ഷിക്കഥകളുടെ മാറാപ്പില്‍ നിന്ന് പുറത്തുകടന്ന പശ്ചാത്തലം കൂടി കണക്കിലെടുത്തുവേണം ഇത്തരം കാര്യങ്ങളെ സമീപിക്കാന്‍.

പത്തോ നൂറോ വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ധാരാളം യക്ഷികളുണ്ടായിരുന്നു. അവര്‍ മനുഷ്യരുടെ ചോര കുടിച്ച് നഖവും മുടിയും പാലച്ചുവട്ടില്‍ ഇട്ടിട്ട് പാലമരത്തിന്റെ കാണാക്കയങ്ങളില്‍ ഒളിച്ചിരിക്കുമായിരുന്നു. യക്ഷികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഏറ്റവും ശക്തമായ ജാതിചിന്തയുള്ളവരായിരുന്നു യക്ഷികള്‍. അവര്‍ ബ്രാഹ്മണപുരുഷന്‌റെ രക്തം മാത്രമേ കുടിച്ചിരുന്നുള്ളു. രക്തം കുടിക്കുന്നതിന് മുമ്പ് യക്ഷി സുന്ദരിയായ സ്ത്രീയുടെ രൂപത്തില്‍ വന്ന് നമ്പൂതിരിയോട് ചുണ്ണാമ്പു ചോദിക്കും. രസികനായ നമ്പൂതിരി ചുണ്ണാമ്പു കൊടുക്കും. അതോടെ യക്ഷി  സ്വന്തം രൂപത്തിലാകും. പിന്നെ നമ്പൂതിരിയെ ഓടിച്ചിട്ട് പിടിച്ച് രക്തം കുടിച്ച്, തലമുടിയും നഖവുമൊഴിച്ച് ബാക്കിയെല്ലാം ശാപ്പിടും. (മനുഷ്യര്‍ക്കെന്നപോലെ മുടിയും നഖവും യക്ഷിക്കും ദഹിക്കില്ല.)

യക്ഷി പിടിച്ചാല്‍ കേസില്ല. അതായിരുന്നു പഴയ രീതി. ഏതോ ഒരു പോലീസുദ്യോഗസ്ഥന്‍ യക്ഷിക്കു തുമ്പുണ്ടാക്കാന്‍ പോയി. അതോടെ യക്ഷികള്‍ പിടിച്ചുതിന്ന നമ്പൂതിരിമാരുടെ കഥകള്‍ പുറത്തുവന്നു.

നമ്പൂതിരിമാരില്‍ മൂത്തയാള്‍ക്കാണ് വിവാഹം കഴിക്കാന്‍ കഴിയുക. അത് എത്ര വേണമെങ്കിലും ആകാം. അനുജന്‍മാര്‍ ‘അഫ്ഫന്‍’മാരായി നടക്കും. അവരാണ് സംബന്ധത്തിനായി പഴയ നായര്‍ തറവാടുകളിലെത്തുന്നത്. മരുമക്കത്തായ കാലഘട്ടത്തിലെ നായര്‍ സ്ത്രീകള്‍ക്കും മൂത്ത നമ്പൂതിരിയുടേത് പോലെ ഒരു പ്രത്യേക യോഗമുണ്ട്. അവര്‍ക്ക് എത്ര നമ്പൂതിരിമാരുമായും സംബന്ധമാകാം. ഒന്നിനെ മാറ്റി മറ്റൊന്നിനെ സ്വീകരിക്കാം. ഇങ്ങനെ പല നായര്‍ സ്ത്രീകളാലും തഴയപ്പെട്ട നമ്പൂതിരിമാര്‍ താഴ്ന്ന ജാതിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് രാത്രിയില്‍ പോകന്നു. സെക്‌സിന് ജാതിയില്ല. ആത്മാവിനു പോലും ജാതി നിര്‍ണ്ണയിക്കുന്ന നമ്പൂതിരി കണ്ടെത്തിയ മഹത്തായ സാംസ്‌കാരിക വിപ്ലവമായിരുന്നു അത്. നമ്പൂതിരിമാര്‍ വന്നാല്‍ ചെറ്റ തുറന്നുകൊടുക്കാതിരിക്കുന്നത് മഹാപാപമാണെന്ന് കൂടി പ്രചരിപ്പിക്കപ്പെട്ടതോടെ, ചെറ്റപ്പുരകളിലെ പുരുഷന്‍മാര്‍ കൂടിയാലോചിച്ചു. രാത്രിയില്‍ വന്ന നമ്പൂതിരിയെ അവര്‍ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തി. തലമുടിയും നഖവും പനമരച്ചുവട്ടില്‍ ഇട്ടു. ശരീരം തോട്ടിലും കായലിലും അഴുകാനിട്ടിരുന്ന തൊണ്ട് കൂനയുടെ താഴെ ചവിട്ടിത്താഴ്ത്തി.

യക്ഷി പിടിച്ചാലും പോലീസും കേസും അറസ്റ്റും ചോദ്യം ചെയ്യലും വിധി നടപ്പാക്കലുമെല്ലാം  ഉണ്ടാകും എന്നു വന്നതോടെ, യക്ഷികള്‍ കൂട്ടത്തോടെ നാടുവിട്ടുപോയി. കേരളപിറവിയ്ക്കുശേഷം ഏതെങ്കിലും ഒരു നമ്പൂതിരിയെ യക്ഷി പിടിച്ചതായി കേട്ടിട്ടുണ്ടോ? (വിനയന്റെ സിനിമകളില്‍ ഒഴിച്ച്).

മരണവുമായി സഹകരിച്ച ശാശ്വതീകാനന്ദന്റെ മരണത്തിന്റെ ചുരുളഴിക്കാന്‍ ഒരു സാധാരണ പോലീസ് ബുദ്ധി മതി. അതിനു പകരം വിന്‍സെന്റ് പോളിനെപോലെയുള്ളവര്‍ കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുമ്പോഴാണ് ധനാഢ്യനായ ഒരു കച്ചവടക്കാരനെ വഴിയില്‍ കൂടിപ്പോയ ഗുണ്ടകള്‍ ‘ട’ കത്തി കൊണ്ട് കുത്തി മലര്‍ത്തുന്നത്; ബാര്‍കോഴക്കേസില്‍ തെളിവുകള്‍ മാഞ്ഞുപോകുന്നത്; ശാശ്വതീകാനന്ദന്റെ മരണം ദുരൂഹതകളുടെ ചെളിക്കുണ്ടില്‍ ചവിട്ടിത്താഴ്ത്തപ്പെടുന്നത്.

Doctor Death എന്നറിയപ്പെട്ടിരുന്ന  Jack Kevorkian-നെകുറിച്ച് സൂക്ഷ്മാനന്ദന്‍ കേട്ടുകാണും. എങ്കിലും എഴുതുന്നു. ദയാവധത്തിനുവേണ്ടി വാദിച്ച അമേരിയ്ക്കയിലെ ഒരു paathologist ആയിരുന്നു ജാക്ക്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘Dying is not a Crime” (സൂക്ഷ്മാനന്ദന്റെ പ്രയോഗത്തിന് സമാനമായ ഒന്ന്.) ദയാവധം അര്‍ഹിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ നടത്തിക്കൊടുത്ത മരണവുമായുള്ള സഹകരണമായിരുന്നു അത്. എന്നിട്ടും, അമേരിക്കന്‍ കോടതി 1999-ല്‍ ജാക്കിനെ അറസ്റ്റ് ചെയ്തു, വിചാരണ ചെയ്തു, ശിക്ഷിച്ചു – 25 വര്‍ഷം തടവ്. എട്ടുവര്‍ഷം ശിക്ഷ അനുഭവിച്ചതിനുശേഷം ജാക്കിനെ പരോളില്‍ വിട്ടത് അദ്ദേഹം ആത്മഹത്യയെ പ്രേരിപ്പിക്കുകയോ അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയോ അതിനു വേണ്ടി ആള്‍ക്കാരെ സഹകരിപ്പിക്കുകയോ ഇല്ല എന്ന ഉറപ്പിലായിരുന്നു. കേസ് വാദം  നടക്കുമ്പോള്‍ ജാക്കിന് അനുകൂലമായ സാക്ഷിമൊഴികൊടുത്തത് മുഴുവന്‍ ജാക്ക് വധത്തിന് സഹായിച്ചയാളുടെ ബന്ധുക്കളായിരുന്നു. എന്നിട്ടും, ശിക്ഷ കിട്ടി.

ശാശ്വതീകാനന്ദന്റേത് ആത്മഹത്യയല്ല. കൊലപാതകം എന്ന് സംശയിക്കപ്പെടുന്ന മരണമാണ്. അതാണ് മരണവുമായുള്ള സഹകരണമെന്ന് സൂക്ഷ്മാനന്ദന്‍ പറയുന്നത്. ഇത്തരം സൂക്ഷ്മാനന്ദന്‍മാരെ സൂക്ഷിക്കണം. കാരണം, അവര്‍ സൂക്ഷ്മാണുക്കളാണ്. അലറി പാഞ്ഞുവരുന്ന കാട്ടുമൃഗത്തിനെ നമ്മള്‍ക്കു കാണാം. രക്ഷപ്പെടാനുള്ള വഴികള്‍, ചിലപ്പോള്‍ കണ്ടെത്താനും കഴിയും. എച്ച്.ഐ.വി. പോലുള്ള സൂക്ഷ്മാണുക്കള്‍ അങ്ങനെയല്ല. അത് ശരീരത്തിനുള്ളില്‍ കടക്കുന്നതും നമ്മളെ തന്നെ ഇല്ലാതാക്കുന്നതും നമ്മള്‍ അറിയില്ല. അറിഞ്ഞാല്‍ തന്നെ, വളരെ വൈകിയിരിക്കും. പിന്നെ, മരണവുമായി സഹകരിക്കുകയല്ലാതെ മറ്റു വഴികള്‍ ഇല്ലാതാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍