UPDATES

ശാശ്വതീകാനന്ദയുടെ മരണം; പിന്നിലാര്? തുടരുന്ന ദുരൂഹതകള്‍

Avatar

രാകേഷ്

ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ വീണ്ടും അവശേഷിക്കുകയാണ്. ഇവയ്ക്ക് കൃത്യമായ ഉത്തരം കിട്ടാതെ വരുമ്പോള്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത കാണുന്നവരുടെ സംശയം ബലപ്പെടുകയും ചെയ്യുന്നു. അതേ സമയം സ്വാമിയുടെ മരണത്തില്‍ ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷണം നടത്തിക്കോട്ടെ എന്നു വിളിച്ചു പറയുന്നവരുടെ ആത്മവിശ്വാസം, ഈ സംശയങ്ങള്‍ക്കൊന്നും ഒരു കാലത്തും ഉത്തരം കിട്ടാന്‍ പോകുന്നില്ല എന്നതിന്റെ സാക്ഷ്യമോ?

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നതില്‍ തര്‍ക്കമില്ലാതിരുന്നിട്ടും അതിന്റെ പിന്നില്ലാരാണെന്നു കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, സ്വാമീ ശാശ്വതീകാന്ദയുടെ മരണവും നാളെ കൊലപാതകമെന്ന് തെളിഞ്ഞാലും അതിന്റെ പേരില്‍ ആരും കുറ്റവാളിയാകാന്‍ പോകുന്നില്ലെന്ന് ഉറപ്പിക്കുന്നത് പൊലീസിലെ ചിലര്‍ തന്നെ. എന്തുകൊണ്ട്? മരണം നടന്ന അന്നു തന്നെ അതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു! അവയൊന്നും ഇനി ഒരന്വേഷണ ഏജന്‍സിക്കും റിക്കവര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നത് കേരള പൊലീസില്‍ എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ്. നടന്നിരിക്കുന്നത് മികച്ചൊരു തിരക്കഥയില്‍ ആസൂത്രണം ചെയ്ത കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു.

സ്വാമിയുടെ മരണത്തില്‍ സത്യം കണ്ടെത്തണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ചെയ്യാമായിരുന്ന ചില കാര്യങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു; എന്തുകൊണ്ട് സ്വാമിയുടെ മൃതദേഹം ഒരു ഫോറന്‍സിക് പ്രൊഫസറുടെ നേതൃത്വത്തില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ തയ്യാറായില്ല? നിഷ്പക്ഷമായ രീതിയില്‍ വിദഗ്ദനായൊരു ഡോക്ടറുടെ നേതൃത്വത്തില്‍ സ്വാമിയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയിരുന്നെങ്കില്‍ നെറ്റിയിലെ മുറിവ് എങ്ങനെ സംഭവിച്ചു എന്നതില്‍ ഉള്‍പ്പെടെ വ്യക്തത വരുമായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിന്റെ വീഡിയൊ പോലും ആദ്യം എടുക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധിക്കണം. പിന്നീട് അന്ന് അവിടെയുണ്ടായിരുന്ന എസ്പി നിര്‍ദേശിച്ചതനുസരിച്ചാണ് വീഡിയൊ എടുക്കുന്നത്. ഈ എസ് പി പിന്നീട് ആലപ്പുഴയിലേക്ക് ട്രാന്‍സ്ഫര്‍ ആയിപ്പോവുകയായിരുന്നു. ആ മാറ്റം പോലും സ്വാഭാവികമായിരുന്നില്ല. 

ഇപ്പോള്‍ പറയുന്നതുപോലെ പുഴയിലെ അടിയൊഴുക്കില്‍പ്പെട്ടാണ് സ്വാമി മുങ്ങിമരിച്ചതെങ്കില്‍ അന്ന് പുഴയില്‍ അടിയൊഴുക്ക് ഉണ്ടായിരുന്നുവെന്നതിന് ശാസ്ത്രീയമായ ഒരുറപ്പും തേടിയിട്ടില്ല. ഹൈഡ്രോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ കൊണ്ട് ഇക്കാര്യത്തില്‍ യാതൊരു പരിശോധനയും നടത്തിച്ചിട്ടില്ല. ഓരോ ദിവസത്തെയും കാലാവസ്ഥ അടിസ്ഥാനമാക്കി ശാസ്ത്രീയമായി അവര്‍ക്ക് സ്വാമിയുടെ മരണദിനം പുഴയില്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നോയെന്ന് വ്യക്തമാക്കാമായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരുവിധ നടപടിയും കൈക്കൊണ്ടിട്ടില്ല. സ്വാമിയുടെ മരണദിവസം പുഴയില്‍ അടിയൊഴുക്ക് ശക്തമായിരുന്നുവെന്ന് കണ്ടെത്തണമെങ്കില്‍ തൊട്ടുമുന്നിലത്തെ വര്‍ഷം പുഴയില്‍ ഇതേ ദിവസവമോ അതിനോടു ചേര്‍ന്ന ദിവസങ്ങളിലോ അടിയൊഴുക്ക് ഉണ്ടായിരുന്നോ എന്നു പരിശോധിച്ചാല്‍ മതി. കേരളത്തിലേത് സീസണല്‍ ക്ലൈമറ്റായതുകൊണ്ട് ഇക്കാര്യത്തില്‍ ആവര്‍ത്തനമുണ്ടാകും. ഹൈഡ്രോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പക്കല്‍ വ്യക്തമായ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉണ്ടാവുന്നതിനാല്‍ കാര്യങ്ങളില്‍ വ്യക്തത ഉറപ്പാക്കാമായിരുന്നു.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, ഒഴുക്കോ ചുഴിയോ ഉള്ളൊരിടം ആരും തന്നെ കുളിക്കടവായി തെരഞ്ഞെടുക്കില്ല. മാത്രവുമല്ല സ്വാമി ഇവിടെ ആദ്യമായി കുളിക്കാനെത്തുന്ന ആളുമല്ല. അതിനാല്‍ തന്നെ സ്വാമി ഒഴുക്കില്‍പ്പെട്ടു എന്നു പറയുന്നതില്‍ സംശയം നിലനില്‍ക്കുന്നു. ആലുവപ്പുഴയുടെ കുറുകെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് താല്‍ക്കാലിക പാലം നിര്‍മ്മിക്കാറുള്ളതാണ്, ഇന്നേവരെ അവിടെ അപകടമരണങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതും കാണണം. നടുക്ക് ഇല്ലാത്ത ഒഴുക്ക് പുഴയുടെ കരയില്‍ ഉണ്ടാകുമെന്ന് പറയുന്നതിലെ യുക്തിയെന്ത്? റെയില്‍പ്പാലത്തിനു മുകളില്‍ നിന്ന് നോക്കിയാല്‍ വ്യക്തമാവുന്നതാണ് പുഴയുടെ തീരം എത്ര ശാന്തമാണെന്ന്. ഇനി എല്ലാം സമ്മതിച്ച് ഒഴുക്ക് ഉണ്ടായിരുന്നുവെന്നു തന്നെയിരിക്കട്ടെ, എന്നാല്‍ ശാശ്വതീകാനന്ദയെ പോലൊരാള്‍ മികച്ചൊരു നീന്തല്‍ക്കാരനായിരുന്നുവെന്ന് അറിയുന്നവര്‍ക്ക് അവിടെയും സംശയം വരും. പത്തനംതിട്ടയിലെ കുമ്പളാംപൊയ്കയിലുള്ള ഒരു ആശാന്റെ സമീപം തിരുമ്മു ചികിത്സ നടത്തി വരുന്നതിനിടയില്‍ ശക്തമായ ഒഴുക്കുള്ള പമ്പയാറ്റില്‍ നീന്താറുള്ള ആളാണ് ശാശ്വതീകാനന്ദ സ്വാമി. അങ്ങനെയുള്ളൊരാള്‍ ഇവിടെ അടിയൊഴുക്കില്‍പ്പെട്ടൂ എന്നു പറയുന്നതിനോട് പൊരുത്തപ്പെടാന്‍ എളുപ്പമല്ല. ഒരു മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സംശയം തോന്നുന്നുമ്പോള്‍ തന്നെ അന്വേഷിക്കേണ്ടിയിരുന്നതും വിശകലനം ചെയ്യേണ്ടിയിരുന്നതുമായ ഇത്തരം കാര്യങ്ങള്‍ ബോധപൂര്‍വമായി അവഗണിച്ചിരിക്കുന്നു എന്നതില്‍ തന്നെ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികമാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.

ഇതേ സംശയങ്ങള്‍ തന്നെ ശാശ്വതീകാന്ദയുടെ സഹോദരന്‍ രാജേന്ദ്രനും പങ്കുവയ്ക്കുന്നുണ്ട്. കടലില്‍പോലും നീന്തുമായിരുന്ന സ്വാമിക്ക് ആലുവപ്പുഴയിലെ ഒഴുക്കില്‍ അടിതെറ്റുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. സ്വാമിയുടെ സമാധി വാര്‍ത്ത അറിഞ്ഞ് ആലുവായിലേക്ക് പുറപ്പെട്ടപ്പോള്‍ മൃതദേഹം ശിവഗിരി മഠത്തിലേക്ക് കൊണ്ടുപോരുകയാണെന്ന് അറിയിപ്പ് കിട്ടി. എല്ലാം വളരെ ധൃതിപിടിച്ച് ചെയ്യുന്നതുപോലെയായിരുന്നു. സ്വാമിക്ക് ശത്രുക്കളുണ്ടായിരുന്നു. അവരില്‍ ആരോ സ്വാമിയെ ചതിച്ചിരിക്കുന്നു എന്നാണ് രാജേന്ദ്രന്‍ പറയുന്നത്. സ്വാമി കര്‍ക്കശക്കാരനായൊരു അഡ്മിനിസ്‌ട്രേറ്റീവും മഠത്തിലേക്കുള്ള ബാഹ്യ ഇടപെടലുകളെ ശക്തമായി എതിര്‍ത്തിരുന്നൊരാളുമാണ്. പല സീനിയര്‍ സന്ന്യാസിമാരെയും മറികടന്നാണ് ശാശ്വതീകാനന്ദ സ്വാമികള്‍ മഠത്തിന്റെ അധിപനായി എത്തുന്നത്. ഇതു മഠത്തിനുള്ളില്‍ തന്നെ പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. മാത്രമല്ല, സ്വാമിയുടെ കര്‍ശനമായ ഇടപെടലുകള്‍ പലരും അതുവരെ അനുഭവിച്ചുപോന്നിരുന്ന സുഖലോലുപതകള്‍ക്കും വിഘാതം സൃഷ്ടിക്കുകയും പലര്‍ക്കും മറ്റു ചുമതലകളുമായി മഠത്തിനു പുറത്തേക്ക് പോകേണ്ടിയും വന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം സ്വാമിയെ കൊല്ലാനുള്ള പക ഉണ്ടായിരുന്നുവെന്ന് പറയുന്നതല്ല. പക്ഷെ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെങ്കില്‍ അതില്‍ സംശയിക്കേണ്ടത് ഒരാളെ മാത്രമല്ല. എന്നാല്‍ സ്വാമിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശനുമായി ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. വെള്ളാപ്പള്ളിയെ യോഗത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നത് സ്വാമിയാണ്. എന്നാല്‍ പിന്നീട് വെള്ളാപ്പള്ളിയുടെ ചില നടപടികള്‍ സ്വാമിയെ വേദനിപ്പിക്കുകയും സ്വാമി അവയ്‌ക്കെതിരെ ശക്തമായി നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഭവനരഹിതരായ ശ്രീനാരായണീയര്‍ക്ക് വീട് വച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ നിന്ന് അടക്കം പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട് ചില തിരിമറികള്‍ സ്വാമിയുടെ ശ്രദ്ധയില്‍പ്പെടുകയും അവയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകള്‍ സ്വാമിയോടുള്ള ശത്രുത ഉണ്ടാക്കുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. സ്വാമിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതില്‍വരെ കാര്യങ്ങളെത്തിയിട്ടുണ്ടെന്നും രാജേന്ദ്രന്‍ പറയുന്നു.

മറ്റൊരു സംശയം ആലുവ അദ്വൈതാശ്രമത്തിലേക്ക് എത്താന്‍ വേണ്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സ്വാമിയുടെ യാത്ര പിന്നെന്തുകൊണ്ട് കാറിലായി എന്നിടത്താണ്. സ്വാമി മരണപ്പെടുന്നതിന്റെ തലേന്ന് ആലുവായിലേക്ക് പോകുന്നതിനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നത് വാസ്തവമാണ്. ഇതിന് തെളിവ് ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച രവീന്ദ്രന്‍ എന്ന സ്വാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. അന്നേദിവസം രവീന്ദ്രന്റെ വീട്ടില്‍ നിന്നാണ് സ്വാമി ഉച്ചഭക്ഷണം കഴിക്കുന്നത്, അല്‍പ്പസമയം അവിടെ വിശ്രമിക്കുകയും ചെയ്തശേഷമാണ് സ്വാമി മടങ്ങുന്നത്. പിറ്റേദിവസം ആലുവയ്ക്ക് പോകുന്നതിനായുള്ള ട്രെയിന്‍ ടിക്കറ്റ് സ്വാമി കാണിക്കുകയും ഉണ്ടായി. എന്നാല്‍ സ്വാമി പിന്നീട് കാറിലാണ് ആലുവായില്‍ എത്തുന്നത്. ഒരു ചെറിയ കാറില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ തയ്യാറാകാത്തൊരാളായിരുന്നു സ്വാമി. പക്ഷെ അന്നേ ദിവസം എന്തു സംഭവിച്ചു? ട്രെയിനില്‍ യാത്ര ബുക്ക് ചെയ്ത സ്വാമി, അത്ര അത്യാവശ്യകാര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് തന്റെ യാത്ര കാറിലാക്കി? അതിന് ഇപ്പോള്‍ ഉത്തരം പറയാന്‍ കഴിയുന്നത് അന്ന് സ്വാമിക്കൊപ്പം യാത്ര ചെയ്ത സ്വാമി സൂക്ഷ്മാനന്ദയ്ക്കാണ്. അന്നു കാറോടിച്ചിരുന്നത്  ശാശ്വതീകാന്ദയുടെ സഹായി ആയിരുന്ന സാബുവും. പ്രകാശാനന്ദ സ്വാമിക്കൊപ്പം ചേരുന്നതിന് മുമ്പ് സാബു സൂക്ഷ്മാനന്ദ സ്വാമിയുടെ സഹായി ആയിരുന്നു. ഈ യാത്രയുടെ ആവശ്യമെന്തായിരുന്നുവെന്നതുമായി ബന്ധപ്പെട്ട് സ്വാമി സൂക്ഷ്മാനന്ദ ഇതുവരെ ഒരന്വേഷണവും നേരിട്ടിട്ടുമില്ല. അതിരാവിലെ പുറപ്പെട്ട യാത്ര ഏകദേശം എട്ടരയോടെ ആലുവായില്‍ എത്തിച്ചേരുകയും അവിടെ എത്തിയശേഷം ഒരു ഗ്ലാസ് പാല് കുടിച്ചശേഷം സ്വാമി കുളിക്കാനായി പോവുകയും ആയിരുന്നു. പിന്നീട് നടന്ന കാര്യങ്ങള്‍ക്കാണ് ഇപ്പോഴും വ്യക്തമായൊരു ഉത്തരം കിട്ടാത്തത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍