UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സത്‌നാം സിംഗ്; തെളിവുകള്‍ മുന്നിലുണ്ടായിട്ടും കുറ്റവാളികള്‍ ഇപ്പോഴും ചിരിക്കുന്നതെന്തുകൊണ്ട്?

Avatar

ഉണ്ണികൃഷ്ണന്‍ വി

“എന്തോ ആ നാടുമായി എനിക്ക് വല്ലാത്തൊരു ബന്ധം” കേരളത്തെ കുറിച്ച് സ്തനാം സിംഗ് മാന്‍ പറയാറുള്ളത് ഇങ്ങനെയായിരുന്നെന്നാണ് പിതാവ് ഹരീന്ദ്രകുമാര്‍ പറഞ്ഞത്. അങ്ങനെയാണ് സത്നാം കേരളത്തിലെത്തുന്നത്. അത് അയാള്‍ നടത്തുന്ന ആത്മാന്വേഷണ യാത്രയുടെ തുടര്‍ച്ചയായിരുന്നു. പക്ഷേ കേരളത്തില്‍ ആ യാത്ര അവസാനിക്കുകയായിരുന്നു. 

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട മാനിസകാരോഗ്യ കേന്ദ്രത്തില്‍വെച്ച് സത്‌നാം സിംഗ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് 2015 ആഗസ്റ്റ് 4ന് മൂന്നു വര്‍ഷം തികഞ്ഞു. കൊല്ലം അമൃതപുരിയിലെ അമൃതാനനന്ദമയി ആശ്രമത്തില്‍ വച്ച് മാനസികവിഭ്രാന്തിയോടെ അക്രമത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സത്‌നാമിന് അവിടെവച്ച് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

ബിഹാര്‍ സ്വദേശി സത്‌നാം സിംഗ് മാന്‍ എന്ന യുവാവ് എങ്ങനെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മറ്റൊരു ഇരയാകുന്നത് ഇങ്ങനെയാണ്…

ബിഹാറിലെ ഗയ ജില്ലയില്‍ പ്രമുഖ ജമീന്ദാര്‍ കുടുംബത്തിലെ അംഗമായിരുന്നു സത്‌നാം. ചണ്ഡിഗഢ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടു ഉന്നത വിജയത്തോടെ പൂര്‍ത്തിയാക്കിയ ശേഷം ലക്‌നൗവിലെ ഡോ. റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേ.ഴ്സിറ്റിയില്‍ നിയമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. നിയമപഠനത്തിനിടയിലാണ് സത്‌നാം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു തുടങ്ങുന്നത്. ബൈപോളാര്‍ ഡിസോഡറാണ് സത്‌നാമിന് എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷം ഭോജ് പൂരിലെ ബിഹാര്‍ ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.കെ പി ശര്‍മ്മയുടെ ചികിത്സയിലായിരുന്നു. കുട്ടിക്കാലം തൊട്ട് ആത്മീയതയോട് ചേര്‍ന്ന് സഞ്ചരിക്കാനുള്ള വാഞ്ചയും സത്‌നാമില്‍ ഉണ്ടായിരുന്നു. ഇരുപത്തിമൂന്നു വയസിനകം അയാള്‍ ഏറെ യാത്രകളും നടത്തി. തന്റെ ഉള്ളില്‍ ഉണ്ടായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയായിരുന്നു ആ യാത്രകളെല്ലാം. സാധാരക്കാരന്റെ ജീവിതം അടുത്തറിയാനായി അയാള്‍ ട്രെയിനുകളിലെ ലോക്കല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്തു, മുഷിഞ്ഞവേഷവുമായി ഒരു യാചകനെന്നു തോന്നിക്കുംവണ്ണമായിരുന്നു പലപ്പോഴും അയാളുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ്. സത്നാമിലെ അന്വേഷി അങ്ങനെയാണ് കേരളത്തിലും എത്തുന്നത്.

സത്‌നാമിന് സംഭവിച്ചത്; മരണത്തിലെ ഉള്ളുകള്ളികള്‍
2012 മേയ് 30, വീണ്ടുമൊരു യാത്ര, ചോദ്യോത്തരങ്ങളുടെ ഭാണ്ഡവും പേറി സത്‌നാം വീടുവിട്ടു; പതിവുപോലെ ആരോടും പറയാതെ. എത്തിച്ചേര്‍ന്നത് വാരാണസിയില്‍. കുറച്ചുനാള്‍ അവിടെ. തന്റെ ഉള്ളിലെ ജിജ്ഞാസുവിനെ തൃപ്തിപ്പെടുത്താന്‍ ഇനിയും യാത്രകള്‍ വേണമെന്ന തോന്നലില്‍ വാരാണസിയോട് വിടപറഞ്ഞ് സത്‌നാമിന്റെ സ്ഞ്ചാരം തുടര്‍ന്നു. ലക്ഷ്യം കേരളമായിരുന്നോയെന്ന് തീര്‍ച്ചയില്ല. പക്ഷെ ജൂലൈ പകുതിയോടെ സത്‌നാം സിംഗ് കേരളത്തിലെത്തി. ഒരുപക്ഷേ തീര്‍ച്ചപ്പെടുത്തി വന്നതാവാം, അല്ലെങ്കില്‍ എങ്ങനെയോ എത്തപ്പെട്ടതാവാം. 

കോവളത്ത് കുന്നുംപാറയില്‍ ശ്രീനാരായണഗുരു സ്ഥാപിച്ച സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സത്‌നാമിലെ അന്വേഷി ആദ്യമെത്തുന്നത്. അവിടെ വച്ചാണ് പ്രൊഫസര്‍ മഹിളാമണിയെ കണ്ടുമുട്ടുന്നത്. നടരാജഗുരുവിന്റെ കൃതികള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന മഹിളാമണിക്ക് ആ ചെറുപ്പക്കാരനില്‍ എന്തൊക്കെയോ പ്രത്യേകതകള്‍ തോന്നി. അക്കാരണം കൊണ്ട് തന്നെ മുനി നാരായണപ്രസാദിനെ സന്ദര്‍ശിച്ചപ്പോള്‍ സത്‌നാമിനെ കുറിച്ച് ഇരുവരും സംസാരിക്കുകയുണ്ടായി.

പ്രൊഫസറില്‍ നിന്ന് സത്‌നാമിനെ അറിഞ്ഞപ്പോള്‍ മുനി നാരായണപ്രസാദിന് ആ ചെറുപ്പക്കാരനെ നേരില്‍ കാണാന്‍ ആഗ്രഹം. അങ്ങനെയാണ് സത്‌നാം വര്‍ക്കലയിലെ ആശ്രമത്തില്‍ എത്തുന്നത്. ആശ്രമത്തില്‍ രണ്ടാഴ്ച്ച. സത്‌നാമിന്റെ ഗാഢമായ ആത്മീയ ജ്ഞാനവും ബുദ്ധിശക്തിയും തിരിച്ചറിഞ്ഞ ആശ്രമാചാര്യന്‍ വര്‍ക്കലയില്‍ നടന്ന Metaphysics and Politics എന്ന സെമിനാറിലേക്ക് അയാളെയും ക്ഷണിച്ചു. ലോകപ്രശസ്ത തത്വചിന്തകരും എഴുത്തുകാരും പങ്കെടുത്ത ആ സെമിനാറില്‍ സത്‌നാം തന്റെ സംശയങ്ങള്‍ ഉന്നയിച്ചു .

പക്ഷേ ജൂലൈ 31ന് രാത്രിയില്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ച സത്‌നാം അന്ന് തന്നെ ആശ്രമം വിടുകയായിരുന്നു. ആഗസ്റ്റ് 1 ന് രാവിലെ 9 മണിയോടെയാണ് സത്‌നാം ട്രെയിനില്‍ കരുനാഗപ്പള്ളിയില്‍ എത്തിയത്. അവിടെ നിന്നും വള്ളിക്കാവിലെ അമൃതപുരിയിലെത്തി. ഭജനസംഗീതത്തിന്റെ മാസ്മരികതയില്‍, ആശ്ലേഷിക്കുന്ന അമ്മയുടെ അടുത്തേക്ക് ‘ഞാന്‍ എന്റെ ഗുരുവിനെ കണ്ടെത്തി’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് സത്‌നാം ഓടിയടുക്കുകയായിരുന്നു. ‘അമ്മയിലേക്കെത്താന്‍’ കഴിയും മുന്നേ മാതൃദൈവത്തെ സംരക്ഷിക്കുന്നവര്‍ ആ ചെറുപ്പക്കാരനെ വളഞ്ഞു പിടിച്ചു. അമൃതാനന്ദമയിയെ ഉപദ്രവിക്കാനെന്നവണ്ണം അക്രമാസക്തനായി ഓടിയടുക്കുന്ന ചെറുപ്പക്കാരന്റെ വിഡിയൊ യൂട്യൂബില്‍ പിന്നീട് ഹിറ്റായി! എന്നാല്‍ സത്‌നാം ആഹ്ലാദത്തോടെ ഓടിയടുത്തത് എന്തിനായിരുന്നുവെന്ന് സാധാരണക്കാര്‍ക്ക് പിടികിട്ടിയില്ല, അമ്മയ്ക്കുപോലും?

ആ അത്മാന്വേഷിയുടെ ജീവിതം അവിടെ നിന്ന് കത്തിയണയാന്‍ തുടങ്ങുകയായിരുന്നു. ആശ്രമത്തില്‍ അക്രമം നടത്തുകയും അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും പൊലീസ് സത്‌നാമിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ എത്തിയിട്ടും താന്‍ കണ്ടെത്തിയ ആഹ്ലാദത്തില്‍ നിന്ന് സത്‌നാം മുക്തനായിരുന്നില്ല. അമ്മയ്ക്ക് ചുറ്റും ഒരു കാന്തിക വലയം കണ്ടെന്നായിരുന്നു സത്‌നാം പറഞ്ഞത് . ‘ ഇത്തരം ഭജനകള്‍ വളരെ ഹിസ്റ്റീരിക്കായൊരു അന്തരീക്ഷമാണ് സൃഷ്ടിക്കാറുള്ളത്. സൈക്കിക് അവസ്ഥയില്‍ ഉള്ള വ്യക്തി അത്തരമൊരു അന്തരക്ഷീത്തത്തില്‍ എത്തപ്പെടുമ്പോള്‍ അയാള്‍ക്ക് പല മിഥ്യാബിംബങ്ങളും കണ്ടെന്നുവരാം. സത്‌നാം കണ്ടെന്നുവരുന്ന കാന്തികവലയും അത്തരത്തിലൊന്നായിരിക്കും. ആ മിഥ്യോബോധത്തിലായിരിക്കണം അയാള്‍ അമൃതാനന്ദമയിയുടെ അരികിലേക്ക് ഓടിയടുക്കാന്‍ ശ്രമിച്ചത്; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ജയപ്രകാശ് ആ സംഭവത്തെ വിശകലനം ചെയ്യുന്നത് ഇത്തരത്തിലാണ്. 

എന്നാല്‍ അമൃതപുരിയുടെ ഔദ്യോഗിക ബ്ലോഗായ Amma.Truth .Lies.Scandals.Fraud and Realtiy ല്‍ സ്പിന്‍ക്‌സ് എന്ന അമ്മ ഭക്തന്‍ ആശ്രമത്തിന്റെ വിശദീകരണമായി കുറിക്കുന്നത് ഇങ്ങനെയാണ്;

‘ആഗസ്റ്റ് ഒന്നാം തീയതി, രണ്ടു മാസം നീണ്ടു നിന്ന ജപ്പാന്‍ വടക്കേ അമേരിക്കന്‍ പര്യടനത്തിനു ശേഷം അമൃതപുരിയില്‍ തിരിച്ചെത്തിയ അമ്മയുടെ ദിവസങ്ങള്‍ക്ക് ശേഷം ഉള്ള ആദ്യ പൊതുദര്‍ശനം ആയിരുന്നു. ഞാന്‍ തറയില്‍ ഇരുന്ന് ഭജന ആസ്വദിക്കുകയായിരുന്നു . അപ്പോള്‍ ആളുകളെ മുന്നില്‍ നിന്ന് തള്ളി മാറ്റിയും ആക്രോശിച്ചും കൊണ്ട് ദര്‍ശനഹാളിലൂടെ അമ്മയുടെ അടുത്തേക്ക് മാന്‍ പാഞ്ഞു ചെന്നു . ഞാനിരുന്നതിന്റെ അടുത്തു കൂടിയാണ് അയാള്‍ കുതിച്ചോടിയത്. വഴിയില്‍ ഉള്ളവരെ എല്ലാം അയാള്‍ ബലമായി തള്ളി മാറ്റിക്കൊണ്ടിരുന്നു. ദര്‍ശനശേഷം പുറത്തേക്കിറങ്ങാന്‍ ഉള്ളതും ഉപയോഗത്തിലില്ലാത്തതുമായ റാംപിലൂടെ അമ്മയ്ക്ക് നേരെ ഓടിയടുക്കുന്നതിനിടയില്‍ ഉടുത്തിരുന്ന മുണ്ട് അയാള്‍ പറിച്ചു കളഞ്ഞു. അടിവസ്ത്രം മാത്രം ധരിച്ച് അമ്മയുടെ അടുത്തേക്ക് ആക്രോശിച്ചു കൊണ്ട് പാഞ്ഞുവരുന്ന മാനസിക രോഗിയെക്കണ്ട് പാശ്ചാത്യര്‍ ഉള്‍പ്പെടുന്ന ഭക്തര്‍, അമ്മയുടെ അടുത്തെത്തുന്നതില്‍ നിന്ന് മാനിനെ തടയുക എന്ന വിവേകമുള്ള കാര്യം ചെയ്തു. അമ്മയ്ക്ക് ചുറ്റും വലയം തീര്‍ത്ത് അമ്മയെ രക്ഷിക്കുകയും അയാളെ മെല്ലെ തള്ളി മാറ്റുകയും ചെയ്തു. സുരക്ഷ വീഡിയൊവില്‍ ഇത് വ്യക്തമായി കാണാവുന്നതാണ്’.

സത്‌നാം സിംഗിന്റെ മരണം വലിയവാര്‍ത്തകളൊന്നുമാകാതെ പോവുകയായിരുന്നു കേരളത്തില്‍. ആദ്യം ചില മുറുമുറുപ്പുകള്‍ മാധ്യമങ്ങള്‍ നടത്തിയെങ്കിലും പിന്നീടത് നിലച്ചു. എന്നാല്‍ എല്ലാവരും മൗനം പാലിക്കാന്‍ തയ്യാറായില്ല. ആശ്രമവുമായി ബന്ധപ്പെട്ട് ആവര്‍ത്തിക്കപ്പെടുന്ന ദുരൂഹ മരണങ്ങള്‍ക്കുള്ള ഉത്തരം തേടിയിറങ്ങാന്‍ ധൈര്യപ്പെട്ടവര്‍ അങ്ങനെയാണ് കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാരായണന്‍ കുട്ടി-സത്‌നാം സിംഗ് ഡിഫന്‍സ് കമ്മറ്റി അംഗങ്ങളും സാമൂഹ്യപ്രവര്‍ത്തകരുമായ ബേബി കെ എന്‍ കളത്തില്‍, മനോജ് വി എന്നിവര്‍ അടങ്ങുന്ന സംഘം സാമൂഹ്യപ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ ബിഹാറിലുള്ള സത്‌നാം സിംഗിന്റെ വീട് സന്ദര്‍ശിക്കുന്നത്. സത്‌നാം സിംഗിന്റെയും, 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ആശ്രമത്തില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി നാരായണന്‍ കുട്ടിയുടെയും മരണത്തിലുള്ള സാമ്യതയും ഇങ്ങനെ ഒരു അന്വേഷണം നടത്താന്‍ ഇവരെ നിര്‍ബന്ധിതരാക്കി.

ബിസ്മില്ലാഹി ചൊല്ലുന്നതും താടിവയ്ക്കുന്നത് ഒരാളെ തീവ്രവാദിയാക്കുമോ? 
‘ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന ഈ സംഭവത്തിനു ശേഷം സത്‌നാമിനെ സംഭവസ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത് രണ്ടു മണിയോടെയാണ്. ഈ ഒരു മണിക്കൂര്‍ സത്‌നാം ക്രൂരപീഢനത്തിന് ഇരയായിട്ടുണ്ടാവണം. കൂടാതെ രണ്ടു മണിക്ക് അറസ്റ്റ് ചെയ്ത സത്‌നാമിനെ പോലീസ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത് രാത്രി 9.30നാണ്. പിറ്റേ ദിവസം വൈകിട്ട് 4.45നും പോലീസ് സത്‌നാമിനെയും കൊണ്ട് അതേ ആശുപത്രിയില്‍ എത്തുകയുണ്ടായി. സത്‌നാമിന് അടിയന്തിരമായി മനോരോഗ വിദദ്ധന്റെ പരിശോധന അത്യാവശ്യമാണ് എന്ന് അപ്പോള്‍ ഡോക്ടര്‍ കിരണ്‍ എഴുതി നല്‍കി. എന്നാല്‍ അങ്ങനെയൊരു പരിശോധനയ്ക്ക് സത്‌നാമിനെ വിധേയനാക്കുകയുണ്ടായില്ല, എന്നുമാത്രമല്ല സത്‌നാമിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്നാരോപിച്ച് ഡോ. കിരണിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു. മുറിവുകള്‍ രേഖപ്പെടുത്തിയില്ല എന്ന ആരോപണത്തില്‍ മറ്റു നാല് ഡോക്ടര്‍മാര്‍ക്കെതിരെയും ശിക്ഷാനടപടികള്‍ ഉണ്ടായി. സത്‌നാം സിംഗിനെ കൊല ചെയ്ത യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല ഇത് എന്നാണ് KGMOA യുടെ സംഘടനയുടെ അന്നത്തെ പ്രസിഡന്‍റ് ആയിരുന്ന ഡോ.ഒ.വാസുദേവന്‍ പറഞ്ഞത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയ വൂണ്ട് റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയിരുന്നു. ‘No external injuries’ എന്ന് രേഖപ്പെടുത്തിയത് സ്പഷ്ടമായി കാണാമായിരുന്നു. ആഗസ്റ്റ് 2നു രാത്രി 7 മണിക്കാണ് സത്‌നാമിനെ മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കുന്നത്. അതായത് കസ്റ്റഡിയില്‍ വയ്ക്കാവുന്ന 24 മണിക്കൂര്‍ കഴിഞ്ഞ് 5മണിക്കൂറും കൂടി കഴിഞ്ഞ ശേഷം. പോലീസ് ലോക്കപ്പിലും മര്‍ദ്ദനത്തിനിരയായി എന്ന് അപ്പോള്‍ വ്യക്തമായിരുന്നു. മാനസികാരോഗ്യ വിദഗ്ദ്ധന്റെ പരിശോധന അത്യാവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ച സത്‌നാമിനെ കൊല്ലം ജില്ല ജയിലില്‍ അടക്കണം എന്നായിരുന്നു പോലീസ് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടത്. അദ്ദേഹം അതംഗീകരിച്ചതിനെ തുടര്‍ന്ന് ജയിലില്‍ അഞ്ച് പേര്‍ക്കൊപ്പം ഒരു സെല്ലില്‍ അടയ്ക്കുകയാണ് പൊലീസ് ചെയ്തത്. അതും ഇന്ത്യന്‍ പീനല്‍ കോഡ് 307 വകുപ്പ് പ്രകാരം വധശ്രമത്തിന്, മാനസിക രോഗമുള്ള ഒരാളുടെ മേല്‍ ആ വകുപ്പ് ചുമത്തുന്നതിനു വിലക്കുകള്‍ ഉണ്ടെന്നിരിക്കെ.

അതിന്റെ ഉത്തരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണ പിള്ളയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ‘മഠത്തില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 307 ആം ചുമത്തിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കേസ് ചാര്ജ്ജ് ചെയ്യുന്നത് പതിവ് നടപടിക്രമമാണ്. മഠത്തില്‍ നിന്ന് ലഭിച്ച പരാതി ഗുരുതരസ്വഭാവമുള്ളതായിരുന്നു. രണ്ടു മാസം മുന്‍പുള്ള അമ്മയുടെ അമേരിക്ക സന്ദര്‍ശനത്തിനിടയില്‍ സമാനമായ ആക്രമണം ഉണ്ടായിരുന്നു. അക്രമകാരി ബിഹാറുകാരന്‍ ആയിരുന്നു. ആ സംഭവവുമായി ഇതിനും ബന്ധമുണ്ടായിരുന്നു. ഈ മനുഷ്യന് താടിയുണ്ട് ,അയാള്‍ ബിസ്മില്ലാഹി റഹുമാനുര്‍ റഹിം എന്ന് ചൊല്ലിക്കൊണ്ടിരുന്നു.അയാള്‍ തീവ്രവാദി അല്ലെന്നു ഞാനെങ്ങനെ ഉറപ്പിക്കും?- ഒരു നീതിപാലകന്റെ സംശയം! ഒരു മനുഷ്യന്‍ താടി വളര്‍ത്തുന്നതും ബിസ്മില്ലാഹി ചൊല്ലുന്നതും അയാളുടെ തീവ്രവാദ അടയാളങ്ങളാണോ? ബേബി ചോദിക്കുന്നു.

കൊല്ലം ജയിലില്‍ വച്ച് സഹതടവുകാരുമായി സംഘര്‍ഷമുണ്ടായി എന്ന കാരണത്താല്‍, രണ്ടാം തീയതി അര്‍ദ്ധരാത്രിയില്‍ സത്‌നാമിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടത്തെ ഡ്യൂട്ടി ഡോക്ടര്‍ പേരൂര്‍ക്കട മെന്റല്‍ ഹെല്‍ത്ത് സെന്ററിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു . മാനസിക ആരോഗ്യകേന്ദ്രത്തിലെ അഡ്മിഷന്‍ സംബന്ധിച്ച നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മൂന്നാം തീയതി പുലര്‍ച്ചെ 2.15നു സത്‌നാമിനെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ മാനസികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ മര്‍ദ്ധനത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായി ഡ്യൂട്ടി ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം തിയതി സത്‌നാമിന്റെ സെല്ലിലേക്ക് ലാലു എന്നൊരു രോഗിയെ അധികൃതര്‍ കടത്തിവിട്ടു. അയാള്‍ സത്‌നാമുമായി സംഘര്‍ഷം ഉണ്ടാക്കിയതിനു ശേഷം അസിസ്റ്റന്റായ അനില്‍കുമാറിനോട് പരാതിപ്പെടുകയും അയാള്‍ ഇക്കാര്യം വാര്‍ഡന്‍ വിവേകാനന്ദനു കൈമാറുകയും ചെയ്തു. അനില്‍ കുമാര്‍, വിവേകാനന്ദന്‍ എന്നീ ജീവനക്കാരും മഞ്ജുഷ്, ബിജു, ശരത്പ്രകാശ് കൂടാതെ ദിലീപ് എന്ന കൊലക്കേസ് പ്രതിയടക്കമുള്ള നാല് അന്തേവാസികളും ചേര്‍ന്ന് സത്‌നാമിനെ ആക്രമിച്ചു. കേബിള്‍ വയറും ചൂരലും ഉപയോഗിച്ചുള്ള മര്‍ദ്ധനത്തിനിടെ അവരിലൊരാള്‍ സെല്ല് പൂട്ടുന്ന താഴ് കൊണ്ട് സത്‌നാമിന്റെ തലയ്ക്കടിക്കുകയും തല പിടിച്ചു ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. മരണവെപ്രാളത്തില്‍ ദാഹം സഹിക്കാനാവാതെ ടോയ്‌ലെറ്റിലുണ്ടായിരുന്ന മലിനജലം കോരിക്കുടിക്കുകയും താമസിയാതെ മരികുകയും ആയിരുന്നു. 

കേസിലെ നാലാം പ്രതിയായ ബിജു വീട്ടുമുറ്റത്തെ കിണറില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു, പോലീസുകാര്‍ നിസ്സംഗരായി കണ്ടു നില്‍ക്കെ. ബിജുവടക്കമുള്ളവര്‍ മര്‍ദ്ദിച്ചതിനാലാണ് സത്നാം മരണപ്പെട്ടത്  എന്നാണ് പോലീസ് അടക്കം പറയുന്നത്. എന്നാല്‍ ബിജവിന്‍റെ ഭാര്യ വിനോദിനിക്കു പറയാനുള്ളത്   മറ്റൊന്നാണ്. 

“സത്നാമിനെമറ്റുള്ളവര്‍ മര്‍ദ്ദിക്കുന്നത് കണ്ടു പരാതിപ്പെട്ടതിനാണ് തന്നെ പ്രതിയാക്കിയത് എന്നു പറയുമായിരുന്നു. മര്‍ദ്ധിച്ചവശനാക്കിയാണ് സത്‌നാമിനെ മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്നതിനു മുന്പ് വരെ വളരെ ടെന്‍ഷനിലായിരുന്നു അദ്ദേഹം. രക്ഷപ്പെടാന്‍ പറ്റാത്ത വിധം താന്‍ കുടുക്കപ്പെട്ടിരിക്കയാണ് എന്ന് പറയുമായിരുന്നു. മരണത്തിനു ശേഷം   2013ഡിസംബര്‍ 14 നുപരാതി നല്‍കുകയുണ്ടായി. എന്നാല്‍ അതിന്മേല്‍ ഇനിയൊന്നും ചെയ്യാനില്ല എന്നാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കിട്ടിയ മറുപടി.  ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല ആ പരാതിയില്‍” .

സംഭവത്തിനു ശേഷം ഒരു ടിവി ചാനലുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞത് ഇങ്ങനെയാണ്. ‘ ആ വ്യക്തി ജപിച്ചത് ബിസ്മില്ലാഹി റഹ്മാനുര്‍ റഹീം എന്നാണ് .ആ മന്ത്രം ഉച്ചത്തില്‍ ജപിച്ചു കൊണ്ടാണ് അമ്മയുടെ അടുത്തേക്ക് ഓടിയടുത്തത് . അയാള്‍ ഹിന്ദു ആണെന്നറിഞ്ഞു, പക്ഷേ എന്തു കൊണ്ടയാള്‍ ഗായത്രീമന്ത്രമോ രാമന്റെയോ കൃഷ്ണന്റെയോ മന്ത്രം ജപിച്ചില്ല!!!

കണ്‍മുന്നിലുള്ള തെളിവുകള്‍ കാണാതിരിക്കാന്‍ കണ്ണടച്ചിരുട്ടാക്കുന്നവര്‍
മരണകാരണം എന്ന് സത്‌നാമിന്റെ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത് തലയ്ക്കും കഴുത്തിലും ഏറ്റ ഗുരുതരമായ പരിക്കുകളാണ്. ആകെ 77പരിക്കുകള്‍ ആണ് സത്‌നാമിന്റെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

അതില്‍ 12,14,15 എന്നീ പരിക്കുകള്‍ ആണ് മരണകാരണമായിരിക്കുന്നത്. അതായത് മേല്‍പ്പറയുന്ന പരിക്കുകള്‍ മൂലം തലച്ചോറിലും ശ്വാസകോശത്തിലും ഉണ്ടായ വീക്കം (Cerebral and Pulmonary Edema). ഈ മുറിവുകള്‍ എപ്പോഴൊക്കെ പറ്റിയതാണെന്ന വിവരം മറച്ചു വയ്ക്കാനുള്ള ഒരു ശ്രമം റിപ്പോര്‍ട്ടില്‍ കാണാം . മുറിവുകള്‍ അവയുടെ നിറം അടിസ്ഥാനമാക്കി തരം തിരിക്കാനും അവയുടെ പഴക്കം കണക്കാക്കാനും കഴിയും എന്നിരിക്കെ പരിചയ സമ്പന്നരായ സര്‍ജന്മാര്‍ ഈ വിവരം തീര്‍ത്തും അവഗണിച്ചിരിക്കയാണ്.

ജയ്‌സിംഗ് പി മോദിയുടെ മെഡിക്കല്‍ ജൂറിസ്പ്രുഡന്‍സ് ആന്‍ഡ്് ടോക്‌സിക്കോളജി എന്ന വൈദ്യശാസ്ത്ര റഫറന്‍സ് ഗ്രന്ഥത്തില്‍ പരിക്കുകളുടെ പഴക്കവും നിറവും തമ്മില്ലുള്ള ബന്ധത്തെക്കുറിച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്‍പ്രകാരം കടും ചുവപ്പ് നിറത്തിലുള്ള പരിക്കുകള്‍ പുതിയവയും നീല നിറത്തിലുള്ളവ മൂന്നു ദിവസത്തെ പഴക്കമുള്ളവയും ആകുമെന്നാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്.

സത്‌നാമിന്റെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ 23 എണ്ണം നീല നിറം ഉള്ളവയാണ് , അതില്‍ മരണകാരണമായ 12,14,15 എന്നീ പരിക്കുകളും പെടും . ഏഴ് പരിക്കുകള്‍, അതായത് 4 മുതല്‍ 11 വരെയുള്ളവ ഇരുണ്ട ചുവപ്പ് നിറത്തിലും കൂടാതെ 23 പരിക്കുകള്‍ കടും ചുവപ്പ് നിറത്തിലും ആണ് എന്നുള്ളതാണ് ഏറെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുത. ഗൂഢലക്ഷ്യങ്ങള്‍ കൊണ്ട് തന്നെയാവണം ഇവയൊന്നും അത്ര ശ്രദ്ധിക്കപ്പെടേണ്ട രീതിയില്‍ അല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത് . മാത്രമല്ല മരണകാരണമായ പരിക്കുകള്‍ 24മണിക്കൂറിനുള്ളില്‍ സംഭവിച്ചതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും റിപ്പോര്‍ട്ടില്‍ നടന്നിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അതിനെപ്പറ്റി കൂടുതല്‍ പഠനം നടത്തിയ കെ എന്‍ ബേബി കണ്ടെത്തിയത് ശ്രദ്ധേയമായ ചില വസ്തുതകളായിരുന്നു . 

‘ഡോ.സി.എന്‍. പരമേശ്വരന്‍ എഴുതിയ ‘മസ്തിഷ്‌കവും’ മനസ്സും എന്ന ശാസ്ത്രഗ്രന്ഥത്തില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്, ‘ മെഡുലയും പാലവും മധ്യമസ്തിഷ്‌കവും കൂടിയ ഭാഗത്തെ മസ്തിഷ്‌കദണ്ഡന(ബ്രെയിന്‍ സ്‌റ്റെം) എന്ന് പറയുന്നു .ഇതിന്റെ മുകളിലുള്ള ഭാഗങ്ങള്‍ നശിച്ചാലും ജീവന്‍ നിലനില്‍ക്കും എന്നാല്‍ ആ ഭാഗത്തിനു പരിക്കേറ്റാല്‍ ജീവന്‍ നഷ്ടപ്പെടും. സത്‌നാമിന്റെ ശരീരത്തിലെ 15മത്തെ മുറിവ് അത്തരം ഒരെണ്ണമാണ് .അതിനു മൂന്നു ദിവസത്തെ പഴക്കം കണക്കാക്കാമെന്നതിനാല്‍ അത് സംഭവിച്ചത് ഒരു കാരണവശാലും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആകാന്‍ വഴിയില്ല. അതിനും പുറമേ ഹെര്‍ണിടയെഷന്‍ എന്ന ശാരീരിക പ്രവര്‍ത്തനം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്(Herniation is a body mechanism whereby body is oozing down fluid and matter from the brain so as to save life). ഈ ശാരീരിക പ്രവര്‍ത്തനം സജീവമാകുന്നതിനു മൂന്നു ദിവസം എങ്കിലും എടുക്കുമെന്നു വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ വ്യക്തമായി പറയുന്നു .

കൂടാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം, ‘Kidneys showed pale cortex and dark medullae suggestive of shock kidney’ എന്നാണ്.

കിഡ്‌നി ഷോക്ക് എന്നത് ഒരു നൈമിഷികമായ പ്രവര്‍ത്തനമല്ല . ജീവനഷ്ടം ഉറപ്പായ ഒരു പരിക്കിന്റെ സാനിധ്യത്തില്‍ ശരീരത്തില്‍ രൂപപ്പെടുന്ന നിരാശാജനകമായ പ്രതികരണമാണത്. അതിനു രണ്ടോ മൂന്നോ ദിവസം എടുക്കുകയും ചെയ്യും .ഇതോടൊപ്പം ചില ജീവന്‍ രക്ഷാപ്രവര്ത്തനങ്ങളില്‍ ശരീരം ഏര്‍പ്പെടും. ഈ രീതിയില്‍ അഡ്രിനാല്‍ ഗ്രന്ഥിയില്‍ ഉണ്ടായ; Adrenal glands were haemorrhagic. ഇതിനും രണ്ടോ മൂന്നോ ദിവസത്തെ കാലയളവ് ആവശ്യമാണ്’.

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് സത്യം മൂടി വയ്ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു എന്നാണ്. കോടതിയില്‍ കേസ് നടക്കുകയാണെങ്കിലും സത്‌നാമിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള സാധ്യത ഇന്നും വിദൂരമാണ്. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടു പോലും… 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍