UPDATES

വിദേശം

ഇസ്ലാമിക നിയമങ്ങളുടെ സ്ത്രീപക്ഷ വായനയുമായി സൗദി സാമൂഹ്യ പ്രവര്‍ത്തക

Avatar

അഴിമുഖം പ്രതിനിധി

താടിയെക്കുറിച്ചുള്ള രസകരമായ ചര്‍ച്ചകള്‍ വളരെ ഗൗരവ ഭാവത്തില്‍ തന്നെ കേരള നിയമസഭയിലടക്കം നടന്നു. പൊലീസിലെ മുസ്ലീം ഉദ്യോഗസ്ഥര്‍ക്ക് താടി വയ്ക്കാന്‍ അനുവാദം വേണമെന്ന മുസ്ലീംലീഗ് എം.എല്‍.എ ടി.വി ഇബ്രാഹിമിന്‌റെ ആവശ്യമാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. താടി ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്നും പൊലീസില്‍ മതചിഹ്നം എന്ന നിലയ്ക്ക് ഒന്നും അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചു. എന്നാല്‍ സൗദി അറേബ്യയില്‍ താടിയുടെ വിശുദ്ധവത്കരണത്തെ ചോദ്യം ചെയ്ത പ്രമുഖ ഇസ്ലാമിക പണ്ഡിതയും ഫെമിനിസ്റ്റുമായ സൗദ് അല്‍ ഷമ്മാരി ജയിലിലാണ് എത്തിയത്. സൗദിയിലെ മുസ്ലീം പുരോഹിതരുടെ താടി സംബന്ധിച്ച് ട്വീറ്റുകള്‍ ഇട്ട ഷമ്മാരിക്ക് മൂന്ന് മാസം തടവ് ശിക്ഷ ലഭിച്ചു.

താടിയുള്ള, പല തരത്തിലുള്ള മനുഷ്യരുടെ ചിത്രങ്ങള്‍ ഷമ്മാരി പോസ്റ്റ് ചെയ്തിരുന്നു. ഒരു ജൂതന്‍, കമ്മ്യൂണിസ്റ്റ്, ഒട്ടോമന്‍ ഖലീഫ, സിഖുകാരന്‍, മുസ്ലീം എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. താടി ഉണ്ട് എന്നത് ഒരു മനുഷ്യനെ വിശുദ്ധനോ മുസ്ലീമോ ഒന്നും ആക്കില്ലെന്ന് ഷമ്മാരി പറഞ്ഞിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയേക്കാള്‍ വലിയ താടി അക്കാലത്ത് ഇസ്ലാമിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഒരാള്‍ക്കുണ്ടായിരുന്നുവെന്നും ഷമ്മാരി പറഞ്ഞിരുന്നു.

ജയിലില്‍ നിന്ന് പുറത്ത് വന്ന ശേഷം രാജ്യം വിടുന്നതിന് ഷമ്മാരിക്ക് വിലക്കേര്‍പ്പെടുത്തി. ഫ്രീ സൗദി ലിബറല്‍സ് നെറ്റ്‌വര്‍ക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് തുടങ്ങിയത് ഷമ്മാരിയും പ്രമുഖ ബ്ലോഗറായ റെയ്ഫ് ബദാവിയും ചേര്‍ന്നാണ്. മതനിന്ദാ കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ടിരിക്കുന്ന ബദാവിയ്ക്ക് 50 ചാട്ടയടി ലഭിച്ചിരുന്നു. 10 വര്‍ഷം തടവിനാണ് ബദാവി ശിക്ഷിക്കപ്പെട്ടത്. റെയ്ഫ് ബദാവിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്‌റര്‍നാഷണല്‍ അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വരുകയും ചെയ്തു.

ആറ് കുട്ടികളുടെ അമ്മയും രണ്ട് തവണ വിവാഹമോചനം നേടിയ വ്യക്തിയുമായ ഷമ്മാരി ഇസ്ലാമിക നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 42കാരിയായ ഇവര്‍ സൗദിയിലെ അറിപ്പെടുന്ന ഫെമിനിസ്റ്റുകളില്‍ ഒരാളാണ്. ഹായില്‍ പ്രവിശ്യയിലെ ഒരു ബദു കുടുംബത്തിലാണ് (മരുഭൂമികളില്‍ ആട് മേച്ച് നടക്കുന്ന ഗോത്ര കുടുംബം) ഷമ്മാരി ജനിച്ചത്. 17 വയസില്‍ ആദ്യം വിവാഹിതയായ ഷമ്മാരിയെ 20ാം വയസില്‍ തന്‌റെ ഇരട്ടി പ്രായമുള്ള ഭര്‍ത്താവ് ഉപേക്ഷിച്ചു. ഈ ബന്ധത്തിലുണ്ടായ മകളെ കോടതി ഭര്‍ത്താവിനൊപ്പം വിടുകയും ചെയ്തു. ഹായില്‍ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിന് ശേഷം ഒരു സ്‌കൂളില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചു. രണ്ടാമത്തെ വിവാഹബന്ധവും തകര്‍ന്നിരുന്നു. വ്യക്തമായ സലാഫി പശ്ചാത്തലവും ചിന്തയുമാണ് ഷമ്മാരിക്കുള്ളത്.

ഞാന്‍ മതവിരുദ്ധമല്ലെന്ന് വിചാരിക്കുന്ന അവകാശങ്ങള്‍ എനിക്കുണ്ട്. അത് എനിക്ക് കിട്ടണം. അധികാരമുള്ളവര്‍ എനിയ്ക്ക് പറയാനുള്ളത് കേള്‍ക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും വേണം – സൗദ് അല്‍ ഷമ്മാരി പറയുന്നു. ശരി അത്, ദൈവത്തിന് മുന്നില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ സ്ഥാനമാണ് നല്‍കുന്നതെന്നും ഇത് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും സൗദിയിലെ വനിതാ ഇസ്ലാമിക പണ്ഡിതരും സ്ത്രീപക്ഷ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെടുന്നതാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവകര്‍ത്തകരില്‍ പ്രമുഖയാണ് ഷമ്മാരി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍