UPDATES

പുതിയ ആരാച്ചാര്‍മാരെ തേടി സൗദി അറേബ്യയുടെ പരസ്യം

ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ പുതിയ ആരാച്ചാര്‍മാരെ തേടി പരസ്യം നല്‍കി. എട്ടു പേരേയാണ് പുതുതായി റിക്രൂട്ട് ചെയ്യുന്നത്. ആരാച്ചാരുടെ ജോലിക്ക് പ്രത്യേക യോഗ്യതകളൊന്നും ആവശ്യമില്ലെന്ന് പരസ്യത്തില്‍ പറയുന്നു. എന്നാല്‍ ചെറുകിട കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റേണ്ടി വരുന്നത് ജോലിയുടെ ഭാഗമായി ഉണ്ടാകുമെന്ന് പരസ്യത്തില്‍ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടത്തുന്ന അഞ്ചു രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഈ ഇസ്ലാമിക രാജ്യത്തിന് ഇടമുണ്ട്. കൂടുതല്‍ വധശിക്ഷയും നടപ്പിലാക്കുന്നത് തലവെട്ടിയാണ്. 2014-ല്‍ വധശിക്ഷ നടപ്പിലാക്കിയതില്‍ ചൈനയ്ക്കും ഇറാനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഈ രാജ്യമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പറയുന്നു. പിന്നാലെ ഇറാഖും യുണൈറ്റഡ് സ്റ്റേറ്റ്‌സുമാണ്.

കഴിഞ്ഞ വര്‍ഷം മൊത്തം 88 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയപ്പോള്‍ ഈ വര്‍ഷം കഴിഞ്ഞ ഞായറാഴ്ച വരെ 85 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി കഴിഞ്ഞു ഈ രാഷ്ട്രത്തില്‍. കൊലപാതക കേസുകളിലാണ് കൂടുതലും തലവെട്ടല്‍ ശിക്ഷ വിധിക്കുക. അതേസമയം ഈ വര്‍ഷം 38 പേരെ മയക്കുമരുന്ന് കേസുകളില്‍ തലവെട്ടല്‍ ശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ശിക്ഷിക്കപ്പെടുന്നവരില്‍ പകുതിയും സൗദിക്കാരാണ്. പാകിസ്താന്‍, യെമെന്‍, സിറിയ, ജോര്‍ദാന്‍, ഇന്ത്യ, ഇന്തോനേഷ്യ, ബര്‍മ, ഛാഡ്, എറിത്രിയ, ഫിലിപൈന്‍സ്, സുഡാന്‍ എന്നീ രാഷ്ട്രക്കാരുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍