ആഡം ടെയ്‌ലര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)
എണ്ണ വ്യവസായത്തിന്റെ പര്യായമായി മാറിയ ഒരു രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ‘എണ്ണയോടുള്ള ആസക്തി’ അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഈ രാജ്യം.
വിഷന്‍ 2030 എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതി തിങ്കളാഴ്ച ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിക്കുകയുണ്ടായി. അതിവേഗം വളര്‍ന്നു വരുന്ന ഈ 31-കാരനാണ് സൗദി സമ്പദ്ഘടനയുടെ ആധുനികവല്‍ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 2020-ഓടെ സൗദി എണ്ണയ്ക്കുമേലുള്ള ആശ്രയത്വം അവസാനിപ്പിക്കുമെന്നും അധികം താമസിയാതെ ലോക നിക്ഷേപ രംഗത്ത് ഒരു ആഗോള താരമാകുമെന്നും റിയാദിലെ തന്റെ കൊട്ടാരത്തില്‍ അല്‍ അറബിയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു വലിയ മാറ്റത്തെ ഇത് അടയാളപ്പെടുത്തും. സൗദി എന്ന രാജ്യം ശൈശവ ദശയിലിരിക്കെ 1938-ല്‍ വന്‍തോതില്‍ എണ്ണ ശേഖരം കണ്ടെത്തിയതു മുതല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തിപ്പോന്നത് എണ്ണ വ്യവസായ മേഖലയാണ്. ഈ മേഖലയില്‍ നിന്നുള്ള വരുമാനം സൗദി സര്‍ക്കാരിന് ശതകോടികള്‍ നേടിക്കൊടുക്കുകയും അതുവഴി പൗരന്മാര്‍ക്ക് വാരിക്കോരി കൊടുക്കാന്‍ രാജകുടുംബത്തിന് സാധിക്കുകയും ചെയ്തു. സമീപ വര്‍ഷങ്ങളില്‍ വരെ സര്‍ക്കാരിന്റെ വരുമാനത്തിന്റെ 90 ശതമാനത്തോളം വന്നത് എണ്ണ വ്യവസായത്തില്‍ നിന്നായിരുന്നു.
എന്നാല്‍ ബാരലിന് 100 ഡോളര്‍ എന്ന 2014-ലെ നിരക്കില്‍ നിന്നും എണ്ണ വില 2015-ല്‍ പകുതിയോളം ഇടിഞ്ഞതോടെ അത് രാജ്യത്തിന്റെ ഖജനാവിനെ സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്തിനുണ്ടായത് 98 ശതകോടി അമേരിക്കന്‍ ഡോളറിന്റെ ബജറ്റ് കമ്മിയാണ്. ജിഡിപിയുടെ 15 ശതമാനത്തോളം വരുമിത്. ധൂര്‍ത്തടിക്കുന്ന തരത്തിലുള്ള ചെലവുകളില്‍ പിടിമുറുക്കിയില്ലെങ്കില്‍ സൗദി അറേബ്യ ഒരു സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കപ്പെടുമെന്ന ആശങ്ക വ്യാപകമായുണ്ടായി. ഒക്ടോബറില്‍ അന്താരാഷ്ട്ര നാണ്യ നിധി (ഐ എം എഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഈ പോക്ക് പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പണം കണ്ടെത്താന്‍ വഴികളില്ലാതെ സൗദി ഉഴലുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
തിങ്കളാഴ്ച സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയ വിഷന്‍ 2030 എന്ന പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളില്‍ ഒരു പക്ഷേ സര്‍ക്കാര്‍ ആദ്യം ചെയ്യുക സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ആരാംകോയുടെ ഓഹരികള്‍ വില്‍ക്കുകയായിരിക്കും. അഞ്ചു ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമെ വില്‍ക്കൂ എങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിതെന്നാണ് വിപണിയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. കമ്പനിയുടെ മൂല്യം 2.5 ട്രില്യന്‍ ഡോളര്‍ വരെ ആകാമെന്നാണ് മുഹമ്മദ് പറയുന്നത്. ഈ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയില്‍ നിന്നെടുത്ത് രണ്ട് ട്രില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു നിക്ഷേപക ഫണ്ട് (Sovereign Wealth Fund) രൂപീകരിച്ച് വിദേശങ്ങളില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യും. ഈ ഐപിഒയിലൂടെ ആരാംകോ ഉള്ളറകള്‍ തുറക്കപ്പെടുമെന്നും മുഹമ്മദ് പറഞ്ഞു. ‘ആരാംകോയുടെ ഫയലുകളും വിവരങ്ങളും പ്രഖ്യാപിക്കുന്നില്ല, വ്യക്തമല്ല, സുതാര്യമല്ല എന്ന തരിത്തിലുള്ള പരാതികള്‍ നേരത്തെ തന്നെ ജനങ്ങള്‍ക്കുണ്ട്. ആരാംകോ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ ഓരോ പാദത്തിലും വിവരങ്ങള്‍ പുറത്ത് വിടേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.
സൗദിയുടെ സമ്പദ് വ്യവസ്ഥയില്‍ വരുത്തേണ്ട മറ്റു പല മാറ്റങ്ങളും വിഷന്‍ 2030 പദ്ധതിയില്‍ പറയുന്നുണ്ട്. വിസ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി മുസ്ലിം, അറബ് വിദേശ ജോലിക്കാര്‍ക്കും രാജ്യത്ത് ദീര്‍ഘകാലം തങ്ങാന്‍ അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിദേശങ്ങളില്‍ വലിയ തുക മുടക്കുന്നതിനു പകരം ആഭ്യന്തര ആയുധ വ്യവസായം കെട്ടിപ്പടുക്കാന്‍ ശ്രമങ്ങളാരംഭിക്കും. ലോകത്ത് ഏറ്റവും വലിയ ഇസ്ലാമിക് മ്യൂസിയം നിര്‍മ്മിക്കുന്നതുള്‍പ്പെടെ വിനോദ സഞ്ചാര വ്യവസായ രംഗത്തും രാജ്യം കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പദ്ധതിയിടുന്നു.
എണ്ണ വില തകര്‍ച്ചയുമായി ഈ പദ്ധതി പ്രഖ്യാപനത്തിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായൊന്നും മുഹമ്മദ് പറയുന്നില്ല. ‘സൗദിയുടെ എണ്ണയോടുള്ള ആസക്തി’ സമ്പദ് വ്യവസ്ഥയുടെ മറ്റു വശങ്ങള്‍ അവഗണിക്കപ്പെടാന്‍ കാരണമായിട്ടുണ്ടെന്നാണ് അല്‍ അറബിയയോട് അദ്ദേഹം പറഞ്ഞത്. ‘നിക്ഷേപങ്ങളാല്‍ നയിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ’യായി ഈ പുതിയ പദ്ധതി രാജ്യത്തെ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്.
വലിയ ചെലവില്ലാതെ ഇത് യാഥാര്‍ത്ഥ്യമാകില്ല. പൗരന്മാര്‍ക്ക് രാജ്യം നല്‍കിവരുന്ന ഉദാരമായ പല സബ്‌സിഡികളും നേരത്തെ തന്നെ സൗദി വെട്ടിച്ചുരുക്കിത്തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വെട്ടിച്ചുരുക്കലുകള്‍ക്കാണ് സാധ്യത തെളിയുന്നത്. പൗരന്മാര്‍ക്കായി സൗദി ഒരു പുതിയ സാമൂഹിക ഉടമ്പടിയായിരിക്കും മുന്നോട്ടുവയ്ക്കുകയെന്ന് വാഷിംഗ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ്‌സ് ഫെലോയും സൗദി എംബസിയിലെ മുന്‍ രാഷ്ട്രീയ നിരീക്ഷകനുമായ ഫഹദ് നാസര്‍ പറയുന്നു. സൗദിയുടെ പരമ്പരാഗത മാതൃകകളെ വെല്ലുവിളിക്കാന്‍ മുഹമ്മദ് തയാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പുതിയ നികുതികളും സബ്‌സിഡി വെട്ടിച്ചുരുക്കലുകള്‍ക്കുമൊപ്പം തന്നെ പൗരന്മാര്‍ക്ക് രാഷ്ട്രീയ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ പടിപടിയായി ഒരിടം ലഭ്യമാക്കിയേക്കാമെന്നും നാസര്‍ അഭിപ്രായപ്പെടുന്നു.
എന്നിരുന്നാലും വിഷന്‍ 2030-നെ കുറിച്ച് വ്യാപകമായ സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. അഭിലാഷങ്ങള്‍ നിറഞ്ഞതും ദൂരവ്യാപക ഫലങ്ങളുണ്ടാകുന്നതുമെന്ന് ഈ പദ്ധതിയെ ഐഎംഎഫ് വിശേഷിപ്പിക്കുമ്പോള്‍ തന്നെ അത് എങ്ങനെ നടപ്പിലാക്കുമെന്നതാണ് പ്രധാനമെന്നും കൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപനം ഉണ്ടായ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ സൗദികള്‍ പ്രകടിപ്പിച്ച സംശയം മേഖലയില്‍ ഇറാനുമായുള്ള വൈരവും ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയും മൂലം രാജ കുടുംബം എന്നെങ്കിലും ശരിയായ പരിഷ്‌കരണങ്ങള്‍ക്ക് അനുവദിക്കുമോ എന്നായിരുന്നു.
മറ്റൊരു പ്രശ്‌നം കൊള്ളിമീന്‍ കണക്കെയുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉയര്‍ച്ചയാണ്. 2015 ജനുവരില്‍ പിതാവ് രാജാവായി അവരോധിക്കപ്പെട്ടതിനു ശേഷം രാജ്യത്ത് വിശാലമായ അധികാരങ്ങളുള്ള പദവിയിലേക്ക് അദ്ദേഹം പൊടുന്നനെ ഉയര്‍ത്തപ്പെടുകയായിരുന്നു. പിതാവിനു ശേഷം കിരീടം ലക്ഷ്യമിട്ടാണോ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ എന്ന സംശയവും വ്യാപകമായുണ്ട്. അദ്ദേഹത്തിന്റെ നീക്കങ്ങളിലധികവും ശ്രദ്ധേകന്ദ്രീകരിച്ചത് സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ പരിഷ്‌കരിക്കുന്നതിലാണെങ്കിലും ഈയിടെയായി സൗദി ആക്രമോത്സുകമായി നടത്തിയ യമനിലെ സൗദി സൈന്യത്തിന്റെ നടപടികളടക്കം ചില വിദേശ ഇടപെടലുകള്‍ക്കു പിന്നിലും അദ്ദേഹമാണെന്നാണ് കരുതപ്പെടുന്നത്.
കൂടുതല്‍ യുഎസ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദി കൂടുതല്‍ സുതാര്യമായ ഒരു ഇടമായി മാറേണ്ടതുണ്ടെന്ന് ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂഷനിലെ സീനിയല്‍ അനലിസ്റ്റ് ബ്രൂസ് റൈഡല്‍ പറയുന്നു. ‘പിന്തുടര്‍ച്ചാവകാശ പ്രശ്‌നം ഉയര്‍ന്നു വരുന്നതും മുഹമ്മദിന്റെ ഉയര്‍ച്ചയും സൗദിയുടെ ഭാവി കൂടുതല്‍ അനശ്ചിതങ്ങള്‍ നിറഞ്ഞതാക്കുന്നു.’