UPDATES

വിദേശം

ഭീകരവാദം; ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അടക്കമുള്ള രാജ്യങ്ങള്‍ റദ്ദാക്കി

മേഖലയില്‍ പുതിയ പ്രതിസന്ധി, ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു

ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധി. ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കാന്‍ സൗദി അറേബ്യ, ബഹ്‌റിന്‍, ഈജിപ്ത്, യുഎഇ എന്നിവര്‍ തീരുമാനിച്ചതോടെയാണു മേഖലയില്‍ സംഘര്‍ഷാവസ്ഥ സംജാതമായിരിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി അയല്‍ക്കാരുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാനും എല്ലാ അതിര്‍ത്തി അടയ്ക്കാനും റിയാദ് തീരുമാനിച്ചിരിക്കുന്നതായി സൗദി ന്യൂസ് ഏജന്‍സി അറിയിച്ചു. ഖത്തറുമായുള്ള കടല്‍, വ്യോമ ബന്ധങ്ങളും സൗദി അടച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ ബഹറിനും ദോഹയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് അറിയിച്ചു. ഈജിപ്തും യുഎഇയും ഇതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ഔദ്യോഗിക സ്ഥരീകരണം ഇറക്കി. തീവ്രവാദത്തെ വളര്‍ത്താന്‍ ഖത്തര്‍ പിന്തുണ നല്‍കുന്നതായാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം. മുസ്ലിംബദര്‍ഹുഡ്, ഇസ്ലാമിക് സ്‌റ്റേറ്റ്,അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളെ ഖത്തര്‍ സഹായിക്കുന്നതായി മറ്റു രാജ്യങ്ങള്‍ ആരോപിക്കുന്നു. ഇറാന്‍ പിന്തുണയുള്ള ഭീകരസംഘടനകള്‍ക്കും ഖത്തര്‍ സഹായം ചെയ്തുകൊടുക്കുകയാണെന്നും തങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യമാണിതെന്നും സൗദിയും ബഹറിനും പറയുന്നു. ഖത്തര്‍ നയതന്ത്രപ്രതിനിധിയോട് 48 മണിക്കൂറിനുള്ളില്‍ തങ്ങളുടെ രാജ്യത്തു നിന്നും പോകണമെന്നും നാലു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഖത്തര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധിയുടെ വാര്‍ത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍