UPDATES

വിദേശം

സൗദി – ഇറാന്‍ സംഘര്‍ഷം: മധ്യപൂര്‍വേഷ്യ പിരിമുറുക്കത്തിലേക്ക്

Avatar

ടീം അഴിമുഖം

ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂടുതല്‍ തീവ്രമാക്കുന്നു. ഇറാന്‍ നയതന്ത്രപ്രതിനിധികളോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ സൗദി ആവശ്യപ്പെട്ടുകഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയാണ് മധ്യപൂര്‍വേഷ്യയിലെ മിക്ക സംഘര്‍ഷങ്ങളുടെയും അടിസ്ഥാനം.

മുതിര്‍ന്ന ഷിയ മതപണ്ഡിതന്‍ നിമ്ര്‍-അല്‍-നിമ്‌റിനെ ശനിയാഴ്ച സൗദി വധധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. വധത്തെ ഇറാന്‍ നേതാക്കള്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചതും ടെഹ്‌റാനില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ സൗദി എംബസി ആക്രമിച്ചതുമാണ് സൗദിയെ അപ്രതീക്ഷിത നടപടിക്കു പ്രേരിപ്പിച്ചതെന്നു കരുതുന്നു. സൗദി വിദേശമന്ത്രി അദെല്‍ അല്‍-ജുബൈര്‍ പത്രസമ്മേളനത്തിലാണ് നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

മധ്യപൂര്‍വേഷ്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇറാന്‍ – സൗദി ബന്ധത്തിനു വലിയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ പരിമിതമായെങ്കിലും സഹകരിച്ചാല്‍ സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് രാജ്യാന്തരസമൂഹം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇറാക്ക്, ബഹ്‌റൈന്‍, ലബനന്‍ തുടങ്ങി പല രാജ്യങ്ങളിലെയും കലാപങ്ങള്‍ക്ക് അടിസ്ഥാനം സൗദി-ഇറാന്‍ ശത്രുതയാണ്.

ഇപ്പോഴത്തെ നീക്കത്തോടെ ഇരുരാജ്യങ്ങളും തമ്മില്‍ മതസംഘര്‍ഷം വര്‍ധിക്കുമെന്നും ഇരുകൂട്ടരും ഒളിയുദ്ധങ്ങള്‍ക്കു കൂടുതല്‍ പണം മുടക്കുമെന്നും നിരീക്ഷകര്‍ ഭയക്കുന്നു.

നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം അറിയിച്ച വിദേശമന്ത്രി അദെല്‍ അല്‍-ജുബൈര്‍ സൗദിയുടെ സുരക്ഷയ്ക്കു ഭീഷണിയാകാന്‍ ഇറാനെ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു.

നിമ്ര്‍-അല്‍- നിമ്‌റിന്റെ വധം മധ്യപൂര്‍വേഷ്യയിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഷിയ വിഭാഗത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. സൗദി, ബഹ്‌റൈന്‍ ഭരണകൂടങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്ന നിമ്ര്‍ 2012 മുതല്‍ സൗദി ജയിലിലാണ്. നിമ്‌റിന്റെ മോചനത്തിനായി ഇറാനും യുഎസും ശ്രമിച്ചുവരികയായിരുന്നു.

ഇറാനെതിരെ സൗദി നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് നിമ്‌റിന്റെ വധം. പ്രദേശത്ത് കൂടുതല്‍ സ്വാധീനം നേടാനുള്ള കടുത്ത ശ്രമത്തിലാണ് ഇരുരാജ്യങ്ങളും.

നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതുകൊണ്ട് നിമ്‌റിന്റെ വധമെന്ന കടുത്ത അപരാധം മറയ്ക്കാന്‍ റിയാദിനാകില്ലെന്നായിരുന്നു ഇറാന്റെ ആദ്യപ്രതികരണം. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഇറാന്‍ ഡപ്യുട്ടി വിദേശമന്ത്രി ഹുസൈന്‍-ആമിര്‍-അബ്ദൊല്ലാഹിയാനാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.

നിമ്‌റിന്റെ വധത്തില്‍ പ്രതിഷേധം വ്യാപകമാണ്. പാക്കിസ്ഥാനിലും കശ്മീരിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. സൗദിയെ പിന്തുണയ്ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സംഭവത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് മുസ്ലിം നേതാക്കള്‍ ആവശ്യപ്പെടുന്നു.

ടെഹ്‌റാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലും ബഹ്‌റൈന്‍, ബാഗ്ദാദ് എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഇസ്ലാമബാദിലും പാക്കിസ്ഥാനിലെ ഷിയ ന്യൂനപക്ഷം അധിവസിക്കുന്ന ക്വെറ്റയിലും പ്രതിഷേധം ദൃശ്യമായിരുന്നു.

വിഭിന്ന ഇസ്ലാം ശാഖകളില്‍ വിശ്വസിക്കുന്ന സൗദിയും ഇറാനും മധ്യപൂര്‍വേഷ്യയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ ദീര്‍ഘകാലമായി ശത്രുതയിലാണ്. ഇറാക്ക് യുദ്ധവും ടുണീഷ്യയില്‍ തുടങ്ങി പലയിടത്തേക്കും പടര്‍ന്ന ആഭ്യന്തര കലാപങ്ങളും മൂലം മേഖലയാകെ താറുമാറാകുകയും സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും പുതിയ വഴികള്‍ തുറന്നുകിട്ടുകയും ചെയ്തതോടെ ശത്രുത കൂടുതല്‍ കടുത്തു.

വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ എതിര്‍ചേരികളില്‍നിന്നു പോരാടാന്‍ ഇരുവര്‍ക്കും അവസരങ്ങള്‍ ലഭിച്ചു. ബഹ്‌റൈനില്‍ സുന്നി രാജഭരണകൂടത്തെ എതിര്‍ക്കുന്ന ഷിയ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്താന്‍ സൗദി അറേബ്യ ടാങ്കുകള്‍ അയച്ചു. സിറിയയില്‍ പ്രസിഡന്റ് ബഷര്‍ അല്‍-ആസാദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഇറാന്‍ പിന്തുണയ്ക്കുമ്പോള്‍ പ്രസിഡന്റിനെ പുറത്താക്കാന്‍ ശ്രമിക്കുന്ന സുന്നി റിബലുകള്‍ക്കാണ് സൗദിയുടെ പിന്തുണ. യമനില്‍ ഷിയ വിഭാഗക്കാരായ ഹോത്തി റിബലുകള്‍ക്കെതിരെ സൗദി വ്യോമാക്രമണം നടത്തിക്കഴിഞ്ഞു.

ഇറാന്‍ ആണവകരാര്‍ ഈ മേഖലയില്‍ ടെഹ്‌റാന്റെ സ്വാധീനം വര്‍ധിപ്പിക്കുമെന്ന സൗദിയുടെ ആശങ്ക പ്രശ്‌നം വഷളാക്കുന്നു. സെപ്റ്റംബറില്‍ 450 ഇറാനികള്‍ ഉള്‍പ്പെടെ 2400 ഹജ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ അപകടം സൗദി കൈകാര്യം ചെയ്ത രീതിയില്‍ ഇറാന് കടുത്ത രോഷവുമുണ്ട്.

സൗദിയിലെ ഷിയ ന്യൂനപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുകയും സൗദി രാജഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്ന നിമ്‌റിന്റെ വധമാണ് പുയുന്ന ശത്രുത മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അക്രമത്തിന് ആഹ്വാനം നല്‍കിയെന്നാരോപിച്ച് സൗദി ജയിലിലാക്കിയ നിമ്‌റിനെ മറ്റ് 46 പേര്‍ക്കൊപ്പമാണ് വധിച്ചത്. ഇവരില്‍ മിക്കവരും അല്‍ ഖൈ്വദ അംഗങ്ങളാണെന്നു പറയുന്നു.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍