UPDATES

സൗദിയില്‍ കൊട്ടാര അട്ടിമറിക്ക് കളമൊരുങ്ങുന്നു

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു. ഇപ്പോഴത്തെ രാജാവായ എഴുപത്തിയൊമ്പതുകാരന്‍ സല്‍മാനെ പുറത്താക്കി അദ്ദേഹത്തിന്റെ എഴുപത്തിമൂന്നുകാരനായ സഹോദരനെ രാജാവാക്കാനാണ് കൊട്ടാരത്തില്‍ ആലോചന നടക്കുന്നത്. സൗദി അറേബ്യയുടെ സ്ഥാപക രാജാവായ ഇബന്‍ സൗദിന്റെ ജീവിച്ചിരിക്കുന്ന 12 മക്കളില്‍ എട്ടുപേരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്തെ ശക്തരായ ഇസ്ലാമിക പുരോഹിതരുടെ പിന്തുണയ്ക്കും ഇവര്‍ക്കുണ്ട്. ഇത് സൗദിയില്‍ ഒരു കൊട്ടാര അട്ടിമറിയുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനെയാണ് പരിഗണിക്കുന്നത്. 75 ശതമാനം ഉലമകളുടേയും പിന്തുണ അഹമ്മദ് രാജകുമാരനുണ്ട്. സൗദിന്റെ ചെറുമകനായ ഒരു രാജകുമാരനെ ഉദ്ധരിച്ചാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. രാജാവിനെ മാറ്റുന്നതില്‍ മതപുരോഹിതന്‍മാരുടെ പിന്തുണ നിര്‍ണായകമാണ്.

അബ്ദുള്ള രാജാവ് ഈ വര്‍ഷം ജനുവരിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് സല്‍മാന്‍ സൗദി രാജാവായത്. സല്‍മാന്‍ അള്‍ഷിമേഴ്‌സ് രോഗിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. യെമനുമായി നടക്കുന്ന ചെലവേറിയതും തുടരുന്നതുമായ യുദ്ധവും അടുത്ത കാലത്തെ ഹജ്ജ് ദുരന്തവും കൂടാതെ അദ്ദേഹം നടത്തിയ വിവാദപരമായ നിയമനങ്ങളും അദ്ദേഹത്തിന് കൊട്ടാരത്തിനുള്ളില്‍ എതിര്‍പ്പുകള്‍ സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ചെലവ് ചുരുക്കിയില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തില്‍ ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണ വില കുറയുന്നതും പ്രാദേശിക യുദ്ധങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനവും സൗദിക്ക് തിരിച്ചടിയാകും. 

ഏപ്രിലില്‍ സല്‍മാന്‍ രാജാവ് ഇഷ്ട പുത്രനായ മുഹമ്മദ് ബിന്‍ സല്‍മാനെ (30) ഡെപ്യൂട്ടി ക്രൗണ്‍ പ്രിന്‍സ് എന്ന പുതിയ തസ്തികയില്‍ നിയമിച്ചിരുന്നു. കൂടാതെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. ഇത് കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പുതിയ സ്ഥാനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വത്തും അധികാരവും വര്‍ദ്ധിച്ചു. രാജാവിനുള്ള ഫയലും ഫോണ്‍ കോളുകളും മകനിലൂടെ മാത്രമേ രാജാവില്‍ എത്തുന്നുള്ളൂവെന്ന പരാതിയും രാജ കുടുംബത്തിനുള്ളിലുണ്ട്. 

പുതിയ രാജ സ്ഥാനത്തേക്ക് കുടുംബത്തിന്റെ ഭൂരിപക്ഷ പിന്തുണയുള്ള അഹമ്മദ് രാജകുമാരന്‍ സൗദി രാജ്യത്തിന്റെ സ്ഥാപകന്റെ പ്രിയപ്പെട്ട പത്‌നി ഹസ്സാ ബിന്റ് അഹമ്മദ് അല്‍ സുദൈരിയുടെ മകനാണ്. 37 വര്‍ഷത്തോളം ഉപ ആഭ്യന്തര മന്ത്രിയും 2012 ആഭ്യന്തര മന്ത്രിയാകുകയും ചെയ്തു. അഞ്ചുമാസത്തിനുശേഷം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. കൂടാതെ നാലു വര്‍ഷത്തോളം മെക്കയിലെ മത സ്ഥലങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. പുരോഗമനവാദിയായ ആളായിട്ടാണ് അഹമ്മദ് രാജകുമാരന്‍ അറിയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍