UPDATES

വിദേശം

വധശിക്ഷകള്‍കൊണ്ട് ലോകത്തെ ഞെട്ടിച്ച് സൌദി

Avatar

അഴിമുഖം പ്രതിനിധി

പ്രമുഖ ശിയാ പണ്ഡിതന്‍ ശൈഖ് നിംറ് അല്‍ നിംറ് ഉള്‍പ്പെടെ 47 പേരെ ഭീകരപ്രവര്‍ത്തന കുറ്റത്തിന് സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയരാക്കി. ശനിയാഴ്ച വധിക്കപ്പെട്ടവരില്‍ ഏറെയും 2003-06 കാലയളവില്‍ അല്‍ ഖയ്ദ നടത്തിയ വിവിധ ഭീകരാക്രമണങ്ങളില്‍ പങ്കുള്ളവരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നു. 2011-13 കാലത്തുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ വെടിവെപ്പിലും പെട്രോള്‍ ബോംബ് ആക്രമണത്തിലും നിരവധി പൊലീസുകാര്‍ കൊല്ലപ്പെട്ട കേസുകളില്‍ ശിയാ ന്യൂനപക്ഷ വിഭാഗക്കാരെ സൗദി അധികൃതര്‍ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. ഇവരില്‍ പലരും വധശിക്ഷ കാത്തു കഴിയുകയാണ്.

അതിനിടെ ശിയാ നേതാവ് നിംറിനെ വധിച്ചതിന് സൗദി വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാനിലെ ശിയാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ടെഹ്റാനിലെ സൌദി എംബസി പ്രക്ഷോഭകര്‍ ആക്രമിച്ചു. നിംറിന്റെ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി സൗദി സുപ്രിം കോടതി 2015 ഒക്ടോബറില്‍ തള്ളിയിരുന്നു. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം നടത്തിയ നിംറിനെ 2012-ല്‍ സൗദി ഭരണകൂടം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭമുണ്ടാകുകയും അത് മൂന്ന് പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു.

വധശിക്ഷയെ ന്യായീകരിച്ച് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചാണ് ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടി വി ചാനലില്‍ അല്‍ ഖയ്ദ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കാണിച്ചിരുന്നു. വധശിക്ഷ ശരിവച്ചു കൊണ്ട് സൗദി ഗ്രാന്റ് മുഫ്തി അബ്ദുല്‍ അസീസ് അല്‍ ശൈഖും ടിവിയില്‍ പ്രത്യക്ഷപ്പെട്ടു.

കിഴക്കന്‍ സൗദി പ്രവിശ്യയായ ഖാതിഫ് സ്വദേശിയായ നിംറ് രാജ്യത്തെ ശിയാ സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള പണ്ഡിതനായിരുന്നു. ആലു സഊദ് രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ നിംറ് ഏറെകാലം ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നെങ്കിലും ആക്രമോത്സുക പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ സൗദി പൊലീസിനു നേരെ ആക്രമണം നടത്തിയെന്ന കുറ്റം ചുമത്താന്‍ ഇതൊന്നും അധികൃതര്‍ക്ക് തടസ്സമായില്ല. മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് നിംറ് സൗദിയുടെ ബദ്ധവൈരിയായ ഇറാന്റെ സഹായത്തോടെ രാജ്യത്ത് പ്രക്ഷോഭമുണ്ടാക്കുകയായിരുന്നെന്നാണ് ആരോപണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദിയിലെ വധശിക്ഷാ നിരക്ക് കുത്തനെ ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം 157 പേരെയാണ് വധശിക്ഷയ്ക്കു വിധേരാക്കിയത്. 2014-ല്‍ 90 പേരേയും വധിച്ചു. ഏറ്റവുമൊടുവില്‍ 2016 പിറന്ന് രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും 47 പേരേയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. 

ജഡ്ജിമാര്‍ക്ക് വിധി പറയാന്‍ വിവേചനാധികാരമുള്ള അതികഠിനമല്ലാത്ത മയക്കു മരുന്ന് കേസുകള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വധശിക്ഷയും ഇതോടൊപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. മയക്കു മരുന്ന് കേസുകളില്‍ 2015-ല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 63 പേരെ വധിച്ചിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. 2015-ല്‍ നടപ്പാക്കിയ മൊത്തം വധശിക്ഷയുടെ 40 ശതമാനം വരുമിത്. 2010-ല്‍ ഇത് വെറും നാലു ശതമാനം മാത്രമായിരുന്നു.

ഇസ്ലാമിക നിയമങ്ങളുടെ സൗദി ഭരണകൂടത്തിന്റെ വ്യാഖ്യാനങ്ങള്‍ അനുസരിച്ച് ആസുത്രിത കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നിശ്ചിത ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ മയക്കു മരുന്നു കേസുകള്‍ തഅ്‌സിര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇസ്ലാമില്‍ നിര്‍വചനമില്ലാത്ത കുറ്റങ്ങളും ശിക്ഷകളുമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുമ്പോഴുള്ള ജഡ്ജിമാരുടെ വിവേചനാധികാരം മൂലം ഏകപക്ഷീയവും കടുത്തതുമായ ശിക്ഷകള്‍ക്കാണ് പ്രതികള്‍ വിധേയരാകുന്നത്.

ആംനസ്റ്റി റിപ്പോര്‍ട്ടില്‍ ഉദാഹരണ സഹിതം ഇക്കാര്യം വിശദമാക്കുന്നുണ്ട്. 2015-ല്‍ മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയ സൗദി പൗരന്‍ ലഫി അല്‍ ശിമ്മാരിക്ക് ഒരു ക്രിമിനല്‍ പശ്ചാത്തലവുമുണ്ടായിരുന്നില്ല. പൊലീസ് കേസില്‍ അതുവരെ ഉള്‍പ്പെട്ടിട്ടു പോലുമില്ലായിരുന്നു. എന്നാല്‍ ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ ആള്‍ക്ക് ഇതേ കുറ്റത്തിന് 10 വര്‍ഷം തടവാണ് ലഭിച്ച ശിക്ഷ. മയക്കുമരുന്നു കേസുകളില്‍ നേരത്തെ പലതവണ പിടിയിലാകുകയും ജയിലില്‍ കിടക്കുകയും ചെയ്തയാളായിരുന്നു ഇദ്ദേഹമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മറ്റൊരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ പ്രകാരം 2015-ല്‍ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ട ആദ്യ 100 പേരില്‍ 56 പേരും ജഡ്ജിമാരുടെ വിവേചനാധികാരം ഉപയോഗിച്ചുള്ള വിധികളുടെ ഇരകളായിരുന്നു. ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം പരിഗണിക്കുമ്പോള്‍ ഇസ്ലാമിക നിയമ പ്രകാരം ഇവര്‍ വധശിക്ഷയ്ക്ക് അര്‍ഹര്‍ പോലുമല്ലായിരുന്നെന്നും ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് കണ്ടെത്തിയിരുന്നു.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍