UPDATES

വിദേശം

ഷെയില്‍ ഇന്ധനവുമായുള്ള യുദ്ധം ജയിച്ചാലും സൗദിക്ക് വെല്ലുവിളി ബാക്കി

Avatar

ഗ്രാന്‍റ് സ്മിത്ത്
(ബ്ലൂംബര്‍ഗ്)

ഇന്ധന വിപണി വിഹിതത്തെ ചൊല്ലി യുഎസ് ഷെയില്‍ ഉത്പാദകരുമായുള്ള കിടമത്സരത്തില്‍ സൗദി അറേബ്യ ജയിച്ചാലും മറ്റൊരു വിപരീത ഫലമാണ് ആ രാജ്യത്തെ കാത്തിരിക്കുന്നത്. പുതിയൊരു ശതകോടി ബാരല്‍ എതിരാളിയെ സൗദിക്കു നേരിടേണ്ടി വരും.

മേഖലയിലെ പ്രതിയോഗികളായ ഇറാനോ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇറാഖോ അല്ലെങ്കില്‍ ദീര്‍ഘകാലമായി തങ്ങളോട് മത്സരിക്കുന്ന റഷ്യയോ ആയിരിക്കില്ല സൗദിയുടെ പുതിയ എതിരാളി. പിന്നെ ആരായിരിക്കുമത് എന്ന ചോദ്യത്തിന് കൂടുതല്‍ വിരസമായ ഒരു ഉത്തരമാണ് ലഭിക്കുക. 2014 മുതല്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഒരു ശതകോടിയിലെറെ ബാരല്‍ ഇന്ധന മിച്ചം എണ്ണവിലയെ സ്വാധീനിച്ചു കൊണ്ടിരിക്കും എന്നതാണത്. 2017 അവസാനം വരെ ഈ മിച്ചം കുന്നുകൂടിക്കൊണ്ടിരിക്കുമെന്നും ഈ ഇന്ധന ബാഹുല്യം വിറ്റുതീര്‍ക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നുമാണ് ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐഇഎ) പ്രവചനം.

‘വര്‍ഷാവസാനത്തോടെ നമ്മെ ഇതു ബാധിച്ചേക്കാം. ഡിമാന്‍ഡും വിതരണവും സന്തുലിതമായാലും വിപണി ചുരുങ്ങും. അതുകൊണ്ട് എന്ത്? എന്നു ചോദിച്ചേക്കാം. കാരണം ഇന്ധന മിച്ചം കുറഞ്ഞു വരുന്നതിന്‍റെ ലക്ഷണങ്ങള്‍ക്കായി വിപണി കാത്തിരിക്കുകയാണ്,’ ന്യൂയോര്‍ക്കിലെ സൊസൈറ്റെ ജനറെയിലെ എണ്ണ വിപണി മേധാവി മൈക്ക് വിറ്റ്നര്‍ പറയുന്നു. ‘സ്റ്റോക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങി സന്തുലിതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലും മതിയാവില്ല.’

കുറഞ്ഞ വില കൊണ്ട് പ്രതിയോഗികളെ പിഴിഞ്ഞ് ലോകത്തെ അമിത ഇന്ധനോപയോഗമുള്ള വിപണികളെ സന്തുലിതമാക്കാനുള്ള സൗദി അറേബ്യയുടെ തന്ത്രം 2014 അവസാനത്തോടെ പയറ്റിത്തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ അത് കഠിന നീക്കമാണെന്ന് തെളിഞ്ഞതാണ്. അസംസ്കൃത ഇന്ധനത്തിന്‍റെ വില കഴിഞ്ഞ മാസം ബാരലിന് 30 ഡോളറിലും താഴേക്ക് കൂപ്പുകുത്തിക്കാനും അതിനായി. യുഎസ് ഉത്പാദനത്തിലുണ്ടായ പടിപടിയായുള്ള കുറവ് വിതരണ വര്‍ധന നില്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇതോടെ മിച്ച ഇന്ധനം സാവധാനം ചുരുങ്ങുമ്പോള്‍ ഈ നടപടിയുടെ രണ്ടാം ഘട്ടം ഇനിയും നീണ്ടേക്കാം.

സമാനമായ ഒരു മുന്‍ അനുഭവവും ചരിത്രത്തില്‍ നിന്ന് ഗോള്‍ഡ്മാന്‍ സാഷെ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഡിമാന്‍റ് കൂപ്പുകുത്തിയപ്പോള്‍ 1998-99 കാലയളവില്‍ വികസിപ്പിച്ച എണ്ണ സംഭരണമാണത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങള്‍ (ഒപെക്) 1998 മാര്‍ച്ചിലും പിന്നീട് ജൂണിലും ഉല്‍പാദനം വെട്ടിച്ചുരുക്കിയപ്പോഴും ക്രൂഡ് വില താഴ്ന്നു കൊണ്ടിരിക്കുകയും ഡിസംബറില്‍ ലണ്ടനില്‍ ബാരലിന് പത്ത് ഡോളറിലും താഴേക്ക് വഴുതുകയും ചെയ്തു. 1999 ആദ്യത്തോടെ വികസിത വിപണികളിലെ സ്റ്റോക്ക് താഴോട്ട് വരാന്‍ തുടങ്ങുന്നതു വരെ ഒരു തിരിച്ചുവരവിനുള്ള സാധ്യത ഉണ്ടായിരുന്നില്ല.

2014 പകുതിക്കും അവസാനത്തിനുമിടയില്‍ വികസിത രാജ്യങ്ങളുടെ എണ്ണ സംഭരണം ശരാശരി നിലയിലായിരുന്നപ്പോള്‍ ആഗോള ഉല്‍പ്പാദനക്കണക്കുകളില്‍ 1.1 ശതകോടി ബാരലോളം വര്‍ധിച്ചുവെന്ന് ഐഇഎ കണക്കുകള്‍ കാണിക്കുന്നു. 2017-ല്‍ മറ്റൊരു 37 ദശലക്ഷം ബാരല്‍ കൂടി ഇതോടൊപ്പം ചേര്‍ക്കപ്പെടും. ഇത്രത്തോളം കുന്നുകൂടിയ ഇന്ധനം വിറ്റുതീരാന്‍ 2021 വരെ സമയമെടുക്കുമെന്നാണ് ഏജന്‍സിയുടെ പ്രവചനം. എനര്‍ജി ആസ്പെക്ട്സ് പ്രവചിക്കുന്ന കണക്കുകള്‍ പ്രകാരം 290 ദശലക്ഷം ബാരല്‍ എണ്ണ ചൈനയുടെ തന്ത്രപ്രധാന സംഭരണ കേന്ദ്രങ്ങളിലേക്ക് ഒഴുകുമെന്നും പറയുന്നു.

യുഎസിലെ ഇന്ധന സംഭരണം വലുതായി വരിക മാത്രമാണ് ചെയ്യുന്നതെന്ന് അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 9.9 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് യുഎസ് ഉല്‍പാദിപ്പിച്ചത്. മിച്ചം വരുന്ന എണ്ണ വിറ്റഴിക്കാന്‍ വളരെയെറെ സമയമെടുക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ലണ്ടനിലെ ബിഎന്‍പി പാരിബ എസ്എയിലെ ചരക്കു വിപണി തന്ത്രജ്ഞന്‍ ഹാരി ചിലിഗുറിയന്‍ പറയുന്നു.

യുഎസ് ഷെയില്‍ ഉത്പാദനം എല്ലാവരും ഊഹിക്കപ്പെടുന്നതിലുമേറെ താഴോട്ട് പോയേക്കാമെന്ന കാരണത്താല്‍ ഈ വേനലോടെ എണ്ണ ഉല്‍പ്പാദനക്കണക്കുകളില്‍ കുറവുണ്ടായേക്കാമെന്ന് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍റ് ആയ ജെബിസി എനര്‍ജി ഗംബ് പറയുന്നു. ജൂണില്‍ എണ്ണ വില ബാരലിന് 50 ഡോളര്‍ എന്ന നിലയിലേക്ക് തിരിച്ചുവന്നേക്കാമെന്നും ഇവര്‍ പ്രവചിക്കുന്നു. ഐഇഎ കണക്കുകളില്‍ പറയുന്ന 2015-ന്‍റെ നാലാം പാദത്തില്‍ കുമിഞ്ഞുകൂടിയ മിച്ച ഇന്ധനത്തിന്‍റെ വലിയൊരളവും വാസ്തവത്തില്‍ സംഭരണ കണക്കുകളില്‍ ഇല്ല. ഈ മിച്ചം കരുതിയതിനെക്കാള്‍ കുറവാണെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പറയുന്നു.

‘കണക്കിലില്ലാത്ത ബാരലുകളില്‍ ഭൂരിഭാഗവും എവിടെ എന്ന ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം അങ്ങനെ ഒന്നില്ല എന്നതാണ്. ഡിമാന്‍റ് കുറച്ചുകണ്ടതിന്‍റേയും വിതരണം കണക്കിലേറെ മതിച്ചു കണ്ടതിന്‍റേയും ഫലമാണിത്,’ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിലെ ചരക്കു ഗവേഷണ വിഭാഗം തലവന്‍ പോള്‍ ഹോസ്നല്‍ പറയുന്നു. ‘അഭിപ്രായസമന്വയമുണ്ടാകുന്നതിന് വളരെ മുമ്പ് തന്നെ ആഗോള വിപണി തിരിച്ചുവരവ് നടത്തുമെന്നാണ് ഇതു നല്‍കുന്ന സൂചന.’

തങ്ങളുടെ വിതരണം കുറച്ചു കൊണ്ട് സന്തുലിത നടപടിക്രമങ്ങള്‍ക്ക് വേഗത കൂട്ടില്ലെന്ന് സൗദി അറേബ്യ കഴിഞ്ഞ വാരം ആവര്‍ത്തിച്ചിട്ടുണ്ട്. ജനുവരിയിലെ തോതില്‍ തന്നെ ഉത്പാദനം മരവിപ്പിക്കുന്ന കാര്യത്തില്‍ സൗദിയും മറ്റു ഒപെക് രാജ്യങ്ങളും റഷ്യയെ അംഗീകരിക്കുമ്പോഴും ഒരു കൂട്ടായ കുറവ് വരുത്തല്‍ സംഭവിക്കുന്നില്ലെന്നാണ് സൗദി എണ്ണ മന്ത്രി അലി അല്‍നൈമി ഫെബ്രുവരിയില്‍ ഹൂസ്റ്റണില്‍ നടന്ന യോഗത്തില്‍ പറഞ്ഞത്.

യുഎസ് ഷെയില്‍ ഓയില്‍ കുതിപ്പിനെ തുടര്‍ന്നുണ്ടായ വിതരണ തരംഗവും അതോടൊപ്പമുണ്ടായ ഉത്പാദനവും ആഗോള എണ്ണ വിപണിയിലെ ഡിമാന്‍റ് ഉയര്‍ച്ചയും 2014-ലെ ഇന്ധനോല്‍പ്പാദന കണക്കുകളുടെ കുതിപ്പിനു തുടക്കമിട്ടു. ലോക വിപണിയിലെ തങ്ങളുടെ വിഹിതത്തെ പ്രതിരോധിക്കാനായി സൗദി അറേബ്യ, ഇറാഖ് പോലുള്ള ഒപെക് അംഗ രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതോടെ 2015-ലും ഉത്പാദനക്കണക്കുകളുടെ കുതിപ്പ് തുടര്‍ന്നു. നേരത്തെ തന്നെ പൂരിതമാക്കപ്പെട്ട വിപണിയിലേക്ക് ഇറാന്‍ തങ്ങള്‍ക്കുമേലുണ്ടായിരുന്നു ഉപരോധങ്ങല്‍ നീങ്ങിയ പശ്ചാത്തലത്തില്‍ പുതിയ കയറ്റുമതി കൂടി നടത്തിയതോടെ പരിധിയും വിട്ട് ടാങ്കുകള്‍ നിറയ്ക്കേണ്ടി വന്നു.

ഇന്ധനവില താഴ്ന്ന നിരക്കില്‍ ദീര്‍ഘകാലം തുടരുമെന്ന പ്രവചിച്ച ഗോള്‍ഡ്മാന്‍ സാഷെയുടെ ആത്മവിശ്വാസത്തില്‍ ലോകത്തൊട്ടാകെയുള്ള സംഭരണികളിലെ എണ്ണ ഉപയോഗിച്ചു തീര്‍ക്കാന്‍ എടുക്കുന്ന കാലയളവ് സംബന്ധിച്ച സൂചനയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍