UPDATES

പ്രവാസം

രക്ഷിക്കൂ… സൌദിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ രാജ്യത്തോട് പറയുന്നു

Avatar

സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവത്ക്കരണവും സൌദിയിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദുരിതമയമാക്കിയിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്നു. ഈ അടുത്ത കാലത്ത് ലബനന്‍ വംശജനായ സാദ് ഹരീനി എന്നയാളുടെ ഉടമസ്ഥതയിലുള്ള സൗദി ഓഗര്‍ എന്ന കമ്പനി അടച്ചു പൂട്ടിയതോടെയാണ് അത് പുറംലോകം അറിഞ്ഞത്. കമ്പനിയുടെ അഞ്ച് ക്യാമ്പുകളിലായി ഏകദേശം 700ഓളം മലയാളികള്‍ ഉണ്ടെന്നാണ് ലഭ്യമായ വിവരം. ഏകദേശം 25,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ 5,000ത്തോളം പേര്‍ ഇന്ത്യാക്കാരാണ്. ഓഗറിന്റെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ വര്‍ഗീസ്‌ പയനടത്ത്, കമ്പനിയില്‍ നിന്നു ജോലി നഷ്ടപ്പെട്ട ഷിജോ കണംകൊമ്പില്‍ എന്നിവര്‍ അഴിമുഖത്തിനോട് സംസാരിക്കുന്നു. 

വര്‍ഗീസ്‌ പയനടത്ത്

അഞ്ചര വര്‍ഷമായി സൗദി ഓഗര്‍ കമ്പനിയില്‍ വെല്‍ഡിംഗ് സെക്ഷനില്‍ വര്‍ക്ക് ചെയ്യുകയാണ് വര്‍ഗീസ്‌ പയനടത്ത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓഗര്‍. ഇപ്പോള്‍ ഹൈവേ ലേബര്‍ ക്യാമ്പില്‍ കഴിയുകയാണ് വര്‍ഗ്ഗീസ്.  

ഇവിടെ പ്രശ്‌നം രൂക്ഷമായത് സര്‍ക്കാര്‍ വക പ്രോജക്റ്റുകള്‍ റദ്ദ് ചെയ്യുകയും നിതാഖത് നിയമങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ്. പുതിയ വര്‍ക്കുകള്‍ ഒന്നും ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല.  ജീവനക്കാര്‍ക്ക് വേതനം നല്‍കി അവരെ പറഞ്ഞു വിടുകയോ അല്ലെങ്കില്‍  പ്രശ്‌നം നേരിടാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയോ ചെയ്യാഞ്ഞതാണ് ഈ വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചേരാന്‍ കാരണം. 48000 പേര്‍ വര്‍ക്ക് ചെയ്ത കമ്പനിയാണ് സൗദി ഓഗര്‍.

ഒരു വര്‍ഷമായി ഇഖാമ നല്‍കുന്നത് കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ 99 ശതമാനം പേരുടെയും ഇഖാമയുടെ കാലാവധി കഴിഞ്ഞ നിലയിലാണ്. അങ്ങനെയുള്ളവരുടെ ശമ്പള കുടിശിക നല്‍കുകയും ചെയ്തിട്ടില്ല.

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് കമ്പനി പൂട്ടുന്നതിന് കാരണമായ മറ്റൊന്ന്. ലെബനന്‍ സ്വദേശികള്‍ ആണ് കമ്പനിയുടെ തലപ്പത്തുള്ളത്. പൂട്ടുന്നതിന് മുന്‍പ് നല്ലൊരു തുക ഇവര്‍ കടത്തിയതായി ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. പലതരത്തിലുള്ള തട്ടിപ്പുകള്‍ തലപ്പത്ത് തന്നെ നടന്നിട്ടുണ്ട്.

ഒന്നരമാസമായി വളരെയധികം പ്രശ്നങ്ങള്‍ ആണ് ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. ഈ വിവരങ്ങള്‍ ഒക്കെ ഞങ്ങള്‍ എംബസിയെയും നോര്‍ക്കയെയും ഞങ്ങള്‍ അറിയിച്ചിരുന്നു. അവര്‍ പറഞ്ഞത് ഇത്രയും വലിയ കമ്പനിയായതിനാല്‍ ഞങ്ങള്‍ക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു. മലയാളി സംഘടനകളെ പലരെയും അറിയിച്ചു. ആരില്‍ നിന്നും കാര്യമായ സഹായം ലഭിച്ചിട്ടില്ല.

മലയാളി സംഘടനകളെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത് ഞങ്ങളുടെ കൈയ്യില്‍ നില്‍ക്കുന്ന കാര്യമല്ല എന്നാണ്. ചില മാധ്യമങ്ങളെ വിളിച്ചപ്പോഴും മറുപടി അതുതന്നെ. റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ ആവശ്യമുള്ളത് ചെയ്യാമല്ലോ. അതും ഉണ്ടായില്ല.

20 ദിവസം മുന്‍പാണ്‌ ഭക്ഷണം ലഭിക്കുന്നത് നിലച്ചത്. അതുവരെ ഭക്ഷണം സൗജന്യമായിരുന്നു. ബില്‍ അടയ്ക്കാഞ്ഞതില്‍ വൈദ്യുതിയും ഇല്ലാതെയായി. ഡീസല്‍ തീര്‍ന്നപ്പോള്‍ ജനറേറ്ററും പ്രവര്‍ത്തന രഹിതമായി. ഭക്ഷണവും ഇല്ല കൂടാതെ ചൂടും താങ്ങാന്‍ പറ്റാതെയായി. അകത്തും പുറത്തും ഇരിക്കാന്‍ വയ്യാതെയും വന്നു. അങ്ങനെയാണ് ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങുകയും ഉപരോധങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. ആദ്യം പോലീസുകാര്‍ എത്തി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുമായിരുന്നു. ഏഴു മാസത്തോളമായി ശമ്പളം ലഭിച്ചിട്ട്. സര്‍വ്വീസ് ചാര്‍ജ്ജും ലഭിച്ചിട്ടില്ല. ഇനി കമ്പനിയില്‍ തുടരാന്‍ താത്പര്യമില്ല എന്നാണ് 99 ശതമാനം ആള്‍ക്കാരും പറയുന്നത്.

അത്രയും ദിവസം ഭക്ഷണം ഇല്ലാതിരുന്നിട്ടും ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയിരുന്നില്ല. ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ ഭക്ഷണം കിട്ടാന്‍ തുടങ്ങിയിട്ട്. ആകെ പട്ടിണിയായി തീരെ രക്ഷയില്ലാത്ത അവസ്ഥ ആയപ്പോഴാണ് ഈ പ്രശ്നം പുറത്തെത്തുന്നത്. എന്നിട്ടും ചര്‍ച്ച നടക്കുന്നത് ഇതൊരു നിസ്സാര പ്രശ്നമാണ് എന്ന രീതിയിലാണ്. സൌദിയില്‍ ഈ കമ്പനിയില്‍ മാത്രമല്ല സമാനമായ പ്രശ്നമുള്ളത്. സര്‍ക്കാര്‍ അതില്‍ ഇടപെടുന്നുമില്ല.

കേന്ദ്ര മന്ത്രി വികെ സിംഗ് എത്തിയെങ്കിലും കാര്യമായ ഫലം ഒന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നു തന്നെ പറയേണ്ടിവരും. എന്തൊക്കെയോ ചെയ്തു എന്ന് ആരെയൊക്കെയോ ബോധിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇഖാമ പുതുക്കി നല്‍കും എന്ന് പറഞ്ഞുവെങ്കിലും അതിനായി നടപടികള്‍ സ്വീകരിച്ചതായോ ആര്‍ക്കെങ്കിലും ലഭിച്ചതായോ അറിയില്ല. എട്ടുമാസത്തോളമായി പുറത്തിറങ്ങാതെ റൂമില്‍ത്തന്നെ ഇരിക്കുന്നവര്‍ ഉണ്ട്. നിയമം അനുസരിച്ചു ഈ കമ്പനിയില്‍ ജോലിയില്ലെങ്കില്‍ മറ്റൊരിടത്തേക്ക് മാറാന്‍ സാധിക്കില്ല. പുറത്ത് പോയി പണിയെടുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പിടിച്ചു ജയിലില്‍ ഇടും. നാട്ടിലാണെങ്കില്‍ ഒരു സ്ഥലത്ത് ജോലി ഇല്ലെങ്കില്‍ മറ്റൊരിടത്തേക്ക് പോയി ചെയ്യാന്‍ കഴിയും. ഇവിടെ സാധിക്കില്ല.

ഇപ്പോഴും നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ശരിയാക്കിത്തരാം എന്ന് പറയുന്നതല്ലാതെ കിട്ടാനുള്ള തുക വാങ്ങിത്തരാന്‍ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ഇത്രയും കാലം ജോലി ചെയ്ത പൈസ ഇല്ലാതെ ഞങ്ങള്‍ നാട്ടില്‍ പോയി എങ്ങനെ ജീവിക്കും?

എട്ടു മാസത്തെ ശമ്പളം, അതിന്റെ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിച്ചിട്ടില്ല. എന്നാല്‍ ഈ അവസ്ഥയില്‍ സൗദിയില്‍ തുടരാനും ആരും ആഗ്രഹിക്കുന്നില്ല. മറ്റ് ഓഫറുകള്‍ പലരും നല്‍കാമെന്നു പറയുന്നുണ്ടെങ്കിലും അതിലൊന്നും ആത്മാര്‍ത്ഥതയില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 3000 പേര്‍ക്ക് തന്റെ കമ്പനിയില്‍ ജോലി നല്‍കാം എന്ന് വ്യവസായി രവി പിള്ള പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാനത്തിനു ശേഷം കമ്പനിയെ വിളിക്കുമ്പോള്‍ ഇപ്പോള്‍ വേക്കന്‍സി ഇല്ല, വരുമ്പോള്‍ അറിയിക്കാം എന്നാണ് മറുപടി ലഭിക്കുന്നത്.

ഒരു നേരം ഭക്ഷണം മാത്രമാണ് സൗദി സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നത് , ബാക്കിയുള്ള സമയം ജനങ്ങള്‍ ആരെങ്കിലും സംഭാവന നല്‍കുന്ന പൊതിക്കെട്ടുകള്‍ക്ക് വേണ്ടി തല്ലുകൂടിയാണ് ഇവിടെ കഴിയുന്നത്. കുടിക്കാന്‍ വെള്ളമില്ല. 

ഇവിടത്തെ ശരിക്കുള്ള അവസ്ഥ ഇപ്പോഴും പുറം, ലോകം അറിഞ്ഞിട്ടില്ല. ഒരു വീട്ടില്‍ ദിനം പ്രതി എത്ര മാലിന്യം ഉണ്ടാകും. 2500 പേര്‍ ഒന്നര മാസമായി താമസിക്കുന്ന ഇടത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇഖാമ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങി ആരോടെങ്കിലും പറയാന്‍ പോലും സാധിക്കുന്നില്ല.

60 മലയാളികള്‍ മാത്രമാണ് പ്രശ്നത്തില്‍ പെട്ടിരിക്കുന്നത് എന്ന് പറയുന്നുണ്ട്. എന്നാല്‍ 400 ഓളം പേര്‍ ഇപ്പോഴും ഇവിടെയുണ്ട്. പലരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നേയുള്ളൂ.

മെഡിക്കല്‍ സര്‍വ്വീസ് കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ് എന്നതാണ് ഞങ്ങള്‍ നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രശ്നം. ഒരു ഗുളിക പോലും ഇവിടെയില്ല. നിത്യേന മരുന്ന് കഴിച്ചു കൊണ്ടിരുന്ന പലരും ഒരു റിയാല്‍ പോലുമില്ലാതെ വട്ടം കറങ്ങിക്കൊണ്ടിരിക്കുകയാണ്. വികെ സിംഗ് വന്നു ആരോടൊക്കെയോ സംസാരിച്ചിട്ട്‌ പോയി. ഞങ്ങളുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടു പോലുമില്ല.

ഒന്നുകില്‍ ഞങ്ങളുടെ പണം വാങ്ങിത്തരണം. അല്ലെങ്കില്‍ ഇവിടെനിന്നു രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗ്ഗം ഉണ്ടാക്കണം. ചെയ്യാം ചെയ്യാം എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. തൊഴിലാളികള്‍ക്ക് ശമ്പളം ഉറപ്പാക്കുന്ന നിയമങ്ങള്‍ എന്തുകൊണ്ട് സൗദി സര്‍ക്കാര്‍ നടപ്പിലാക്കിയില്ല എന്ന്  ഇന്ത്യാ ഗവണ്‍മെന്റിന്  ചോദിക്കാമല്ലോ. മൂന്നുമാസം കഴിഞ്ഞാല്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും എന്നാണ് പറയുന്നത്. എട്ടു മാസമായിട്ട് ഞങ്ങള്‍ ശമ്പളം ഇല്ലാതെ പണിയെടുക്കുകയാണ്. കമ്പനിയുടെ തട്ടിപ്പ് പരിപാടികള്‍ നടക്കുന്നത് സൗദി സര്‍ക്കാരിന്റെ അറിവോടെയാണ് എന്നുതന്നെയാണ് അതിന്റെ അര്‍ത്ഥം. സര്‍ക്കാരിനു നേരിട്ട് പങ്കാളിത്തം ഉള്ള കമ്പനിയാണ് ഇത്. അതിനാലാണ് കാര്യമായ നടപടികള്‍ ഉണ്ടാകാത്തത് എന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. നമ്മുടെ നാട്ടിലും അങ്ങനെയാണല്ലോ. പൈസ ഉള്ളവന് അനുസരിച്ചാണല്ലോ നിയമം.

ഈ മരുഭൂമിയില്‍ കിടന്നു ചോര നീരാക്കിയ കാശാണ്. നാട്ടിലോട്ടു ചെന്നാല്‍ എങ്ങനെ ജീവിക്കും. ചെലവുകള്‍ എങ്ങനെ നടത്തും. ഒരു ഉറപ്പ് കിട്ടുകയാണെങ്കില്‍ ഞങ്ങള്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറാണ്.

ഷിജോ കണംകൊമ്പില്‍
അഞ്ചു വര്‍ഷമായി സൗദി ഓഗര്‍ കമ്പനിയില്‍ ടെക്നീഷ്യന്‍. കുടുംബം ഒപ്പമുള്ളതിനാല്‍ പുറത്താണ് താമസം. 

നാട്ടില്‍ പോകാന്‍ ആഗ്രഹമുള്ളവരെ എത്രയും പെട്ടന്ന് കയറ്റി വിടാന്‍ ഉള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. എംബസി ഉത്തരവാദിത്വമേറ്റെടുത്തു എന്നാണ് തൊഴിലാളികളില്‍ നിന്നും എഴുതി വാങ്ങിയിരിക്കുന്നത്. കിട്ടാനുള്ള തുക നിയമനടപടികളിലൂടെ  വാങ്ങി നല്‍കും എന്നാണ് എംബസി പറയുന്നത്.  എന്നാല്‍ കമ്പനി നേരിട്ടു പണം നല്‍കും എന്ന് കരുതി ഇവിടെ ഇരിക്കാന്‍ സാധിക്കില്ല. കോടതി നടപടികള്‍ക്ക് ശേഷം മാത്രമേ അത് ലഭിക്കുകയുള്ളൂ. പല രാജ്യത്തു നിന്നുള്ള  ആളുകള്‍ ഇവിടെയുണ്ട് . ഇന്ത്യക്കാര്‍ക്ക് മാത്രമായി പെട്ടന്നൊരു തീര്‍പ്പ്‌ കോടതി സ്വീകരിക്കുമോ എന്നുള്ളത് ഉറപ്പില്ലാത്ത കാര്യമാണ്. 

ശമ്പളത്തിന്റെ പ്രശ്നം ആദ്യം തന്നെയുണ്ടായിരുന്നു. സൈറ്റില്‍ സ്ട്രൈക്ക് നടത്തിയ ശേഷമാണ്  ഇതിനിടയില്‍ ഒരു മാസത്തെയൊക്കെ ശമ്പളം കിട്ടിയത്.  ഒടുവില്‍ അത് ഏഴു മാസത്തോളമായി. മൂന്നാഴ്ച മുന്‍പ് വരെ എച്ച്ആര്‍, അക്കൌണ്ട് സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ശമ്പളക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല.

വലിയൊരു തുക കിട്ടാഞ്ഞതാണ് ഭക്ഷണത്തിന്റെ കരാര്‍ കൊടുത്തിരുന്ന കമ്പനി ഡെലിവറി ചെയ്യാത്തതിനു കാരണം. ഉടന്‍ തന്നെ ആ തുക നല്‍കിയില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തും എന്ന് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. അതും അവഗണിച്ചതോടെ കാറ്ററിംഗ് കമ്പനി സെര്‍വീസ് പിന്‍വലിക്കുകയായിരുന്നു. പക്ഷേ  ഭക്ഷണം നിന്നതോടെയാണ്  ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടെന്ന വിവരം പുറത്തറിയുന്നത്. 

(തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി )

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍