UPDATES

സൗദി അറേബ്യന്‍ ഭരണാധികാരി അബ്ദുള്ള രാജാവ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് രാജാവ് അന്തരിച്ചു. 90 വയസുണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്ള രാജാവിന്റെ മരണ വിവരം വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഔദ്യോഗിക ടെലിവിഷനിലൂടെ പുറത്തുവിട്ടത്. അബ്ദുള്ള രാജാവിന്റെ അര്‍ദ്ധസഹോദരനും കിരീടാവകാശിയുമായ സല്‍മാന്‍ രാജകുമാരന്‍ അടുത്ത രാജാവാകും. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞായിരിക്കും അബ്ദുള്ള രാജാവിന്റെ സംസ്‌കാരം.

കഴിഞ്ഞ ഡിസംബര്‍ 31 നായിരുന്നു ന്യുമോണിയ ബാധയെ തുടര്‍ന്ന് അബ്ദുള്ള രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു.

1995 ല്‍ സഹോദരനായിരുന്ന ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് അബ്ദുള്ള രാജാവ് സ്ഥാനമേല്‍ക്കുന്നത്. 2011 ലെ അറബ് വസന്തത്തിനു പിന്നാലെ രാജ്യത്ത് നിയന്ത്രിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് അബ്ദുള്ള രാജാവ് തയ്യാറായിരുന്നു.അതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിലും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒഴികെ പൊതുജനത്തിന് വോട്ട് ചെയ്യുന്നതിനും അനുവാദമില്ലായിരുന്നു. ജുഡീഷ്യറിയിലും ചിലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ അബ്ദുള്ള രാജാവ് സന്നദ്ധനായി.

സൗദി രാജവംശത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് ഇബിന്‍ സൗദിന്റെ കാലശേഷം രാജ്യവകാശ പാരമ്പര്യം അദ്ദേഹത്തിന്റെ പുത്രന്മാരിലൂടെയാണ് കൈമാറിവന്നത്. ഒരു സഹോദരനില്‍ നിന്ന് മറ്റൊരു സഹോദരനിലേക്ക് അധികാരം കൈമാറുന്ന സമ്പ്രദായമാണ് സൗദി രാജവംശം ഇപ്പോഴും പിന്തുടരുന്നത്. ഈ സമ്പ്രദായത്തിനെതിരെ ഉയരുന്ന വലിയൊരു ചോദ്യം, എല്ലാ സഹോദരന്മാരും മരണപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത രാജാവ് ആയി ആരുവരുമെന്നാണ്. അടുത്ത തലമുറയിലെ രാജകുമാരന്മാര്‍ക്കിടയില്‍ രാജ്യവകാശ തര്‍ക്കം ഉടലെടുക്കാതെ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും? ഈ ലിങ്ക് പരിശോധിക്കു…

http://apps.washingtonpost.com/g/page/world/running-out-of-brothers-the-saudi-royal-family/1059/

പുതിയ കിരീടാവകാശിയായുള്ള സല്‍മാന്‍ രാജകുമാരന്റെ സ്ഥാനാരോഹണം ചില സംശങ്ങളും ഉയര്‍ത്തുന്നുണ്ട്. രാജ്യത്തെയും രാജവംശത്തിലെ പുതുതലമുറയിലെയും അസ്വാരസ്യങ്ങളെ എങ്ങനെ പുതിയ രാജാവ് കൈകാര്യം ചെയ്യുമെന്നതാണ് സങ്കീര്‍ണ്ണമായ ചോദ്യം. മാത്രമല്ല, സല്‍മാന്‍ രാജകുമാരന്‍ കടുത്ത ആരോഗ്യപ്രശനങ്ങളുള്ള വ്യക്തിയാണെന്നാണ് കേള്‍ക്കുന്നത്. ഡെമന്‍ഷ്യ, പാര്‍ക്കിന്‍സണ്‍, എന്നീ രോഗങ്ങളിലേതൊ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ സൗദി ഭരണകൂടം ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചിട്ടുണ്ട്. അടുത്ത കാലത്തായി സല്‍മാന്‍, തന്റെ സാന്നിധ്യം കൂടുതല്‍ പ്രത്യക്ഷമായി ഭരണരംഗത്ത് പ്രകടിപ്പിക്കാന്‍ ശ്രമിച്ചു വരുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട വിദേശ മീറ്റിംഗുകളിലെല്ലാം രാജ്യത്തെ പ്രതിനിധീകരീച്ച് പങ്കെടുത്തിരുന്നത് അദ്ദേഹമായിരുന്നു. സൗദിയുടെ ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായും സല്‍മാന്‍ ചുമതലകള്‍ വഹിക്കുന്നുണ്ടായിരുന്നു. എങ്കിലും 79 കാരനായ സല്‍മാന്റെ ഭരണം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും കടുത്ത ഭീഷണിയായി മാറിക്കഴിഞ്ഞു. അയല്‍രാജ്യമായ യമനിലും അസ്ഥിരത പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇറാനുമായിട്ടുള്ള ശത്രുത നിലനില്‍ക്കുകയാണ്. ഇതിനെല്ലാം പുറമെ ഇപ്പോള്‍ വന്നുപെട്ടിരിക്കുന്ന വലിയ ചുമതല എണ്ണ വിലയിലുണ്ടാകുന്ന ഇടിവ് പിടിച്ചു നിര്‍ത്തുകയെന്നതാണ്; ഇതെല്ലാം സല്‍മാന്‍ രാജാവിനെ കാത്തിരിക്കുന്ന വെല്ലുവിളികളാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍