UPDATES

വിദേശം

സൗദിയില്‍ ഇനി പട്ടാളവും മാറും

ഗ്ലെന്‍ കാരി, സെയ്‌നാബ് ഫത്താഹ് 
(ബ്ലൂംബര്‍ഗ്)

സമ്പദ് വ്യവസ്ഥയുടെ മുക്കും മൂലയും മാറ്റിമറിക്കാനുള്ള ശ്രമത്തില്‍ പട്ടാളത്തിനും രക്ഷയില്ല. എണ്ണവില്‍പനകൊണ്ടു ജീവിക്കാവുന്ന കാലത്തിനുശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരം കാണാനുള്ള പദ്ധതികളില്‍ ഒന്ന് പട്ടാള ആയുധ വ്യവസായത്തെ ഒരു ഹോള്‍ഡിങ് കമ്പനിയാക്കുക എന്നതാണ്. പട്ടാളത്തിനു വേണ്ടതെല്ലാം തദ്ദേശീയമായി ഉത്പാദിപ്പിക്കുകയും പട്ടാള സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഡപ്യുട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറയുന്നു.

1932ല്‍ സ്ഥാപിതമായ സൗദി അറേബ്യയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ മാറ്റങ്ങളാണ് മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സൗദി അറേബ്യന്‍ എണ്ണക്കമ്പനികളില്‍ അഞ്ചുശതമാനത്തില്‍ താഴെ ഓഹരികളുടെ വില്‍പന, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കല്‍, കൂടുതല്‍ തദ്ദേശീയര്‍ക്ക് തൊഴില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എട്ടു ദശാബ്ദമായി എണ്ണപ്പണത്തില്‍ ആശ്രയിക്കുന്ന സൗദിക്ക് മറ്റു വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

‘സൗദിയുടെ പട്ടാള കേന്ദ്രങ്ങളില്‍ തറ മാര്‍ബിളാണ്. ഭിത്തികള്‍ പഞ്ചനക്ഷത്ര നിലവാരത്തില്‍ അലങ്കരിച്ചിരിക്കുന്നു. എന്നാല്‍ യുഎസ് മിലിട്ടറി കേന്ദ്രങ്ങളില്‍ മുകളില്‍ പൈപ്പുകള്‍ കാണാം. തറയില്‍ പരവതാനിയോ മാര്‍ബിളോ ഇല്ല. നിര്‍മാണം സിമന്റ് കൊണ്ടുമാത്രം. അതാണ് പ്രായോഗികം’. വിഷന്‍ 2030 പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടും മുന്‍പ് സൗദി ഉടമസ്ഥതയിലുള്ള അറേബ്യ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു. ‘പട്ടാളച്ചെലവുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.’

ലോകത്ത് ഏറ്റവും വലിയ സൈനിക ബജറ്റുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി. 2015ല്‍ ആയുധങ്ങള്‍ക്കുവേണ്ടി 46 ബില്യണ്‍ ഡോളര്‍ ചെലവിട്ട സൗദി മധ്യപൂര്‍വേഷ്യയില്‍ ഇക്കാര്യത്തില്‍ ഒന്നാമതായിരുന്നു. പ്രതിരോധ ചെലവായി 2016 ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 57 ബില്യണ്‍ ഡോളറാണ്. ‘ ലോകത്ത് പട്ടാളച്ചെലവുകളില്‍ മൂന്നാമതോ നാലാമതോ ആണ് ഞങ്ങളുടെ സ്ഥാനം. എന്നിട്ടും ഞങ്ങളുടെ സേനയുടെ സ്ഥാനം ഇരുപതിലോ അതിനും താഴെയോ ആണ്. അതൊരു പ്രശ്‌നം തന്നെയാണ്,’ രാജകുമാരന്‍ പറയുന്നു.

‘പട്ടാള വ്യവസായങ്ങള്‍ക്കായി സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിങ് കമ്പനി സ്ഥാപിക്കാനാണ് ഉദ്ദേശ്യം. പിന്നീട് കമ്പനി സൗദി വിപണിയില്‍ ലിസ്റ്റ് ചെയ്യും. 2017 അവസാനത്തോടെ കമ്പനി നിലവില്‍ വരുമെന്നാണു പ്രതീക്ഷ, ‘  രാജകുമാരന്‍ അറിയിച്ചു.

സൗദിയില്‍ നിര്‍മിക്കപ്പെടുന്ന പട്ടാള ഉപകരണങ്ങള്‍ വാങ്ങുന്നത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും രാജകുമാരന്‍ ചൂണ്ടിക്കാട്ടി. പകുതിയോളം ഉപകരണങ്ങള്‍ തദ്ദേശ വിപണിയില്‍ നിന്നു വാങ്ങാനാണ് പദ്ധതി. പല കരാറുകളിലും അഴിച്ചുപണി നടത്തി അവയെ സൗദി വിപണിയുമായി ബന്ധിപ്പിക്കാനും നീക്കമുണ്ട്.

യെമനില്‍ സൗദിയുടെ പട്ടാളം പരീക്ഷണങ്ങള്‍ നേരിട്ടതാണ്. അവിടെ ഷിയ ഹൗതി വിമതര്‍ക്കെതിരെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടുസൈന്യമാണ് ആക്രമണം നടത്തുന്നത്. വിമതര്‍ക്ക് ഇറാന്‍ പിന്തുണയുണ്ടെന്നാണ് ആരോപണം.

‘സൗദിയില്‍ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സാങ്കേതിക പരിമിതികളാണു കാരണം,’ വാഷിങ്ടണിലെ ജോര്‍ജ് ടൌണ്‍ യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാപഠന വിഭാഗം പ്രഫസര്‍ പോള്‍ സള്ളിവന്‍ പറയുന്നു. ‘ ഇത് സാധ്യമാകാന്‍ ദശകങ്ങള്‍ വേണ്ടിവരും. പ്രവര്‍ത്തനക്ഷമവും നിലനില്‍ക്കുന്നതുമായ ഒരു പ്രതിരോധവ്യവസായത്തിന് വളരെയധികം പണം, വിദ്യാഭ്യാസം, പരിശീലനം, ശരിയായ നയങ്ങള്‍ എന്നിവ ആവശ്യമാണ്.’

സൗദി പ്രതിരോധ വ്യവസായം മെച്ചപ്പെടുന്നത് യുഎസ് കരാറുകാര്‍ക്ക് തിരിച്ചടിയാകും. എങ്കിലും അമേരിക്കയെ ആശ്രയിക്കാതെ സ്വന്തം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണമെന്നാണ് സൗദിയോടും മറ്റ് ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ അംഗങ്ങളോടും ഒബാമ ഭരണകൂടം ആവശ്യപ്പെട്ടുവരുന്നത്.

‘യുഎസ് ആയുധക്കച്ചവടക്കാര്‍ക്ക് ഇത് ഭീഷണിയാകും. ചില കാര്യങ്ങളില്‍ അവര്‍ക്ക് പ്രയോജനമുണ്ടാകാമെങ്കിലും,’ സള്ളിവന്‍ പറഞ്ഞു. ‘ ഭാവിയില്‍ ഇത്തരം കാര്യങ്ങളിലുള്ള മേല്‍ക്കൈ ഇല്ലാതാകുന്നതിന്റെ സൂചനയായി യുഎസ് സര്‍ക്കാരിന് ഇതിനെ കാണാം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍