UPDATES

വിദേശം

എണ്ണ കനിഞ്ഞില്ലെങ്കില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സൌദി വില്‍ക്കും

Avatar

ദീമ അല്‍മഷബീ, ഗ്ലെന്‍ കാരി
(ബ്ലൂംബര്‍ഗ്)

ആഗോള എണ്ണവിലയുടെ താഴോട്ടുള്ള പോക്ക് തുടരവേ, ബദല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊതുമേഖല സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള ഓഹരികള്‍ വില്‍ക്കാന്‍ സൌദി ആലോചിക്കുന്നു.  

തുറമുഖങ്ങള്‍, റെയില്‍വേ, വിമാനതാവളങ്ങള്‍, അടിസ്ഥാനസൌകര്യ പൊതുസേവനങ്ങള്‍ എന്നിവയിലെ ഓഹരികളാകും സര്‍ക്കാര്‍ വില്‍ക്കുക. ആശുപത്രികളും സ്വകാര്യവത്കരിച്ചേക്കാം. സൌദി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എണ്ണവില കഴിഞ്ഞ 11 കൊല്ലാതെ ഏറ്റവും താഴ്ന്ന നിലയില്‍ എതിന്നില്‍ക്കവേ അസംസ്കൃത എണ്ണവില്‍പ്പന കൂടാതെയുള്ള വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ്  സൌദി അധികൃതര്‍. വിലയിടിച്ചിലിന് മുമ്പുള്ള നയങ്ങളെ ആശ്രയിച്ചുള്ള ശ്രമങ്ങള്‍ എത്രമാത്രം വിജയകരമായിരുന്നു എന്ന അന്താരാഷ്ട്ര നാണയ നിധിയുടെ പഠനവും സാമ്പത്തിക വിദ്ഗ്ധരും ചൂണ്ടിക്കാണിക്കുന്നത് വില ഉയര്‍ന്നുനിന്നപ്പോള്‍ അവരതിനുള്ള അവസരങ്ങള്‍ പാഴാക്കി എന്നതാണ്.

സമ്പദ് രംഗത്തെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നത് ഉപരാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാനാണ്. ആഭ്യന്തര എണ്ണവില ഉയര്‍ത്തുമെന്നും, ഖനന സ്വകാര്യവത്കരണത്തിനും, സിഗരറ്റ് നികുതി കൂട്ടുന്നതിനുമൊക്കെ നടപടിയുണ്ടാകുമെന്ന സൂചന അദ്ദേഹം കഴിഞ്ഞ മാസത്തെ ചില പരാമര്‍ശങ്ങളില്‍ നല്കിയിരുന്നു. ഗള്‍ഫ് സഹകരണ സമിതിയിലെ (GCC) ചില അംഗങ്ങളെപ്പോലെ മൂല്യ  വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താനും അവര്‍ ആലോചിക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ലഭിച്ചാല്‍ കാര്യക്ഷമത മെച്ചപ്പെടുമെന്ന് ലണ്ടനിലെ VTB Capital പശ്ചിമേഷ്യ, ആഫ്രിക്ക വിദഗ്ധന്‍ റാസ ആഗ പറഞ്ഞു. “എന്നാല്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓഹരി വില്‍പ്പന അത്ര സുസ്ഥിരമായ വഴിയായിരിക്കില്ല.”

ഈ വര്‍ഷം എണ്ണവില 35% ഇടിഞ്ഞു. അന്താരാഷ്ട്ര നാണയ നിധി (IMF)  പറയുന്നതു വരുമാനത്തിന്റെ 80 ശതമാനവും എണ്ണവില്‍പ്പനയില്‍ നിന്നും നേടുന്ന രാജ്യം, സാമ്പത്തിക ഉത്പാദനത്തിന്റെ 20 ശതമാനത്തിന് തുല്യമായ ബജറ്റ് കമ്മി ഈ വര്‍ഷം രേഖപ്പെടുത്താന്‍ പോവുകയാണ് എന്നാണ്.

വിദേശ നാണയ ശേഖരത്തില്‍ നിന്നും ഇനിയും എടുക്കുന്നതിന് പകരം ചെലവുചുരുക്കല്‍ നടപടികളായിരിക്കും ഉണ്ടാകുക. 2007-നു ശേഷം ഇതാദ്യമായി സര്‍ക്കാര്‍ കടപ്പത്രങ്ങളിറക്കി. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള നിരക്കുകളും കൂട്ടി.

അടിസ്ഥാന ഓഹരി സൂചിക Tadawl All Share Index-ല്‍ റിയാദില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. സൂചിക 17% ഇടിഞ്ഞിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു സമ്പദ് രംഗം വിപുലീകരിക്കാന്‍ രാജകുമാരന്‍ മുഹമ്മദ് തത്പരനാണെന്ന് റിയാദ് ആസ്ഥാനമായ Adeem Capital മേധാവി മൊഹമ്മദ് അല്‍സുവായെദ് പറയുന്നു. “സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമം കൂടിയാണിത്.”

സമ്പദ് രംഗം ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ മാസം മൊഹമ്മദിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക വികസന സമിതി 350 പ്രമുഖ പൌരന്മാരുമായി ചര്‍ച്ചകള്‍ നടത്തി.

ഇതൊക്കെയായാലും എണ്ണവരുമാനത്തിലുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറക്കുന്നതിന് മുന്‍ ഭരണാധികാരികള്‍ നടത്തിയ ശ്രമങ്ങളൊന്നും വേണ്ടത്ര വിജയിച്ചിട്ടില്ല.

തങ്ങളുടെ പൌരന്‍മാര്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 2013 നവംബറില്‍ അനധികൃത തൊഴിലാളികള്‍ക്കെതിരെ അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് ശക്തിയായ സൌദി കടുത്ത നടപടികള്‍ എടുത്തിരുന്നു. ആ സമയത്ത് തൊഴിലില്ലായ്മ 12 ശതമാനമായിരുന്നു. ഈ വര്‍ഷം  ആദ്യം അത് 11.6% ആയിരുന്നു എന്നു ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ ഏതാണ്ട് 30 ശതമാനമാണെന്ന് ലോക ബാങ്ക് കണക്കുകള്‍ കാണിക്കുന്നു.

എണ്ണ വില കൂടാന്‍ കാത്തുനില്‍ക്കുന്നതിന് സൌദിക്ക് സാധ്യമല്ലെന്നും ഉയരുന്ന തൊഴിലില്ലായ്മക്ക് തടയിടാന്‍ സാമ്പത്തിക നടപടികള്‍ക്ക് ആക്കം കൂട്ടിയെ തീരൂ എന്നുമാണ് McKinsey& Co.Inc ഈ മാസത്തെ റിപ്പോര്‍ടില്‍ പറയുന്നത്. ഉത്പാദനക്ഷമത കൂട്ടാനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമായി രാജ്യത്തു 4 ട്രില്ല്യന്‍ ഡോളറിന്റെ പൊതു, സ്വകാര്യ നിക്ഷേപത്തിന്റെ ആവശ്യകതയുണ്ട്.

നിലവിലെ പ്രവണതകള്‍ വെച്ചുനോക്കിയാല്‍ “അടുത്ത 15 കൊല്ലത്തിനപ്പുറം സൌദി അറേബ്യ ത്വരിതഗതിയിലുള്ള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിച്ചേക്കും,” എന്നു McKinsey പറയുന്നു. പൊതു ചെലവ് വെട്ടിക്കുറയ്ക്കുന്നതും പോലും, വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്നതും കുടുംബവരുമാനങ്ങളിലെ കുറവും, ഉയരുന്ന തൊഴിലില്ലായ്മയും, ദുര്‍ബ്ബലമാകുന്ന ധനകാര്യസ്ഥിതിയും തടയാന്‍ പ്രാപ്തമല്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍