UPDATES

വിദേശം

ചെറുപ്പമാകുന്ന സൗദി രീതികള്‍ മാറ്റുമോ; പുതിയ കിരീടാവകാശി നല്‍കുന്ന സൂചനകള്‍ എന്തൊക്കെ?

31 കാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്തെ യുവത്വത്തിന്റെ പ്രതിനിധിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

സൗദി അറേബ്യ അതിന്റെ പരമ്പരാഗതനിലപാടുകളില്‍ നിന്നും വ്യതിചലിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചന പോലെ രാജ്യത്തിന്റെ അടുത്ത കിരീടാവകാശിയെ പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വളരെ അപ്രതീക്ഷിതമായ തീരുമാനത്തിലൂടെ തന്റെ മകന്‍ മൊഹമ്മദ് ബിന്‍ സല്‍മാനെയാണ് സിംഹാസനാവകാശിയായി പ്രഖ്യാപിച്ചത്. ഇതോടെ സ്ഥാനം പോയത് സല്‍മാന്‍ രാജാവിന്റെ അനന്തിരവനും അടുത്ത കിരീടാവകാശിയായ പ്രഖ്യാപിക്കപ്പെട്ടിരുന്നതുമായ മൊഹമ്മദ് ബിന്‍ നയീഫ് ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദിനാണ്. 57 കാരനായ നയീഫിനെ മാറ്റിക്കൊണ്ട് 31 കാരനായ മൊഹമ്മദ് സല്‍മാനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും കിരീടാവകാശിയുമായി വാഴിക്കുമ്പോള്‍ സൗദി അതിന്റെ ഭരണാവകാശം പുതുതലമുറയിലേക്ക് കൈമാറുന്നതിന്റെ സൂചനയായിട്ടാണ് രാജകുടുംബവുമായി അടുത്തവൃത്തങ്ങളും പറയുന്നത്.

പുതിയ തലമുറയിലെ പ്രതിനിധി എന്ന നിലയിലായിരുന്നു ആഭ്യന്തരമന്ത്രിയായ നയീഫിനെ കിരീടാവകാശിയായി പ്രഖ്യാപിക്കുമ്പോള്‍ ഉയര്‍ന്ന വിശേഷണം. എന്നാല്‍ വെറും 31 വയസുള്ള മൊഹമ്മദ് സല്‍മാന്റെ സ്ഥാനാരോഹണത്തോടെ സൗദി ഇടുങ്ങിയതും വ്യവസ്ഥാപിതവുമായ രീതികളില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നതായി തോന്നിപ്പിക്കുന്നത്. സൗദി ജനസംഖ്യയുടെ പകുതിയുടെയും പ്രായം 25 ല്‍ താഴെയാണെന്നതും പുതിയ കിരീടാവകാശിയുടെ വരവുമായി ചേര്‍ത്തു വായിക്കാം. നിലവില്‍ പ്രതിരോധ മന്ത്രിയുടെ ചുമതല വഹിക്കുന്ന മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഈ സ്ഥാനത്തിനൊപ്പം തന്നെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിക്കും.

പുതിയ തീരുമാനം രാജകീയ കൗണ്‍സിലില്‍ 31 നെതിരേ 34 വോട്ടുകള്‍ക്കു പാസാവുകയായിരുന്നുവെന്ന് സൗദി ഔദ്യോഗികമാധ്യമമായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കിരീടാവാകാശി സ്ഥാനത്തു നിന്നു പുറത്തായ നയീഫിനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്.

സല്‍മാന്‍ രാജാവ് അധികാരമേറ്റതിനുശേഷം മൊഹമ്മദ് ബിന്‍ നയീഫിനെയാണ് അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചതെങ്കിലും രാജാവിന്റെ മകന്‍ തന്നെ അടുത്ത സിംഹാസനാധിപന്‍ ആകുമെന്ന കാര്യത്തില്‍ അപ്പോഴും സാധ്യത പറഞ്ഞിരുന്നവരുടെ നിഗമനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ചിലരതിനെ കൊട്ടാരവിപ്ലവം എന്നു വിളിക്കുന്നുണ്ടെങ്കിലും രാജ്യതാത്പര്യാര്‍ത്ഥം ഉണ്ടായ തീരുമാനമാണ് ഇതെന്നാണ് കൊട്ടാരവൃത്തങ്ങളും മറ്റു നിരീക്ഷകരും പറയുന്നത്.

2015 ല്‍ സല്‍മാന്‍ രാജാവ് അധികാരമേല്‍ക്കുന്നതിനുശേഷമാണ് മൊഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് സൗദിയിലും പുറത്ത് അധികമായി കേട്ടുതുടങ്ങുന്നത്. നേരത്തെ സല്‍മാന്‍ രാജാവ് കിരീടാവകാശിയായി നില്‍ക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ രാജകീയ കോടതിയുടെ ചുമതല വഹിച്ചിരുന്നത് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരുന്നു.

ആഴ്ചകള്‍ക്കു മുമ്പ് സൗദിയുടെ വിചാരണസംവിധാനം ഉടച്ചുവാര്‍ക്കാന്‍ രാജാവ് ഉത്തരവിട്ടതോടെ തന്നെ നയീഫിന്റെ സ്ഥാനചലനത്തിന്റെ സൂചനകള്‍ കിട്ടിത്തുടങ്ങിയതാണ്. ഓഫിസ് ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ എന്ന പുതിയ സംവിധാനവും പ്രോസിക്യൂട്ടറും സല്‍മാന്‍ രാജാവിന്റെ ഉത്തരവുപ്രകാരം നിയമിക്കപ്പെട്ടു. ഇതോടെ വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രോസിക്യൂട്ടര്‍ നേരിട്ട് രാജാവിനെ അറിയിക്കും. അതോടെ ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കു മേലുള്‍പ്പെടെ നയിഫിനുണ്ടായിരുന്ന അധികാരം നഷ്ടമായി. ഖത്തറുമായുള്ള പ്രശ്‌നത്തിലും നയിഫിന് തൃപ്തികരമായ വേഷമൊന്നും ചെയ്യാന്‍ കഴിയാതെ പോയതും ശ്രദ്ധേയമായിരുന്നു.

വിദേശബന്ധങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ സ്വന്തം മകനെ രാജാവ് നിയോഗിച്ചതോടു കൂടി പൊതുജനമധ്യത്തില്‍ നിന്നും നയിഫിന്റെ ശ്രദ്ധ കുറയുകയും ചെയ്തു. അതേസമയം പുതിയ അവസരത്തിലൂടെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ സാന്നിധ്യം ഉയര്‍ത്തുകയും ചെയ്തു. വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ കണ്ടിരുന്നു. സല്‍മാന്റെ സന്ദര്‍ശനത്തിനു പിന്നാലെയാണ് സൗദി സന്ദര്‍ശിക്കാന്‍ ട്രംപ് തീരുമാനം എടുത്തത്. ട്രംപിന്റെ സന്ദര്‍ശനം സൗദിക്ക് ഉണ്ടാക്കി കൊടുത്തത് മേഖലയിലും മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയിലും വലിയ മേല്‍ക്കൈയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന നിലയില്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.


രാജ്യത്തിന്റെ സാമ്പത്തികഭദ്രത വിപുലപ്പെടുത്തുകയെന്നതാണ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. എണ്ണയെ ആശ്രയിച്ചുമാത്രം വികസിക്കേണ്ടതല്ല രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെന്നാണ് പുതിയ കിരീടാവകാശി പറയുന്നത്. അതിനനുസരിച്ചുള്ള വഴികള്‍ തേടാനാണ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യം വയ്ക്കുന്നതും. അതിനൊപ്പം സല്‍മാന്റെ മുന്നില്‍ വരുന്ന മറ്റൊരു പ്രശ്‌നം യമനില്‍ നട്ക്കുന്ന യുദ്ധമാണ്. സൗദി നേതൃത്വം നല്‍കുന്ന സഖ്യം യമനില്‍ ഇടപെടുന്നതായി വലിയ ആരോപണമുണ്ട്. പ്രതിരോധമന്ത്രി എന്ന നിലയില്‍ മൊഹമ്മദ് ബിന്‍ സല്‍മാനെതിരേയാണ് ഈ ആരോപണങ്ങള്‍ വരുന്നത്. ഇറാന്‍ പിന്തുണയോടെ യമനിലെ സര്‍ക്കാരിനെ വിഘടനവാദികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന തടയാനാണ് സൗദി ശ്രമിക്കുന്നതെന്നാണ് ആ രാജ്യം പറയുന്ന ന്യായം. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇറാന്‍ പിന്തുണയുള്ളവരെന്നു പറയുന്ന ഹൗത്തികളെ യമന്‍ തലസ്ഥാനമായ സന്നയില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയാതെ വരികയും തുടരുന്ന യുദ്ധം യമനെ തകര്‍ത്തു തരിപ്പണമാക്കുന്നതിനും സൗദിയും ഉത്തരവാദിയാണെന്നാണ് ആക്ഷേപം. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും അവരുടെ ആയുധവ്യാപരത്തിന്റെ മികച്ച കമ്പോളമായി സൗദിയെ കാണുകയാണെന്നും ഇവരില്‍ നിന്നും വാങ്ങിച്ചു കൂട്ടുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് യമനിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുകയാണ് സൗദി ചെയ്യുന്നതെന്നതടക്കമുള്ള ആരോപണങ്ങള്‍ മൊഹമ്മദ് ബിന്‍ സല്‍മാനെതിരേ ഉണ്ട്.

എന്നാല്‍ ഇറാനുമായുള്ള ഒരു ചര്‍ച്ചയിലൂടെ ഏതെങ്കിലും വിധത്തിലുള്ള പരിഹാരത്തിന് ഒരുക്കമല്ലെന്നു മൊഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷിയ നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നായിരുന്നു മുമ്പ് ഇതേക്കുറിച്ച് മൊഹമ്മദ് സല്‍മാന്‍ പ്രതികരിച്ചിരുന്നത്. ഇറാനെതിരേ യുദ്ധം ചെയ്യണമെന്ന പക്ഷക്കാരനാണ് പുതി കിരീടാവകാശി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍