UPDATES

വിദേശം

തീര്‍ത്ഥാടകരോടു കരുണ; ഖത്തറിനോടുള്ള നയം വ്യക്തമാക്കി സൗദി

സൗദി പൗരന്മാര്‍ 14 ദിവസത്തിനുള്ളില്‍ ഖത്തറില്‍ നിന്നു തിരികെ പോരണമെന്നും നിര്‍ദേശം

ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചെങ്കിലും ഇപ്പോള്‍ തങ്ങളുടെ രാജ്യത്തുള്ള ഉള്ള എല്ലാ ഖത്തര്‍ തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുമെന്നു സൗദി അറേബ്യ അറിയിച്ചു. മക്കയിലും മദീനയിലുമായി നിരവധി ഖത്തര്‍ പൗരന്മാര്‍ തീര്‍ത്ഥാടകരായി എത്തിയിട്ടുണ്ട്. ഖത്തറിനെതിരേ പൊടുന്നനെ ഉണ്ടായ സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം തീര്‍ത്ഥാടകരായി എത്തിയവരുടെ കാര്യത്തില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ സാധ്യമായ എല്ലാ സൗകര്യങ്ങളും തങ്ങള്‍ അവര്‍ക്കായി ചെയ്തുകൊടുക്കുമെന്ന് സൗദി അറിയിച്ചതോടെ പരിഭ്രമം ഒഴിഞ്ഞിരിക്കുകയാണ്.

എന്നാല്‍ ബാക്കിയുള്ള കാര്യങ്ങളില്‍ കര്‍ശനമായ തീരുമാനങ്ങള്‍ തന്നെയാണു സൗദി കൈക്കൊണ്ടിരിക്കുന്നത്. സൗദി പൗരന്മാരോട് ഖത്തറിലേക്ക് പോകരുതെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇപ്പോള്‍ ഖത്തറില്‍ തൗമസിക്കുന്ന സൗദി പൗരന്മാരും സന്ദര്‍ശനത്തിനു പോയവരും 14 ദിവസത്തിനുള്ളില്‍ തിരികെ സ്വന്തം രാജ്യത്തേക്ക് എത്തണമെന്നാണ് നിര്‍ദേശം. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം. ഖത്തര്‍ പൗരന്മാര്‍ക്ക് സൗദിയിലേക്കുള്ള യാത്രയ്ക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇപ്പോള്‍ സൗദിയില്‍ താമസിക്കുന്നവരും സന്ദര്‍ശകരുമായ ഖത്തര്‍ പൗരന്മാരോട് 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭീകര സംഘടനകള്‍ക്ക് പിന്തുണ കൊടുക്കുന്നു എന്നാരോപിച്ചാണ് സൗദി, ഈജിപ്ത്, ബഹറിന്‍, യുഎഇ, യമന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരിക്കുന്നത്. ഖത്തറുമായി ബന്ധപ്പെട്ടു കിടക്കുന്ന അതിര്‍ത്തികളും അടച്ചു. ഖത്തര്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനും തങ്ങളുടെ വ്യോമപാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതി സൗദിയും മറ്റു രാജ്യങ്ങളും നിഷേധിച്ചു. ഇറാന് പിന്തുണ കൊടുക്കുന്നൂ എന്നതാണ് സൗദിക്ക് ഖത്തറിനോടുള്ള വിദ്വേഷത്തിന്റെ മറ്റൊരു പ്രധാനകാരണം. കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറിനോട് ബന്ധമുപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍