UPDATES

വിദേശം

തല വെട്ടലില്‍ സൗദിയും ഐ എസും തുല്യര്‍

Avatar

ആദം ടെയ്‌ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മുസ്ലിം നിയമം നടപ്പാക്കുന്നതിലെ തീവ്ര യാഥാസ്ഥിതിക നിലപാടുകളില്‍ സൗദി അറേബ്യയും ഇസ്ലാമിക് സ്‌റ്റേറ്റും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന വിമര്‍ശനം കഴിഞ്ഞ വര്‍ഷം പരക്കെ ഉയര്‍ന്നിരുന്നു. 2014 ജൂണ്‍ മുതല്‍ സിറിയയിലും ഇറാക്കിലും ഖലീഫാത്തുകള്‍ പ്രഖ്യാപിച്ച് ഭീകരത അഴിച്ചുവിടുന്ന ഐഎസുമായുള്ള താരതമ്യം സൗദി ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കി. സൗദിയെ ഐഎസുമായി താരതമ്യപ്പെടുത്തുന്ന സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന ഭീഷണിയും ഉണ്ടായി.

എന്നാല്‍ പ്രമുഖ ഷിയ മതപണ്ഡിതന്‍ ഷേക്ക് നിമ്ര്‍ അല്‍-നിമ്ര്‍ ഉള്‍പ്പെടെ 47 പേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കിയെന്ന കഴിഞ്ഞ വാരാന്ത്യത്തിലെ സൗദി പ്രഖ്യാപനം വിമര്‍ശകവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വധിക്കപ്പെട്ടവരില്‍ പലരെയും ശിരച്ഛേദം ചെയ്യുകയായിരുന്നുവെന്നും സൗദി അറിയിച്ചിട്ടുണ്ട്.

നിമ്‌റിന്റെ വധത്തെത്തുടര്‍ന്ന് പരക്കെയുണ്ടായ ഔദ്യോഗിക പ്രതിഷേധങ്ങളില്‍ ഒന്ന് ഇറാന്‍ പരമാധികാരി ആയത്തൊള്ള ഖൊമൈനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ്. ഐഎസ് പ്രചരിപ്പിക്കുന്ന ശിരച്ഛേദ വീഡിയോകളുമായി സൗദി നടത്തിയ ശിരച്ഛേദത്തെ താരതമ്യപ്പെടുത്തുന്നു ഇത്. മുട്ടുകുത്തി നില്‍ക്കുന്ന ഒരാളുടെ പിന്നില്‍ വാളുമായി നില്‍ക്കുന്ന സൗദി ആരാച്ചാരുടെ ചിത്രത്തിനു താഴെ ഇങ്ങനെയാണ് കുറിപ്പ്: എന്തെങ്കിലും വ്യത്യാസമുണ്ടോ?

നിമ്‌റിനെ വധിച്ചത് ശിരച്ഛേദത്തിലൂടെയാകാമെന്നത് മുസ്ലിം ലോകത്തെ സുന്നി – ഷിയ ശത്രുത വീണ്ടും ആളിക്കത്തിക്കും. മൂന്നാമത് ഷിയ ഇമാമായിരുന്ന ഹുസൈന്‍ ഇബ്ന്‍ അലിയെ ഏഴാം നൂറ്റാണ്ടില്‍ സുന്നി ഉമയ്യാദ് ഖലീഫാത്ത് ശിരച്ഛേദം ചെയ്തതുമായാണ് ഇത് താരതമ്യം ചെയ്യപ്പെടുന്നത്.

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ശത്രുതയ്ക്കു പ്രധാന കാരണം സുന്നി, ഷിയ മേല്‍ക്കോയ്മ തര്‍ക്കമാണെങ്കിലും ശിരച്ഛേദത്തിന്റെ കാര്യത്തില്‍ മാറ്റമൊന്നും വരുത്താന്‍ ഇന്നും സൗദി തയാറാകുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മിക്ക രാജ്യങ്ങളും ശിരച്ഛേദം ഉപേക്ഷിച്ചുകഴിഞ്ഞു. സൗദി ഇത് തുടരുന്നു എന്നു മാത്രമല്ല ശിരച്ഛേദങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. രണ്ടുദശകത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സൗദിയിലെ ശിരച്ഛേദമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. വധശിക്ഷകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനയുണ്ട്.

ശിരച്ഛേദം ഒരു ശിക്ഷാരീതിയെന്ന നിലയില്‍ നടപ്പാക്കാന്‍ അനുവാദമുള്ള വളരെക്കുറച്ച് രാജ്യങ്ങളേയുള്ളൂ. ഖത്തറും ഇറാനും ഇവയില്‍പ്പെടും. നിയമാനുസൃതമാണെങ്കിലും ഈ രാജ്യങ്ങളില്‍ ശിരച്ഛേദം അപൂര്‍വമാണ്. ഇറാനില്‍ 2001ലാണ് അവസാന ശിരച്ഛേദം നടന്നത്. ഈ രീതി ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്നാണ് പ്രാദേശിക ആക്ടിവിസ്റ്റുകളുടെ അവകാശവാദം. വര്‍ഷം തോറും നൂറുകണക്കിന് ആളുകളെ തൂക്കിലേറ്റുന്ന രാജ്യമാണ് ഇറാന്‍.

യൂറോപ്പിലും ഏഷ്യയിലും മിക്ക രാജ്യങ്ങളിലും വളരെക്കാലം പ്രധാന ശിക്ഷാരീതിയായിരുന്നു ശിരച്ഛേദം. പല രാജ്യങ്ങളും ഇത് ഉപേക്ഷിച്ചിട്ട് അധികകാലമായിട്ടില്ല. ഫ്രാന്‍സ് കുപ്രസിദ്ധമായ ഗില്ലറ്റിന്‍ അവസാനമായി ഉപയോഗിച്ചത് 1977ലാണ്. ഇന്ന് മിക്കവാറും രാജ്യങ്ങള്‍ ശിരച്ഛേദവും വധശിക്ഷ തന്നെയും അവസാനിപ്പിച്ചുകഴിഞ്ഞു.

തീവ്രയാഥാസ്ഥിതികതയില്‍നിന്ന് ഉടലെടുത്ത വഹാബി ഇസ്ലാം ചിന്താധാരയില്‍ വിശ്വസിക്കുന്ന സൗദിയില്‍ ഇന്നും കടുത്ത ശിക്ഷകള്‍ നിയമവ്യവസ്ഥയുടെ നിര്‍ണായകഘടകമാണ്. ഖുറാന്‍, പ്രവാചകനായ മുഹമ്മദ് പഠിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തവയുടെ രേഖയായ സുന്ന എന്നിവയെ അടിസ്ഥാനമാക്കി ഇസ്ലാം നിയമത്തെ വ്യാഖ്യാനിക്കാന്‍ ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്ന രീതിയിലാണ് സൗദിയിലെ നിയമവ്യവസ്ഥ. തത്വത്തില്‍ ജഡ്ജിമാര്‍ക്കാണ് വിവേചനാധികാരം. എങ്കിലും പ്രതികൂല ജനവികാരം ഉയര്‍ത്തുന്നതോ അതിതീവ്രമോ ആയ ശിക്ഷാവിധികളില്‍ പലപ്പോഴും സൗദി ഭരണാധികാരികള്‍ ഇളവുനല്‍കാറുണ്ട്.

മുസ്ലിം തീവ്രവാദസംഘങ്ങളും കലാപങ്ങളുമായി ബന്ധപ്പെട്ട് ശിരച്ഛേദം അറിയപ്പെട്ടു തുടങ്ങിയിട്ട് അധികനാളായില്ല. 1996ല്‍ ചെച്‌നിയയില്‍ റിബലുകള്‍ ഇസ്ലാം മതത്തില്‍ ചേരാന്‍ വിസമ്മതിച്ച ഒരു റഷ്യന്‍ സൈനികന്റെ തല വെട്ടിയതാണ് ഈ ശിക്ഷാരീതി കലാപകാരികള്‍ക്കിടയില്‍ വ്യാപകമാക്കിയത്. 2002ല്‍ പാക്കിസ്ഥാനി ഭീകരര്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ഡാനിയേല്‍ പേളിന്റെ ശിരച്ഛേദം നടത്തുകയും ഇതിന്റെ വീഡിയോ പരക്കെ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ഐഎസ് ഭീകരരുടെ പ്രധാന ആയുധം ശിരച്ഛേദമാണ്.

ശിരച്ഛേദം പോലുള്ള ഭീകരതകള്‍ കൊണ്ട് എതിരാളികളെ പ്രകോപിപ്പിക്കുകയാണ് ഐഎസിന്റെ തന്ത്രം. കൂടുതല്‍ സംഘര്‍ഷം സൃഷ്ടിച്ച് രക്തദാഹികളായ അനുയായികളെ ആകര്‍ഷിക്കുകയും ലക്ഷ്യമാണ്. അതേസമയം മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് നിയമപരമായ മതാധികാരികളാണ് അവരെന്നു വരുത്താനും ചെയ്തികളെ ന്യായീകരിക്കാനും ശ്രമിക്കുകയും ചെയ്യുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇവരെ പിന്തിരിപ്പിക്കാനാകുന്നില്ല. ഖുറാനില്‍ ശിരച്ഛേദത്തെപ്പറ്റി പരാമര്‍ശമുണ്ടെന്നതിനാലും ചില ജീവിതക്കുറിപ്പുകളില്‍ കൂട്ടശിരച്ഛേദങ്ങളെ മുഹമ്മദ് അംഗീകരിക്കുന്നതായി പറയപ്പെടുന്നതിനാലും ചില യാഥാസ്ഥിതിക മതപണ്ഡിതര്‍ ഇതിന് അനുകൂലമായ വാദഗതികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മിക്ക ഇസ്ലാം അധികാരസ്ഥാനങ്ങളിലും ഇത് തര്‍ക്കവിഷയമായി തുടരുന്നു.

സ്വന്തം സ്ഥിരതയ്ക്കുള്ള ഭീഷണിയായാണ് സൗദി ഭരണകൂടം ഐഎസിനെ കാണുന്നത്. ഐഎസ് സൗദി ഭരണകൂടത്തെ നിയമാനുസൃതമല്ലാത്ത ഒന്നായും കാണുന്നു. എങ്കിലും ശിരച്ഛേദത്തോടുള്ള പ്രതിപത്തി ഈ രണ്ടു ശത്രുക്കളെയും ഒരേ കുടക്കീഴിലാക്കുന്നു. ഇരുവരും തമ്മില്‍ വ്യത്യാസമില്ലെന്ന വിമര്‍ശകരുടെ ആരോപണത്തിന് സൗദി നല്‍കുന്ന മറുപടിയില്‍ ഊന്നല്‍ നടപടിക്രമങ്ങള്‍ക്കാണ്, ശിക്ഷാരീതിക്കല്ല.

‘സൗദിയില്‍ ശിരച്ഛേദം കോടതിവിധി നടപ്പാക്കലാണ്’, ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍- തുര്‍കി കഴിഞ്ഞ വര്‍ഷം എന്‍ബിസി ന്യൂസിനോടു പറഞ്ഞു. ‘വധം ഒരു തീരുമാനമാണ്. സ്വേഛപ്രകാരമോ അനിയന്ത്രിതമോ അല്ലെന്നര്‍ത്ഥം.’

തലയറുക്കാനുള്ള സ്വന്തം കഴിവിനെപ്പറ്റി സൗദി ആരാച്ചാര്‍മാര്‍ വീമ്പിളക്കുന്നതു പതിവാണ്. ‘ഞാന്‍ തലയും ശരീരവും വേര്‍പെടുത്തുന്നത് എത്ര വേഗത്തിലാണെന്ന് ആളുകള്‍ അതിശയിക്കുന്നു’ എന്നാണ് മുഹമ്മദ് സാദ് അല്‍-ബേഷി എന്ന വാള്‍ പടയാളി 2003ല്‍ അറബ് ന്യൂസിനോടു പറഞ്ഞത്.

എന്നാല്‍ വിമര്‍ശകരുടെ അഭിപ്രായം മറ്റൊന്നാണ്. ‘വധിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ ശിരച്ഛേദം ക്രൂരവും മനുഷ്യത്വരഹിതവും തരംതാഴ്ന്നതും ഏതുസാഹചര്യത്തിലായാലും രാജ്യാന്തര നിയമം മൂലം നിരോധിതവുമാണ്’ എന്നാണ് ഇത് അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെട്ട പീഡനവും മറ്റ് ക്രൂരശിക്ഷകളും പഠിക്കാന്‍ യുഎന്‍ നിയോഗിച്ച വിദഗ്ധന്‍ ജുവാന്‍ മെന്‍ഡസ് 2014ല്‍ പറഞ്ഞത്.

ശിരച്ഛേദം പലപ്പോഴും ചെറിയകുറ്റങ്ങള്‍ക്കുള്ള ശിക്ഷയായി വിധിക്കാറുണ്ടെന്നും ശിരച്ഛേദം വിധിക്കപ്പെടുന്ന പല വിചാരണകളും കുറ്റമറ്റവയല്ലെന്നും വധശിക്ഷയെ എതിര്‍ക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍