UPDATES

വിദേശം

സൌദിയിലിപ്പോള്‍ മാള്‍ വിപ്ലവം

Avatar

സൈനബ് ഫത്താഹ് 
(ബ്ലൂംബര്‍ഗ്)

സൌദിയുടെ തലസ്ഥാനമായ റിയാദിന്‍റെ മദ്ധ്യത്തിലൂടെ .ഉള്ള ഹൈവെയിലൂടെ പോകുമ്പോള്‍ നിങ്ങള്‍ക്ക് രണ്ടു ഷോപ്പിങ് മാളുകള്‍ കാണാം; അതിവേഗം പണി തീര്‍ന്നുകൊണ്ടിരിക്കുന്ന മൂന്നാമതൊന്നും. റിയര്‍ വ്യൂ മിററിലൂടെ നോക്കിയാല്‍ ഒന്നു കടന്നു പോകുന്നതിനു മുന്‍പേ അടുത്തത് തെളിയും.

സൌദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗമായ എണ്ണ വ്യാപാരം തകര്‍ച്ചയുടെ പാതയില്‍ ആണെങ്കിലും ശക്തമാകുന്ന റീടെയില്‍ ബൂമിന്‍റെ അടയാളങ്ങളാണ് ഈ മാളുകള്‍. വിപണിയിലെ ആവശ്യങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ഉയരുമെന്ന ഉറപ്പിലാണ് ഈ രംഗത്തെ സ്വദേശി, വിദേശി കമ്പനികള്‍. അമേരിക്കയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആധുനിക ഷോപ്പിങ് സൌകര്യങ്ങള്‍ ആളോഹരി വളരെ കുറവാണ് സൌദിയില്‍ എന്നതും ജനസംഖ്യയിലെ ചെറുപ്പക്കാരുടെ എണ്ണവും ആണ് ഇതിന് അനുകൂലമായി കണക്കാക്കുന്ന ഘടകങ്ങള്‍.

റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ജോന്‍സ് ലാങ് ലാസല്ലേ (JLL Inc.) യുടെ കണക്കുകള്‍ പ്രകാരം 2017ഓടെ റിയാദില്‍ പുതുതായി 565,000 സ്ക്വയര്‍ മീറ്റര്‍ (61 ലക്ഷം സ്ക്വയര്‍ഫീറ്റ്) സ്ഥലവും തീരദേശ പട്ടണമായ ജിദ്ദയില്‍ 383,000 സ്ക്വയര്‍മീറ്റര്‍ സ്ഥലവും ലഭ്യമായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഉടമയായ അറേബ്യന്‍ സെന്‍റെര്‍സ് കമ്പനി ലി. നിലവിലുള്ള 17 മാളുകള്‍ക്ക് പുറമെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 19 പുതിയ മാളുകള്‍ തുറക്കുമെന്ന് ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ സൈമണ്‍ വില്‍കോക്ക് പറയുന്നു.

സൌദി അറേബ്യയില്‍ ആളൊന്നുക്ക് 30 സ്ക്വയര്‍ സെന്റിമീറ്റര്‍ ചില്ലറ വില്‍പ്പന സ്ഥലം മാത്രമാണുള്ളത്. പല ചെറിയ പട്ടണങ്ങളിലും ആധുനിക രീതിയിലുള്ള ഒറ്റ മാള്‍ പോലുമില്ല. മിഡില്‍ ഈസ്റ്റ് കൌണ്‍സില്‍ ഫോര്‍ ഷോപ്പിങ് സെന്‍റെര്‍സ് കണക്കില്‍ ചൈനയില്‍ ആളോഹരി ലഭ്യമായ റീടെയില്‍ വിസ്തീര്‍ണ്ണം 1 സ്ക്വയര്‍ മീറ്റര്‍ ആണ്. അമേരിക്കയില്‍ ഇത് 3 സ്ക്വയര്‍ മീറ്ററും.

റിയാദില്‍ ഒരു മാള്‍ പണിയാന്‍ ഉദ്ദേശിക്കുന്ന അല്‍ ഫുത്തൈം ഗ്രൂപ്പിന്‍റെ കണ്‍ട്രി മാനേജര്‍ ആയ റിച്ചാര്‍ഡ് മോര്‍ലെ-കിര്‍ക് പറയുന്നു “ഇത്രയധികം പുതിയ മാളുകള്‍ ഉയര്‍ന്നിട്ടും വിപണി ആവശ്യങ്ങള്‍ക്ക് തികഞ്ഞിട്ടില്ല. അടുത്ത വര്‍ഷവും ഈ രംഗത്ത് വളര്‍ച്ച ഉണ്ടാകുമോ എന്നാണോ? തീര്‍ച്ചയായും.”

ഇവിടത്തെ ശരാശരി ഒരു മാസത്തെ ചില്ലറ വില്‍പ്പന 15% ആണ്. അതേ സമയം സൌദി ബജറ്റിന്‍റെ 80%ത്തോളം വരുന്ന എണ്ണ വില്‍പ്പന മൂന്നിലൊന്നോളം കുറഞ്ഞു. റീടെയില്‍ ആവശ്യങ്ങളുടെ പകുതിയോളം ഇപ്പൊഴും പഴഞ്ചന്‍ തെരുവോര വില്‍പ്പനശാലകള്‍ വഴിയും സൂക്കുകള്‍ എന്നറിയപ്പെടുന്ന പുരാതന മാര്‍ക്കറ്റുകള്‍ വഴിയുമാണ് നിറവേറുന്നത്. ഷോപ്പിങ് സെന്‍റെര്‍സ് കൌണ്‍സിലിന്‍റെ അഭിപ്രായത്തില്‍ ഇത് വേനല്‍ക്കാലങ്ങളില്‍ ആളുകള്‍ക്ക് ഒട്ടും സൌകര്യപ്രദമല്ല.

ക്ലട്ടന്‍സ് LLCയുടെ കണ്‍സല്‍റ്റന്‍റ് ആയ റാംസി ദര്‍വിഷ് ദുബായില്‍ നല്കിയ ഒരു അഭിമുഖത്തില്‍ പറയുന്നു “സൌദി അറേബ്യയില്‍ ഇപ്പോള്‍ ശക്തമായതും ശക്തമായി തുടരാന്‍ പോകുന്നതുമായ മേഖല ചില്ലറ വ്യാപാരം തന്നെയാണ്. മാളുകളില്‍ പോകുന്നത് ആള്‍ക്കാരുടെ വിനോദത്തിന്‍റെ ഭാഗമായി കഴിഞ്ഞു. ആധുനിക മാളുകളുടെ ഉടമകള്‍ക്ക് കൂടിയ വാടക ഈടാക്കാനുള്ള ശേഷിയുമുണ്ട്.”

അറേബ്യന്‍ സെന്‍റെര്‍സ് അടുത്ത വര്‍ഷം IPO (Initial Public Offer) ഉദ്ദേശിക്കുന്നതായി മാതൃസ്ഥാപനമായ ഫവാസ് അല്‍ഹോകൈര്‍ ഗ്രൂപ്പിന്‍റെ സാമ്പത്തിക, നിക്ഷേപ വിഭാഗമായ FAS കാപ്പിറ്റലിന്‍റെ CEO മുഹനാദ് അവദ് പറഞ്ഞു. മറ്റൊരു ഡെവലപ്പറായ രാജ് റിയല്‍ എസ്റ്റേറ്റ് കമ്പനി ‘റിയാദ് വാക്’ എന്ന പേരില്‍ 137,000 സ്ക്വയര്‍ മീറ്റര്‍ ഓപ്പണ്‍ എയര്‍ മാളിന്‍റെ പണി തുടങ്ങുകയാണ്.

അയല്‍രാജ്യങ്ങളിലെ മാള്‍ ഉടമകളും ഈ ബൂമില്‍ പങ്കാളികളാകുന്നുണ്ട്. ദുബായ് മാളുകളിലൊന്നില്‍ ഇന്‍ഡോര്‍ സ്കീ സ്ലോപ് പണി തീര്‍ത്ത മജീദ് അല്‍ഫുത്തൈം 10.5 ബില്ല്യണ്‍ റിയാലിനുള്ള ($2.8 ബില്ല്യണ്‍) ഒരു ഷോപ്പിങ് സെന്‍റര്‍ റിയാദില്‍ പണിയാന്‍ അനുമതി നേടിയിട്ടുണ്ട്. മറ്റൊരു മാള്‍ ഉടമയായ അല്‍ ഫുത്തൈം ഗ്രൂപ്പ് അടുത്ത വര്‍ഷം രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സെന്‍ററുകളിലൊന്നിന്‍റെ നിര്‍മാണം തുടങ്ങുകയാണ്. ‘ഐകിയ’ (IKEA) ആകും ഇവിടത്തെ പ്രധാന ഷോപ്പ്. H&M, Victoria’s secret മുതലായ ഡസന്‍ കണക്കിനു പ്രമുഖ ബ്രാന്‍ഡുകളുടെ മിഡില്‍ ഈസ്റ്റിലെ വിതരണക്കാരായ കുവൈത്തിലെ അല്‍ഷയ കമ്പനി 6.5 ബില്ല്യണ്‍ റിയാലിന്‍റെ ഒരു മാള്‍ സൌദി തലസ്ഥാനത്ത് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു.

“എണ്ണ വിലയിലെ ഇടിവ് നേരിടേണ്ട ഒരു പ്രശ്നം ആണെങ്കിലും മറ്റൊരുപാട് ഘടകങ്ങള്‍ പ്രൊജെക്റ്റുമായി മുന്നോട്ടുപോകാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു” രാജ് റിയല്‍ എസ്ടേറ്റ് സി‌ഇ‌ഓ വലീദ് അല്‍ ഹസ്സ ഒരു ടെലെഫോണ്‍ ഇന്‍റര്‍വ്യൂയില്‍ പറഞ്ഞു. കെട്ടിട നിര്‍മാണത്തെ പ്രോല്‍സാഹിപ്പിക്കുന്ന പുതിയ ചട്ടങ്ങളെ ഉദ്ധരിച്ച അദ്ദേഹം വിനോദവും ഷോപ്പിങ്ങും ചേര്‍ന്ന മാളുകളുടെ വിജയത്തെ കുറിച്ചു പറഞ്ഞു.

ആധുനിക സൌകര്യങ്ങളായ എയര്‍ കണ്ടിഷനിങ്ങോട് കൂടിയ സ്ഥലങ്ങള്‍ സൌദി അറേബ്യയില്‍ ഒരാവശ്യമാണ്. വേനല്‍ കാലങ്ങളില്‍ 53 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന ഇവിടെ കുട്ടികള്‍ക്കുള്ള ഇന്‍ഡോര്‍ കളിസ്ഥലങ്ങളുള്ള, ശീതീകരിച്ച മാളുകളില്‍ ധാരാളം കുടുംബങ്ങള്‍ സമയം ചെലവഴിക്കാനെത്തുന്നു.

“സൌദിയിലെ മാളുകള്‍ piaza (പൊതുസ്ഥലം/ ചന്ത) അല്ലെങ്കില്‍ പട്ടണത്തിലെ ചത്വരങ്ങള്‍ പോലെയാണ്; വെറും ഷോപ്പിങ് സ്ഥലങ്ങള്‍ മാത്രമല്ല. ഇപ്പോള്‍ റെസ്റ്റോറന്‍റുകള്‍ക്കും കഫെകള്‍ക്കും കുട്ടികളുടെ വിനോദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ധാരാളം മാളുകള്‍ നിര്‍മിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.” ജോന്‍സ് ലാങ് ലാസല്ലേയുടെ സൌദി മേധാവി ജമീല്‍ ഘസ്നാവി പറഞ്ഞു.

എന്നാല്‍ ക്ലട്ടന്‍സ് LLCയിലെ ദര്‍വിഷ് പറയുന്നത് മിക്കവാറും മാള്‍ പ്രൊജക്ടുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഷോപ്പിങ് ഡെവലപ്മെന്‍റ് നിര്‍ത്തി വച്ചിരിക്കുന്ന ഒരു വിദേശ നിക്ഷേപകനെയെങ്കിലും തനിക്കറിയാമെന്നാണ്. എണ്ണ വിലയിലെ കുറവ് ഇതു പോലെ തുടര്‍ന്നാല്‍ ഗവണ്‍മെന്‍റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം. സൌദി പോലെ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും ഗവണ്‍മെന്‍റ് ജോലി ചെയ്യുന്ന ഒരു രാജ്യത്ത് ഇത് ആളുകളുടെ ചെലവാക്കാനുള്ള ശേഷിയെ ബാധിക്കും.

തദാവുള്‍ ഓള്‍ ഷെയര്‍ റീടെയില്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഡെക്സ്; സൌദി അറേബ്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റിലുള്ള 15 കമ്പനികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സൂചിക; ഏതാണ്ട് 20 ശതമാനത്തോളമാണ് ഈ വര്‍ഷം ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം 33 ശതമാനവും 2013ല്‍ 56 ശതമാനവും കുതിപ്പുണ്ടാക്കിയ സ്ഥാനത്താണിത്.

ഷോപ്പിങ് സെന്‍റെര്‍സ് കൌണ്‍സില്‍ സി‌ഇ‌ഓ ഡേവിഡ് മക്കാഡത്തിന്‍റെ അഭിപ്രായത്തില്‍ മാള്‍ ഉടമകള്‍ എണ്ണ വിലയിലെ ഇടിവും ഗവണ്‍മെന്‍റിന്‍റെ ചെലവ് കുറയ്ക്കല്‍ നടപടികളും വികസനത്തിനായുള്ള അവസരമായാണ് കാണുന്നത്. ഗവണ്‍മെന്‍റ് തലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ അസംസ്കൃത വസ്തുക്കള്‍ക്കും തൊഴിലാളികളുടെ കൂലിക്കും ഉള്ള ചെലവ് കുറയുന്നു.

“പുതിയ ഷോപ്പിങ് സെന്‍ററുകള്‍ക്കായുള്ള കണ്ണായ സ്ഥലങ്ങളില്‍ പലതും കാലങ്ങളായി ഇവിടത്തെ സമ്പന്ന വ്യാപാര കുടുംബങ്ങളുടെ കൈവശമാണ്. അവര്‍ തങ്ങളുടെ വിജയകരമായ ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.” അദ്ദേഹം പറഞ്ഞു.

JLL റിപ്പോര്‍ട് പ്രകാരം സൌദിയിലെ ഏറ്റവും വലിയ നഗരമായ റിയാദില്‍, വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ സൂപ്പര്‍ റീജ്യണല്‍ മാളുകള്‍ക്കും കമ്മ്യൂണിറ്റി ഷോപ്പിങ് സെന്‍ററുകള്‍ക്കും ഉള്ള സ്ഥലവാടക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 3 ശതമാനവും 1 ശതമാനവും ഉയര്‍ന്നു. ലഭ്യമായ ഒഴിഞ്ഞ ഇടങ്ങള്‍ 11 ശതമാനത്തില്‍ നിന്നും 8 ശതമാനമായി. വാടക നിരക്കുകള്‍ ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടലെന്നു ചിക്കാഗോ ആസ്ഥാനമായുള്ള ഇ- ബ്രോക്കറിങ് സ്ഥാപനം പറയുന്നു.

ജിദ്ദയില്‍ കഴിഞ്ഞ വര്‍ഷം റീജ്യണല്‍ മാളുകളുടെ സ്ഥലവാടക 6.7 ശതമാനം വര്‍ദ്ധിച്ചു. വര്‍ഷംതോറും ഏതാണ്ട് ഒരു കോടിയോളം തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആതിഥ്യമേകുന്ന, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ, ജിദ്ദയില്‍ പുതിയ മാളുകളിലേക്ക് വാടകക്കാര്‍ എത്തുന്നതോടെ ലഭ്യമായ ഒഴിഞ്ഞ ഇടത്തിന് വാടക കയറിക്കൊണ്ടിരിക്കുന്നതായി JLL പറയുന്നു. നഗരത്തിലെ വലിയ മാളുകള്‍ക്ക് സ്ക്വയറിന് 3,300 റിയാല്‍ വര്‍ഷംതോറും ലഭിക്കുമ്പോള്‍ തലസ്ഥാന നഗരത്തില്‍ ഇത് 2,900 റിയാലാണ്.

ന്യായമായ വാടകയ്ക്ക് ഇടം ലഭിക്കുന്നതിനായി മാളുകളുടെ പണി കഴിയുന്നതിന് 3 വര്‍ഷം മുമ്പേ തന്നെ പാട്ടക്കരാര്‍ ഒപ്പു വയ്ക്കണം. മാള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചാല്‍ ബാക്കിയുള്ള സ്ഥലത്തിന് കടുത്ത മല്‍സരമാണെന്ന് അല്‍ ഫുത്തൈം ഗ്രൂപ്പിന്‍റെ കണ്‍ട്രി മാനേജര്‍ മോര്‍ലി കിര്‍ക് പറയുന്നു. 

“ഡെവലപ്പര്‍മാര്‍ 10 മുതല്‍ 20 വര്‍ഷം മുന്നോട്ട് കണക്ക് കൂട്ടുന്നു” JLL മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക റീറ്റൈല്‍ മേധാവി ആന്‍ഡ്രൂ വില്ല്യംസന്‍ പറയുന്നു. “സമ്പദ് വ്യവസ്ഥയ്ക്ക് അനുസരിച്ചു അവര്‍ നിര്‍മാണത്തിന്‍റെ വേഗം കുറച്ചേക്കാം; പക്ഷേ ആവശ്യം വളരെ കൂടുതല്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്ക്കില്ല.”

സൌദിയില്‍ അമേരിക്കയെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വ്യാപാരം കുറവാണ്. മക്കാഡം പറയുന്ന പ്രകാരം സൌദിയില്‍ ആകെ വില്‍പ്പനയുടെ 4 ശതമാനത്തില്‍ താഴെ മാത്രമാണു ഓണ്‍ലൈനിലൂടെ. അമേരിക്കയില്‍ ഇത് 11 ശതമാനത്തോളമാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സൌദിയിലെ അനുപാതം ഇതിലും കുറവായേക്കാം. “ഇവിടത്തെ ആളുകള്‍ വാങ്ങുന്ന സാധനങ്ങള്‍ കണ്ടും തൊട്ടും പരിശോധിച്ചും വാങ്ങാന്‍ ഇഷ്ടപ്പെടുന്നു. അത് മാള്‍ അനുഭവത്തെ ഒഴിച്ചുകൂടാനാവാത്തതാക്കുന്നു.” അദ്ദേഹം പറഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍