UPDATES

പ്രവാസം

വീട്ടുജോലിക്കാരായ മാതാപിതാക്കള്‍ സങ്കടം പറഞ്ഞു; ഇന്ത്യന്‍ പൌരന്റെ ജയില്‍ മോചനത്തിന് സൗദി സ്പോണ്‍സറുടെ ഇടപെടല്‍

അയദ ഖൊദെയര്‍ അല്‍-റമാലി, ഒരു സൗദി പൗരനാണ്. സൗദിയുടെ വടക്കു പടിഞ്ഞാറന്‍ നഗരമായ ഹെയ്‌ലില്‍ താമസിക്കുന്നു. റമാലിയുടെ വീട്ടില്‍ ജോലി ചെയ്യുന്നവരാണ് ഇന്ത്യന്‍ ദമ്പതിയായ യാസിനും ഭാര്യ അനിസയും. തങ്ങളുടെ സ്‌പോണ്‍സര്‍ കൂടിയായ റമാലിയുടെ മുമ്പില്‍ അനിസയും യാസിനും ഒരു സങ്കടം പറഞ്ഞു. രണ്ടു മാസത്തോളമായി മകന്‍ അലിയെ കുറിച്ച് ഒരു വിവരവുമില്ല. അലി ജോലി ചെയ്തിരുന്ന അബുദാബിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു പാകിസ്താനിയെ തല്ലിയെന്ന കേസില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയതായി അറിഞ്ഞു. അതിനുശേഷം ഒരുവിവരവും മകനെ കുറിച്ചില്ല. എങ്ങനെയെങ്കിലും മകനെ കണ്ടുപിടിച്ചു തരണം എന്നു കരഞ്ഞു പറഞ്ഞ ആ മാതാപിതാക്കളുടെ സങ്കടം കാണാതിരിക്കാന്‍ റമാലിക്കു കഴിഞ്ഞില്ല. തന്റെ വീട്ടിലെ ജോലിക്കാരാണെന്നോ അന്യരാജ്യക്കാരാണെന്നതോ ഒന്നും റമാലിയുടെ മനസ് മാറ്റിയില്ല.

അദ്ദേഹം സൗദിയില്‍ നിന്നും അബുദാബിയിലേക്കു യാത്രയായി.

എന്റെയൊരു സഹോദരനെയും കൂട്ടിയാണ് ഞാന്‍ അബുദാബിയില്‍ എത്തിയത്. അബുദാബിയില്‍ ഏതു ജയിലില്‍ ആണ് അലി ഉള്ളതെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിവരും ഇല്ലായിരുന്നു. ഞങ്ങള്‍ ആദ്യം മുസഫ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു. പക്ഷേ അവര്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ കഴിഞ്ഞില്ല. അബുദാബിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഒരു ജയിലില്‍ ആണ് അലി ഉള്ളതെന്ന് വിവരം കിട്ടി. പക്ഷേ അവിടെയെത്തിയപ്പോഴും ഞങ്ങള്‍ നിരാശരായി. വീണ്ടും അന്വേഷണം. പലവഴി, പലയിടങ്ങളിലും അലിയെ അന്വേഷിച്ചു. ഒടുവില്‍ അലിയെ ഏതു ജയിലില്‍ ആണു പാര്‍പ്പിച്ചിരിക്കുന്നതെന്നു കണ്ടെത്താനായി. റിമാന്‍ഡ് പ്രതികളെ പാര്‍പ്പിക്കുന്ന ജയില്‍ ആയിരുന്നു അത്. അവിടെവച്ച് ഞങ്ങള്‍ക്ക് അലിയെ കണ്ടെത്താന്‍ സാധിച്ചു; റമാലി അല്‍ അറേബ്യ ഡോട്ട് നെറ്റിനോടു പറഞ്ഞു.

ജോലിക്കിടയില്‍ പാകിസ്താനി സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്നതായിരുന്നു അലിക്കെതിരേ ഉള്ള കുറ്റം. എങ്ങനെ അലിയെ മോചിപ്പിക്കാമെന്നുള്ള അന്വേഷണത്തില്‍ റമാലി ഉടന്‍ തന്നെ നിയമവിദഗ്ദരുടെ സഹായം തേടി. അങ്ങനെ കിട്ടിയ ഉപദേശം അനുസരിച്ചാണ് അലി ജോലി ചെയ്തിരുന്ന കമ്പനിയില്‍ പോകാന്‍ റമലിയെ പ്രേരിപ്പിച്ചത്. അതൊരു പാകിസാതാനി കമ്പനിയായിരുന്നു. അവിടെ ചെന്ന് അലിക്കെതിരേ പരാതിയുള്ള ആളെ കാണുകയായിരുന്നു ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ അയാള്‍ അവധിക്കു നാട്ടില്‍ പോയിരിക്കുകയായിരുന്നു. എങ്കിലും ഫോണില്‍ സംസാരിക്കാന്‍ സാധിച്ചു. റമാലി അയാളെ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. തന്റെ പരാതി പിന്‍വലിക്കാന്‍ ആ പാകിസ്താനി തയ്യാറായി.

പക്ഷേ പിന്നെയും നിയമതടസം. കേസ് പിന്‍വലിക്കണമെങ്കില്‍ അതു പരാതിക്കാരന്റെ സാന്നിധ്യത്തില്‍ മാത്രമെ കഴിയുകയുള്ളൂ. ഉടന്‍ തന്നെ റമാലി ബന്ധപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരെ കണ്ടു സാംസാരിച്ചു. ഉദ്യോഗസ്ഥര്‍ എതിര്‍പ്പു പറഞ്ഞില്ല. അവര്‍ പരാതി പിന്‍വലിച്ചെന്ന ഉറപ്പില്‍ അലിയെ മോചിപ്പിച്ചു. പാകിസ്താനി തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ കേസ് അവസാനിപ്പിച്ചോളാമെന്നും റമാലിക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി.
അബുദാബിയില്‍ നിന്നും തങ്ങള്‍ക്ക് അനുഭാവ പൂര്‍ണമായ സഹായങ്ങളാണു ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദി പറയുകയാണെന്നും റമാലി അല്‍ അറേബ്യയോടു പറയുന്നു. എന്നാല്‍ തന്റെ വീട്ടു ജോലിക്കാരുടെ മകനെ ജയിലില്‍ നിന്നും മോചിപ്പിക്കാനായി സൗദിയില്‍ നിന്നും അബുദാബി വരെ എത്തിയ റമാലിയെ അഭിനന്ദിക്കുകയാണ് എല്ലാവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍