UPDATES

പ്രവാസം

സൗദിയില്‍ 19 തൊഴില്‍ മേഖലകളില്‍ കൂടി വിലക്ക് ; മലയാളികള്‍ ആശങ്കയില്‍

അഴിമുഖം പ്രതിനിധി

കൂടുതല്‍ തൊഴില്‍മേഖലകളില്‍ നിന്നും വിദേശീയരെ  വിലക്കിക്കൊണ്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കി. സീനിയര്‍ ഹ്യൂമന്‍ റിസോഴ്സ്  മാനേജര്‍, തൊഴിലാളികാര്യ മാനേജര്‍, തൊഴില്‍കാര്യ മാനേജര്‍, പേഴ്സണല്‍ മാനേജര്‍, പേഴ്സണല്‍കാര്യ വിദഗ്ദ്ധന്‍, പേഴ്സണല്‍കാര്യ ക്ലര്‍ക്ക്, റിസപ്ഷന്‍ ക്ലര്‍ക്ക്, ഷിഫ്റ്റ്‌ റൈറ്റര്‍, ഹോട്ടല്‍ റിസപ്ഷന്‍ ക്ലര്‍ക്ക്, കംപ്ലൈന്റ്റ് റൈറ്റര്‍, പേഷ്യന്റ് റിസപ്ഷന്‍ ക്ലര്‍ക്ക്,കാഷ്യര്‍, പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മാണ വിദഗ്ദ്ധന്‍, ലേഡിസ് ഷോപ്പ് ജീവനക്കാര്‍, കസ്റ്റംസ് ക്ലിയറന്‍സ് വിദഗ്ദ്ധന്‍ എന്നിവയടക്കം 19 തൊഴില്‍ മേഖലകളില്‍ നിന്നാണ് വിദേശികളെ പൂര്‍ണ്ണമായും വിലക്കിക്കൊണ്ട് സൗദി സര്‍ക്കാരും തൊഴില്‍കാര്യ മന്ത്രാലയവും സംയുക്തമായി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ മേഖലകളിലേക്ക് പുതുതായി നിയമനം നടത്തുന്നതും വര്‍ക്ക് പെര്‍മിറ്റ്‌ നല്‍കുന്നതും മന്ത്രാലയം നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഈ നിയമത്തിന്‍റെ പൂര്‍ണ്ണമായ നടപ്പിലാക്കല്‍ എന്ന് മുതലാണ് ഉണ്ടാവുക എന്ന് മന്ത്രാലയം അറിയിച്ചിട്ടില്ല. മേല്‍പ്പറഞ്ഞ ഒഴിവുകളില്‍ സ്വദേശി പൌരന്‍മാരെ മാത്രമേ നിയമിക്കാവൂ എന്ന് കര്‍ശനമായ നിര്‍ദ്ദേശം എല്ലാ കമ്പനികള്‍ക്കും മന്ത്രാലയം നല്‍കിക്കഴിഞ്ഞു.

ഡിപ്ലോമക്കാരായ വിദേശ നഴ്സുമാരുടെ തൊഴില്‍ കരാര്‍ പുതുക്കിനല്‍കേണ്ടതില്ല എന്ന തീരുമാനത്തിനു പുറമേയാണ് സ്വദേശിവത്ക്കരണം മറ്റു തൊഴില്‍ മേഖലകളില്‍ കൂടി വ്യാപിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചത്. മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് ഇതേതുടര്‍ന്ന് തൊഴില്‍ നഷ്ടമാവും.

ഡിപ്ലോമാക്കാരായ നഴ്സുമാരുടെ കരാര്‍ പുതുക്കി നല്‍കുകയില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കരാര്‍ തീരുന്ന മുറയ്ക്ക് നഴ്സുമാരുടെ സേവനം അവസാനിക്കുമെന്നും അവര്‍ അറിയിച്ചു. ബിരുദധാരികളായ നഴ്സുമാരുടെ കരാര്‍ മാത്രമേ പുതുക്കാന് ഇനി അനുമതിയുണ്ടാവൂ.  രണ്ടു മാസത്തിനുള്ളില്‍ കരാറിന്‍റെ കാലാവധി തീരാന്‍ പോകുന്ന നഴ്സ്മാരെ ആ വിവരം രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍