UPDATES

വിദേശം

എണ്ണ വിലയിടിവ്: സൗദി മുങ്ങുമോ?

Avatar

കെവിന്‍ സുള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില താഴേക്കു കൂപ്പു കുത്തി കൊണ്ടിരിക്കുമ്പോള്‍ സൗദി അറേബ്യയെക്കുറിച്ചുള്ള ചിന്തകള്‍ കടന്നു വരുന്നത് സ്വാഭാവികം. ഇന്ധനമെന്ന വാക്കിനു പര്യായമായി നാം ചേര്‍ത്തുവയ്ക്കുന്ന രാജ്യം. ഗവണ്‍മെന്‍റ് വരുമാനത്തിന്റെ 90 ശതമാനവും എണ്ണ ഖനികള്‍ സംഭാവന ചെയ്യുന്ന ഈ രാജ്യത്തെ മാറിയ സാഹചര്യം ജനങ്ങളെ വിഷമിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുമെന്ന്‍ നാം വിചാരിക്കും.

എന്നാല്‍ ഇവിടുത്തെ ഒരു തിരക്കേറിയ വാണിജ്യ കേന്ദ്രത്തിനടുത്തുള്ള ഗ്യാസ് പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന ഡ്രൈവര്‍മാരുടെ പ്രതികരണം കേള്‍ക്കുമ്പോള്‍ മനസ്സിലാകും, മാറിയ സാഹചര്യമൊന്നും അവരെ അല്പം പോലും അലട്ടിയിട്ടില്ലെന്ന്. ഓഡി, മെഴ്സിഡെസ് ബെന്‍സ്, കാഡിലാക്‌സ്, ഡോഡ്ജസ്, കെവി തുടങ്ങി നാം കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ആഢംബര കാറുകളെ പ്രദര്‍ശനത്തിലെന്നപോലെ അണിനിരത്തിയിരിക്കുകയാണ് അവരിവിടെ. ഗവണ്‍മെന്‍റ് സബ്സിഡിയുടെ ബലത്തില്‍ പച്ചവെള്ളത്തേക്കാള്‍ വില കുറച്ചു കിട്ടുന്ന ഇന്ധനവും നിറച്ച് അവര്‍ കടന്നു പോകും.

”ഇപ്പോഴത്തെ സാഹചര്യം വ്യക്തിപരമായി എന്നെ ഒട്ടും ബാധിക്കാന്‍ പോകുന്നില്ല. ഗവണ്‍മെന്‍റിനെ ഇതു ചിലപ്പോള്‍ ഭാവിയില്‍ ബാധിച്ചേക്കാം, വലിയ പ്രോജക്ടുകളില്‍ നിന്നും അവര്‍ക്കു പിന്‍വാങ്ങേണ്ടി വന്നേക്കാം. എന്നാല്‍ അതൊന്നും സാധാരണക്കാരെ അലട്ടുന്ന പ്രശ്‌നമല്ല”. ഒരു ബുക്ക് സ്റ്റാളില്‍ പ്രവര്‍ത്തിക്കുന്ന മധ്യവയസ്‌ക്കനായ ഖായിദിന്റേതാണ് ഈ വാക്കുകള്‍. മാസം 40 സൗദി റിയാലാണ് ഇദ്ദേഹം തന്റെ അമേരിക്കന്‍ നിര്‍മ്മിത വാഹനത്തിന്റെ ഇന്ധനാവശ്യങ്ങള്‍ക്കായി ചിലവാക്കുന്നത്.

 

 

കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ആഗോള എണ്ണ വില ഇടിഞ്ഞു പകുതിയായി. ആറു മാസം മുമ്പ് ബാരല്‍ 100 ഡോളറിനു വിറ്റിരുന്നെങ്കെില്‍ ഇന്ന്‍ വില്‍ക്കുന്നത് 50 ഡോളറിനു താഴെയാണ്. എന്നാല്‍ ഇകാര്യത്തില്‍ മൊത്തത്തിലൊരു ഒഴുക്കന്‍ പ്രതികരണമാണ് സൗദി ജനങ്ങളില്‍ നിന്നും പൊതുവേ ലഭിക്കുക. 

 

ഓര്‍മയില്ലേ 60 ഡോളര്‍ മുടക്കി അമേരിക്കയില്‍ ഇന്ധനം നിറച്ച കാലം. കുറച്ചു കാലം മുമ്പ് ഒരു ഗാലന്‍ (4.5 ലിറ്റര്‍) ഇന്ധനത്തിനു ആഗോളതലത്തില്‍ 4 ഡോളറിനടുത്തു വരെ വിലയെത്തിയിരുന്നു. അന്നൊക്കെ എണ്ണയടിച്ച് നമ്മുടെ കീശ ചോര്‍ന്നു കൊണ്ടിരുന്നപ്പോള്‍ സൗദി കൊട്ടാര ഖജനാവ് നിറഞ്ഞു കനപ്പെട്ടു വരികയായിരുന്നു. കൊട്ടാരത്തിലിപ്പോള്‍ ഏകദേശം 750 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധനശേഖരമുണ്ട്. ഇന്ധന വിപണിയെ പ്രശ്‌നങ്ങളില്‍ നിന്നും നീക്കി നിലയ്ക്കു നിര്‍ത്തുതിന് ഈ തുക ധാരാളം.  

 

”എണ്ണവില കുറയുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളെ സുഖമായി മറികടക്കാന്‍ തല്‍ക്കാലം ഗവമെന്റിനു കഴിയും”. സൗദിയിലെ സ്വകാര്യ നിക്ഷേപക ബാങ്കായ ജഡ്വാ ഇന്‍വെസ്റ്റ്‌മെന്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് താരിഖ് അല്‍ സാദിരി പറയുന്നു, ”വിപണിയിലെ ഈ പ്രവണത എത്ര കാലം നിലനില്‍ക്കും എതാണ് പ്രധാന ചോദ്യം. ഈ പ്രവണത നീണ്ടു നീണ്ട് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഗവണ്‍മെന്റിനെനിര്‍ബന്ധിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ കൊണ്ടുചെന്നെത്തെുമോ എന്നതൊക്കെ കണ്ടറിയേണ്ടതാണ്”- സാദിരി കൂട്ടിച്ചേര്‍ത്തു.

 

കടുത്ത നടപടികളിലേക്കു കടക്കേണ്ടി വന്നാല്‍ അത് ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബൃഹത്തായ അടിസ്ഥാന വികസന പന്ധതികളെയാവും ബാധിക്കുകയെന്ന്‍ സാദിരിയും മറ്റു സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം അന്തരിച്ച അബ്ദുള്ള രാജാവ് കോടിക്കണക്കിനു ഡോളറാണ്, സര്‍വ്വകലാശാല, റോഡ്, റയില്‍, തുറമുഖ, നഗരനിര്‍മ്മാണ പദ്ധതികളിലായി മുടക്കിയത്. ഇന്ധനവരുമാനത്തില്‍ നിന്നുള്ളതായിരുന്നു ഇതിലെ ഭൂരിഭാഗം തുകയും. 

 

ഇപ്പോള്‍ തന്നെ റിയാദില്‍ അവിടുത്തെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍ സംവിധാനം ഒരുക്കുന്ന പണികള്‍ക്കായി പല വഴികളും ബ്ലോക്ക് ചെയ്തിരിക്കുന്നതു കാരണം ട്രാഫിക്ക് കുരുക്ക് വളരെ രൂക്ഷമാണ്. റോഡിലവിടവിടെയായി മുളച്ചു പൊന്തിയിരിക്കുന്ന വെള്ള പ്രതലത്തില്‍ ചുവപ്പിലെഴുതിയ തടസ്സക്കുറ്റികള്‍ക്കു പുറകിലും അടിയിലുമായി ആയിരക്കണക്കിനു പണിക്കാരാണ് ഒരേ സമയം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുത്.

 

”ഈയടുത്ത വര്‍ഷങ്ങളിലായി ഗവണ്‍മെന്റ് വികസന പദ്ധതികള്‍ക്കായുള്ള വാര്‍ഷിക ചെലവില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധന വരുത്തിക്കൊണ്ട് വരികയാണ്. ഞങ്ങളുടെ ഒരു കണക്കു കൂട്ടല്‍ അനുസരിച്ച് അടുത്ത ഒരു 7-8 വര്‍ഷത്തേക്ക് ഗവണ്‍മെന്റിനു തങ്ങളുടെ പദ്ധതിയില്‍ വെട്ടിച്ചുരുക്കല്‍ ഒന്നും വരുത്താതെ കരുതല്‍ ധന ശേഖരമുപയോഗിച്ചു മാത്രം മുന്നോട്ട് പോകാന്‍ സാധിക്കും. നിലവിലെ കരുതല്‍ ധനശേഖരം 100 ശതമാനം ജിഡിപി (മൊത്ത വാര്‍ഷിക വരുമാനം)) ലഭിക്കുന്നതിനു തുല്ല്യമാണ്, ഇതുവഴി റെവന്യുക്കമ്മി മറികടക്കാനും സാധിക്കും”. ജാഡ്വാ ബാങ്കിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗവണ്‍മെന്റിന്റെ കടബാധ്യത വളരെ കുറവായതിനാല്‍ ആവശ്യമെങ്കില്‍ കടമെടുക്കാനുള്ള അവസരവും യഥേഷ്ടമുള്ളതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

വരുന്ന ഒന്നര വര്‍ഷത്തേക്ക് ഗവണ്‍മെന്റ്, വിപണിയില്‍ ഇന്ധന വിലയിലുണ്ടാകുന്ന മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്താനാണ് സാധ്യത. തിരിച്ചടിയുണ്ടാകുമെന്നു തോന്നുകയാണെങ്കില്‍ നയം മാറ്റുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കും. ഭാവി നടപടികളെക്കുറിച്ചുള്ള സാദിരിയുടെ അനുമാനമാണിത്.

 

പ്രതിസന്ധിയെ ലളിതമായി മറികടക്കാനള്ള ധനശേഖരം ഉണ്ടെന്നു പറയുന്നതോടൊപ്പം സൗദിയുടെ ധന സമാഹരണ രീതിയുടെ അടിസ്ഥാന പ്രശ്‌നത്തിലേക്കു വിരല്‍ ചൂണ്ടുന്നുമുണ്ട് സാദിരി. സൗദിക്ക് ബഹുമുഖ സാമ്പത്തിക സ്രോതസ്സുകളുണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായെങ്കിലും അതൊന്നും എണ്ണയെ അമിതമായി ആശ്രയിക്കുന്ന പ്രവണതയില്‍ മാറ്റം ഉണ്ടാക്കുവാന്‍ സഹായിച്ചില്ല. ഗതാഗത, നിര്‍മ്മാണ മേഖലകളില്‍ മുതല്‍മുടക്കുന്ന സ്വകാര്യ നിക്ഷേപകര്‍ പോലും ഗവണ്‍മെന്റ് ഫണ്ടിംഗ് പ്രതീക്ഷിച്ചാണ് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റ് നടത്തുന്ന ഫണ്ടിങ്ങാകട്ടെ മുഴുവനും ഇന്ധന വരുമാനത്തില്‍ നിന്നുള്ളതുമാണ്.

 

”എണ്ണവില ബാരലിനു 100 ഡോളറായി താഴ്ന്ന സമയത്തു തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. എന്നാല്‍ അന്നൊക്കെ നാം ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചിന്തകളൊന്നുമില്ലാതെ ഗാഢനിദ്രയില്‍ ലയിച്ചിരിക്കുകയായിരുന്നു. ഇനി എന്നാണ് നാം എണ്ണയെ മാത്രം പ്രധാന വരുമാന മാര്‍ഗ്ഗമായി ആശ്രയിച്ചു പോരുന്ന രീതി  അവസാനിപ്പിക്കാന്‍  പോകുന്നത് ”? ജാഡ്വയിലെ ചീഫ് എക്കണോമിസ്റ്റ് ആയ ഫഹദ് എം അല്‍തുര്‍ക്കി ചോദിക്കുന്നു.

 

സൗദി അറേബ്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ അമ്പ്ദുള്‍ റഹ്മാന്‍ അല്‍ റഷീദ, ഞെട്ടിപ്പിക്കുന്ന തരത്തില്‍ എണ്ണ വില താഴുന്ന സാഹചര്യം സൗദിയുടെ സാമ്പത്തിക രംഗം കൂടുതല്‍ വൈവിധ്യപൂര്‍ണ്ണമാക്കുന്നതിലേക്കു ശ്രദ്ധ ചെലുത്താന്‍ അധികാരികളെ  പ്രേരിപ്പിക്കണമെന്ന്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഗവണ്‍മെന്റ് ജോലിയെ മാത്രം ആശ്രയിക്കുന്നതും പ്രശ്‌നമായാണ് അദ്ദേഹം കാണുത്. 

 

സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനായില്ലെങ്കില്‍ പിന്നെ നാം ചിലവാക്കുന്ന പണത്തിനു എന്തു വിലയാണുള്ളത്? നാളെ എണ്ണയില്‍ നിന്നുള്ള വരുമാനം നിന്നു പോയാലും അല്ലെങ്കിലതു പേരിനു മാത്രമായാലും നമ്മുക്കു മുന്നോട്ട് പോകേണ്ടേ?  ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന്‍ അഷ്‌റഖ് അല്‍ അസ്വത്തും പങ്കുവയ്ക്കുന്നത് സമാന ആശങ്ക.

 

എണ്ണവില താഴുന്നതിനെക്കുറിച്ചു ഗവണ്‍മെന്റിനു ശരിക്കും ആശങ്ക ഉണ്ടായിരുന്നെങ്കെില്‍ അവര്‍ക്കത് ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളാമായിരുന്നുവെന്ന്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണയുത്പാദക, വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിലെ ഏറ്റവും വലിയ ഉത്പ്പാദാവായ സൗദി അറേബ്യ ആണ് ലോകത്തിനാവശ്യമുള്ള എണ്ണയുടെ 40 ശതമാനവും വിതരണം ചെയ്യുന്നത്. എന്നാല്‍ എണ്ണവിലയിടിവ് തടയുന്നതിനു വേണ്ടി ഉത്പാദനം വെട്ടിക്കുറക്കാനുള്ള ആവശ്യങ്ങളെ തള്ളിക്കളയുകയാണ് അവര്‍ ചെയ്തത്. 

 

എന്നാല്‍ വില ഇടിയുന്ന സാഹചര്യത്തിലും ഉത്പാദനം തുടരുന്നത് മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്തുതിനും ചൈനയടക്കമുള്ള വമ്പന്‍ ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാനും സഹായിക്കുമെന്നുമാണ് അധികാരികള്‍ കണക്കു കൂട്ടുന്നത്, വില ഇടിയുന്നത് ഈ രംഗത്ത് സൗദിയോട് മത്സരിക്കുന്ന എന്നാല്‍ സൗദിയുടെ അത്ര സാമ്പത്തിക ശേഷിയില്ലാത്ത രാജ്യങ്ങളെയാണ് മോശമായി ബാധിക്കുകയെന്നും സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഈ നീക്കത്തിലൂടെ ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുത് അയല്‍പക്കത്തെ എതിരാളി ഇറാനേയും യു.എസ്സിലെ ഷെല്‍ ഗ്യാസ് നിര്‍മ്മാതാക്കളെയുമാണ്.

 

ഇപ്പോള്‍ ടെക്‌സാസിലേയോ മറ്റോ ഷെല്‍ ഗ്യാസ് നിക്ഷേപങ്ങളില്‍ നിന്നു ഒരു ബാരല്‍ ഇന്ധനം വേര്‍തിരിച്ചെടുക്കാനാവശ്യമായതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ സൗദിയിലെ സമ്പമായ എണ്ണഖനികളില്‍ നിന്നും കുഴിച്ചെടുക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഈ ഇടിവ് ഷെല്‍ ഗ്യാസ് നിര്‍മ്മാതാക്കളെ ഉത്പാദനം മതിയാക്കി പോകാന്‍ പ്രേരിപ്പിച്ചേക്കാം. സൗദി സാമ്പത്തിക വിദഗ്ധര്‍ സാധ്യതകളെ കുറച്ചു കാണുന്നില്ല.

 

പക്ഷേ ഇതൊന്നുമായിരിക്കില്ല സൗദിയുടെ നയരൂപീകരണത്തെ സ്വാധീനിക്കാന്‍ പോകുന്ന കാര്യങ്ങള്‍. എണ്ണ വില വെച്ചു രാഷ്ട്രീയം കളിക്കാനാണെങ്കില്‍ ഗവണ്‍മെന്റിന് അത് എപ്പോള്‍ വേണമെങ്കിലും ആകാമായിരുന്നു. ഇതെല്ലാം വെറും വിപണിയെ സംമ്പന്ധിച്ച കാര്യങ്ങള്‍ മാത്രമാണ്. പത്രപ്രവര്‍ത്തകനായ അല്‍തുര്‍ക്കി ഉറപ്പിച്ചു പറയുന്നു.

 

 

സൂര്യനെ മറയ്ക്കാന്‍ പോന്ന അംബരചുംബികളായ മാളികകളുടെ തണലില്‍ നില്‍ക്കുന്ന റിയാദിലെ അല്‍ദഹര്‍ ഇന്ധന നിലയം. ഇവിടെ സാധാരണ പെട്രോള്‍ ഗാലണിനു 45 സെന്റിനും പ്രീമിയം പെട്രോള്‍ ഗാലണിനു 60 സെന്റിനുമാണ് വില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യുക്തിയുമൊക്കെ ഇവിടുത്തെ ശരാശരി സൗദിക്കാരന്‍ തന്റെ ജീവിതത്തില്‍ നിന്നും മാറ്റിവയ്ക്കും. അനുഗ്രഹിച്ചു കിട്ടിയ രാജ്യത്തിന്റെ സമ്പന്നതയുമായി  അറിയാതെ തന്നെ പൊരുത്തപ്പെട്ട് പോയവരാണവര്‍. 

 

വര്‍ഷം തോറും സൗദി കോടാനുകോടി ഡോളറാണ് ഇന്ധനവും, വൈദ്യുതിയും ഭക്ഷ്യ വസ്തുക്കളും മറ്റും സബ്സിഡി നിരക്കില്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ചിലവാക്കുന്നത്. ഗവണ്‍മെന്റ് നീട്ടുന്ന ഈ സഹായ ഹസ്തമാണ്  ആഗോള വിപണിയില്‍ ഇന്ധന വിലയിലുണ്ടാകുന്ന വൃതിയാനങ്ങളില്‍ നിന്നും ജനങ്ങളെ കാത്തു രക്ഷിക്കുത്.

 

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റം എന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സാധ്യതകളെ ചെറുതായൊന്ന് ബാധിക്കുമെന്നല്ലാതെ എനിക്കു പ്രത്യേകിച്ചു ഒരു കുഴപ്പവും ഉണ്ടാകാന്‍ പോകുില്ല. തന്റെ തിളങ്ങുന്ന കറുത്ത മെഴ്സിഡെസ് കാറില്‍ ഒരു പല്ലക്കിലിരിക്കുന്ന ഗമയിലാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ഫഹദ് അല്‍ ഹര്‍മ്പി ഇങ്ങനെ പറയുത്. പമ്പിലെ ഇന്ത്യക്കാരനായ ജോലിക്കാരന്‍ 14 റിയാലിനു കാറിന്റെ ടാങ്ക് നിറച്ചു കൊടുത്തു.

 

റിയാദിലെ തദാവുള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക ഈയിടെ റെക്കോര്‍ഡ് ഇടിവ് രേഖപ്പെത്തിയിരുന്നു. എണ്ണ വിലയിടിവിനെത്തുടര്‍ന്നു നിക്ഷേപകര്‍ക്കുണ്ടായ ആശങ്ക തന്നെകാരണം. മതാധ്യാപകനായ സൂഹൈല്‍ അല്‍ തമ്മിനിക്കൊപ്പം ഭാര്യയും മക്കളുമുണ്ടായിരുന്നു. അദ്ദേഹത്തിനു ദിവസവും 60 മൈല്‍ സഞ്ചരിക്കേണ്ടി വരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചെറിയ ചൈനീസ് നിര്‍മ്മിത കാറിനു 7 സൗദി റിയാലിന്റെ പെട്രോളേ ആവശ്യമുള്ളു. ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ട്. ഞങ്ങളുടെ രാജ്യം എണ്ണയെ അമിതമായി ആശ്രയിക്കുന്നു. 10 കൊല്ലത്തില്‍ ഞങ്ങള്‍ക്കു എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചു ഒരു പിടിയുമില്ല. പമ്പിലെ ആള്‍ക്കു പണം കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍