UPDATES

വിദേശം

ബ്രസ്സല്‍സ് ഭീകരാക്രമണത്തിലെ സൌദി ബന്ധം

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബല്‍ജിയത്തിലെ ഇസ്ളാമിക ഭീകരവാദത്തിന്റെ വേരുകള്‍ ആഴത്തിലുള്ളതും സങ്കീര്‍ണവുമാണ്. ചൊവ്വാഴ്ചത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരാക്രമണ പദ്ധതിയുടെ ആഴവും പരപ്പും കണ്ട് അമ്പരക്കുകയാണ് അന്വേഷകര്‍. ബ്രസല്‍സിലെ വിമാനത്താവളത്തിലും തിരക്കുപിടിച്ച മെട്രോയിലും നടന്ന സ്ഫോടനങ്ങളില്‍ കുറഞ്ഞത് 31 പേര്‍ കൊല്ലപ്പെടുകയും 270 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബല്‍ജിയത്തിലെ സുരക്ഷാ വിഭാഗങ്ങളുടെ വീഴ്ച്ചയെക്കുറിച്ചും പൊലീസിനെക്കുറിച്ചും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ തീവ്രവാദവത്കരണം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വിഷയമാകുന്നു. യൂറോപ്പിലെ മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ പേര്‍ സിറിയയില്‍ തീവ്രവാദ സംഘങ്ങള്‍ക്കൊപ്പം പോരാടാന്‍ പോകുന്നതും ബല്‍ജിയത്തില്‍ നിന്നാണ്. ബ്രസ്സല്‍സിലെ ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശമാണ് പാരീസില്‍ നവംബറില്‍ നടന്നതടക്കമുള്ള ഭീകരാക്രമണ പദ്ധതികളുടെ കേന്ദ്രം എന്നു കരുതുന്നുണ്ട്. വിവേചനവും ഒറ്റപ്പെടലുമടക്കം ബല്‍ജിയത്തിലെ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നു. പഴയ ചരിത്രമാണെങ്കിലും അതും പരിഗണിക്കേണ്ടതാണ്.

സൌദി അറേബ്യ പ്രോത്സാഹനം നല്‍കുന്ന കൂടുതല്‍ യാഥാസ്ഥിതികമായ ഇസ്ലാമിക് വിശ്വാസരീതികള്‍ ബല്‍ജിയത്തില്‍ വേരോടിയതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു നയത്തിന്റെ ഭാഗം കൂടിയാണ്. 1978-ല്‍ സൌദി പിന്തുണയുള്ള വലിയ പള്ളി ബ്രസല്‍സില്‍ തുറന്നു; സൌദി രാജാവിന് ഒരു പതിറ്റാണ്ടു മുമ്പ് ബല്‍ജിയം രാജാവ് സമാനിച്ചതായിരുന്നു ആ പള്ളി പണിത ഭൂമി.

ബല്‍ജിയത്തിലെ ഇസ്ളാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി അത് മാറി. 2007-ലെ വിക്കിലീക്സ് പുറത്തുവിട്ട യു.എസ് രേഖകളില്‍, എങ്ങനെയാണ് ബ്രസല്‍സിലെ സൌദി നയതന്ത്ര കാര്യാലയം രാജ്യത്തെ വിവിധ പള്ളികളിലേക്ക് ഖുര്‍ആന്‍ പ്രതികള്‍ എത്തിച്ചതും അവയുടെ നടത്തിപ്പിനെ സഹായിച്ചതെന്നും പറയുന്നുണ്ട്. ബല്‍ജിയമടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇമാമുകളെ പരിശീലിപ്പിക്കാന്‍ സൌദി പണം മുടക്കിയിരുന്നു.

ബല്‍ജിയത്തിലെ സൌദി പിന്തുണയുള്ള പുരോഹിതന്മാരുടെ സലാഫി യാഥാസ്ഥിതിക ധാരയും 1960-70 കാലഘട്ടത്തില്‍ ബല്‍ജിയത്തിലെത്തിയ മിക്കവാറും തൊഴിലാളി വിഭാഗത്തില്‍പ്പെട്ട മൊറോക്കന്‍, തുര്‍ക്കി കുടിയേറ്റക്കാരുടെ പാരമ്പര്യ വിശ്വാസരീതികളും തമ്മില്‍ അന്തരമുണ്ടായിരുന്നു.

“മലനിരകളും ഇടമുറിഞ്ഞ താഴ്വരകളുമുള്ള പ്രദേശത്ത് നിന്നായിരുന്നു മൊറോക്കക്കാര്‍ വന്നത്, മരുഭൂമിയില്‍ നിന്നല്ല. ഇസ്ളാമികവ്യാഖ്യാനത്തിന്റെ മാലികി ധാര പിന്തുടര്‍ന്ന അവര്‍ സൌദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ളവരെക്കാള്‍ കൂടുതല്‍ സഹിഷ്ണുതയും തുറന്ന മനസ്ഥിതിയും ഉള്ളവരായിരുന്നു,” ബല്‍ജിയന്‍ രാഷ്ട്രീയക്കാരനായ ജോര്‍ജ് ഡല്ലെമാഗ്നെ കഴിഞ്ഞവര്‍ഷം ഒരഭിമുഖത്തില്‍ പറഞ്ഞു. “എന്നാല്‍ അവരില്‍ പലരേയും വലിയ പള്ളിയിലെ പുരോഹിതരും സലാഫി പുരോഹിതരും ചേര്‍ന്ന് വീണ്ടും ഇസ്ലാമികവത്കരിച്ചു. പല മൊറോക്കക്കാര്‍ക്കും സൌദിയിലെ മദീനയില്‍ പഠിക്കാന്‍ സ്കോളര്‍ഷിപ്പുവരെ നല്കി.”

സിറിയയിലേക്കും ഇറാക്കിലേക്കും പോരാടാന്‍ പോയ മിക്ക ബല്‍ജിയന്‍കാരും മൊറോക്കാന്‍ വംശജരാണെന്ന് കണക്കാക്കുന്നു.

വിക്കിലീക്സ് പുറത്തുവിട്ട സൌദി രേഖകള്‍ 2012 ഏപ്രിലില്‍ വലിയ പള്ളിയിലെ ഡയറക്ടര്‍ കൂടിയായ, സൌദി നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍ ഖാലിദ് അലാബ്രിയേ, ഇസ്ലാമിക് സ്റ്റേറ്റ് പ്രചരിപ്പിക്കുന്ന തരത്തിലുള്ള അസഹിഷ്ണുത നിറഞ്ഞ സുന്നി തീവ്രവാദം പ്രചരിപ്പിക്കുന്നു എന്ന സംശയത്താല്‍ നീക്കം ചെയ്യുന്നതിന് ബല്‍ജിയം സര്‍ക്കാര്‍ സൌദി അധികൃതരെ നിര്‍ബന്ധിച്ചു എന്ന് വെളിപ്പെടുത്തുന്നുണ്ട്.

“ഇന്നിപ്പോള്‍ ബ്രസല്‍സില്‍ ഇസ്ലാമിനെക്കുറിച്ച് മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന പഠനശാഖകള്‍ മിക്കതും കൈകാര്യം ചെയ്യുന്നത് സൌദി അറേബ്യയില്‍ പരിശീലനം നേടിയ ചെറുപ്പക്കാരായ പുരോഹിതന്മാരാണ്,” വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ബ്രസല്‍സ് ആസ്ഥാനമായ ഒരു യൂറോപ്യന്‍ ശൃംഖലയുടെ തലവന്‍ മൈക്കല്‍ പ്രിവോട് ഒരഭിമുഖത്തില്‍ പറഞ്ഞു. “തങ്ങളുടെ മതത്തെക്കുറിച്ചറിയാന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ താത്പര്യമുണ്ട്. ഈ ആവശ്യത്തെ നിവര്‍ത്തിക്കുന്നത് സൌദി പിന്തുണയുള്ള ഇസ്ലാമിന്റെ യാഥാസ്ഥിതിക സലഫി ധാരക്കാരാണ്. ഇത്ര വലിയ തോതില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്കാന്‍ മറ്റ് മുസ്ലീം രാജ്യങ്ങള്‍ക്കാവുന്നില്ല.”

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപിത ശത്രുവാണ് സൌദി അറേബ്യ. ലോകത്തെങ്ങുമുള്ള സുന്നി യാഥാസ്ഥിതിക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഇത്തരം ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചിട്ടുമുണ്ട്. തീവ്രവാദ സംഘങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് വലിയ പള്ളിയുടെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ പറയുന്നു.

“ഇസ്ലാമിമ് സ്റ്റേറ്റ് പോലൊന്ന് ഇവിടെ വരാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഞാനതിന് അനുവദിക്കുകയില്ല,” പള്ളിയുടെ ഡയറക്ടര്‍ ജമാല്‍ സലേ മൊമെനാഹ് പറഞ്ഞു.

നേരത്തെ പലതവണ സൂചിപ്പിച്ചപ്പോലെ പുതുതലമുറ ഇസ്ലാമിക തീവ്രവാദികള്‍ പ്രത്യയശാസ്ത്രം എന്നതിലേറെ സാമൂഹ്യ വിവേചനവും പ്രാദേശികമായ കുറ്റവാളി ശൃംഖലയുടെ ഭാഗമായും സൃഷ്ടിക്കപ്പെടുന്നവരാണ്.

പക്ഷേ, സൌദി നയങ്ങളുടെ സ്വാധീനത്തെ യൂറോപ്പില്‍ ഇപ്പോള്‍ കൂടുതല്‍ മനസിലാക്കുകയും വിമര്‍ശിക്കുയും ചെയ്യുന്നുണ്ട്.

“ലോകത്തെങ്ങും വഹാബി പള്ളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സൌദി അറേബ്യയാണ്. ജര്‍മ്മനിയില്‍ അപകടകാരികളായ പല ഇസ്ലാമികവാദികളും വരുന്നത് ഈ കൂട്ടത്തില്‍ നിന്നുമാണ്,” പ്രമുഖ ജര്‍മ്മന്‍ രാഷ്ട്രീയക്കാരനായ സിഗ്മര്‍ ഗബ്രിയേല്‍ ഡിസംബറില്‍ പറഞ്ഞു. പശ്ചിമേഷ്യയിലും മറ്റിടങ്ങളിലുമുള്ള കുഴപ്പങ്ങള്‍ക്ക് സൌദിയുടെ പങ്കുണ്ടെന്ന തരത്തില്‍ ജര്‍മ്മനിയിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സി സൌദി അറേബ്യയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

ഈ മാസം ആദ്യം ഡച്ച് സര്‍ക്കാര്‍ സൌദി അറേബ്യയ്ക്ക് ആയുധം വില്‍ക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ചു. സൌദിയുടെ നയങ്ങളോടുള്ള യൂറോപ്യന്‍ നിരാശയും യെമനിലെ സൌദി ഇടപെടലിനോടുള്ള പ്രതിഷേധവും സൂചിപ്പിക്കുന്നതായിരുന്നു ഈ തീരുമാനം.

ഈയാഴ്ച്ചത്തെ ബ്രസല്‍സ് ആക്രമണത്തെ സൌദി ശക്തമായി അപലപിക്കുകയുണ്ടായി.

“ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഏറെ വേദനയോടെയാണ് ഞങ്ങള്‍ കേട്ടത്,”ഫിലിപ്പ് രാജാവിനായച്ച ഒരു സന്ദേശത്തില്‍ സൌദി രാജാവ് സല്‍മാന്‍ പറഞ്ഞു. “ഇത്തരം കുറ്റകരമായ നടപടികളെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. എല്ലാത്തരം വിശുദ്ധമായ മതപരവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ മാനദണ്ഡങ്ങളെയും ലംഘിക്കുന്ന ഈ അപകടകരമായ സ്വത്വത്തെ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറയുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍